ADVERTISEMENT

ലോകം മാറിയതോടെ സാങ്കേതിക മേഖല അനന്ത സാധ്യതകളാണ് നമുക്കു മുന്നിൽ തുറന്നു വച്ചിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സാങ്കേതികത ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്വാധീനിച്ചുകഴിഞ്ഞു. സാങ്കേതിക വിദ്യകൾ ഏവർക്കും പ്രാപ്യമാണെങ്കിലും അവയ്ക്കു പിന്നിലെ വ്യത്യസ്ത വിഭാഗങ്ങളും പ്രവർത്തനങ്ങളും അത്ര പരിചിതമാകണമെന്നില്ല. എന്നാൽ ടെക് മേഖലയോടുള്ള പ്രണയവും അർപ്പണ മനോഭാവവും കൈമുതലാക്കി ഗൂഗിൾ പ്ലേ യുടെ നിർണായക സ്ഥാനത്തു പ്രവർത്തിക്കുകയാണ് സ്നേഹ റേച്ചൽ മാത്യു എന്ന മലയാളി. ഗൂഗിൾ പ്ലേയുടെ സ്കെയിൽഡ് പാർട്ട്നർഷിപ്പ്സ് സ്ട്രാറ്റജി ടീമിന് നേതൃത്വം നൽകുന്ന സ്നേഹ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് മേളയായ ‘ഹഡിൽ ഗ്ലോബൽ 2023’ ൽ കൺസ്യൂമർ ടെക് സ്റ്റാർട്ടപ്പുകളുടെ മാർക്കറ്റ് സ്ട്രാറ്റജിയെ കുറിച്ച് സംസാരിച്ചിരുന്നു. സ്നേഹയുടെ  വിശേഷങ്ങളിലേക്ക്. 

വിദ്യാഭ്യാസ കാലം
തിരുവനന്തപുരം നന്ദൻകോട്ടെ ഹോളി ഏഞ്ചൽസ് ഐഎസ്‌സി സ്കൂളിലായിരുന്നു സ്നേഹയുടെ സ്കൂൾ പഠനം. പിന്നെ റൂർക്കി ഐഐടിയിൽനിന്നു ബിടെക് കരസ്ഥമാക്കി. അതിനു ശേഷം ന്യൂയോർക്കിലെ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് എംബിഎയും നേടി. പിന്നീടാണ് സാങ്കേതിക മേഖലയിലെ സ്ട്രാറ്റജി വിഭാഗത്തിൽ ചുവടുറപ്പിച്ചത്.

sneha-rachel2
സ്നേഹ ഹഡിൽ ഗ്ലോബൽ 2023ൽ , Photo: Special arrengement

വ്യത്യസ്തമായ തൊഴിൽ മേഖല തിരഞ്ഞെടുക്കാനുള്ള പ്രചോദനം
ബിടെക് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്ട്രാറ്റജി കൺസൽറ്റേഷനിലേക്കു തിരിയാനുള്ള സുപ്രധാന തീരുമാനം എടുക്കുകയായിരുന്നു. ഡേറ്റ അടിസ്ഥാനമാക്കിയുള്ള ഡിസിഷൻ മേക്കിങ്ങും മുൻനിര കമ്പനികളുടെ സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവുമാണ് ഈ മേഖലയോടുള്ള താൽപര്യം വർധിപ്പിച്ചത്. എംബിഎ എടുക്കുന്നതിന് മുൻപും പിൻപും ഇന്ത്യയിലും യുഎസിലുമായി ആറു വർഷത്തോളം കൺസൽറ്റിങ് മേഖലയിൽ ജോലി ചെയ്തിരുന്നു. 2020 ന്റെ തുടക്കത്തിലാണ് ടെക് മേഖലയിലെ സ്ട്രാറ്റജി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന തീരുമാനത്തിലെത്തിയത്. 

അങ്ങനെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റർ മോർട്ട്ഗേജ് എന്ന സ്ഥാപനത്തിൽ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറായി. 2023ന്റെ തുടക്കത്തിലാണ് ഗൂഗിൾ പുതിയതായി ആരംഭിച്ച സ്കെയിൽഡ് പാർട്ട്നർഷിപ്പ്സ് ടീമിന്റെ സ്ട്രാറ്റജി വിഭാഗത്തിന്റെ സാരഥിയായി ചുമതല ഏൽക്കുന്നത്. ന്യൂയോർക്കിലെ സ്റ്റാർട്ടപ്പുകളുടെ പ്രാരംഭ കാലത്ത് മാർഗനിർദ്ദേശങ്ങൾ നൽകുന്ന മെന്ററായും സ്നേഹ പ്രവർത്തിക്കുന്നു.

ഹഡിൽ ഗ്ലോബൽ 2023ലെ പങ്കാളിത്തം
കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ വിഴിഞ്ഞത്തു നടത്തപ്പെടുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2023 ന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചു. മേളയുടെ ഭാഗമായി നടന്ന ‘മാർക്കറ്റിങ് മാഡ്നെസ്’ എന്ന പരിപാടിയിൽ കൺസ്യൂമർ ടെക് സ്റ്റാർട്ടപ്പുകളുടെ മാർക്കറ്റിങ് സ്ട്രാറ്റജിയെക്കുറിച്ചായിരുന്നു സ്നേഹ സംസാരിച്ചത് (Go to market strategy for consumer tech startups). 

sneha-rachel3
സ്നേഹ ഹഡിൽ ഗ്ലോബൽ 2023ൽ , Photo: Special arrengement

‘‘മാർക്കറ്റിങ് പ്ലാനിൽനിന്നു വ്യത്യസ്തമായി സ്റ്റാർട്ടപ്പുകളുടെ ബിസിനസ് പ്ലാനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സമഗ്ര പദ്ധതിയായി ഗോ ടു മാർക്കറ്റ് സ്ട്രാറ്റജിയെ കണക്കാക്കേണ്ടതുണ്ട് എന്നതിനാണ് വിഷയാവതരണത്തിൽ ഊന്നൽ നൽകിയത്. ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനും ഉപയോക്താക്കളെ കണ്ടെത്തുന്നതിനും ആത്യന്തികമായി അത് വളർച്ചയിലേയ്ക്ക് എത്തിക്കുന്നതിനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട മാർക്കറ്റിങ് സ്ട്രാറ്റജിയെക്കുറിച്ച് സുപ്രധാനമായ ഒരു പരിപാടിയിൽ, അതും ജന്മനാട്ടിൽ വച്ച് സംസാരിക്കാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നത്’’– സ്നേഹ പറഞ്ഞു. 

കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല അതിശയിപ്പിക്കുന്നത്
‘‘കേരളത്തിലെ സ്റ്റാർട്ടപ്പ് പരിസ്ഥിതി അക്ഷരാർഥത്തിൽ അതിശയിപ്പിക്കുന്നതാണ്. സംസ്ഥാത്തുനിന്നും ഇന്ത്യയിൽനിന്നും മാത്രമല്ല ആഗോളതലത്തിൽനിന്നുള്ള  സംരംഭകർക്കും ഇടമൊരുക്കി ഒരു സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷനാകാനുള്ള സാധ്യത കേരളത്തിലുണ്ട്. മികച്ച കാലാവസ്ഥയ്ക്കൊപ്പം ഏതൊരു മേഖലയ്ക്കും ഉതകുന്ന വിദഗ്ധരുടെ ലഭ്യതയും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ പരിസ്ഥിതിയും രാജ്യത്തിനകത്തും പുറത്തുമുള്ള സംരംഭകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിൽ കേരളത്തിന് അനുകൂലമാണ്.’’

സാങ്കേതിക രംഗത്തും സംരംഭകത്വത്തിലും ജനറേറ്റീവ് എഐ യുടെ സ്ഥാനവും ദൈനംദിന ജീവിതത്തിലുള്ള സ്വാധീനവും
‘‘കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിർമിത ബുദ്ധിക്ക് ഏതൊരു മേഖലയിലും വളരെയേറെ പ്രാധാന്യമുണ്ട്. ബുക്ക് ചെയ്തിരിക്കുന്ന ടാക്സി എപ്പോൾ എത്തുമെന്ന് ഊബർ മുൻകൂട്ടി പ്രവചിക്കുന്നത് ഇതിന് ഉദാഹരണമായി എടുക്കാം. എന്നാൽ ജനറേറ്റീവ് എഐ ഇതിലും വലിയ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉൽപാദനക്ഷമത വർധിക്കുന്നതോടൊപ്പം, ജോലികൾ ഇനിയും എളുപ്പത്തിലാകാനും സഹായിക്കും. സാമ്പത്തിക രംഗത്തിന് ഇത് കൂടുതൽ ശക്തി പകരുമെന്നാണ് പ്രതീക്ഷ. മാരക രോഗങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതടക്കമുള്ള സാധ്യതകൾ കണക്കിലെടുത്താൽ മനുഷ്യന്റെ ആരോഗ്യം, വിജ്ഞാനം, വിനോദം തുടങ്ങിയ എല്ലാ മേഖലകളിലും ജനറേറ്റീവ് എഐക്ക് വ്യക്തമായ സ്വാധീനമുണ്ടാകും.

എങ്ങനെയാണ് ലോകം മാറുന്നത് എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെങ്കിലും ഈ മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിന് ശ്രദ്ധ നൽകേണ്ടതുണ്ട്. ഡീപ് ഫെയ്ക്കുകൾ പോലെ ജനറേറ്റീവ് എഐ യുടെ തെറ്റായ ഉപയോഗത്തെക്കുറിച്ച്  മാധ്യമങ്ങളിലൂടെ നമ്മൾ ദിനംപ്രതി അറിയുന്നുണ്ട്. ഇതൊക്കെക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി  ബന്ധപ്പെട്ട് നയങ്ങൾ രൂപീകരിക്കുന്നതും അവ ശരിയായ കാര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.’’

sneha-rachel1
സ്നേഹ ഹഡിൽ ഗ്ലോബൽ 2023ൽ , Photo: Special arrengement

വനിതാപ്രഫഷനൽ എന്ന നിലയിൽ.. 
‘‘ജോലിയും പേരന്റിങ്ങും ഒരേപോലെ കൈകാര്യം ചെയ്യാൻ ഫ്ലെക്സിബിളായ തൊഴിൽ അന്തരീക്ഷമാണ് ഏറ്റവും പ്രധാനം. ഒരു അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പിന്തുണ നൽകുന്ന ഒരു സംവിധാനം വേണം. അവശ്യഘട്ടങ്ങളിൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ തിരഞ്ഞെടുക്കാനും ഓഫ് എടുക്കാനും എന്നാൽ ഇവയൊന്നും കരിയറിലെ വളർച്ചയെ ബാധിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്യാനുമാകുമ്പോഴാണ് ഉദ്യോഗസ്ഥരായ മാതാപിതാക്കൾ തൊഴിലിലും ജീവിതത്തിലും ഒരേപോലെ വിജയിക്കുന്നത്. ജോലിക്കാരായ മാതാപിതാക്കളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി പിന്തുണയും പ്രോത്സാഹനവും സഹായവും നൽകുന്ന കുടുംബവും സുഹൃത്തുക്കളും ഉണ്ടാവുകയും വേണം. ഇവയെല്ലാമാണ് വനിതാപ്രഫഷനൽ എന്ന നിലയിൽ വിജയം നേടാൻ സഹായിക്കുന്ന കാര്യങ്ങൾ.’’

അംഗീകാരങ്ങൾ..
2016 ൽ ന്യൂയോർക്ക് സർവകലാശാലയിൽനിന്ന ഒരു കോടിയിലധികം രൂപയുടെ ഫുൾ ട്യൂഷൻ സ്കോളർഷിപ്പ് നേടിയിരുന്നു. ഫോർട്ട് ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടുതന്നെ കരിയറിൽ ഉയർച്ച നേടുന്ന സീനിയർ പ്രഫഷനലുകളുടെ ഗ്രൂപ്പായ ഫോർച്യൂൺ കണക്ടിൽ അംഗത്വം നേടാനായതും വലിയ അംഗീകാരമായി സ്നേഹ കാണുന്നു.

കുടുംബം
തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ സ്നേഹ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായി വിരമിച്ച ഡോ. പി.ജെ.മാത്യുവിന്റെയും ജോളി മാത്യുവിന്റെയും മകളാണ്. രണ്ടു വയസ്സുകാരനായ മകൻ അഹാനൊപ്പം ന്യൂ ജഴ്സിയിലാണ് ഇപ്പോൾ താമസം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com