വയോജന പരിപാലനരംഗത്ത് തികച്ചും വ്യത്യസ്തമായൊരു വാതായനം തുറന്നിരിക്കുന്ന ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ആദ്യ സംരംഭമായ മിഷന്‍വാലിയിലെ സന്ദര്‍ശനം വളരെ അനുഭൂതി ഉണര്‍ത്തിയ ഒരു അനുഭവമായിരുന്നു. പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിന്‍റെ ചാരുതയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്ഥാപനം ഒരു റിസോര്‍ട്ടാണോ എന്ന് തോന്നിപ്പിക്കുവിധം മനോഹരവുമാണ്. വിഭിന്നമായ ചിന്താധാരകളില്‍നിന്നും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ഏകീകൃതമായ കുടുംബാന്തരീക്ഷത്തിലേക്ക് ചേക്കേറിയ മാതാപിതാക്കളും അവരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞുപരിപാലിക്കാന്‍ കഴിവുളള ഒരു പറ്റം ജീവനക്കാരും അടങ്ങിയ ഈ സ്ഥാപനത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ തന്നെ എങ്ങുമില്ലാത്ത ഒരു ഊര്‍ജ്ജമാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ കൂടുതല്‍ അറിയുംതോറും വയോജന പരിപാലനം ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നതും, മഹത്വകരവുമായ ഒരു സേവനം ആണെന്ന തിരിച്ചറിവിന്‍റെ ലോകത്തെത്തുകയായിരുന്നു.
നാള്‍വഴികള്‍
മുന്‍കാലങ്ങളില്‍ വാർധക്യകാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സംരക്ഷണവും, സുരക്ഷിതത്വബോധവും ഇന്ന് അണുകുടുംബ സംവിധാനത്തില്‍ സാധ്യമാകുന്നില്ല. പുതിയ അവസരങ്ങള്‍ തേടി വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്ന തലമുറകളുടേയും, സ്ത്രീ-പുരുഷ ഭേദമന്യേ ജോലിയിലേര്‍പ്പെടേണ്ടി വരുന്ന കുടുംബാംഗങ്ങളുടേയും മുന്‍പില്‍ വാർധക്യത്തില്‍ എത്തുന്ന മാതാപിതാക്കള്‍ ഒരു ചോദ്യചിഹ്നമായി മാറുന്നു എന്നത് ഇന്നത്തെ ഒരു യാഥാർഥ്യവുമാണ്. ഇവിടെ സ്നേഹത്തിന്‍റേയും, ഉത്തരവാദിത്വത്തിന്‍റേയും മുകളില്‍ ജീവിത സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതുകൊണ്ടു തന്നെ വാർധക്യം എന്നത് മിക്കയാളുകള്‍ക്കും ആശങ്കാജനകമാണ്.
ഈ ആശങ്കയ്ക്ക് ഒരു ഉത്തമ പരിഹാരമാണെന്നു തന്നെ ട്രാവന്‍കൂര്‍ ഫൗണ്ടേഷനെക്കുറിച്ച് പറയാം. 2009 സെപ്റ്റംബര്‍ 17-ാം തീയതി കേവലം മൂന്നു വ്യക്തികള്‍ കൈകോര്‍ത്തതിലൂടെ വളരെ ലളിതമായി പ്രാരംഭം കുറിക്കപ്പെട്ട ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നൽകുന്നതിലൂടെ, വാർധക്യകാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയും ഉളള സുരക്ഷിതവും, മികച്ചതും ആയ ജീവിത നിലവാരം ഉറപ്പുവരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടോടെ ആയിരുന്നു തുടക്കം.
2014- ല്‍ തങ്ങളുടെ ആദ്യ സംരംഭത്തിന് നാന്ദി കുറിച്ച ഈ പ്രസ്ഥാനം ഒരു ദശാബ്ദക്കാലയളവില്‍ മൂന്ന് സ്ഥാപനങ്ങളും, ഒരു എജ്യുക്കേഷണല്‍ ഡിവിഷനും ഉള്‍പ്പെടെ നാലു പ്രോജക്ടുകളുമായി കേരളത്തിലെ രണ്ടു ജില്ലകളില്‍ വേരുറപ്പിച്ചിരിക്കുന്നു എന്നത് ഒരു കൂട്ടായ്മയുടെ വിജയമാണ്.
ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ വിശേഷങ്ങളിലേയ്ക്ക്...
വയോജന പരിപാലന രംഗത്ത് കേരളത്തിലെ ആദ്യ സംരംഭകരും, ഇന്ത്യയില്‍ ആദ്യം അംഗീകാരം ലഭിച്ചതുമായ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ഏതാണ്ട് 14 വര്‍ഷം പിന്നിടുമ്പോള്‍ ഈ മേഖലയില്‍ തനതായ ശൈലി രൂപപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. രാജ്യത്തെ തന്നെ മറ്റെല്ലാ സീനിയര്‍ ലിവിംഗ് സൗകര്യങ്ങളില്‍ നിന്നും ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ അദ്വിതീയമാക്കുന്ന അതിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഒരു പ്രധാനവശം, സമഗ്രമായ ആരോഗ്യപഠനത്തിലൂടെ ഇവിടെ പ്രവേശിക്കപ്പെടുന്ന ഓരോ രുത്തര്‍ക്കും വ്യക്തിഗത പരിചരണ പദ്ധതി തയാറാക്കി പരിപാലിക്കുന്നു എന്നതാണ്.
രാജ്യാന്തര നിലവാരമുളള ഈ പ്രവര്‍ത്തനരീതി ഇന്ത്യയിലെ സാംസ്ക്കാരിക - സാമൂഹ്യ പരിസ്ഥിതിയ്ക്ക് അനുയോജ്യമായി ചിട്ടപ്പെടുത്തി നടപ്പിലാക്കിയത് ഡോ. രേണു ഏബ്രഹാം വറുഗീസാണ്. രണ്ടുതവണ അമേരിക്കന്‍ ഫുള്‍ ബ്രൈറ്റ് സ്കോളറും, ജെറന്‍റോളജിസ്റ്റും, ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണുമാണ് ഡോ. രേണു. ട്രാവന്‍കൂര്‍ ഫൗണ്ടേഷനിലെ ഓരോ കുടുംബാംഗത്തിനുവേണ്ടിയും തയാറാക്കുന്ന വ്യക്തിഗത പരിചരണ പദ്ധതിയിലൂടെ ഓരോ ദിവസത്തേയും ആരോഗ്യപുരോഗതി നിരീക്ഷിക്കുന്നതിനും, അധിക പരിചരണമോ ശ്രദ്ധയോ നല്കേണ്ട സാഹചര്യത്തേക്കുറിച്ച്, മനസ്സിലാക്കുന്നതിനും ഇന്‍റര്‍ ഡിസിപ്ലിനറി ടീമിനെ സഹായിക്കുകയും ചെയ്യുന്നു.
ഈ സേവനമേഖലയ്ക്ക് അനുയോജ്യമായ പതിനാലോളം ഡിപ്പാര്‍ട്ടുമെന്‍റുകളാണ് ഈ സ്ഥാപനത്തിനുളളത്. ഫിസിഷ്യന്‍, നഴ്സ്, സോഷ്യല്‍ വര്‍ക്കേഴ്സ്, ആക്റ്റിവിറ്റി കോര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി വൈദഗ്ദ്യം നേടിയ ഒരു ടീമാണ് ഇവിടെ പരിചരണത്തിനായി അണിനിരക്കുന്നത്.
സേവനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളിലൂടെയും, മറ്റു മാനദണ്ഡങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്‍റും, സുസ്ഥിരമായ പരിശീലനത്തിലൂടെയും, പുരോഗതിയിലൂടെയും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിച്ച് പ്രവര്‍ത്തനമികവ് ഉറപ്പുവരുത്തുന്നതിന് വേണ്ടി ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റും ഈ പ്രസ്ഥാനത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ കെയര്‍ ഗിവേഴ്സിനെ പരിശീലിപ്പിക്കുന്നതിന് സിമുലേഷന്‍ ലാബും, അതിനു പരിശീലനം നേടിയ വ്യക്തികളും ഇന്ത്യയില്‍ വയോജന പരിപാലന മേഖലയില്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷനു മാത്രം സ്വന്തമാണ്.
പ്രോജക്റ്റുകള്‍
തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്, അത്രമേല്‍ പ്രാധാന്യം നൽകിയാണ് ഈ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം മുന്നേറുന്നത്. വാർധക്യകാലത്തെ ശാരീരിക-മാനസിക ആരോഗ്യത്തേയും, മാറ്റങ്ങളേയും അടിസ്ഥാനമാക്കി ഇന്‍ഡിപെന്‍ഡന്‍റ് ലിവിംഗ്, അസിസ്റ്റഡ് ലിവിംഗ്, മെമ്മറി കെയര്‍, സ്കില്‍ഡ് നഴ്സിംഗ് കെയര്‍, തുടങ്ങി വിവിധ പരിചരണ രീതികളാണ് ഓരോ പ്രോജക്റ്റുകളിലും ലഭ്യമാക്കുന്നത്. ഓരോ പ്രോജക്റ്റുകളുടേയും സ്വഭാവരീതിക്കനുയോജ്യമായി ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ഇവര്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ഓരോ സ്ഥാപനങ്ങളും വീല്‍ച്ചെയര്‍ ആക്സസിബിലിറ്റി, വിശാലമായ പാസ്സേജുകള്‍, ഗ്രാബ് ബാറുകള്‍, ആന്‍റി സ്കിഡ് ഫ്ലോറുകള്‍, എലിവേറ്ററുകള്‍, നൂറു ശതമാനം പവര്‍ ബാക്കപ്പ്, ഇന്‍റര്‍നെറ്റ്, വൈഫൈ തുടങ്ങി വാർധക്യത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ തക്ക സൗകര്യമുളള ഫെസിലിറ്റികളാണ്.
മിഷന്‍ വാലി
വയോജന സൗഹൃദപരമായ സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുളള ഈ സൗധം കോട്ടയത്ത് നിന്നും വെറും 18 കിലോമീറ്റര്‍ അകലെ കറുകച്ചാലിന്‍റെ നെറുകയില്‍ ശാന്തവും പ്രകൃതിസുന്ദരവുമായ ഒരു കുന്നിന്‍ മുകളില്‍ മൂന്നര ഏക്കറിലായി സ്ഥിതിചെയ്യുന്നു. ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ ആസ്ഥാനവും ഇവിടെത്തന്നെയാണ്. തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ജീവിതം നയിക്കുന്ന 70 ല്‍ പരം മാതാപിതാക്കളും ഇന്നിവിടെയുണ്ട്.

റാഹേല്‍ ഹോംസ്
ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍റെ രണ്ടാമത്തെ പ്രോജക്ടായ റാഹേല്‍ ഹോംസ് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ആണ്. തനതായ പ്രകൃതി സൗന്ദര്യം നിറഞ്ഞതും, താമരപൊയ്കയും, മയിലുകളും ഒക്കെ ഉള്ള ചുറ്റുപാടില്‍ ആണ് റാഹേല്‍ ഹോംസ് ഉള്ളത്. അഞ്ചു നിലകളിലായി പണിയപ്പെട്ട ഇവിടെ ആധുനികത വിളിച്ചോതുന്നതും, വിശാലമായ ബാല്‍ക്കണിയുള്ളതുമായ 1 ബിഎച്ച്കെ, 2 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്‍റുകളും, മറ്റു സൗകര്യങ്ങളോടൊപ്പം തന്നെ സ്വിമ്മിംങ്ങ് പൂള്‍, ജിംനേഷ്യം, മസ്സാജ് പാര്‍ലര്‍ തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാണ്.

പ്രസിഡന്‍സി ഹോംസ്
കേരളത്തിലെ തന്നെ മികച്ച ട്രാന്‍സിഷണല്‍ കെയര്‍ സെന്‍ററാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍റെ പ്രസിഡന്‍സി ഹോംസ്. റീഹാബിലിറ്റേഷനും, റിസ്റ്റൊറേറ്റീവ് തെറാപ്പിയ്ക്കും വേണ്ടുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള ഈ സ്ഥാപനം എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍റെ അടുത്ത് പരമാറ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ മിക്ക പ്രമുഖ ഹോസ്പിറ്റലുകളിലേക്കും വളരെ കുറഞ്ഞ ദൂരം മാത്രമാണ് ഇവിടെ നിന്നും ഉള്ളത്.
എജ്യുക്കേഷണല്‍ ഡിവിഷന്‍-TF ERCA
വയോജനങ്ങളുടെ എണ്ണത്തില്‍ ഉള്ള വർധനവ് ഇന്ന് ദ്രുതഗതിയില്‍ നടക്കുന്ന ഒരു പ്രതിഭാസമാണെന്നത് വ്യക്തമാക്കുന്ന കണക്കുകള്‍ WHO (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നല്‍കുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് വയോജനങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു നില്‍ക്കുന്ന കേരള സംസ്ഥാനത്ത് വയോജന സംരക്ഷണം നാളെ ഒരു വെല്ലുവിളിയായി മാറും ഏന്നത് സുനിശ്ചിതമാണ്. വയോജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും, പ്രായോഗിക പരിചരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി അറിവും കഴിവുമുള്ള ഒരു തലമുറയുടെ ആവശ്യകത മുന്നില്‍ക്കണ്ടുകൊണ്ടാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍ TF ERCA (ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്‍റര്‍ ഓണ്‍ ഏജിങ്ങ്) എന്ന എജ്യുക്കേഷണല്‍ ഡിവിഷന്‍ ആരംഭിച്ചിട്ടുള്ളത്.
കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്സിറ്റി, കുട്ടിക്കാനം മരിയന്‍ കോളേജ്, ഇപ്പോള്‍ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുമായി സഹകരിച്ച് TF ERCA വയോജന പരിചരണത്തില്‍ ബിരുദാനന്തര ഡിപ്ലോമകള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകാലാശാലയുമായി സഹകരിച്ച് സ്വന്തമായി ഒരു റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ട്രയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുവാനുള്ള പദ്ധതികളും പുരോഗതിയിലാണ്.
ഭാവി പദ്ധതികള്‍
കേരളത്തില്‍ വയോജന പരിചരണത്തില്‍ സ്വന്തമായി ഒരു ഇടം നേടിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷേന്‍ ഇപ്പോള്‍ അതിന്‍റെ കാല്‍പ്പാടുകള്‍ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ പാതയിലാണ്. കോയമ്പത്തൂരിലും, മൈസൂരിലും വയോജന പരിചരണ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിനകത്ത് തിരുവനന്തപുരത്തെ വട്ടപ്പാറ, കൊച്ചിയില്‍ കാക്കനാട് കേന്ദ്രമാക്കിയും അത്യാധുനിക സംവിധാനങ്ങളോടെയുള്ള വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാവശ്യമായ നടപടികളും തുടങ്ങിക്കഴിഞ്ഞു.
അര്‍പ്പണ മനോഭാവമുള്ള ഒരു കൂട്ടം വ്യക്തികളുടെ കൂട്ടായ പരിശ്രമത്തിലൂടെ, ഒരിക്കലും അവസാനിക്കാത്ത വളര്‍ച്ചയുടെ പാതയില്‍ തങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ട്രാവന്‍കൂര്‍ ഫൗണ്ടഷേന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ– 7025576000, 9778428505, വെബ്സൈറ്റ് - https://travancorefoundation.com, ഇ മെയിൽ – info@travancorefoundation.com
Content Summary: Travancore Foundation: A Beacon of Hope for Aging Parents