നർത്തകിയും നടിയുമായ ഉത്തര ഉണ്ണി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമായ ഉത്തര ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഉത്തരയ്ക്കും നിതേഷിനും കുഞ്ഞ് പിറന്നു. പെൺകുട്ടിയാണ് ഇരുവർക്കും ജനിച്ചത്.
‘ദൈവത്തിന്റെ കൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ധീമഹീ നിതേഷ് നായർ എന്നാണ് പേര്. ധീമഹീ എന്നാൽ ജ്ഞാനിയും ബുദ്ധിമതിയും എന്നാണ്. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്, നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി’.– കുഞ്ഞു പിറന്നതിന് പിന്നാലെ ഉത്തര സമൂഹ മാധ്യമത്തിൽ കുറിച്ചു.
2021ലാണ് നടി ഊർമിള ഉണ്ണിയുടെ മകൾ വിവാഹിതയായത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടും സീമന്തം ചടങ്ങിന്റെ വിശേഷങ്ങളുമെല്ലാം ഉത്തര പങ്കുവച്ചിരുന്നു. ഉത്തരയ്ക്കും നിതേഷിനും ആശംസകളറിയിച്ച് നിരവധി പേരാണ് എത്തുന്നത്.