ഒരുപാട് അനുഭവിച്ചു, എല്ലാം നഷ്ടമാകുമെന്ന് കരുതി; സമൂഹത്തില് ഇതെല്ലാം വെല്ലുവിളിയാണ്: ആദം ഹാരി

Mail This Article
ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പൈലറ്റാണ് ആദം ഹാരി. ഇന്റർനാഷണൽ കമിങ്ങ് ഔട്ട് ഡേയിൽ ആദം സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. കമിങ്ങ് ഔട്ട് നടത്താൻ തീരുമാനിച്ചപ്പോൾ താൻ ഒരുപാട് അനുഭവിച്ചെന്നും നമ്മുടെ സമൂഹിൽ സ്വന്തം സ്വത്വം മനസ്സിലാക്കി പുറത്തുവരാൻ ശ്രമിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ആദം പറഞ്ഞു.
‘ഞാൻ ആരാണെന്ന് തുറന്നുപറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കാരണം എന്റെ സ്വത്വം പന്ത്രണ്ടാമത്തെ വയസ്സിൽ ഞാൻ സ്വയം തിരിച്ചറിയുമ്പോൾ എന്നെ ഏറ്റവും ഭയപ്പെടുത്തിയത് എന്റെ വീട്ടുകാരും ചുറ്റുപാടുമായിരുന്നു. വീട്ടിൽ ഉമ്മയോട് പോലും ഞാൻ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എനിക്ക് വാപ്പച്ചിയോട് പറയാൻ നല്ല പേടിയായിരുന്നു. എന്നിട്ടും ഞാൻ ഒരു ദിവസം പറഞ്ഞു, ഞാൻ ഇങ്ങനെ തുടർന്നാൽ നല്ലൊരു ജീവിതം എനിക്ക് കിട്ടും, എന്റെ പഠനം എനിക്ക് പൂർത്തിയാക്കാൻ കഴിയും, നിങ്ങളുടെ സ്നേഹം കിട്ടും പക്ഷേ ഞാൻ ട്രാൻസിഷൻ ചെയ്താൽ എനിക്കിതെല്ലാം നഷ്ടമാകും എല്ലാം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഞാൻ ഇത് ചെയ്യുന്നത് എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്, എനിക്ക് പറ്റുന്നില്ല. പിന്നീട് നടന്നതെല്ലാം ഞാൻ അതിജീവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല. പക്ഷെ ഞാനിന്നിവിടെ ഞാനായിതന്നെ അഭിമാനത്തോടെ ജീവിക്കുന്നുണ്ട്. കം ഔട്ട് ആയപ്പോൾ കുടുംബത്തിനെയും പല സുഹൃത്തുക്കളെയും നഷ്ട്ടപെട്ടു, പക്ഷെ ഇവിടെ എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും പുതിയ കുടുംബവും കിട്ടി. എന്നെപോലെ പലതും നഷ്ട്ടപെട്ടവരായിരുന്നു പലരും.

നമ്മുടെ സമൂഹത്തിൽ കമിങ്ങ് ഔട്ട് നടത്തുക എന്ന് പറയുന്നത് എക്സ്ട്രീമിലി ചലഞ്ചിങ്ങ് ആണ്, വീട്ടുകാരെയും സമൂഹത്തെയും പേടിച്ചു പലരും ഇന്നും സ്വയം തുറന്നു പറയാൻ ഭയക്കുന്നുണ്ട്. കമിങ്ങ് ഔട്ട് നടത്താനും, അവരുടെ സ്വത്വം പൊതുസമൂഹത്തിൽ തുറന്നുപറയാതെ ജീവിക്കാനും അവർക്ക് അവകാശമുണ്ട്, തുറന്നു പറഞ്ഞില്ലെങ്കിലും അവരുടെ ഐഡന്റിറ്റി വാലിഡ് ആണ് . ഇതുവരെ കം ഔട്ട് ആയവരോടും, തുറന്നുപറയാൻ തയാറെടുക്കുന്നവരോടും, പറയാൻ കഴിയാത്തവരോടും., നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ നിങ്ങളായി അംഗീകരിക്കുന്ന ഒരുപാട് മനുഷ്യർ ഇവിടെയുണ്ടെന്ന് അറിയുക’. ആദം ഹാരി സമൂഹ മാധ്യമത്തിൽ കുറിച്ചു.