ADVERTISEMENT

‘‘ഈ അപകടം പറ്റിയില്ലെങ്കിൽ ചിലപ്പോൾ ആരും അറിയാതെ പോകുന്ന, ജീവിതത്തിൽ ഒന്നും നേടാത്ത, തോറ്റുപോയൊരാളായി ഞാൻ മാറിയേനേ. ആ അപകടമാണ് എന്റെ ജീവിതം വഴി തിരിച്ചുവിട്ടത്. എനിക്കും സ്വപ്നങ്ങളുണ്ടെന്നും അതിനു വേണ്ടി ഞാൻ പ്രയ്തനിക്കണമെന്നും എന്നെ ബോധ്യപ്പെടുത്തിയത്’’ – വീൽചെയറിലിരുന്ന് ഉറച്ച ശബ്ദത്തോടെ സ്വപ്നങ്ങളെപ്പറ്റി പറയാൻ നിഷാൻ നിസാർ എന്ന തിരുവനന്തപുരം സ്വദേശിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലേക്ക് ഇനിയൊരു മടങ്ങി വരവില്ലെന്ന അവസ്ഥയിൽ നിന്നാണ് സ്വന്തം സ്വപ്നങ്ങളെല്ലാം അവൻ കൈപ്പിടിയിലൊതുക്കിയത്. അപകടത്തിൽ പരുക്കേറ്റ് തളർന്നെങ്കിലും ആത്മവിശ്വാസം കരുത്താക്കി മാറ്റിയാണ് അവൻ വിജയം നേടിയത്. ഒരു ചെറിയ വിഷമത്തിൽ പോലും തളർന്നു പോകുന്ന പലർക്കും ഊർജമാണ് നിഷാൻ.  എല്ലാം അവസാനിച്ചെന്നു കരുതിയ ആ നിമിഷത്തിൽ നിന്നാണ് മോഡലിങ്ങിലേക്കും സ്കൂബാ ഡൈവിങ്ങിലേക്കും സ്വന്തം സ്വപ്നങ്ങളിലേക്കും അവൻ കുതിച്ചു ചാടിയത്. തന്നെപ്പോലെയുള്ള ഒരുപാടു പേർക്കു വേണ്ടിക്കൂടി ഇന്നവൻ സ്വപ്നം കാണുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി സ്വന്തമായി ഒരു കമ്യൂണിറ്റി രൂപപ്പെടുത്തി അവരുടെ സ്വപ്നങ്ങൾ കൂടി സാക്ഷാത്കരിക്കുകയാണ് നിഷാൻ.

എന്റെ ജീവിതം മാറ്റിയത് ആ അപകടമാണ്.

‘‘2019 ജൂലൈ 7. എന്റെ ജീവിതം മാറിയത് അന്നു മുതലാണ്. ഒരു സാധാരണ മനുഷ്യനായി ലക്ഷ്യബോധ്യമില്ലാതെ ‍ജീവിച്ച ഞാൻ മറ്റെന്തൊക്കെയോ ആയത് അന്നു രാത്രി മുതലാണ്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്തു വച്ചാണ് അന്ന് രാത്രി എന്റെ സ്കൂട്ടർ അപകടത്തിൽ പെട്ടത്. അപകടങ്ങൾ നടന്നാൽ പലരും പറയാറുണ്ട്, അന്ന് ആ അപകടം ഇടിച്ചു വീഴ്ത്തിയത് എന്റെ സ്വപ്നങ്ങളായിരുന്നു എന്നൊക്കെ. പക്ഷേ, എന്റെ ജീവിതത്തിൽ ആ അപകടം ഉറങ്ങിക്കിടന്ന എന്നെ ഉണർത്തുകയായിരുന്നു. സ്വപ്നങ്ങൾ കാണാൻ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.’’

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതായിരുന്നു 2 മാസത്തിനു ശേഷം ഐസിയുവിൽനിന്ന് പുറത്തിറങ്ങിയപ്പോൾ നിഷാൻ ചിന്തിച്ചത്. ഒറ്റയ്ക്ക് നിന്ന് എത്തിപ്പിടിച്ചതെല്ലാം ചെയ്യാൻ ഇനിയൊരു കൂട്ടുവേണം. ‘‘ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയപ്പോൾ ആദ്യമൊക്കെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു വർഷത്തോളമാണ് ഞാൻ കിടക്കയിൽ ജീവിതം തള്ളി നീക്കിയത്. ടീനേജ് എന്നൊക്കെ പറയുന്നത് അടങ്ങിൊതുങ്ങി ഇരിക്കാൻ പറ്റാത്ത സമയമാണ്. അന്നാണ് ഒരു വർഷത്തോളം ഞാൻ കിടക്കയിൽ തന്നെ കിടന്നത്. അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്തു ചെയ്യാനും ആരുടെയെങ്കിലും സഹായം വേണം. അച്ഛനും അമ്മയും സഹോദരനും അന്നു എനിക്കൊപ്പം നിഴലുപോലെ ഉണ്ടായിരുന്നു. എന്റെ മടി കൊണ്ട് ഞാൻ അവരോട് പലതും പറയാൻ മടിച്ചെങ്കിലും എന്റെ ആവശ്യങ്ങളെല്ലാം അവർ അറിഞ്ഞു നിറവേറ്റി. ചിലപ്പോഴൊക്കെ എനിക്കു വേണ്ടി അവർ രാവും പകലും ഉറക്കമിളച്ചിരുന്നു. അവരാണ് എനിക്ക് താങ്ങായത്. പുറത്ത് എനിക്ക് ഇനിയും എന്തെക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ വന്നത് അന്ന് ആ കിടക്കയിൽ കിടന്നു കൊണ്ടാണ്.’’ 

ഒരു വർഷത്തോളം ആ കിടക്കയിൽ കിടന്ന് നിഷാൻ കണ്ട സ്വപ്നങ്ങളാണ് ഇന്നു കാണുന്ന നിഷാനിലേക്ക് അവനെ വളർത്തിയത്. ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിച്ച ചെറുപ്പക്കാരന് ആ കാലഘട്ടം തന്റെ സ്വപ്നങ്ങൾ നെയ്തെടുക്കാനുള്ളതായിരുന്നു. ‘ഇനി എനിക്ക് ജീവിക്കണം, മറ്റുള്ളവരുടെ ചിറകിനടിയിലല്ല, എന്റെ സ്വപ്നങ്ങളുടെ തേരിൽ’ – ഈയൊരറ്റ ചിന്തയാണ് പിന്നീടവന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. ഒരു വർഷത്തിനു ശേഷം നിഷാൻ ആദ്യമായി പുറത്തേക്കിറങ്ങി. 

life-story-of-model-nishan12
നിഷാൻ നിസാർ, Image Credits: Instagram/para_traveller_

‘തണൽ’ തണലായി

എഴുന്നേറ്റിരിക്കാൻ പറ്റും എന്നായപ്പോൾ ‘തണൽ’ എന്ന റീഹാബിലിറ്റേഷൻ സെന്ററിലേക്കാണ് നിഷാനെത്തിയത്. വീൽചെയറിലിരുന്ന് ലോകം കാണാമെന്ന അവന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകിയതും തണലും അവിടുത്തെ ജീവനക്കാരുമാണ്. ‘‘അപകടം പറ്റി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ, എങ്ങനെ ഇതിൽനിന്നു രക്ഷപ്പെടും എന്നാണ് ഞാൻ ചിന്തിച്ചത്. അപകടത്തിൽ തളർന്ന പലരും വീൽചെയറിലേക്കും ബെഡ്ഡിലേക്കുമൊക്കെ മാറുന്നത് കണ്ടങ്കിലും എനിക്കെങ്ങനെ അതൊക്കെ സാധിക്കും എന്ന ചിന്ത ഒരുപാട് അലട്ടി. അതിനെല്ലാം ഒരുത്തരം തന്നത് തണലാണ്. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അവിടെ എത്തിയപ്പോൾ എനിക്ക് ഉത്തരം കിട്ടി. വീൽചെയറിൽനിന്ന് ബെഡിലേക്കു കയറാനും വാഷ്റൂമിലേക്ക് പോകാനും അങ്ങനെ സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളൊക്കെ പഠിച്ചു. അതിന് ശേഷമാണ് ഞാൻ വീൽചെയറിൽ ആദ്യമായി പുറത്തിറങ്ങിയത്. റോഡിലൂടെ അന്ന് ആദ്യമായി വീൽചെയറിൽ പോയത് എനിക്കു വലിയ കോൺഫിഡൻസ് തന്നു.. ആരുടെയും സഹായമില്ലാതെ ജീവിക്കാൻ പറ്റുമെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷമായിരുന്നു അത്. ജീവിതത്തിൽ ഞാൻ ഇത്രയേറെ സന്തോഷിച്ച വേറൊരു ദിവസം ഉണ്ടോ എന്നു തന്നെ സംശയമാണ്. അതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ് മൊമന്റ്. അന്നു മുതലാണ് ഞാൻ തിരിച്ചറിയാന്‍ തുടങ്ങിയത്, സന്തോഷങ്ങളും നമ്മൾ ലൈഫിൽ് ചെയ്യേണ്ട കാര്യങ്ങളും പാഷനും ഒക്കെയാണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന്.’’

മോഡലിങ് എന്റെ പാഷനാണ്, ജീവിതവും

‘‘സ്വന്തമായി വീൽചെയർ പുഷ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇനി സ്വപ്നങ്ങൾ കാണണമെന്ന ചിന്ത എനിക്കുണ്ടായത്. സ്വന്തമായി ഒരു മൊബിലിറ്റി വെഹിക്കിൾ കൂടി കിട്ടിയതോടെ പണ്ട് സ്കൂട്ടറിൽ സഞ്ചരിച്ചതുപോലെ റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റി. അങ്ങനെ പതുക്കെ പതുക്കെ ഞാൻ ഓരോന്നും സ്വന്തമാക്കിത്തുടങ്ങി. ഇതിനിടയിലാണ് എന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കണമെന്ന തോന്നൽ ഉണ്ടായത് – മോഡലിങ്. ഒരിക്കൽ വീട്ടിലിരുന്ന് ഇൻസ്റ്റഗ്രാമിൽ എന്തൊക്കെയോ നോക്കുമ്പോഴാണ് ഒരു റജിസ്ട്രേഷൻ ലിങ്ക് കണ്ടത്. ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ലിങ്കായിരുന്നു അത്. ഞാൻ അപ്ലൈ ചെയ്തു. അതായിരുന്നു എന്റെ മറ്റൊരു ലൈഫ് ചേഞ്ചിങ് മൊമന്റ്. ഒരു സുഹൃത്താണ് ആ ലിങ്ക് അയച്ചു തന്നത്. അപ്ലൈ ചെയ്യുമ്പോൾ അവർ വിളിക്കുമെന്ന ചിന്തയൊന്നും ഇല്ലായിരുന്നു. പക്ഷേ, അടുത്ത ദിവസം തന്നെ അവർ വിളിച്ചു. മോഡലിങ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇത്രയെളുപ്പം അത് യാഥാർഥ്യമാകുമെന്ന് ഞാൻ കരുതിയില്ല. അങ്ങനെയാണ് ആദ്യമായി ഞാനൊരു റാംപ് വോക്കിനെത്തുന്നത്. 

മോഡലിങ്ങും ഫാഷൻ ഷോയുമെല്ലാം നമ്മുടെ നാട്ടിൽ സർവ സാധാരണമാണെങ്കിലും അതിലെല്ലാം ഒരുപാട് റെസ്ട്രിക്ഷൻസുണ്ട്. നിറവും ബോഡി സ്ട്രക്ച്ചറും എല്ലാം ഇപ്പോഴും പലർക്കും പ്രശ്നമാണ്. ഇൻക്ലൂസീവായി ഒരു ഫാഷൻ ഷോയിലേക്കെത്തുക എന്നതു തന്നെ നമ്മുടെ നാട്ടിൽ കുറച്ചു ബുദ്ധിമുട്ടാണ്. കൊച്ചിയിലായിരുന്നു ആദ്യ ഷോ, എന്റെ സ്വപ്നങ്ങളും പേറി അന്ന് ഞാൻ വീൽചെയറിൽ ആ റാംപിലൂടെ ആത്മവിശ്വാസത്തോടെ ‘നടന്നപ്പോൾ’ എനിക്ക് എല്ലാം നേടിയെടുത്ത ആത്മവിശ്വാസമായിരുന്നു. വേദിയിലെ ഇരു ഭാഗത്തുനിന്നും പലരും എനിക്ക് വേണ്ടി ആർത്തുവിളിച്ചു. കാതുകളിൽ ഒരുപാട് നാളായി ഞാൻ കേൾക്കാൻ കൊതിച്ച ആ ശബ്ദം ഇനിയും ഷോസ് ചെയ്യാനുള്ള എന്റെ ഊർജമായിരുന്നു.

life-story-of-model-nishan2
നിഷാൻ നിസാർ റാംപിൽ, Image Credits: Instagram/para_traveller_

ഗോവയിൽ വച്ചാണ് വീണ്ടും റാംപിലെത്തുന്നത്. വെഡിങ് കലക്‌ഷനായിരുന്നു അന്ന് കോസ്റ്റ്യൂം. ബ്രാൻഡ് അംബാസഡർ കാറ്റഗറിയിൽ ഷോ സ്റ്റോപ്പർ ഞാനായിരുന്നു. അത് ഭയങ്കര ഒരു എക്സ്പീരിയൻസ് ആയിരുന്നു. അത്രയും അടിപൊളിയായിട്ടൊരു ബ്രൈഡൽ കോസ്റ്റ്യൂം ഇട്ട് ഇറങ്ങിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഓരോ ഷോ ചെയ്യുമ്പോഴും എനിക്ക് കോൺഫിഡൻസ് കൂടുന്നുണ്ട്. വീണ്ടും വീണ്ടും ചെയ്യാൻ പറ്റും എന്നു തന്നെയാണ് വിശ്വാസം. 

വിദേശ രാജ്യങ്ങളിൽ പോയി ഷോ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പാരിസ് വീക്കിൽ പോകണമെന്നതാണ് ഏറ്റവും വലിയ സ്വപ്നം. ഒപ്പം കെൻഡൽ ജെന്നർ എന്ന മോഡലിനൊപ്പം ഒന്ന് റാംപ് വോക്ക് ചെയ്യണം. എന്റെ സ്വപ്നങ്ങൾ പലതും നടക്കില്ല എന്നു കരുതിയിട്ടും നടന്നു. ഇതും നടക്കും എന്നു തന്നെയാണ് പ്രതീക്ഷ.’’

സ്കൂബാ ഡൈവിങ്, ട്രാവലിങ്ങ്... ഇഷ്ടങ്ങൾ ഒരുപാടുണ്ട്

വീൽചെയർ ഇപ്പോൾ നിഷാനു പ്രശ്നമേ അല്ല. അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള ഒരു തടസ്സവുമല്ല. ഫാഷൻ ലോകത്ത് ആയതുകൊണ്ട് തന്നെ ഫിറ്റ്നസും ഒരു പ്രധാന കാര്യമാണ്. വീൽചെയറിലിരുന്നാണ് വർക്കൗട്ട് ചെയ്യുന്നത്. ‘‘വീട്ടിലിരിക്കുമ്പോൾ ഞാൻ മാക്സിമം വർക്കൗട്ട്സും കാര്യങ്ങളുമൊക്കെ ചെയ്യും. എന്റെ അപ്പർ ബോഡി സ്ട്രെങ്ത് കൂട്ടാനുള്ള എക്സർസൈസാണ് കൂടുതലായി ചെയ്യുന്നത്. കസേരയിൽ ഇരുന്നുകൊണ്ട് ഡംബൽസ് എടുക്കുന്നതും അല്ലാതെയുമുള്ള വർക്കൗട്ട്സ് ഒക്കെ ചെയ്യും. വീൽചെയറിൽ നിന്ന് താഴോട്ട് വന്ന് പുഷ്അപ്പ്സ് എടുക്കും. വർക്ക് ഔട്ട് ചെയ്യുമ്പോൾ ഒരു പ്രത്യേക കോൺഫിഡൻസാണ്. 

life-story-of-model-nishan4
നിഷാൻ നിസാർ കുടുംബത്തോടൊപ്പം, Image Credits: Instagram/para_traveller_

യാത്ര എനിക്ക് ഇഷ്ടമാണ്. ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഞാൻ നിയോ മോഷൻ എന്നൊരു വീൽചെയർ കമ്പനിയിൽ ഫീൽഡ് എക്സിക്യൂട്ടീവായാണ് ജോലി ചെയ്യുന്നത്. ജോലിയുടെ ഭാഗമായും ഒരുപാട് യാത്രകൾ പോകാനുണ്ടാകും. യാത്ര പോകുമ്പോൾ ഏറ്റവും വലിയ സങ്കടം പലയിടത്തും ആക്സസബിലിറ്റി ഇഷ്യൂ വരാറുണ്ട് എന്നതാണ്. ചിലപ്പോൾ കഷ്ടപ്പെട്ട് പല സ്ഥലങ്ങളിലും പോകും. അവിടെ എത്തുമ്പോഴാണ് റാംപ് ഇല്ലാത്തതും ബാത്ത് റൂം ഫെസിലിറ്റി ഇല്ലാത്തതുമൊക്കെ അറിയുക. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടായിട്ടുണ്ട്. എനിക്ക് അഡ്വഞ്ചറസ് സ്പോർട്സ് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. സ്കൂബാഡൈവിങ് ചെയ്യുന്നുണ്ട്. സ്കൈഡൈവിങ് ചെയ്യണമെന്നുണ്ട്.’’

‘കാരവൻ’, അതാണ് സ്വപ്നം

‘‘കാരവൻ എന്നുള്ള ഒരു വെൽഫെയർ ട്രസ്റ്റ് കമ്യൂണിറ്റി ഞാനും അനീഷ് എന്ന സുഹൃത്തും ചേർന്ന് ആരംഭിച്ചു. ഡിഫറന്റ്ലി ഏബിൾഡ് ആയ ആളുകളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കമ്യൂണിറ്റിയാണത്. അവർക്ക് വേണ്ടിക്കൂടിയാണ് ഇനിയുള്ള ജീവിതം. കേരളത്തിലെ വിവിധയിടങ്ങളിലെ 109 പേർ ഇപ്പോൾ ആ കമ്യൂണിറ്റിയുടെ ഭാഗമാണ്. ഡിഫറന്റ്ലി ഏബിൾഡ് ആയ ആളുകളുടെ ഉന്നമനമാണ് ലക്ഷ്യം. നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് ഇത്തരം കാര്യങ്ങളിലെല്ലാം അവബോധം കുറവാണ്. സ്കൂളുകളിലും കോളജുകളിലുമെല്ലാമെത്തി ഭിന്നശേഷിക്കാരെ പറ്റി അവബോധം വളർത്തിയെടുക്കാനും കാരവനിലൂടെ ലക്ഷ്യമിടുന്നുണ്ട്. 

ഇത്രയും ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. ഒരു വീൽചെയറിലിരുന്ന് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ എനിക്കു ചുറ്റുമുള്ളവർക്ക് ഒരുപാട് ചെയ്യാൻ പറ്റും. സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതുമാത്രമാണ് വിജയത്തിലേക്കുള്ള കുറുക്കുവഴി. അതിൽ ഫോക്കസ് ചെയ്യുക. മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത ഒഴിവാക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിനു വേണ്ടി ശ്രമിക്കുക, എന്നെപ്പോലെ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com