ഇഷ്ടം ഫൊട്ടോഗ്രഫി, 16–ാം വയസ്സിൽ മോഡലിങ് തുടങ്ങി; യാത്രകളാണ് കാളിദാസിനും താരിണിക്കും പ്രിയം
Mail This Article
കഴിഞ്ഞ ദിവസമാണ് നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലായ താരിണി കലിംഗരായറാണ് വധു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞ അന്നു മുതൽ സമൂഹ മാധ്യമങ്ങള്‍ തേടുന്നത് താരിണിയെ പറ്റിയാണ്. ഫാഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരിണി സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്.
പതിനാറാം വയസ്സിലാണ് മോഡലിങ്ങ് മേഖലയിലേക്ക് താരിണി എത്തുന്നത്. നീലഗിരി സ്വദേശിയായ താരിണി 2021ലെ മിസ് ദിവ ഫൈനലിസ്റ്റാണ്. 2022ലെ മിസ് ദിവ യൂണിവേഴ്സ് മത്സരത്തിലും പങ്കെടുത്തു. 2019ൽ മിസ് തമിഴ്നാടായും അതേ വർഷം തന്നെ മിസ് സൗത്ത് ഇന്ത്യ റണ്ണറപ്പായും തിരഞ്ഞെടുത്തു.
24 കാരിയായ താരണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരിണിക്ക് ഫോട്ടോകൾ എടുക്കാനും യാത്ര ചെയ്യാനും ഏറെ ഇഷ്ടമാണ്. കാളിദാസിനൊപ്പമുള്ള നിരവധി യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. യോഗയ്ക്കും ആരോഗ്യത്തിനും ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരിണി എപ്പോഴും ശരീരം ഫിറ്റായിരിക്കാനും ശ്രമിക്കാറുണ്ട്.
കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.