ADVERTISEMENT

പ്രണയവും പ്രണയ നഷ്ടവും മനുഷ്യർക്ക് ഇടയിൽ സാധാരണമാണല്ലോ. എല്ലാം കൂടുതൽ വ്യക്തിപരമാകുന്ന പുതിയ കാലത്ത് അപരന്റെ ഇടം തിരിച്ചറിഞ്ഞു പെരുമാറാനുള്ള കഴിവ് വിദ്യാഭ്യാസത്തിലൂടെയോ സാമൂഹികജീവിതത്തിലൂടെയോ നേടിയെടുക്കേണ്ടതുണ്ട്. ഇടയ്ക്കെല്ലാം ഭ്രമമാണ് പ്രണയമെന്നു തോന്നുന്നിടത്ത് ചില കവികളും അവരുടെ കവിതകളും കൂട്ടുവരാറില്ലേ? രേണുക എന്ന പ്രണയകവിത എഴുതിയ മുരുകൻ കാട്ടാക്കട മനോരമ ഓൺലൈൻ പരിപാടി 'വരിയോരത്തിൽ' പറയുന്നത് ഇങ്ങിനെയാണ്‌. 

ഭ്രമമാണോ പ്രണയം
‘നഷ്ട പ്രണയത്തിനോർമ പോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ?’ എന്ന കവിത കേട്ട  ഒരു മനുഷ്യൻ ഒരിക്കൽ എന്നെ വിളിച്ചു.  ''ആ വരികൾ കേട്ടപ്പോൾ എനിക്ക് നിരാശയുണ്ടായി. അത്രത്തോളം അയാളെന്നെ വഞ്ചിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. വളരെ നിരാശനാണ്. പക്ഷേ മാഷിന്റെ ഈ കവിത ഞാൻ നിരന്തരം കേള്‍ക്കുമ്പോൾ എനിക്ക് അതിൽ നിന്നും ആശ്വാസം കിട്ടാറുണ്ട്'' എന്ന് ഒരാൾ വിളിച്ചു പറയുമ്പോൾ ഒരുതരം ആനന്ദം ഉണ്ട്. പ്രണയനഷ്ടം സന്തോഷകരമായി എടുക്കുകയാണെങ്കിൽ അതു തന്നെയാണ് ഏറ്റവും വലിയ അനുഭൂതി. ഇന്ന് കുട്ടികൾ വിചാരിക്കുന്നത് പ്രണയം നഷ്ടപ്പെട്ടതോടു കൂടി എല്ലാം തീർന്നു പോയി എന്നാണ്. കൊന്നു കളയുക, പെട്രോളൊഴിക്കുക, കഷായം കൊടുക്കുക ഇതിനൊക്കെ കാരണം പ്രണയം നഷ്ടപ്പെട്ടാൽ എന്തോ സംഭവിക്കുമെന്നാണ്. ഒരു കാര്യവുമില്ല. ധാരാളം പ്രണയം ഉണ്ടാവുകയും അത് നഷ്ടപ്പെടുകയും ചെയ്യണം. നമ്മുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് പ്രധാന ഊർജമാകണം. പ്രണയവും പ്രണയ നഷ്ടവും സിലബസിൽ മക്കളെ പഠിപ്പിക്കണം. ‘നീ അടുത്തുണ്ടായിരുന്ന കാലം ഞാനെന്നിൽ ഉണ്ടായിരുന്ന പോലെ....’ അങ്ങനെ ഓർക്കാൻ ഏറ്റവും മനോഹരമായ അനുഭവമാണ് പ്രണയ നഷ്ടം എന്ന് നമ്മുടെ മക്കളെ പഠിപ്പിക്കണം. ‘ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന പ്രണയസൗധം.’ ഇടയ്ക്കൊക്കെ നഷ്ടങ്ങളറിയാതെ നഷ്ടപ്പെടണം.

'രേണുക' ആരാണ്?
രേണുക ആരാണെന്ന് എല്ലാവരും ചോദിക്കും. അങ്ങനെയൊരാളില്ല. പല പ്രണയബോധങ്ങളെയും പല കാലങ്ങളായി ഒരു പേരിൽ ആരോപിച്ചതാണ്. ‘രേണുകേ നീ രാഗരേണു കിനാവിന്റെ നീലക്കടമ്പിൻ പരാഗരേണു.’ എന്ന വരിതന്നെ നഷ്ടപ്രണയമാണ്. നഷ്ടപ്രണയങ്ങൾ കൊണ്ട് ഒരുപാട് കവിതകൾ ഉണ്ടാകും. ചിത്രങ്ങളുണ്ടാകും. ബിസിനസുകാരന് ഗംഭീരമായ ബിസിനസ് സാമ്രാജ്യമുണ്ടാക്കാം. അല്ലാതെ അതിന്റെ പിറകെ നടന്ന് പ്രതികാരവും വീട്ടി  സ്വന്തം ജീവിതം കളയുന്ന മാനസികരോഗത്തിന് നമ്മുടെ മക്കളാരും വഴുതി വീഴാൻ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com