ADVERTISEMENT

മഴവിൽ മനോരമയിലെ ‘ഉടൻ പണം’ എന്ന ഹിറ്റ് പരിപാടിയിലൂടെ എല്ലാവരുടെയും പ്രിയതാരമായി മാറിയതാണ് മീനാക്ഷി രവീന്ദ്രൻ. കോമഡിയും കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം. സിനിമയും അഭിനയവുമാണ് എന്നും മീനാക്ഷിക്ക് ഏറെ ഇഷ്ടം. അഭിനയിക്കാനായി നേടിയ ജോലി പോലും ഉപേക്ഷിച്ചെത്തിയ മീനാക്ഷി ഇതിനോടകം തന്നെ ചില സിനിമകളുടെ ഭാഗമായും മാറി. സിനിമയോടും അവതരണത്തോടുമൊപ്പം മീനാക്ഷി ഇഷ്ടപ്പെടുന്ന മറ്റൊന്നു കൂടിയുണ്ട്. മോഡലിങ്....ഫാഷൻ ലോകത്തെ ഇഷ്ടപ്പെട്ട് റാംപിലെത്താൻ കൊതിച്ച മീനാക്ഷിക്ക് പക്ഷേ, റാംപിലെ ഓർമകൾ അത്ര സുഖകരമല്ല, ചെറുപ്പത്തിൽ തന്നെ ‘സോകോള്‍ഡ്’ മോഡലിങ് സങ്കൽപ്പങ്ങൾക്ക് അപ്പുറമായതു കൊണ്ട് മാറ്റി നിർത്തപ്പെട്ടവൾ. പക്ഷേ, കരുത്തുറ്റ തീരുമാനങ്ങളും സ്വന്തം അഭിരുചിയുമായി മുന്നോട്ട് നീങ്ങിയപ്പോൾ മീനാക്ഷി ഫോട്ടോഷൂട്ടുകളിലൂടെയും മലയാളികളുടെ മനസ്സിൽ പതിഞ്ഞു. മീനാക്ഷിയെന്ന അഭിനേത്രിയെയും അവതാരകയെയും മോഡലിനെയുമെല്ലാം പലരും കേട്ടുകാണും. എന്നാൽ ഇതിനെല്ലാം മീനാക്ഷി തുടക്കം കുറിച്ചത് നൃത്തത്തിലൂടെയാണ്. മീനാക്ഷി ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. ജീവിത വിശേഷങ്ങളും മോഡലിങ്ങ്, നൃത്ത വിശേഷങ്ങളുമെല്ലാം മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. 

∙ നൃത്തം ഒരുപാട് ഇഷ്ടം, അതാണ് എല്ലാത്തിന്റെയും തുടക്കം 

നൃത്തം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മൂന്നു വയസ്സു മുതൽ ക്ലാസിക്കൽ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യമാണ് പഠിച്ച് തുടങ്ങിയത്. സ്കൂൾ കലോത്സവങ്ങളിലെല്ലാം പങ്കെടുത്തിട്ടും സമ്മാനങ്ങൾ കിട്ടിയിട്ടുമുണ്ട്. പണ്ടൊക്കെ ഡാൻസ് ചെയ്യുന്നവർ നന്നായി അഭിനയിക്കും എന്നൊക്കെ തോന്നൽ ഉണ്ടല്ലോ. ക്ലാസിക്കൽ ഡാൻസൊക്കെ ചെയ്യുന്നതു കൊണ്ട് എല്ലാവരും പറയും അഭിനയിക്കാൻ പറ്റും എന്നൊക്കെ. സിനിമയിൽ അഭിനയിച്ചു കൂടെ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അഭിനയത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. താൽപര്യം ഉണ്ടെങ്കിലും അതിന് വേണ്ടി എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. സിനിമാ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ക്യാബിൻ ക്രൂവായി ഞാൻ ജോലി ചെയ്യുന്ന സമയത്താണ് അഭിനയത്തെ സീരിയസായി എടുക്കണമെന്ന് ചിന്തിച്ചു തുടങ്ങിയത്. സൗദിയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഓൺലൈനിൽ മനോരമയിൽ ‘നായിക നായകൻ’ എന്ന പരിപാടിയെ പറ്റി കേൾക്കുന്നത്. എന്റെ ഫോട്ടോസെല്ലാം വച്ച് ഞാൻ മെയിലയച്ചു. പക്ഷേ, എനിക്ക് സില‌ക്‌ഷൻ കിട്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവർ ഓപ്പൺ ഓഡിഷൻ നടത്തുന്നതിനെ പറ്റി അറിഞ്ഞത്. സുഹൃത്താണ് അതിൽ പങ്കെടുക്കാൻ പറയുന്നത്. ഞാൻ മെയിൽ അയച്ചപ്പോൾ സിലക്ട് ചെയ്യാത്തതിന്റെ വാശി കൂടി ഉണ്ട്. അപ്പോള്‍ ഞാൻ കരുതി നേരിട്ട് പോയാൽ സിലക്‌ഷൻ കിട്ടുമെന്ന്. അങ്ങനെ ഓഡിഷനിൽ പങ്കെടുത്തു. സിലക്ടായി.  അഭിനയിക്കാൻ താൽപര്യമൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനെ പറ്റി കൂടുതൽ അറിഞ്ഞത് ഷോയിലൂടെയാണ്. പാഷനായി എനിക്ക് അഭിനയം മാറിയതും അതിന് പിന്നാലെ.

chat-with-meenakshi-raveendran2
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

∙ അന്ന് ഒരുപാട് സങ്കടമായി, പക്ഷേ, ഇപ്പോള്‍ ഹാപ്പിയാണ്

മോഡലിങ്ങിനോട് പണ്ടു മുതൽ ഒരു വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. റാംപ് വാക്ക് ചെയ്യാൻ ഭയങ്കര താൽപര്യമായിരുന്നു. പക്ഷേ അതിനൊന്നും എനിക്ക് സാധിച്ചില്ല. നമ്മുടെ കൺവെൻഷനൽ ബ്യൂട്ടി സങ്കൽപ്പത്തിൽ പെട്ടൊരാളായിരുന്നില്ല ഞാൻ. മോഡലിങ്ങിലെ ഒരു മിനിമം ഹൈറ്റ് എന്നു പറയുന്നത് എനിക്കില്ലായിരുന്നു. അതുകൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടു. റാംപ് വാക്ക് ചെയ്യാൻ ചാൻസ് ചോദിച്ചിട്ട് പലരും തന്നിട്ടില്ല. ഹൈറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കിവിട്ടിട്ടുണ്ട്. പിന്നെ അവരൊക്കെ പറയുന്നത് മോഡലിങ് ഇഷ്ടമാണെങ്കില്‍ ഫോട്ടോഷൂട്ട് ചെയ്യാമല്ലോ എന്നാണ്. പക്ഷേ, എനിക്ക് ഇഷ്ടം റാംപ് വാക്കായിരുന്നു. എന്നാൽ ഇപ്പോൾ അതിനെല്ലാം മാറ്റം വന്നു. അന്ന് എന്നെ ഒഴിവാക്കിയ സ്ഥലത്തേക്ക് ഷോ സ്റ്റോപ്പറായി എത്താൻ പലരും വിളിച്ചു. എനിക്ക് റെഗഗനിഷൻ കിട്ടിയപ്പോഴുണ്ടായ വലിയ മാറ്റമാണത്. ഷോ സ്റ്റോപ്പർക്ക് ഹൈറ്റൊന്നും പ്രധാനമല്ലല്ലോ. പക്ഷേ, കൊറോണ വന്നതു കൊണ്ട് വിളിച്ച പലയിടങ്ങളിലും പോകാൻ പറ്റിയില്ല. അവസരങ്ങൾ ഇനിയും വരും.  

chat-with-meenakshi-raveendran4
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

കോസ്റ്റ്യൂമായിരുന്നു പണ്ട് എന്നെ മോഡലിങ്ങിലേക്ക് അട്രാക്ട് ചെയ്തത്. ചെറുപ്പത്തിലൊക്കെ വനിതയുടെ ഫാഷൻ പേജിലൊക്കെ കോസ്റ്റ്യൂമ്സ് നോക്കുമായിരുന്നു. പിന്നീടാണ് വസ്ത്രം മാത്രമല്ല, ഇതിൽ പ്രധാനമെന്ന് മനസ്സിലായത്. നമ്മുടെ ആറ്റിറ്റ്യൂഡും പോസും എല്ലാം പ്രധാനമാണ്. മോഡേൺ കോസ്റ്റ്യൂമ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആദ്യമൊക്കെ അതാണ് കൂടുതലായി ഫോളോ ചെയ്തത്. പിന്നെയാണ് സാരിയിലും ഭംഗി കണ്ടെത്തി തുടങ്ങിയത്. ഇപ്പോൾ സാരിയിലുള്ള ഫോട്ടോസൊക്കെ ഒരുപാട് ഇഷ്ടമാണ്. 

∙ വിമർശനങ്ങളൊന്നും ബാധിക്കാറില്ല

കോസ്റ്റ്യൂമിന്റെ പേരിൽ ഞാൻ ഒരുപാട് വിമർശനം കേട്ടിട്ടുണ്ട്. അതൊന്നും കാര്യമാക്കാറേയില്ല. പറയുന്നവർ അവിടെ കിടന്ന് പറഞ്ഞോട്ടെ. കാണേണ്ടാത്തവർ കാണണ്ട. ഞാൻ എന്ത് ഇടണം എന്നുള്ളതിൽ എനിക്ക് വ്യക്തമായിട്ടുള്ള ധാരണ ഉണ്ട്. വിമർശനങ്ങളൊന്നും എന്നെ എഫക്റ്റ് ചെയ്യുന്ന കാര്യമല്ല. എനിക്ക് ഇടാൻ ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. പിന്നെ ഫോട്ടോ കണ്ടിട്ട് വൃത്തികേട് എന്നൊക്കെ പറയുന്നത് അത് കാണുന്നവരുടെ കണ്ണിലുള്ള പ്രശ്നമാ, എന്റെ പ്രോബ്ലം അല്ല. എന്നെ ബോഡി ഷെയിം ചെയ്യുന്ന, ഞാൻ മെലിഞ്ഞതാണ് എന്നു പറയുന്ന ആളുകളാണ് ആ കോസ്റ്റ്യൂം കണ്ട് വൃത്തികേട് കണ്ടുപിടിക്കുന്നവർ. എന്നെ ഹരാസ് ചെയ്യുന്നതോ ഇങ്ങനത്തെ കമന്റ്സ് വായിക്കുന്നതോ എനിക്ക് വിഷയമുള്ള കാര്യമല്ല. പക്ഷേ, എന്റെ വീട്ടുകാരെ പറ്റി പറയുമ്പോഴാണ് അതു പ്രശ്നമാകുന്നത്. അവർക്ക് ചിലപ്പോള്‍ ചിലതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. 

chat-with-meenakshi-raveendran1
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

മോഡേൺ ഡ്രസ് ഇടാൻ ഒരുപാട് ഇഷ്ടമുള്ളൊരാളാണ് ഞാൻ. പണ്ടുകാലത്ത് എന്റെ ബാക്കിൽ നിന്ന് തന്നെ പലരും എന്റെ വസ്ത്രത്തെ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് എന്റെ അമ്മയാണ് എങ്ങനെ പ്രതികരിക്കണം എന്ന് എന്നെ പഠിപ്പിച്ചത്. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ കാര്യത്തിൽ ഒരാൾ കമന്റ് ചെയ്തപ്പോള്‍ അതെനിക്ക് ഒരുപാട് സങ്കടമായി. വീട്ടിൽ വിഷമിച്ചിരുന്നപ്പോൾ അമ്മയാണ് പറഞ്ഞത് ആരെങ്കിലും നിന്റെ ഡ്രസ്സിനെ കമന്റ് ചെയ്യുകയാണെങ്കിൽ ‘ദാറ്റ്സ് അപ് ടു മീ’ എന്നു പറഞ്ഞാൽ മതിയെന്ന്. അന്ന് എനിക്ക് അതിന്റെ അർഥമൊന്നും മനസ്സിലായിരുന്നില്ല. പക്ഷേ, ഇപ്പോഴും എനിക്ക് എന്നെ വിമർശിക്കുന്നവരോട് അതാണ് പറയാനുള്ളത്. 

chat-with-meenakshi-raveendran5
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

∙ വിവാഹത്തെപറ്റി ആലോചിച്ചിട്ടില്ല

വിവാഹത്തെപറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോൾ കരിയറിൽ ഫോക്കസ് ചെയ്യാനാണ് ആഗ്രഹം. പിന്നെ വിവാഹം ചെയ്യുകയാണെങ്കിൽ പ്രണയ വിവാഹമായിരിക്കും. അറേഞ്ച്ഡ് മാരേജ് താൽപര്യമില്ല. അതുകൊണ്ട് തന്നെ അത് വഴിയേ നടക്കേണ്ട കാര്യമാണ്. അല്ലാതെ ഒരാളെ പ്രണയിക്കണം എന്നു പറഞ്ഞ് പ്രണയിക്കാൻ പറ്റില്ലല്ലോ. ഞാനിപ്പോൾ കരിയർ ഫോക്കസ് ചെയ്ത് മുന്നോട്ട് പോവുകയാണ്. അതിന്റെ ഇടയിൽ ആരെയെങ്കിലും കിട്ടിയാൽ കൂടെ കൂട്ടാം, ഒരുമിച്ച് മുന്നോട്ട് പോകാം. അത്രയേ ഇപ്പോൾ പ്ലാനുള്ളു. 

chat-with-meenakshi-raveendran3
മീനാക്ഷി രവീന്ദ്രൻ, Image Credits: Instagram/meenakshi.raveendran

അഭിനയത്തിലൂടെ തന്നെ ലോകം അറിയണമെന്നാണ് മീനാക്ഷിയുടെ ആഗ്രഹം. തയാറെടുപ്പുകളും അതിനു വേണ്ടിയാണ്. തണ്ണീർമത്തൻ ദിനങ്ങളുടെ ഡയറക്ടർ ഗിരീഷ് എ.ഡി.യുടെ ചിത്രത്തിലാണ് മീനാക്ഷി ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്ന സിനിമയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

English Summary: Special Interview with Meenakshi Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com