സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷെമി മാർട്ടിൻ. വിവാഹശേഷം അഭിനയത്തിൽ നിന്നു മാറി നിന്ന ഷെമി വീണ്ടും സീരിയലലിൽ സജീവമായിരിക്കുകയാണ്. സീരിയലിൽ സജീവമാണെങ്കിലും സിനിമയിലേക്ക് തനിക്ക് വരാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷെമി. സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ച് എന്നൊക്കെ കേട്ടതാണ് അതിനു പ്രധാന കാരണമെന്ന് ഷെമി പറഞ്ഞു. അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും എന്റെ ചില എത്തിക്സിൽ നിന്ന് മാറാൻ സാധ്യമല്ലാത്തതുകൊണ്ടാണ് സിനിമയിലേക്ക് വരാത്തതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെമി പറഞ്ഞു.
‘സിനിമ മേഖലയെ പറ്റി എനിക്ക് ഒരുപാട് മുൻധാരണകൾ ഉണ്ട്. ബോളിവുഡിലടക്കം പറയപ്പെടുന്ന കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ. എനിക്ക് സിനിമയിലെത്താൻ എത്രത്തോളം ആഗ്രഹമുണ്ടെങ്കിലും ഞാൻ ബ്രേക്ക് ചെയ്യാൻ ആഗ്രഹിക്കാത്ത ചില എത്തിക്സുകൾ എനിക്കുണ്ട്. അതാണ് മെയിൻ കാര്യം, സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. എനിക്ക് അത് പലരും പറഞ്ഞ് അനുഭവമുണ്ട്. ബേസ് ലെവലിൽ തന്നെ അങ്ങനെയൊരു അനുഭവം ഉണ്ടാകുമ്പോൾ ഞാൻ അത് കട്ടോഫ് ചെയ്യും. എനിക്ക് അതിനെ ഡീൽ ചെയ്യാൻ അറിയില്ല. ചിലർ അതിനെ തന്ത്രപൂർവ്വമൊക്കെ കൈകാര്യം ചെയ്യും. എന്നാൽ എനിക്ക് അത്രയും സ്‌ട്രെസ് ഡീൽ ചെയ്യാൻ വയ്യ. ചിലപ്പോൾ എനിക്ക് സിനിമയോട് അത്രയും ആഗ്രഹമില്ലാത്തതു കൊണ്ടാകാം. അല്ലെങ്കിൽ ഇനി എനിക്ക് സിനിമയിൽ എന്തെങ്കിലും ആകാൻ കഴിയും എന്ന തോന്നൽ ഇല്ലാത്തത് കൊണ്ടാകും. ബിഗ് സ്‌ക്രീനിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നതിനായി ഇതിനെയെല്ലാം അകറ്റി നിർത്താൻ ആ ഒരു സ്‌ട്രെസിലൂടെ പോകുന്നത് എനിക്ക് ഇഷ്ടമല്ല. അത് തന്നെയാണ് പ്രധാന കാരണം’. ഷെമി പറഞ്ഞു.

സിനിമയിൽ കഷ്ടപ്പെടാനൊക്കെ തയാറാണെന്നും എന്നാൽ അതെന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാകരുതെന്നും ഷെമി അഭിമുഖത്തിൽ വ്യക്തമാക്കി. ‘സീരിയലിൽ നിന്ന് ഇതുവരെ അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ അറിവിൽ അങ്ങനെ എന്തെങ്കിലും ഉള്ളതായി അറിയില്ല. അവിടെ എന്റെയടുത്ത് മോശമായ രീതിയിൽ ആരും വന്നിട്ടില്ല. ആ സേഫ്റ്റി ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും സീരിയലിൽ തുടരുന്നത്. എനിക്ക് സേഫ്സോൺ വിടാൻ പറ്റില്ല. സീരിയലിൽ ഇതൊന്നും ഇല്ല എന്ന് അടച്ചു പറയുന്നുമില്ല’. ഷെമി പറഞ്ഞു.

Content Highlights: Shemi Martin | Serial | Film | Acting | Casting Couch | Lifestyle | Manoramaonline