ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാര്‍. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് സ്നേഹ. ഇപ്പോഴിതാ പ്രസവത്തിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് സ്നേഹ. 

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
സ്നേഹയും ശ്രീകുമാറും കുഞ്ഞിനൊപ്പം, Image Credits: Instagram/sreekumarsneha

‘പ്രഗ്നന്റായിരുന്ന സമയത്ത് ഞാന്‍ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ സജീവമായിരുന്നു. ‍ഡാൻസ് ചെയ്തു, ഡ്രൈവ് ചെയ്തു, അഭിനയിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ എല്ലാവരും കരുതും ഞാന്‍ നൂറ് ശതമാനം സന്തോഷത്തിലായിരുന്നു എന്ന്. എന്നാല്‍ അതങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചില സിറ്റുവേഷനുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കും ശ്രീക്കും അറിയില്ലായിരുന്നു. തുടക്കകാലത്ത് ഞാന്‍ ചെറിയ കാര്യത്തിനു വേണ്ടി പോലും കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് സ്വിങ്സ് ഉണ്ടായിരുന്നു. ഒരു ഗുളിക വാങ്ങാൻ പോലും അഞ്ച് മിനിട്ട് വൈകിയാല്‍ എനിക്ക് ശ്രീയുടെ അടുത്ത് ദേഷ്യം വന്നിരുന്നു. അന്ന് ഇവക്കെന്താ വട്ടാണോ എന്നൊക്കെ ശ്രീ കരുതിയിരുന്നു. പിന്നീടാണ് പ്രെഗ്നൻസിയിലെ മൂഡ് സ്വിങ്സാണ് ഇതിന് കാരണമെന്ന് ശ്രീക്ക് മനസ്സിലായി.  

sneha-sreekumar-celebrates-valakkappu
സ്നേഹയും ശ്രീകുമാറും, Image Credits: Instagram/sreekumarsneha

ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് സങ്കടം വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ വരും. സാധാരണഗതിയിൽ ചിലപ്പോൾ കേട്ടാൽ പ്രശ്നമില്ലാത്ത പല കാര്യങ്ങളും പ്രെഗ്നൻസി സമയത്ത് പ്രശ്നമാകും. അതുകൊണ്ട് നിങ്ങൾ പ്രഗ്നന്റായവരെ കെയര്‍ ചെയ്യണം. അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.  

ഗർഭിണിയാകുന്ന സമയത്ത് നമുക്ക് പല ഇഷ്ടങ്ങളുമുണ്ടാകും. ചിലപ്പോൾ മധുരമായിരിക്കും ചിലപ്പോൾ എരിവുള്ള സാധനങ്ങളായിരിക്കും. അങ്ങനെ ആവശ്യമുള്ള, ഇഷ്ടമുള്ള ഭക്ഷണം ചെറുതാണെങ്കിലും വാങ്ങി കൊടുക്കാൻ ശ്രമിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നമ്മളോട് ഒരാള്‍ എങ്ങനെ പെരുമാറിയെന്ന കാര്യം മനസില്‍ നിന്നും പോവില്ലെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതും നൂറ് ശതമാനം ശരിയാണ്. നമ്മളെ കെയര്‍ ചെയ്തവരോട് നമുക്കൊരുപാട് സ്‌നേഹം തോന്നും. നമ്മളെ ആരെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ വിട്ടേക്കുക. ഗർഭിണികളുടെ മുന്നിൽ നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അവർക്കും കൊടുക്കാൻ ശ്രമിക്കണം. 

sneha-sreekumar-opens-up-about-her-pregnancy-journey1
സ്നേഹ ശ്രീകുമാർ , Image Credits: Instagram/sreekumarsneha

ഡെലിവറി കഴിഞ്ഞ സമയത്ത്  അയ്യോ ഭയങ്കരമായിട്ട് തടിച്ചല്ലോ എന്ന് പറഞ്ഞവരുണ്ട്. ഞാന്‍ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ, ഇത് അതിലും തടിച്ചെന്നാണ് പറയുന്നത്. എന്താണ് വയര്‍ കുറയാൻ ഒന്നും ചെയ്യാത്തത് എന്ന ചോദ്യങ്ങളും കേട്ടിട്ടുണ്ട്. സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളൂ, ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞാൽ അടുത്ത കാര്യം  ഭക്ഷണം കുറയ്ക്കണമെന്നാണ്. പക്ഷേ, കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്ത് ഭക്ഷണം കുറയ്ക്കാനാകില്ല. കുഞ്ഞിന് ആവശ്യമുള്ള മിനറൽസൊക്കെ കിട്ടുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് അത് പറ്റില്ല. ഇതെല്ലാം ദയവ് ചെയ്ത് എല്ലാവരും മനസ്സിലാക്കണം. എല്ലാവർക്കും അറിയുന്ന കാര്യമാണിതെങ്കിലും പിന്നെയും പറഞ്ഞു കൊണ്ടിരിക്കും. എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല’. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ സ്നേഹ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com