ADVERTISEMENT

മലയാള സിനിമ–ടെലിവിഷന്‍ പ്രേക്ഷകർക്കു സുപരിചിതനാണ് അൻവർ മൈതീൻ. നിരവധി കഥാപാത്രങ്ങളായി അൻവർ നമുക്ക് മുൻപിലെത്തിയിട്ടുണ്ട്. വേളാങ്കണ്ണി മാതാവ് ടെലിവിഷൻ സീരിസിൽ 12 കഥാപാത്രങ്ങളെ അൻവർ അവതരിപ്പിച്ചു. കൂടാതെ ഒരു ഡസനോളം സീരിയലുകളിലും 40ലധികം സിനിമകളിലും ഈ കലാകാരൻ വേഷമിട്ടു. അരങ്ങിൽ തുടങ്ങിയ അഭിനയ ‌ജീവിതം ഇപ്പോൾ പ്രിയദർശൻ ചിത്രം മരയ്ക്കാർ– അറബിക്കടലിന്റെ സിംഹത്തിൽ എത്തി നിൽക്കുന്നു. 

കാസർഗോഡ് ആർ.ടി.ഒയിലെ സീനിയർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് ഇദ്ദേഹം. അൻവർ മൈതീന്റെ വിശേഷങ്ങളിലൂടെ...

anwar-modeen2

കലാരംഗത്തെ തുടക്കം

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം. കോളജ് തലത്തിൽ എത്തിയപ്പോൾ അഭിനയത്തോടുള്ള അഭിനിവേശം കൂടി. അമച്വർ നാടകട്രൂപ്പുകളിൽ പ്രവർത്തിക്കാൻ ആരംഭിച്ചു.

ക്യാമറയുടെ മുമ്പിൽ

സിനിമയിലൂടെയാണ് ക്യാമറയ്ക്കു മുമ്പിലെ അരങ്ങേറ്റം. 1991ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘വക്കീൽ വാസുദേവ്‌’ എന്ന സിനിമയിലൂടെ. അന്നു ഞാൻ ബി.എ ഫിലോസഫി വിദ്യാർഥിയാണ്. എന്റെ നാട്ടുകാരനാണ് അദ്ദേഹം. കരിങ്കുളം കേന്ദ്രീകരിച്ചുള്ള ഒരു അമച്വർ നാടക ട്രൂപ്പിൽ ഞാൻ പ്രവർത്തിക്കുന്ന സമയം. എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം അടുത്ത സിനിമയിൽ വേഷം നൽകുകയായിരുന്നു. ചേർത്തലയിലെ ലൊക്കേഷനിൽ നിന്നു സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്ത് കൊടുത്തു വിട്ടാണ് എന്നെ വിളിപ്പിച്ചത്.

anwar-modeen4

മെഗാസീരിയലുകൾ

ഹരിചന്ദനം ആണ് ആദ്യ സീരിയൽ. പിന്നീട്, ടി.എസ്.സജി സംവിധാനം ചെയ്ത ‘വേളാങ്കണ്ണി മാതാവ്’ എന്ന ടെലിവിഷന്‍ സീരീസിൽ വ്യത്യസ്തമായ പന്ത്രണ്ടോളം വേഷങ്ങൾ ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു അത്. ഇതു വരെ 12 സീരിയലുകളിൽ അഭിനയിച്ചു.

പ്രിയപ്പെട്ട കഥാപാത്രം

കെ.കെ രാജീവ് സംവിധാനം ചെയ്ത ‘ഒരു പെണ്ണിന്റെ കഥ’ എന്ന സീരിയലിലെ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ പ്രസന്നകുമാർ എന്ന കഥാപാത്രം. ഒരുപാട് അഭിനന്ദനങ്ങൾ ആ കഥാപാത്രം എനിക്കു നേടിത്തന്നു.

anwar-moideen

സിനിമവിശേഷങ്ങൾ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലെ കഥാപാത്രം പൂർത്തിയായി. നാടുവാഴിയായ ഇന്നസെന്റിന്റെ കാര്യസ്ഥന്‍ കേശവൻ നായർ എന്ന നെഗറ്റീവ് കഥാപാത്രമാണ്. ‘വാട്ടർ ഒരു പരിണാമം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

മറക്കാനാവാത്ത  ലൊക്കേഷൻ അനുഭവം

അക്കിടി എന്നു പറയുന്നതാവും ശരി. ‘വാട്ടർ ഒരു പരിണാമം’ എന്ന സിനിമയിൽ ഞാൻ ഓട്ടു മൊന്തയിൽ സംഭാരം കുടിക്കുന്ന രംഗമുണ്ട്. മോര് ഓട്ടു മൊന്തയിൽ ഒരുപാടു നേരം ഇരുന്നാൽ രാസപരിണാമത്തിനു സാധ്യതയുണ്ട്. ചിലർക്ക് ഇതു വലിയ ദോഷം ചെയ്യും. എനിക്ക് വളരെയേറെ ദോഷം ചെയ്തു. 

പല കാരണങ്ങളാൽ ഇൗ രംഗം എട്ടു തവണ എടുക്കേണ്ടി വന്നു. അത്രയും തവണ ഞാൻ ഓട്ടു മൊന്തയിൽ നിന്നു മോര് കുടിച്ചു. ഒടുക്കം തല പെരുത്തു. എനിക്ക് എണീറ്റു നിൽക്കാൻ പോലും വയ്യാത്ത അവസ്ഥ. എട്ടു തവണയെങ്കിലും ഛർ‍ദിച്ചു കാണും. ഒടുവില്‍ തല തളർന്നു കിടപ്പിലായി.

anwar-modeen5

പുതുവർഷ വിശേഷങ്ങൾ

അത് അരങ്ങുമായി ബന്ധപ്പെട്ടാണ്. മോഹൻലാലിനെ വച്ചു ‘ഛായാ മുഖി’ എന്ന നാടകം ചെയ്ത പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന ഒറ്റയാൾ നാടകത്തിലെ കഥാപാത്രമാവാൻ എന്നെ തിരഞ്ഞെടുത്തു. ആ ഒരേ ഒരു കഥാപാത്രമാകാൻ കഴിഞ്ഞതു വലിയ ഭാഗ്യമായി കരുതുന്നു.

നേരത്തെ എംടിയുടെ തിരഞ്ഞെടുത്ത പന്ത്രണ്ട് കഥകൾ ‘മഹാസാഗരം’ എന്ന പേരിൽ പ്രശാന്ത് നാരായണൻ നാടകം ആക്കിയിരുന്നു. അതിൽ ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന കഥയിലെ അച്യുതൻനായരെ അവതരിപ്പിച്ചത് ഞാന്‍ ആയിരുന്നു.

സ്വപ്നം

സീരിയലിൽ‌ ഒരു മുഴുനീള  കഥാപാത്രം ചെയ്യണം. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വേഷവും

anwar-modeen3

കുടുംബം

വാപ്പ മൈതീൻ കണ്ണ്, ഉമ്മ ഹമീദാബീവി. ഭാര്യ ലീനാ ബീവി. ഞങ്ങൾക്കു മൂന്നു ആൺമക്കളാണ്. അൽത്താഫ്, അഫ്താബ്, അഷ്ഫാക്ക്. മുത്തയാൾ അവസാന വർഷ മെഡിസിൻ  വിദ്യാർഥിയാണ്. മറ്റു രണ്ടുപേര്‍ സ്കൂൾ വിദ്യാർഥികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com