ചടുലമായ ചുവടുകൾ, കൈകളിൽ വിടരുന്ന വടിവൊത്ത മുദ്രകൾ, മുഖത്ത് അനായാസം മിന്നിമറിയുന്ന നവരസങ്ങൾ. 97 കാരിയായ ഭവാനിയുടെ നൃത്തച്ചുവടുകൾ കണ്ടാൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തോന്നിപ്പോകും. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ‘ഭാരതീയ നൃത്തകലാലയം’ എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറുമായ ഭവാനി ചെല്ലപ്പൻ മലയാളികൾക്ക് നൃത്തത്തിന്റെ സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകുകയാണ്. കോട്ടയം തിരുനക്കരയിലെ വീടിനോടു ചേർന്നുള്ള നൃത്തവിദ്യാലയത്തിൽ ഇന്നും ഭവാനിയുടെ ചുവടുകൾ നിറയുന്നു. പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിക്കുകയാണ് ഭവാനി ചെല്ലപ്പൻ. എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ. മനോരമ ഓൺലൈനിനോട് മനസ്സു തുറന്ന് ഭവാനി ചെല്ലപ്പൻ.
13 വയസ്സിൽ ആരംഭിച്ച നൃത്ത പഠനം
പള്ളിക്കൂടത്തിൽ പോയി പഠിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. എപ്പോഴും കളിച്ചു നടക്കും. അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് കൊട്ടാരം നർത്തകനായിരുന്ന ഗുരു ഗോപിനാഥിന്റെ ഗുരുകുലത്തിൽ നൃത്തം പഠിക്കാൻ താൽപര്യമുള്ളവർക്കായി ഇന്റർവ്യൂ നടത്തുന്നു എന്ന പരസ്യം കണ്ടത്. അച്ഛന്റെ തീരുമാനപ്രകാരം ഇന്റർവ്യൂവിനു പോയി, സിലക്ഷനും കിട്ടി. അങ്ങനെ 13–ാം വയസ്സിൽ നൃത്ത പഠനം ആരംഭിച്ചു.

എന്നും പുലർച്ചെ നാലു മണിക്കു പരിശീലനം ആരംഭിക്കും. നാല് ആൺകുട്ടികളും നാലു പെൺകുട്ടികളുമുണ്ടായിരുന്നു ക്ലാസിൽ. മുദ്രകളും മുഖസാധകവുമൊക്കെയായി ദിവസം മുഴുവൻ പരിശീലനമായിരുന്നു. തെറ്റു വരുത്തിയാൽ ഗുരുജിയുടെ കയ്യിൽനിന്നു നല്ല അടി കിട്ടും. ഉറക്കം തൂങ്ങിയാൽ തൊട്ടടുത്തിരിക്കുന്ന കുട്ടിയുടെ തല ചേർത്തു കൂട്ടിയിടിക്കും. ഇതൊക്കെയായിരുന്നു ഗുരുകുലത്തിലെ ശിക്ഷാ രീതികൾ.
ഏറെ ഇഷ്ടം കേരള നടനം
കേരള നടനമാണ് കൂടുതൽ കാലം പഠിച്ചത്. ഗുരു ഗോപിനാഥ് ശാസ്ത്രീയ നൃത്തത്തിനു നൽകിയ സംഭാവനയാണ് കേരള നടനം. കഥകളിയെ നാടോടി നൃത്തത്തിലെയും ഭരതനാട്യത്തിലെയും നൃത്തസങ്കേതങ്ങളുമായി സംയോജിപ്പിച്ചാണ് കേരളനടനത്തിനു രൂപം നൽകിയത്. കേരളനടനത്തിനൊപ്പം ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും അഭ്യസിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, ഗുരുവിനൊപ്പം സഞ്ചരിച്ച് നിരവധി വിദേശ വേദികളിലും നൃത്തം ചെയ്തിട്ടുണ്ട്.
സഹപാഠിയുമായി പ്രണയ വിവാഹം
ഗുരുകുലത്തിലെ സഹപാഠിയായിരുന്ന ചെല്ലപ്പനെയാണ് വിവാഹം ചെയ്തത്. ഏറെക്കാലം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. അന്നൊക്കെ പ്രണയിക്കുന്നതു വലിയ കുറ്റം പോലെയായിരുന്നു. ക്ലാസിൽ വച്ചു മാത്രമേ കാണാൻ കഴിയൂ. ഗുരു വലിയ സ്ട്രിക്ടായിരുന്നതു കൊണ്ട് നേരിട്ടു സംസാരിക്കാൻ ഭയമായിരുന്നു. മുദ്രകളിലൂടെയായിരുന്നു സംസാരമത്രയും. ഇഷ്ടം പറഞ്ഞതും അങ്ങനെതന്നെ. വിവാഹ ശേഷം ഭർത്താവിനൊപ്പം നിരവധി വേദികളിൽ നൃത്തം ചെയ്തു. ഭർത്താവുമായി ചേർന്നാരംഭിച്ച ബാലേ ട്രൂപ്പും വലിയ വിജയമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ബാലേ കളിച്ചിട്ടില്ല.

97 വയസ്സിലും നൃത്താധ്യാപിക
ഗുരു ഗോപിനാഥിന്റെ നിർദേശ പ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച ‘ഭാരതീയ നൃത്ത കലാലയത്തിൽ’ സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്പെഷൽ ക്ലാസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകൾ നയിക്കുന്നത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽ നിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.