സന്തോഷകരമായ ഒരു ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് സ്നേഹം വർധിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പലപ്പോഴും പല തിരക്കുകൾക്കിടയിൽ അതു നമ്മൾ മറന്നുപോകുന്നു. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നാണ് പൊതുവേയുള്ള പരാതി. അതിനാൽ തന്നെ ബന്ധങ്ങളിൽ ഇതിന്റെ പ്രശ്നങ്ങൾ നിരന്തരം അനുഭവിക്കുകയും ചെയ്യുന്നു. പലപ്പോഴും നമ്മൾ കേൾക്കുന്ന മറുപടിയാണ് ‘എനിക്ക് നിന്നോട് സ്നേഹമുണ്ട് അത് മനസ്സിലാണ്’ എന്നത്. സ്നേഹം മനസ്സിൽ വച്ചാൽ എങ്ങനെയാണ് പങ്കാളി അല്ലെങ്കിൽ പ്രിയപ്പെട്ടവർ അറിയുന്നത്? അത് പ്രകടിപ്പിക്കുക തന്നെ വേണം. കൃത്യമായി സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ ഇത് രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. എങ്ങനെ ജീവിതത്തിൽ സ്നേഹം പ്രകടിപ്പിക്കാമെന്നും അത് എങ്ങനെ ജീവിതത്തെ സ്വാധീനിക്കുമെന്നും നോക്കാം.
സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ ആവശ്യം
പ്രണയത്തിലായ ശേഷവും, വിവാഹത്തിന് ശേഷവും ദമ്പതിമാരില്‍ സാധാരണ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. പതിയെ ഇരുവരും പരസ്പരം തീറെഴുതി കൊടുത്തതു പോലെയാകും പെരുമാറുക. ഒരാള്‍ തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് അവരുടെ കടമയായി മാത്രം കാണും. ഇങ്ങനെ കടമകളുടെ ചിന്ത വർധിക്കുന്നതോടെ പ്രവര്‍ത്തികളിലെ സ്നേഹം കാണാനോ കാണിക്കാനോ കഴിയാതെയാകും. ഇത് ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന്‍റെ ഊഷ്മളതയെ ബാധിക്കും. ഇങ്ങനെ ജീവിതം യാന്ത്രികമായി മാറാതിരിക്കാനുള്ള ഏക വഴി പരസ്പരമുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കുക എന്നതാണ്. അതും വലിയ നാട്യങ്ങളില്ലാതെ സ്വാഭാവികമായി. നിങ്ങളുടെ സ്നേഹം പറയാതെ തന്നെ പങ്കാളിയിലേക്ക് എത്തിക്കാന്‍ താഴെ പറയുന്ന പ്രവര്‍ത്തികളിലൂടെ സാധിക്കും.
അവര്‍ സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധയോടെ കേള്‍ക്കുക
സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് ഇത്ര വലിയ കാര്യമാണോയെന്നു ചിന്തിക്കേണ്ട. ഒരാളുടെ വ്യക്തിത്ത്വത്തെ അംഗീകരിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമാണ് അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക എന്നത്. അവരുടെ വ്യക്തിത്ത്വത്തെ നിങ്ങള്‍ അംഗീകരിക്കുന്നതായി തോന്നിയാല്‍ അവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വര്‍ധിക്കും. അവര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്ന കാര്യം ബോധ്യപ്പെടും. ഇത് ഇരുവര്‍ക്കുമിടയില്‍ തടസ്സങ്ങളില്ലാതെയുള്ള ആശയവിനിമയത്തിനും സഹായിക്കും. എല്ലാത്തിനുമുപരി പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സ്നേഹം ഇരുവര്‍ക്കുമിടയില്‍ ശക്തമാകുകയും ഇത് ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.
അവര്‍ക്ക് വേണ്ടി മാത്രം സമയം മാറ്റി വയ്ക്കുക
പുതിയ സാധനങ്ങള്‍ എന്ത് വാങ്ങിയാലും അതിന്‍റെ മോടി മാറും വരെ അത് നിരന്തരം ഉപയോഗിക്കുന്നവരാണ് മിക്കവരും. അല്‍പ്പം കഴിയുന്നതോടെ അതിനെ കാര്യമായി ഗൗനിക്കാതെയാകും. സാധനങ്ങളുടെ കാര്യത്തില്‍ ഇത് അനിവാര്യമാണെങ്കിലും മനുഷ്യരുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നവരും ഉണ്ട്. ഇത് രണ്ട് പേര്‍ക്കിടയിലുള്ള ആരോഗ്യകരമായ ബന്ധത്തിന് യോജിച്ചതല്ല. ഭാര്യയോ ഭര്‍ത്താവോ, കാമുകനോ കാമുകിയോ ആകുന്ന വ്യക്തി എപ്പോഴും കൂടെയുള്ളതിനാലും, അവര്‍ നമുക്കൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ളതിനാലും അവര്‍ക്ക് വേണ്ടി സമയം മാറ്റി വയ്ക്കേണ്ടെന്ന് അർഥമില്ല. സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കുന്നത് പോലെ നിങ്ങള്‍ ഇരുവര്‍ക്കും മാത്രമായി അല്‍പ്പ സമയം കണ്ടെത്തുക. ഇങ്ങനെ എല്ലാം മാറ്റി വച്ച് സ്വകാര്യ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ തയാറായാല്‍ ആ സമയത്ത് നിങ്ങള്‍ ഒന്നും പറയാതെ തന്നെ പരസ്പരമുള്ള പ്രണയവും സ്നേഹവും ഇരുവര്‍ക്കും മനസ്സിലാകും.
ഒത്ത് തീര്‍പ്പുകള്‍
സ്വന്തം ഇഷ്ടം വേണ്ടെന്ന് വയ്ക്കുക എന്നത് വിവാഹജീവിതത്തില്‍ സ്ഥിരം സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് 90 ശതമാനവും ചെയ്യുന്നത് സ്ത്രീകളാണെന്ന് മാത്രം. ഇതിന് കാരണം ആരോഗ്യകരമായ വിവാഹജീവിതമല്ല മറിച്ച് അനാരോഗ്യകരമായ സാമൂഹിക വ്യവസ്ഥയാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ വിട്ട് വീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. തനിക്ക് അധികാരമെന്നും അത് കൊണ്ട് തന്‍റെ ഇഷ്ടം വിട്ട് താന്‍ മറ്റൊന്നും ചെയ്യില്ലെന്നും ഉള്ള വാശി ഇരുവര്‍ക്കും നല്ലതല്ല. തന്‍റെ പങ്കാളിക്ക് വേണ്ടി സ്വന്തം താല്‍പ്പര്യങ്ങളെ മറികടന്ന് ചില പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും ഇരുവര്‍ക്കുമിടയിലെ ബന്ധം ശക്തമാക്കും. ഇത്തരം പ്രവര്‍ത്തികളും പങ്കാളികളില്‍ ഒരാള്‍ക്ക് മറ്റൊരാളോടുള്ള ഇഷ്ടത്തിന്‍റെ ആഴം പറയാതെ തന്നെ വ്യക്തമാകുന്ന സന്ദര്‍ഭങ്ങളാണ്.
Content Summary : Relationship Tips