ADVERTISEMENT

വെറ്റില മുറുക്കാൻ ചവച്ചു തുപ്പുന്നതിനിടെ ഗുരുനാഥനായ കെ.കെ.കമലാസനൻ സാർ പറഞ്ഞു - ‘‘എടാ ഞാൻ പഠിപ്പിച്ചു തരുന്നതു വച്ച് നിനക്ക് ഹിന്ദി തരക്കേടില്ലാതെ വായിക്കാനും എഴുതാനും പറ്റും. പക്ഷേ ഹിന്ദിക്കാരെപോലെ സംസാരിക്കാൻ പഠിക്കണെങ്കിൽ നീ ഹിന്ദി സിനിമകൾ കാണണം. അപ്പോഴേ ഉച്ചാരണമൊക്കെ ശരിയായി വരത്തൊള്ളു.’’ ഗുരുവചനങ്ങളെ വേദവാക്യങ്ങൾപോലെ സ്വീകരിച്ചുപോരുന്ന വിനീത ശിഷ്യൻ തലപുകച്ചു. ഒരു ഹിന്ദി സിനിമ കാണാൻ എന്താ വഴി? അപ്പോഴാണ് എസ്.ഡി.വി.യുടെ മതിലിൽ ഒരു സിനിമയുടെ കളർപോസ്റ്റർ കണ്ടത് - ‘കുർബാനി’. ഇതേ  സിനിമ കുറേനാൾ മുമ്പ് ശാന്തി തിയറ്ററിൽ കളിച്ചിരുന്നു. ഇത്തവണ രാധയിലാണ്. മുക്കാലും നഗ്നയായ ഒരു പെണ്ണ് പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. നോക്കാൻ നാണമുണ്ടായി. എന്നിട്ടും ഒളികണ്ണിട്ട് നോക്കി. നടന്മാരെ ഒന്നും മനസിലായില്ല. ആ പോട്ടെ, ഏതായാലും ഒരു ഹിന്ദി സിനിമയല്ലേ, കണ്ടേക്കാം. കമലാസനൻ സാർ പറഞ്ഞതുപോലെ,  ഹിന്ദിക്കാരുടെ പേച്ചു കേൾക്കാൻ ഇതല്ലാതെ മാർഗമില്ല. 

തീരുമാനം എളുപ്പത്തിൽ എടുക്കാൻ സാധിച്ചു. പക്ഷേ ഒരു ഏഴാം ക്ലാസുകാരന് ടിക്കറ്റിനുള്ള പൈസ എവിടെനിന്നു കിട്ടാനാണ്? വീട്ടിൽ മിണ്ടാൻ സാധിക്കില്ല. അത്തരത്തിലുള്ളതാണല്ലോ സിനിമയും. പെട്ടെന്ന് മനസിൽ ഒരു പ്രതീക്ഷ ഉദിച്ചു. രണ്ടു ദിവസം കഴിഞ്ഞാൽ വിഷുവാണ്. നാട്ടിലെ പ്രധാനപ്പെട്ട ആഘോഷം. ആരെങ്കിലും കൈനീട്ടം തന്നാൽ ടിക്കറ്റിനുള്ള വകയായി. വീട്ടിൽ ഇമ്മാതിരി പതിവുകൾ ഇല്ല. വേറെ ആരെങ്കിലും കനിയണം. അങ്ങനെ ഒരാളെ അന്നേരം ഓർത്തെടുക്കാൻ സാധിച്ചില്ല. പക്ഷേ എന്നത്തേയും പോലെ ഭാഗ്യം അവിടെയും തുണയായി വന്നു. വിഷുവിന്റെ തലേന്നാൾ അയൽപക്കത്തെ മങ്കമ്മ ചേച്ചി ആവശ്യപ്പെട്ട പ്രകാരം മരത്തിൽ കയറി കുറെ കൊന്നപ്പൂക്കൾ പൊട്ടിച്ചു കൊടുത്തു. അതിന് പ്രതിഫലമായി കിട്ടിയ ചായയും കൊഴകൊട്ടയും കഴിച്ചു കൊണ്ടിരിക്കെ മങ്കമ്മ ചേച്ചി പറഞ്ഞു - ‘‘എടാ ചെറ്ക്കാ, നാളെ വിഷുവാ. നീ രാവിലെ ഇങ്ങോട്ട്  വരണം. ദോശേം ചമ്മന്തീം ഒണ്ട്.’’

രാവിലെ ഏഴരയോടെ മങ്കമ്മ ചേച്ചിയുടെ വീട്ടിൽ ഹാജരായി. അവിടെ ഇത്തായും അപ്പനും കുറുന്തല ചേച്ചിയും ഉണ്ട്. ഈ നാലു പേരും സഹോദരങ്ങളാണ്. ആരും കല്യാണം കഴിച്ചിട്ടില്ല. ഇത്ത എന്നെ അടുത്തേക്കു വിളിച്ചു. മടിക്കുത്തിൽനിന്ന് ഒരു നാണയം എടുത്തു തന്നു. അതിനു തുടർച്ചയായി മറ്റുള്ളവരും ഓരോ നാണയംവീതം തന്നു. വിഷുക്കൈനീട്ടം ഗംഭീരമാക്കാനായിക്കൊണ്ട് വല്യമ്മച്ചിയും തന്നു, ഒരു വെള്ളിരൂപ. പാട്ടയിൽ ഇട്ടു വച്ചിരുന്ന ചില്ലറകളും ചേർത്തപ്പോൾ ഭേദപ്പെട്ട തുകയായി. ഞാൻ സമ്പന്നനായിരിക്കുന്നു! ഇന്നുതന്നെ 'കുർബാനി' കാണണം. എസ്.ഡി.വി സ്കൂളിന്റെ പുറകിലാണ് തകരപ്പാളികൾ മേഞ്ഞ 'രാധ' തിയറ്റർ. ഷോയുടെ നേരമൊക്കെ നേരത്തെ അറിഞ്ഞു വച്ചിരുന്നു. അവധി ദിവസമായിരുന്നതുകൊണ്ട് മാറ്റിനി കാണാൻ തടസ്സങ്ങളില്ല. ഒരു കുഞ്ഞിനെപോലും അറിയിക്കാതെ നേരെ  'രാധ'യിലേക്കു വിട്ടു. മുന്നിൽനിന്ന് മൂന്നാമത്തെ വരിയുടെ മധ്യഭാഗത്തായി ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു. വിഷുക്കൈനീട്ടമായി ലഭിച്ച പൈസയുടെ ബാക്കി നിക്കറിന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കപ്പലണ്ടിക്കാരൻ കടന്നുവന്നപ്പോൾ ഒട്ടും ദാരിദ്ര്യം കാണിച്ചില്ല, രണ്ടു കുമ്പിൾ വാങ്ങി. അതങ്ങനെ കൊറിച്ചു കൊണ്ടിരിക്കുന്നതിനിടെ ചുറ്റും ഒന്നു നിരീക്ഷിച്ചു. പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. ഭാഗ്യം പരിചയക്കാർ ആരുമില്ല. 

സിനിമ കുറെ മുന്നോട്ടു ചെന്നപ്പോൾ പോസ്റ്ററിൽ കണ്ട പെണ്ണുമ്പിള്ള തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടു. അവർ പാടുന്നു, ആടുന്നു, ശരീരം ആകമാനം കുലുക്കുന്നു. അവരുടെ മേനിച്ചന്തത്തിലും 'ആപ് ജൈസാ കോയി മേരി' എന്ന പാട്ടിലും മതിമറന്ന ചേട്ടന്മാർ  തലങ്ങും വിലങ്ങും ഉറക്കെ വിസിൽ അടിച്ചു. ഞാനും കൂട്ടത്തിൽ കൂടി. അങ്ങനെ വിഷുദിനം പൊടിപൊടിച്ച സന്തോഷത്തോടെ, സിനിമയിൽനിന്നു കിട്ടിയ കുറെ ഹിന്ദി  ഡയലോഗുകൾ ഉരുവിട്ടു പഠിച്ചുകൊണ്ട് ഞാൻ തിയറ്ററിലെ ഇരുട്ടിൽനിന്ന് പുറത്തിറങ്ങി. അന്നേരം ദേ, കാണാം, അടുത്ത ഷോയുടെ ക്യൂവിൽ ചില പരിചയക്കാർ നിൽക്കുന്നു. ജനാർദനൻ ചേട്ടന്റെ മകൻ രമേശൻ, ഐമ ചേച്ചിയുടെ മകൻ ഷാജി, സുധീറിന്റെ ചേട്ടൻ സുനിയണ്ണൻ എന്നിങ്ങനെ പലരുണ്ട്. എല്ലാവരും എന്നെ കണ്ടു. അവർ എന്നെ ഉറക്കെ പേരെടുത്ത് വിളിക്കുന്നു. ഞാൻ ഒറ്റ ഓട്ടം ഓടി. ഓടാതിരിക്കുന്നതെങ്ങനെ? കമലാസനൻ സാർ പറഞ്ഞത് കേട്ട് ഹിന്ദി പഠിക്കാൻ വന്നതാണെന്ന കാര്യം ആരെങ്കിലും വിശ്വസിക്കുമോ? സിനിമയുടെ വാൾ പോസ്റ്റർ അത്രമേൽ പ്രമാദമായിരുന്നല്ലോ! 

പിറ്റേദിവസം പലചരക്ക് കടയിൽ ചെന്നപ്പോൾ രായണ്ണൻ കണ്ടപാടേ ചോദിച്ചു- 'എടാ നീ ആള് കൊള്ളാല്ലോ. ഇന്നലെ സീനത്ത് അമന്റെ തുണിയില്ലാക്കളി കാണാൻ പോയില്ലേ? നിനക്ക് നാണമില്ലേടാ.' രായണ്ണന്റെ നാക്കല്ലേ, അവിടെ നിന്നവരെല്ലാം കഥ വിശദമായി കേട്ടു. സംഗതി നാട്ടിൽ പാട്ടായി. മങ്കമ്മ ചേച്ചിയും സഹോദരങ്ങളും വൈകാതെ സംഭവം അറിഞ്ഞു. അവർ വിഷുക്കൈനീട്ടം തന്ന പൈസ കൊണ്ടാണ് ഞാൻ തുണിയില്ലാക്കളി കാണാൻ പോയതെന്ന കാര്യം അവരെ ദേഷ്യം പിടിപ്പിച്ചു. 'കുരുത്തംകെട്ടവനെ പടിക്കാത്ത് കേറ്റരുതെ'ന്ന് ഇത്ത നിർദേശം കൊടുത്തു. മൊത്തത്തിൽ ജഗപൊഗയായി. ആ വർഷത്തെ വിഷുവിന്റെ 'പുണ്യം'  ആണ്ടു മുഴുവൻ നീണ്ടുനിന്നു. 

കാലം തിരിഞ്ഞു. ഇരുപതാമത്തെ വയസ്സിൽ ഞാൻ ആലപ്പുഴ വിട്ടു. കൊച്ചി സർവകലാശാലയിൽ വിദ്യാർഥിയായി ചേർന്നു. ഗവേഷണകാലത്ത് പലവട്ടം ഉത്തരേന്ത്യയിൽ പോകാൻ അവസരം ഉണ്ടായി. ഒരിക്കൽ ഡൽഹിയിലെ ചാണക്യപുരിയിൽ സ്ഥിതിചെയ്യുന്ന ആഡംബര ഹോട്ടലിൽ ഒരു ഹിന്ദുസ്താനി സംഗീത പരിപാടി കാണാൻ അവസരം ലഭിച്ചു. വേദിയിൽ സിതാർ വായിച്ചുകൊണ്ടിരുന്ന വിഖ്യാതനായ കലാകാരൻ മൈക്കിലൂടെ സദസ്സിലിരുന്ന ഒരു മാന്യ വനിതയെ അഭിവാദ്യം ചെയ്യുന്നതു കേട്ടു. ഉടനെ ഞാനും മറ്റുള്ളവരെപ്പോലെ ആകാംക്ഷയോടെ ചാടി എഴുന്നേറ്റുനിന്നു നോക്കി. ഇളം മഞ്ഞ സാരി ധരിച്ച ഒരു മെലിഞ്ഞ മധ്യവയസ്ക വിനീതമായ പുഞ്ചിരിയോടെ ഒന്നാം നിരയിൽ ഇരിക്കുന്നു- സാക്ഷാൽ സീനത്ത് അമൻ! അടുത്ത നിമിഷം ബാല്യത്തിലെ പഴയ വിഷുദിനം മനസിലൂടെ മിന്നിമറഞ്ഞു. ഞാൻ ചിരി ഒതുക്കാൻ വളരെ പ്രയാസപ്പെട്ടു. പക്ഷേ സാധിച്ചില്ല.

(ലേഖകൻ മഹാരാജാസ് കോളേജിലെ പ്രൊഫസറും ചലച്ചിത്ര ഗാനരചയിതാവുമാണ്.)

English Summary:

A Tale of Language and Laughter by Madhu Vasudevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com