ADVERTISEMENT

അനന്തഭദ്രം സിനിമയിൽ മനോജ് കെ ജയൻ ചെയ്യുന്ന പരകായ പ്രവേശം, അല്ലെങ്കിൽ കുറച്ചുകൂടി സിമ്പിളായി പറഞ്ഞാൽ അവതാർ സിനിമയിലെ രൂപമാറ്റം. ഇതൊക്കെ കാണുമ്പോൾ നമ്മളിൽ കുറച്ചുപേരെങ്കിലും അങ്ങനെ രൂപം മാറാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടാകില്ലേ. എങ്കിൽ ആ ചിന്തകളെ യാഥാർത്ഥ്യമാക്കിയ ഒരിടമുണ്ട് ജപ്പാനിൽ. അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയ നായകനെ പുതിയ അവതാരത്തിലൂടെ സൂപ്പർ ഹീറോ ആക്കിയ അവതാർ സിനിമയിലേതുപോലെ ഒരു കൂട്ടം ശാരീരിക വിഷമത അനുവഭിയ്ക്കുന്നവർക്കായി അവതാർ സ്റ്റൈലിൽ പ്രവർത്തിക്കുന്ന ജപ്പാനിലെ കഫേ. ഡോൺ അവതാർ റോബോട്ട് കഫേയിലെ ജീവനക്കാരെല്ലാം റോബോട്ടുകളാണ്, പക്ഷേ അവരെ നിയന്ത്രിക്കുന്നത് ഒരു പറ്റം വൈകല്യമുള്ള ആളുകളും. ജപ്പാൻ നമ്മളേക്കാളൊക്കെ ഒരു 50 കൊല്ലം മുമ്പിലേയ്ക്ക് സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നുവെന്നതിന്റെ മറ്റൊരുദാഹരണമായി മാറിയിരിക്കുകയാണ് ടോക്കിയോയിലെ ഈ അവതാർ റോബോട്ട് കഫേ. 

മനസുകൊണ്ട് റോബോട്ടുകളെ നിയന്ത്രിക്കുന്നവർ 

കഫേയിലെ യയാർത്ഥ ജീവനക്കാർ പക്ഷേ ഈ റോബോട്ടുകൾ അല്ല. റോബോട്ടുകൾ വെറും അവതാരങ്ങൾ മാത്രമാണ്. അവരെ നിയന്ത്രിക്കുന്നതുമുഴുവൻ കുറച്ച് മനുഷ്യർ തന്നെ.ടോക്കിയോയിലെ ഈ കഫേ തളർന്നുകിടക്കുന്നവർക്ക് ദൂരെ നിന്ന് റോബോട്ട് സെർവറുകൾ നിയന്ത്രിക്കുന്നതിനും അതിലൂടെ അവർക്കും ഒരു വരുമാനം കണ്ടെത്തുന്നതിനുമുള്ള  അവസരം ഒരുക്കിക്കൊടുക്കുകയാണ്. ഡോൺ അവതാർ റോബോട്ട് കഫേ എന്ന് വിളിക്കപ്പെടുന്ന ഈ കഫേ സുഷുമ്നാ നാഡിക്ക് ക്ഷതം, അരയ്ക്ക് കീഴ്പോട്ട് തർളന്നവർ, എഎൽഎസ് തുടങ്ങിയ ഗുരുതരമായ ശാരീരിക അവസ്ഥകൾ നേരിടുന്ന ആളുകൾ നിയന്ത്രിയ്ക്കുന്ന റോബോട്ടുകളാൽ പ്രവർത്തിക്കുന്നയിടമാണ്.പലപ്പോഴും ആശുപത്രികളിൽ ധാരാളം സമയം ചെലവഴിക്കുന്ന ഈ വ്യക്തികൾക്ക് ഇപ്പോൾ ചികിത്സയ്ക്കിടെ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കുന്നു. 

എല്ലാവർക്കും തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് കഫേയുടെ ലക്ഷ്യം. ആളുകൾക്ക് കിടപ്പിലായാലും ജോലി ചെയ്യാനും അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുകയാണ് ഇതിലൂടെ കഫെ ലക്ഷ്യമിടുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് വീടിന് പുറത്തുപോകാനാവാത്തവരാണ് ഈ റോബോട്ടുകളുടെ നിയന്ത്രണം നടത്തുന്നത്. ഇന്റർനെറ്റ് വഴി എത്ര ദൂരത്താണെങ്കിലും ഇവർകക് തങ്ങളുടെ അവതാർ റോബോട്ടുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ കഴിയും. ഈ ജീവനക്കാരെ പൈലറ്റുമാർ എന്നാണ് വിളിക്കുന്നത്. നിലവിൽ 60-ലധികം വൈദഗ്ധ്യമുള്ള പൈലറ്റുമാരാണ് കഫേ നടത്തുന്നത്. ഇവരിൽ ചിലർക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ സാധിക്കുകയുള്ളു. പക്ഷേ അവർക്ക് റോബോട്ടുകളെ തങ്ങളുടെ കണ്ണുകൊണ്ട് നിയന്ത്രിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നതും ഈ കഫേയുടെ പ്രത്യേകതയാണ്.ടെലിപോർട്ടിംഗ് എന്ന അമാനുഷീകത ഇവിടെയുള്ള പൈലറ്റുമാർ സ്വയം അനുഭവിക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ. 

ഈ അവതാർ റോബോട്ടുകളിൽ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ റോബോട്ടുകൾ ഓർഡറുകൾ ശേഖരിക്കുകയും ഭക്ഷണ പാനീയങ്ങൾ നൽകുകയും കോഫി ഉണ്ടാക്കുകയും ചെയ്യുന്നു.ഇനി നിങ്ങൾ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ നിങ്ങൾക്ക് ഈ റോബോട്ടുകളുമായി സംവദിക്കണമെന്നുണ്ടെങ്കിൽ ഈ പൈലറ്റുമാരിൽ ആരെങ്കിലും ഉടനെ തന്നെ ആ റോബോട്ടിലേയ്ക്ക് ലോഗിൻ ചെയ്യുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ശാരീരിക തടസ്സങ്ങൾക്കിടയിലും മറ്റുള്ളവരുമായി അർത്ഥവത്തായ ബന്ധം സ്ഥാപിക്കാനും ഏകാന്തതയിൽ നിന്നും പുറത്തുകടക്കാനും ഇതിലൂടെ പൈലറ്റുമാരായ ആളുകൾക്ക് സാധിക്കുന്നു.ശാരീരികമായി കഫേയിൽ അവരുടെ സാന്നിദ്ധ്യം ഇല്ലെങ്കിലും അതിഥികളുമായുള്ള ആശയവിനിമയത്തിലൂടെ ഓരോ അതുല്യ വ്യക്തിത്വങ്ങളും പുതിയ മാനങ്ങൾ കൈവരിക്കുകയാണ് ഈ നൂതന ആശയത്തിലൂടെ.

English Summary:

Japan's Avatar-Inspired Cafe is Breaking Barriers for the Disabled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com