ADVERTISEMENT

എല്ലാ ജോലി ഭാരങ്ങളും മാറ്റി സ്വസ്ഥമായി ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് കൊതിക്കുന്നവരാണ് ലോകത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും. എന്നാൽ മുപ്പതുകളിൽ എത്തിയപ്പോൾ തന്നെ സ്വപ്നം കണ്ടതുപോലെ ജീവിതം ഏറ്റവും സ്വതന്ത്രമായി ആഘോഷിക്കാൻ ജോലിയും പ്രിയപ്പെട്ടതുമെല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്  അമേരിക്കയിലെ ടെന്നസിയിൽ നിന്നുള്ള മോണിക്ക ബ്രസോസ്കയും ഭർത്താവ് ജോറൽ കോണ്‍ലിയും. സകലവിധ സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് യാതൊരു ടെൻഷനും ഇല്ലാതെയുള്ള ഇവരുടെ ജീവിതം പക്ഷേ കടലിലാണെന്ന് മാത്രം. ജോലിയും സ്വത്തു വകകളും എല്ലാം വിറ്റ് വർഷം മുഴുവൻ യാത്രാ കപ്പലുകളിൽ സഞ്ചരിച്ചാണ് ഇവരുടെ ജീവിതം. 

ഇങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിലെ കാരണവും ദമ്പതികൾ വ്യക്തമാക്കുന്നുണ്ട്. 2022ൽ മോണിക്കയുടെ അച്ഛന് കരൾ സംബന്ധമായ രോഗം വന്ന് കിടപ്പിലായിരുന്നു. ലോകം മുഴുവൻ ചുറ്റിക്കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന മകളോട് അതിനായി റിട്ടയർമെന്റ് കാലം വരെ കാത്തിരിക്കുന്നത് വിഡ്ഢിത്തമാണെന്ന് ആ സമയത്ത് മാതാപിതാക്കൾ ഓർമിപ്പിച്ചു. ആഗ്രഹിച്ച ജീവിതത്തിനായി ഉടൻ തന്നെ ഇറങ്ങിപ്പുറപ്പെടാനും മാതാപിതാക്കൾ പ്രചോദനം നൽകിയതോടെ പിന്നെ ഇരുവരും രണ്ടാമതൊന്ന് ചിന്തിച്ചില്ല. അധ്യാപികയായിരുന്ന മോണിക്ക ജോലി രാജിവച്ച് ക്രൂയിസ് കപ്പലിൽ ഭർത്താവിനൊപ്പം 2022ൽ തന്നെ കപ്പലിൽ പുതിയ ജീവിതയാത്ര ആരംഭിച്ചു 

ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന കപ്പൽ യാത്രകൾ ബുക്ക് ചെയ്താണ് ഇവർ സ്വപ്നം യാഥാർഥ്യമാക്കുന്നത്. മെക്സിക്കോ, ബെലീസെ, കോസ്റ്റാറിക്ക തുടങ്ങി പലയിടങ്ങളിലേക്കും യാത്രകൾ പൂർത്തിയാക്കി കഴിഞ്ഞു. കരീബിയൻ ക്രൂയിസ് കപ്പലിലാണ് നിലവിൽ ഇവരുടെ ജീവിതയാത്ര. തൊട്ടു പിന്നാലെ അടുത്ത കപ്പലും യാത്രയ്ക്കായി ബുക്ക് ചെയ്യും. ഒരു വർഷക്കാലമായി അടുക്കളയിൽ കയറി പാചകം ചെയ്യുകയോ വാഷിങ് മെഷീൻ ഉപയോഗിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് മോണിക്ക പറയുന്നു. ഇക്കാര്യങ്ങളെല്ലാം കപ്പലിലെ ജീവനക്കാർ ദമ്പതികൾക്കായി ചെയ്തു നൽകും. എന്തിനേറെ ബുക്ക് ചെയ്തിരിക്കുന്ന മുറിയിലെ കിടക്കവിരികൾ കൃത്യസമയത്ത് മാറ്റാൻ വരെ സ്റ്റാഫുകളുണ്ട്. ആഡംബര കപ്പലുകളിലെ സ്പാ ട്രീറ്റ്മെന്റുകൾ ആസ്വദിച്ചും പൂളിൽ ഇറങ്ങിയും സൗകര്യങ്ങൾ പരമാവധി   അനുഭവിച്ചറിഞ്ഞാണ് ഇവരുടെ യാത്രകൾ. 

ship-couple1

വേറിട്ട ഈ ജീവിതരീതിക്ക് കൊക്കിലൊതുങ്ങാത്ത പണം ഇവർ മുടക്കുന്നുണ്ടെന്ന് കരുതിയെങ്കിൽ തെറ്റി. കൃത്യമായ പ്ലാനിങ്ങോടെ നടത്തുന്ന ഈ യാത്രകൾക്ക് പ്രതിവർഷം 10,000 ഡോളറിൽ (8.33 ലക്ഷം രൂപ) താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. മുമ്പ് താമസിച്ചിരുന്ന വീട് വാടകയ്ക്ക് വിട്ടു നൽകിയിരിക്കുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനവും കോവിഡ് കാലത്ത് സൂക്ഷിച്ചുവച്ച സമ്പാദ്യവും ചേർക്കുമ്പോൾ ഈ തുക ഇവർക്ക് കണ്ടെത്താനാവുന്നുമുണ്ട്. തുടർച്ചയായി കപ്പൽ യാത്രകൾ നടത്തുന്നതിനാൽ യാത്രാ കമ്പനികളും കപ്പലുകളും നൽകുന്ന ഡിസ്കൗണ്ടുകളും പ്രയോജനപ്രദമാകുന്നു. 

കരയിൽ നിന്നും വിട്ടുള്ള ജീവിതം യഥാർഥത്തിൽ പൂർണ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നിടുകയായിരുന്നു എന്ന് മോണിക്ക പറയുന്നു. വിനോദത്തിനായി മാത്രം സമയം നീക്കിവച്ച് ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനാകുന്നത് വളരെ ചെറിയ ഒരു ശതമാനത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്. തങ്ങളുടെ ഇടയിലെ പരസ്പര സ്നേഹം വർധിക്കാനും ഈ ജീവിതരീതി സഹായിച്ചിട്ടുണ്ടെന്ന് ഇവർ ഒരേപോലെ സമ്മതിക്കുന്നു. ജോലിഭാരമോ കുടുംബഭാരമോ സമ്മർദം ചെലുത്താത്തതുമൂലം വഴക്കുകൾ തീരെയില്ല എന്നുതന്നെ പറയാം. എപ്പോഴും ഒരുമിച്ചാണെങ്കിലും ഇരുവരും സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഹോബികൾക്കായി സമയം സ്വയം കണ്ടെത്തുന്നുമുണ്ട്. ജീവിതമാകെ ഒരു മായാജാലം പോലെ തോന്നുന്നു എന്നാണ് ഇവരുടെ അഭിപ്രായം.  

എന്നാൽ ഏതൊരു സുഖത്തിനും ഒരു മറുവശം ഉണ്ടെന്നതുപോലെ ഈ വ്യത്യസ്തമായ ജീവിതരീതിക്കും ചില വെല്ലുവിളികളുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും എപ്പോഴും കാണാനോ സംസാരിക്കാനോ അവർക്കൊപ്പം സമയം ചിലവഴിക്കാനോ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിഷമം. എന്നാൽ അത്രമേൽ അത്യാവശ്യമുള്ള സാഹചര്യങ്ങൾ വന്നാൽ നാട്ടിലെത്താനും വേണ്ട കാര്യങ്ങൾ ചെയ്യാനും ഇവർക്ക് തടസ്സങ്ങളുമില്ല.

English Summary:

This Adventurous Couple Lives on a Cruise Ship for Less Than ₹8.5 Lakhs a Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com