ADVERTISEMENT

‘അച്ഛാ’.. വിളിക്കാനും കേൾക്കാനും ഏറ്റവും എളുപ്പമുള്ള ആ വിളിക്കായി പാലക്കാട് സ്വദേശി രതീഷിന് 5 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ അച്ഛനായപ്പോൾ, കുഞ്ഞുമകൾക്ക് തിമിരമാണെന്നും കാഴ്ചയില്ലെന്നും അറിഞ്ഞു. പിന്നീട്, സെറിബ്രൽ പാൾസി രോഗിയാണ് അവൾ എന്നറിഞ്ഞു. ഇതൊന്നും പക്ഷേ, രതീഷിന് പ്രശ്നമല്ലായിരുന്നു. താൻ ഏറെ സ്നേഹിച്ച മകളെ ഇല്ലായ്മയിലും അദ്ദേഹം ചേർത്തു പിടിച്ചു. കൂലിപ്പണിക്ക് പോയി കിട്ടുന്ന പണം കൊണ്ട് ചികിത്സിപ്പിച്ചു. ദുഃഖത്തിലും സന്തോഷത്തിലും അവളെ വാരിപ്പുണർന്നു. രതീഷിന് ജീവനാണ് പാപ്പി (ഹർഷിണി). രതീഷ് പാപ്പിയെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ അച്ഛനെ പാപ്പിക്ക് ജീവനാണ്. അച്ഛനില്ലാതെ ഒന്നും ചെയ്യാൻ പാപ്പിക്കാവില്ല. നടക്കാനും ഇരിക്കാനും സംസാരിക്കാനും കഥപറയാനുമൊക്കെ ആ പതിനൊന്നുകാരിക്ക് അച്ഛനെ വേണം....എപ്പോഴും കൂടെയുള്ള അമ്മ പോലും തോറ്റുപോയ സ്നേഹമാണ് പാപ്പിയുടെയും രതീഷിന്റെയും ഇടയിൽ.... മകളുടെ വിശേഷങ്ങൾ പങ്കുവച്ച് രതീഷ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

അന്ന് ഞാൻ ഏറെ വിഷമിച്ചു

രതീഷിന്റെയും സുധയുടെയും രണ്ടാമത്തെ മകളാണ് എല്ലാവരും സ്നേഹത്തോടെ പാപ്പിയെന്നു വിളിക്കുന്ന ഹർഷിണി. കുടുംബത്തിലെ പുതിയ അംഗത്തിനായി എല്ലാവരും സന്തോഷത്തോടെ കാത്തിരുന്നു. പക്ഷേ, എട്ടാം മാസത്തിൽ, കുഞ്ഞിനു പൂർണ വളർച്ച എത്തുന്നതിനു മുമ്പേ സുധ പ്രസവിച്ചു. മകളെ ജീവനോടെ കിട്ടാൻ രതീഷും സുധയും നെഞ്ചുരുകി പ്രാർഥിച്ചു. അവരുടെ കാത്തിരിപ്പിനു മുന്നിൽ ദൈവം കണ്ണടച്ചില്ല. പക്ഷേ, ആ സന്തോഷത്തിനൊപ്പം ദുഃഖിക്കാനുള്ള ചിലതുമുണ്ടായിരുന്നു. 

life-story-of-ratheesh-and-pappy1
പാപ്പി അച്ഛനോടൊപ്പം

‘‘എന്റെ പാപ്പിക്കുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അവൾക്ക് ജനിച്ച അന്നു മുതൽ തിമിരം ഉണ്ടായിരുന്നു. അമ്പത്തെട്ടാമത്തെ ദിവസം കണ്ണിന് സർജറി ചെയ്തെങ്കിലും കാഴ്ച കിട്ടിയില്ല. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും സർജറി ചെയ്തു. പക്ഷേ അപ്പോഴും കാഴ്ചയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. എല്ലാ കുട്ടികളും ഒരു വയസ്സൊക്കെ ആവുമ്പോൾ ഇരിക്കാനും എഴുന്നേൽക്കാനും സംസാരിക്കാനുമൊക്കെ ശ്രമിക്കും. പക്ഷേ എന്റെ പാപ്പി മാത്രം അതൊന്നും ചെയ്തില്ല. കാഴ്ചയില്ലാത്തതു കൊണ്ടാവാം അതെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അവൾക്ക് സെറിബ്രൽ പാൾസിയായിരുന്നു. എന്റെ പാപ്പി മറ്റുള്ളവരെ പോലെ നടക്കില്ലെന്നോ സംസാരിക്കില്ലെന്നോ എന്നെ അച്ഛാ എന്ന് വിളിക്കില്ലെന്നോ ഞാൻ മനസ്സിലാക്കിയ ദിവസമായിരുന്നു അത്. പക്ഷേ, അവൾക്ക് ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ പൊന്നുമോളെ ഒരു സങ്കടവുമില്ലാതെ വളർത്താനായിരുന്നു എന്റെ പരിശ്രമം.’’

ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം അതായിരുന്നു

‘‘പാപ്പിക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ഞാൻ. എന്റെ പാപ്പിക്ക് ചികിത്സയ്ക്കും മറ്റുമായി ഒരുപാട് പണം ചെലവായി. കടം വാങ്ങിയും പലരുടെയും മുന്നിൽ കൈനീട്ടിയുമാണ് ഞാൻ മകളെ വളർത്തിയത്. മകളോടൊപ്പം എപ്പോഴും ഒരാൾ വേണ്ടതു കൊണ്ട് ഭാര്യയ്ക്ക് ജോലിക്കു പോകാൻ പറ്റില്ല. പറ്റുന്ന പണിക്കെല്ലാം പോയി ഞങ്ങൾ അവളെ പൊന്നു പോലെ വളർത്തി. പക്ഷേ, ആ കാലത്ത് എന്റെ മനസ്സില്‍ ഒരു നീറ്റലും പേറിയാണ് ഞാൻ നടന്നത്. എന്റെ മൂത്തമകൾ എന്നെ അച്ഛാ എന്നു വിളിക്കുന്നുണ്ട്. ഈ ലോകത്തെ എല്ലാ മക്കളും അവരുടെ അച്ഛൻമാരെ അച്ഛാ എന്നു വിളിക്കുന്നുണ്ട്. പക്ഷേ, എനിക്ക് മാത്രം അതനുഭവിക്കാനുള്ള ഭാഗ്യമില്ലായിരുന്നു. പക്ഷേ, 5 വയസ്സൊക്കെ കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ മകൾ എന്നെ നോക്കി അച്ഛാ എന്നു വിളിച്ചു. ഈ ലോകത്ത് ഇതുവരെ ഒന്നും എനിക്ക് ഇതിനേക്കാൾ മികച്ചതായി തോന്നിയിട്ടില്ല. പാപ്പിയുടെ അച്ഛനെന്ന എന്റെ ജീവിതം 5 വർഷം മുമ്പ് തുടങ്ങിയതാണെങ്കിലും ശരിക്കും ഞാനൊരു അച്ഛനായത് അന്നു മുതലാണ്. എന്റെ പാപ്പിയുടെ പൊന്നച്ഛൻ.’’ 

life-story-of-ratheesh-and-pappy2

പാപ്പിക്ക് എല്ലാം അച്ഛനാണ്; അച്ഛന് പാപ്പിയും

രാവിലെ അച്ഛൻ എഴുന്നേൽക്കുമ്പോൾ പാപ്പി ഉണരും. പിന്നെ അച്ഛന്റെ കൂടെത്തന്നെയാണ് പാപ്പി. എല്ലാത്തിനും അച്ഛൻ ഒപ്പം വേണം. രാവിലത്തെ ഭക്ഷണം അച്ഛന്റെ കൂടെയിരുന്ന് കഴിച്ചാലേ പാപ്പിക്ക് സമാധാനമാകൂ. രാവിലെ ജോലിക്കു പോകുന്നതുവരെ രതീഷ് മകളോടൊപ്പം തന്നെയാണ്. ഭക്ഷണം കൊടുത്ത് എല്ലാം ശരിയായി എന്നുറപ്പുണ്ടായാലേ രതീഷ് ജോലിക്ക് പോകു. പിന്നീട് കുഞ്ഞിന്റെ എല്ലാ കാര്യവും നോക്കുന്നത് അമ്മ സുധയാണ്. പക്ഷേ, രാത്രി അച്ഛൻ വരുന്നതു വരെ പാപ്പി ഉറങ്ങാതെ കാത്തിരിക്കും. അച്ഛനെത്തിയാലേ അവൾ ഭക്ഷണം കഴിക്കൂ. ഒരിക്കലെങ്കിലും അച്ഛൻ വരുന്ന സമയമൊന്നു മാറിയാൽ പിന്നെ പാപ്പിക്ക് ആധിയാണ്. ‘‘സാധാരണ ഞാൻ ജോലിയെല്ലാം തീർത്ത് 7 മണിയോടു കൂടി വീട്ടിലെത്തും. പാപ്പിക്കും അതറിയാം. ഒരിക്കൽ ഞാൻ ഒരു കല്യാണത്തിന് പോയി വരാൻ അൽപ്പം വൈകി. അന്നു പാപ്പി ഒരുപാട് സങ്കടപ്പെട്ടു. എന്നെ കാണാതിരുന്ന് പാപ്പി കരഞ്ഞ് അവസാനം ഫിറ്റ്സ് വരെ വന്നു. പിന്നീട് ആശുപത്രിയിൽ പോയതിന് ശേഷമാണ് ശരിയായത്. പിന്നീട് ഒരിക്കൽ പോലും ഞാൻ അധിക നേരം പാപ്പിയെ വിട്ടിരുന്നിട്ടില്ല. എന്റെ ഭാര്യക്കും അതിൽ ചെറിയ പരിഭവമൊക്കെയുണ്ട്. മുഴുവൻ സമയവും അമ്മ അടുത്തുണ്ടെങ്കിലും പാപ്പിക്ക് ഞാൻ ജീവനാണ്’’.

അവൾക്ക് യാത്ര ഒരുപാട് ഇഷ്ടമാണ്, ഞങ്ങൾക്ക് ലോകം ചുറ്റണം

പാപ്പിയുടെ കണ്ണൊന്നു നിറഞ്ഞാല്‍ അപ്പോൾ കരയാൻ തുടങ്ങും രതീഷ്. മകളെ ജീവനെക്കാൾ ഏറെ സ്നേഹിക്കുന്ന അച്ഛന് മകളുടെ സങ്കടങ്ങളൊന്നും താങ്ങാനാവില്ല. കാഴ്ച കുറവായതുകൊണ്ടു തന്നെ പല സാധനങ്ങളും എത്തിപ്പിടിക്കാനൊക്കെ നോക്കുമ്പോൾ വീണു പരുക്കു പറ്റാറുണ്ട്. എന്നാൽ മകളുടെ കൈ എവിടെയെങ്കിലും തട്ടിയാലോ വീണ് ചോര പൊടിഞ്ഞാലോ രതീഷിനാണ് മകളേക്കാൾ സങ്കടം. പിന്നെ മകളെ ചേർത്ത് പിടിച്ച് അങ്ങനെ കിടക്കും. കുറെ നേരം അവളെ എടുത്ത് നടക്കും. ജീവിതത്തിൽ മറ്റൊന്നിനും തരാനാവാത്ത സന്തോഷമാണ് രതീഷിന് മകളെ ചേർത്തു പിടിക്കുമ്പോൾ. അങ്ങനെ മകളെ ആശ്വസിപ്പിക്കുന്ന ഒരു ദിവസമാണ് ഭാര്യ സുധ ഇരുവരുടെയും വിഡിയോ എടുത്തതും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. അച്ഛന്റെയും മകളുടെയും സ്നേഹം അങ്ങനെ ലോകം മുഴുവൻ അറിഞ്ഞു. 

‘‘പാപ്പിയോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അവൾക്ക് യാത്ര പോകാൻ ഒരുപാട് ഇഷ്ടമാണ്. രാത്രി ജോലി കഴിഞ്ഞ് വന്നാൽ ചിലപ്പോൾ അവൾ പറയും അച്ഛാ പുറത്ത് പോവാന്നൊക്കെ. സ്കൂട്ടറിൽ ആ രാത്രികളിൽ അങ്ങനെ യാത്ര ചെയ്യുന്നത് അവൾക്ക് ഏറെ ഇഷ്ടമാണ്. ഒരുപാട് യാത്ര പോകാൻ അവൾക്ക് ഇഷ്ടമാണ്. അവളുമായി ഞങ്ങൾ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം പോകും. ഒരു കാർ വാടകയ്ക്കെങ്കിലും എടുത്ത് ഒരു ദിവസം മുഴുവൻ അങ്ങനെ ചുറ്റണം. എനിക്ക് ഇനി ആ ഒരൊറ്റ ആഗ്രഹമേ ഉള്ളു. പിന്നെ ഞങ്ങൾ ഇപ്പോൾ മകളുടെ ചികിത്സയ്ക്ക് വേണ്ടി ചാലക്കുടിയിൽ വന്നതാണ്. പാലക്കാടാണ് നാട്. എല്ലാം ശരിയായി പാപ്പിയുടെ കയ്യും പിടിച്ച് പാലക്കാട്ടെ വീട്ടിലേക്ക് നടന്ന് പോകണം. ഇനി അതാണ് ആഗ്രഹം’....

മകളെോടൊപ്പം നൃത്തം ചെയ്യുന്ന, മകൾക്കു കഥ പറഞ്ഞു കൊടുക്കുന്ന, അവളുടെ സന്തോഷത്തിനൊപ്പം ആർത്തു ചിരിക്കുന്ന ഒരു സാധാരണ അച്ഛനാണ് രതീഷ്. മകളെ ലോകം മുഴുവൻ കൊണ്ടുപോകാനും കാഴ്ചകൾ കാണിച്ചു കൊടുക്കാനും ആഗ്രഹിക്കുന്ന ഒരച്ഛൻ. ആ അച്ഛന്റെ ജീവിതം മുഴുവൻ പാപ്പി എന്ന മകളെ കേന്ദ്രീകരിച്ചാണ്. മകളുടെ സന്തോഷത്തിന് വേണ്ടിയാണ്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com