ADVERTISEMENT

സംവിധായികയായും കൊറിയോഗ്രാഫറായും ശ്രദ്ധേയയാണ് ഫറാഖാൻ. ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായികയ്ക്ക് വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷം ഐവിഎഫിലൂടെയാണ് മൂന്നു കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ ഐവിഎഫ് ചികിത്സയെ കുറിച്ചും അന്ന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് ഫറ ഖാൻ. പ്രായം കൂടിയതിനാൽ സാധാരണനിലയിൽ ഗർഭം ധരിക്കുന്നതിന് അന്ന് ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് അവർ പറഞ്ഞു. ചികിത്സ സമയത്ത് ഷാറുഖ് ഖാൻ നൽകിയ പിന്തുണയെ കുറിച്ചും ഫറ മനസ്സുതുറന്നു. 

നാൽപ്പതു വയസ്സില്‍ വിവാഹിതയായതു കൊണ്ട് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാമെങ്കിലും കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് ഐവിഎഫ് ട്രീറ്റ്മെന്റിലേക്ക് പോയതെന്ന് ഫറഖാൻ പറഞ്ഞു. ‌‘ഓം ശാന്തി ഓമിന്റെ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു ട്രീറ്റ്മെന്റ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും രാവിലെ  ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുക്കും. ശേഷം ഒന്നര മണിക്കൂറോളം ഡ്രൈവ് ചെയ്ത് ലൊക്കേഷനിലെത്തും. ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് ഒരാൾ വന്ന് വീണ്ടും ഇഞ്ചക്ഷനെടുക്കും. അന്നെല്ലാം എന്റെ ഭർത്താവ് എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. 

fara1
ഫറഖാനും കുട്ടികളും, Image Credits: Instagram/ farahkhankunder

ആദ്യ ട്രീറ്റ്മെന്റിന് ശേഷം ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഗർഭിണിയാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അന്നെനിക്ക് ആർത്തവമായി. അന്ന് ഷൂട്ടിന് പോകുന്ന സമയത്ത് കരഞ്ഞുകൊണ്ടാണ് ഞാൻ പോയത്. ഓം ശാന്തി ഓമിന്റെ ഷൂട്ടിങ്ങിനിടെ ഡോക്ടർ എന്നെ വിളിച്ച് ഇത്തവണ ശ്രമം പരാജയപ്പെട്ടെന്നു പറഞ്ഞു. അത് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഇതിനിടയിൽ തന്നെ എന്നെ ഷൂട്ടിനായി വിളിക്കുകയും ചെയ്തു. എന്നാൽ എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് അപ്പോൾ ഷാറുഖ് ഖാന് മനസ്സിലായി. ആ സമയത്ത് ഒരു ബ്രേക്ക് എടുക്കാമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞു. എന്നിട്ട് എന്നെ വാനിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ഏതാണ്ട് 1 മണിക്കൂറോളം ഞാൻ കരഞ്ഞു. 

ഡോക്ടർ അന്ന് പറഞ്ഞത് ചെറിയൊരു ബ്രേക്ക് എടുക്കാനാണ്. കാരണം സിനിമയുടെ സ്ട്രെസ് എല്ലാമുള്ളതുകൊണ്ട് അതെല്ലാം തീർക്കണമെന്ന് പറഞ്ഞു. വീണ്ടും ചികിത്സ തുടങ്ങി. അന്ന് വീട്ടിലെത്തിയതിന് ശേഷം ഞാൻ സാനിറ്ററി പാഡുകളെല്ലാം വലിച്ചെറിഞ്ഞു. ഈ സമയത്ത് എനിക്ക് ഗർഭിണിയാകണമെന്ന് അത്രയ്ക്കും ആഗ്രഹവവും ഉറപ്പുമുണ്ടായിരുന്നു. മൾട്ടിപ്പിൾ കുട്ടികൾ എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. അന്ന് ഞങ്ങൾ കരുതിയത് ട്വിന്‍സ് ആണെന്നാണ്. രണ്ടുപേർക്ക് വേണ്ടിയാണ് പേര് വരെ പ്ലാൻ ചെയ്തത്. 10 ദിവസത്തിന് ശേഷമാണ് ട്രിപ്‍ലെറ്റ്സ് ആണെന്ന് പറഞ്ഞത്. 

fara2
ഫറഖാനും കുട്ടികളും, Image Credits: Instagram/ farahkhankunder

ഒരു കുട്ടിയെ വേണ്ടന്ന് വെക്കുന്നതാണ് നല്ലതെന്ന് ‍ഡോക്ടർ പറഞ്ഞു. പ്രസവിക്കുമ്പോൾ 43 വയസ്സ് ആകുമെന്നും ഇത് നിങ്ങൾക്ക് നല്ലതല്ലെന്നും അവർ പറഞ്ഞിരുന്നു. ചിലപ്പോൾ മൂന്നു കുട്ടികൾക്കും അപകടം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല’. ഫറഖാൻ പറഞ്ഞു. ഗർഭിണിയാണെന്ന വാർത്ത അമ്മയെ വിളിച്ച് പറഞ്ഞു. അതിന് ശേഷം ഷാറുഖിനെയാണ് വിളിച്ചതെന്നും ആശുപത്രിയിൽ തന്നെ കാണാൻ ഷാറുഖ് വന്നതിനെ പറ്റിയും അവർ പറഞ്ഞു.

2004ലാണ് ശിരീഷ് കുന്ദറിനെ ഫറഖാൻ വിവാഹം ചെയ്തത്. 

English Summary:

Farah Khan Reveals Her Heart-Wrenching IVF Experience and Triple Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com