ADVERTISEMENT

കാഴ്ചയുള്ളവർ സ്ഥിരം 'തമാശ'യായി പറയുന്ന ഒരു കഥയുണ്ട്. 'അന്ധന്മാർ ആനയെ കാണാൻ' പോയതിനെക്കുറിച്ച്! തമാശകൾ ഓഡിറ്റ് ചെയ്യപ്പെടുന്ന പുതിയ കാലത്ത് കാലങ്ങളായി ഭൂരിപക്ഷം വരുന്ന സമൂഹം പറഞ്ഞും ഉദാഹരിച്ചും ആവർത്തിച്ച ആ കഥയെ ഒരു കൂട്ടം കാഴ്ചപരിമിതർ തിയറ്റർ എന്ന സങ്കേതത്തിലൂടെ പുനർനിർവചിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈദർ ഇന്ത്യയും എ പ്ലേസ് ഫോർ തിയറ്ററും ചേർന്നൊരുക്കിയ ശിൽപശാലയുടെ തുടർച്ചയായി അരങ്ങിലെത്തിയ നാടകം, കണ്ടു പരിചയിച്ച കാഴ്ചമാതൃകകളെ വെല്ലുവിളിക്കുന്നുണ്ട്. കണ്ണ് ആസ്വദിക്കുന്ന ഉൽകൃഷ്ട സ്ഥാനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലാദ്യമായി കാഴ്ചപരിമിതർക്കായി ഒരുക്കിയ നാടക ശിൽപശാലയുടെ അനുഭവങ്ങൾ പങ്കിട്ട് എ പ്ലേസ് ഫോർ തിയറ്റർ പ്രവർത്തകൻ സാം ജോർജ് മനോരമ ഓൺലൈനിൽ. 

ഒരു നാടകം ചെയ്യാമോ?

വഴുതക്കാട് കാഴ്ചപരിമിതർക്കായി ഒരു സ്കൂളുണ്ട്. അവിടെയുള്ള വിദ്യാർഥികൾ ഈദർ ഇന്ത്യ എന്ന എൻജിഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലുലു മാളിൽ പോയിരുന്നു. മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് അവർക്കാവശ്യമുള്ള സാധനങ്ങൾ സ്വയം വാങ്ങിക്കുക എന്നതായിരുന്നു ലക്ഷ്യം. 'താരെ സമീൻ പർ' എന്നായിരുന്നു ആ പ്രോജക്ടിന്റെ പേര്. ആ പ്രോജക്ട് ചെയ്ത ദിവസം ഈദർ ഇന്ത്യയുടെ ഫൗണ്ടർ ആയ ബിജു സ‌ൈമൺ ആണ് കാഴ്ചപരിമിതർക്കായി ഒരു കമ്യൂണിറ്റി തിയറ്റർ ചെയ്യാമോ എന്നു ചോദിച്ചത്. നാടകം കളിക്കുകയും പഠിപ്പിക്കുകയും ചെയ്തു തുടങ്ങിയിട്ട് 20 വർഷമായി. ആദ്യമായിട്ടാണ് കാഴ്ചപരിമിതർക്കായി നാടക ശിൽപശാല നടത്താമോ എന്ന അന്വേഷണം വരുന്നത്. ഞങ്ങൾ അത് ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു. 

തേടിയത് പുതിയ വഴികൾ 

കാഴ്ചപരിമിതർക്കായി നാടക ശിൽപശാല നടത്താൻ എനിക്ക് മുൻമാതൃകകൾ ഇല്ലായിരുന്നു. ഇന്ത്യയിൽ പൂർണമായും ഇത്തരമൊരു നാടക ശിൽപശാല സംഘടിപ്പിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട്, വലിയ വെല്ലുവിളിയായിരുന്നു ഞങ്ങൾക്കു മുമ്പിലുണ്ടായിരുന്നത്. അവരെ അറിയുക, മനസിലാക്കുക എന്നതു മാത്രമായിരുന്നു ഞങ്ങൾക്കു മുമ്പിലുണ്ടായിരുന്നു ഏക വഴി. മുമ്പ് കാഴ്ചപരിമിതർക്ക് ലൈഫ് സ്കിൽസ് പരിശീലിപ്പിക്കാൻ പോയിട്ടുണ്ട്. ആ പരിചയം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. പിന്നെ, കാഴ്ചപരിമിതർക്കായുള്ള സ്കൂളിലെ അധ്യാപകരുമായി സംസാരിച്ചു. മറ്റ് അന്വേഷണങ്ങളും നടത്തി. അതിൽ നിന്നാണ് ഒരു രൂപരേഖ ഉണ്ടായത് 

drama-camp-for-visually-impaired-people7
ഈദർ ഇന്ത്യയും എ പ്ലേസ് ഫോർ തിയറ്ററും ചേർന്നൊരുക്കിയ നാടക ക്യാമ്പിൽ പങ്കെടുത്തവർ (Special Arrangement)

കാഴ്ചപ്പാട് മാറ്റിയ ശിൽപശാല

കാഴ്ചപരിമിതർക്ക് ക്ലാസെടുക്കുന്നതിനു മുമ്പു വരെ തിയറ്റർ എന്നത് ദൃശ്യകലയാണെന്നായിരുന്നു ഞാൻ പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോഴതു മാറി. നാടകം ദൃശ്യകല മാത്രമല്ല. അതിൽ കേൾക്കാം, ഗന്ധം അനുഭവിക്കാം, സ്പർശിക്കാം, രുചിക്കാം! നാടകത്തിൽ മാത്രമേ ഇതു സാധ്യമാകൂ. പല പ്രയോഗങ്ങളിലും കാഴ്ചയ്ക്കാണ് പ്രാധാന്യം. ഇതിന്റെയൊക്കെ പ്രശ്നം ഇവരുമായി സംവദിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. വലിയൊരു ഉൾക്കാഴ്ചയാണ് അതു നൽകിയത്. പല തരത്തിലാണ് ഇവരുടെ പരിമിതികൾ. ചിലർക്ക് വെളിച്ചം കാണാം, രൂപം കാണാം, ചിലർക്ക് നിറങ്ങൾ മാത്രം കാണാം, ചിലർക്ക് ഒട്ടും കാഴ്ചയില്ല, ചിലർക്ക് ചില കോണുകളിൽ മാത്രം കാഴ്ചയുണ്ട്. ചുവപ്പ് എന്നു പറയുമ്പോൾ മറ്റുള്ളവർ കാണുന്ന ചുവപ്പിന്റെ ഇമേജ് ആകില്ല ഇവരുടെ മനസിൽ വരുന്നത്. അവരുടെ കാഴ്ചകൾക്ക് മറ്റൊരു മാനമുണ്ടെന്ന തിരിച്ചറിവുണ്ടായി.  

നാടകത്തിന്റെ കഥ കണ്ടെത്തിയത്

കാഴ്ചപരിമിതരുടെ അനുഭവങ്ങൾ കേട്ടാണ് നാടകത്തിനു വേണ്ട കഥ കണ്ടെത്തിയത്. പ്രേംജിത് സുരേഷ് ബാബു സ്ക്രിപ്റ്റിൽ വർക്ക് ചെയ്തു. ജെനിൽ മിശ്ര, സാം ജോർജ്, രേഷ്മ, ഷാനു, അലമേലു, ഗോപിക തുടങ്ങിയവരും ഈ ശിൽപശാലയിൽ ഒപ്പം നിന്നു. പല പ്രായത്തിലുള്ളവർ ഈ ശിൽപശാലയിലുണ്ടായിരുന്നു. ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, അധ്യാപകർ അങ്ങനെ വിവിധ മേഖലയിൽ നിന്നുള്ളവർ. ഇവർ എങ്ങനെയാണ് സ്വപ്നം കാണുന്നത്. നിറങ്ങളെ എങ്ങനെ മനസിലാക്കുന്നു? കാഴ്ചയില്ലായ്മ എന്ന അവസ്ഥ എന്താണ്? ഇവയെക്കുറിച്ചു നമുക്കുള്ളത് അബദ്ധധാരണകളാണ് എന്നത് വലിയ തിരിച്ചറിവായിരുന്നു. 

drama-camp-for-visually-impaired-people2
നാടക ശിൽപ്പശാലയില്ഡ നിന്ന് (Special Arrangement)

ആംഗ്യങ്ങളില്ലാതെ സംസാരിക്കുന്നവർ‌

ശിൽപശാലയിൽ നിന്നു മനസിലാക്കിയ കാര്യം കാഴ്ചപരിമിതർ സംസാരിക്കുമ്പോൾ പൊതുവെ ആംഗ്യങ്ങൾ ഉപയോഗിക്കാറില്ല. അവർ സംസാരഭാഷയെ മാത്രമാണ് ആശ്രയിക്കുന്നത്. ആംഗ്യങ്ങൾ കണ്ടു ശീലമില്ലാത്തതിനാൽ അവർ അതു ഉപയോഗിക്കാറുമില്ല. കൂടാതെ ശരീരഭാഷയെക്കുറിച്ചും അവർക്ക് അത്ര അവബോധമില്ല. അതുകൊണ്ട്, ശരീരം കൊണ്ടുള്ള പ്രകടനങ്ങൾ അവർക്കറിയില്ല. അവരുടെ ശരീരം 'എക്സ്പ്രസീവ്' അല്ല. ആംഗ്യങ്ങളോടെ സംസാരിക്കാനും അവരുടെ ശരീരം 'എക്സ്പ്രസീവ്' ആക്കാനുമാണ് ഞങ്ങൾ ആദ്യം ശ്രമിച്ചത്. ഇതെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു ഞങ്ങളുടെ പരിശ്രമം. അവബോധം ഉണ്ടായാൽ എംപതിയുണ്ടാകും. ഈ രണ്ടു കാര്യങ്ങൾക്കും പിന്നിൽ  മിറർ ന്യൂറോണുകളാണ്. അതിനെ ആക്ടിവേറ്റ് ചെയ്യാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ ആദ്യം നൽകി. ആദ്യഘട്ട ആക്ടിവിറ്റികൾ കഴിഞ്ഞപ്പോൾ അമ്പരപ്പിക്കുന്ന മറ്റു പല കാര്യങ്ങളും ഞങ്ങൾ തിരിച്ചറിഞ്ഞു. 

drama-camp-for-visually-impaired-people5
നാടക ക്യാമ്പിൽ നിന്ന്, (Special Arrangement)

ചലനത്തിന്റെ സാധ്യതകൾ 

കാഴ്ചപരിമിതരായ പലർക്കും അവരുടെ കാൽമുട്ടുകളും കൈമുട്ടുകളും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന് ധാരണക്കുറവുണ്ട്. ഉദാഹരണത്തിന്, താഴെ നിന്ന് എന്തെങ്കിലും എടുക്കണമെങ്കിൽ കാൽമുട്ട് സ്വാഭാവികമായി മടക്കിയല്ലേ കുമ്പിടുക. എന്നാൽ, ഇത്തരം കാര്യങ്ങൾ കാഴ്ചപരിമിതർക്ക് അത്ര സ്വാഭാവികമല്ല. ഈ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തി. ശബ്ദം ശ്രദ്ധിച്ച് അതിന്റെ ചലനം മനസിലാക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. തിയറ്ററിൽ ചലനത്തിന് ഒരുപാട് പ്രാധാന്യമുണ്ടല്ലോ. എന്നാൽ, ചലനത്തിന്റെ സാധ്യതകൾ ഇവർക്ക് അജ്ഞാതമാണ്. ശരീരത്തെ ഏതൊക്കെ തരത്തിൽ മനോഹരമായി ചലിപ്പിക്കാമെന്നത് അവർ പലപ്പോഴും സ്വയം അന്വേഷിക്കാത്ത സംഗതിയാണ്. അതിനുവേണ്ട പരിശീലനവും ശിൽപശാലയിൽ ഒരുക്കി. ചുരുക്കത്തിൽ കാഴ്ചപരിമിതരുടെ ആശയപ്രകാശനത്തിന് വൈവിധ്യമാർന്ന മാധ്യമങ്ങളൊരുക്കി. ശബ്ദം, സ്പർശം, ഗന്ധം എന്നിവയിലൂടെ ഇവർ തിരിച്ചറിയുന്ന കാര്യങ്ങളെ എങ്ങനെയൊക്കെ പ്രകടിപ്പിക്കാം എന്നതിൽ ശ്രദ്ധ ചെലുത്തി. ശരീരം കൊണ്ട് ഇവയെങ്ങനെ പ്രകടിപ്പിക്കാം എന്നതിന്റെ സാധ്യതകൾ കണ്ടെത്താൻ ശ്രമിച്ചു. അങ്ങനെ, ഘട്ടം ഘട്ടമായാണ് ശിൽപശാല പുരോഗമിച്ചത്. 

drama-camp-for-visually-impaired-people3
നാടക പരിശീലനത്തിനിടെ, (Special Arrangement)

അമ്പരപ്പിച്ച പ്രകടനം

പരിശീലനത്തിനു ശേഷം അവർ സ്റ്റേജിൽ അതു അവതരിപ്പിച്ചതു കണ്ടപ്പോൾ ശരിക്കും അദ്ഭുതമായിരുന്നു. ഞങ്ങൾ‌ പ്രതീക്ഷിച്ചതിലും മുകളിലാണ് അവർ ആ ആശയത്തെ ഉൾക്കൊണ്ടതും അവതരിപ്പിച്ചതും. കൃത്യമായി അക്കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തി. വല്ലാത്തൊരു അനുഭവമായിരുന്നു അത്. സത്യത്തിൽ അവർക്ക് പ്രേക്ഷകരെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. നല്ല ഊർജ്ജത്തോടെ അവർ ആ നാടകം അവതരിപ്പിച്ചു. ഈ നാടക ക്യാംപിലൂടെ അവരുടെ ജീവിതങ്ങളിലും തൊഴിലിടങ്ങളിലും വലിയ മാറ്റങ്ങളുണ്ടായെന്ന് പലരും പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് നാടക ക്യാംപും പെർഫോമൻസും കഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങിയതെന്നു പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി. എന്തായാലും, ഇവർക്കായി വലിയൊരു വേദി ഒരുക്കണമെന്നുണ്ട്. അതിനാണ് ഞങ്ങളും ഈദർ ഇന്ത്യയും ശ്രമിക്കുന്നത്. ഫണ്ടിന്റെ ചില പ്രശ്നങ്ങളുണ്ട്. അതു ശരിയാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സാമ്പത്തിക പ്രതിസന്ധി മുമ്പിലുണ്ടെങ്കിലും ഇവർക്കു വേണ്ടി വലിയൊരു നാടകവും വേദിയും ഒരുക്കാൻ കഴിയുമെന്നാണ് വിശ്വാസം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com