ADVERTISEMENT

കഥാപാത്രങ്ങളിലൂടെയാണ് അഭിനേതാക്കളെ പ്രേക്ഷകർ ഓർത്തിരിക്കുക. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കഥാപാത്രം ലഭിക്കുന്നതു ഭാഗ്യമാണ്. അഭിനയ ജീവതത്തിന്റെ ആദ്യകാലത്തു തന്നെ അത്തരം കഥാപാത്രം ലഭിക്കുകയാണെങ്കിൽ മഹാഭാഗ്യം. അതാണ് ശ്രീലയയെ തേടിയെത്തിയത്. ‘മൂന്നു മണി’ എന്ന സീരിയലിലെ കഥാപാത്രമായ ‘കുട്ടി മണി’യ്ക്ക് ഇന്നും പ്രേക്ഷക ഹൃദയത്തിലാണു സ്ഥാനം. കൊച്ചു  കുട്ടികളുടെ സ്വഭാവമുള്ള, ഉണ്ടകണ്ണുള്ള സുന്ദരി അതായിരുന്നു കുട്ടി മണി.

സീരിയലുകളിൽ മിന്നിത്തിളങ്ങുകയാണ് ശ്രീലയ. പുതിയ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ വിസ്മയിപ്പിക്കുന്ന പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ...

തുടക്കം

രാജസേനൻ സാർ സംവിധാനം ചെയ്ത ‘കൃഷ്ണ കൃപാസാഗരം’ എന്ന പുരാണ സീരിയലിൽ രാധയായി അഭിനയിച്ചു. പ്ലസു ടു കഴിഞ്ഞ സമയമായിരുന്നു അത്. അതിനുശേഷം ‘സ്വർണ്ണമയൂരം’ എന്ന സീരിയലിൽ ഒരു നെഗറ്റീവ് കഥാപാത്രം. പിന്നെ ‘കുരുക്ഷേത്ര’ എന്ന സീരിയലിൽ കാഴ്ചശക്തിയില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

അതിനുശേഷം പഠനത്തിനു പ്രാധാന്യം നൽകി. ബിഎസ്‌സി നഴ്സിങ്ങിനു ചേർന്നു. അങ്ങനെ, അഞ്ചു വർഷം അഭിനയത്തിന് ഇടവേള ഉണ്ടായി.

നഴ്സിങ് പഠനം കഴിഞ്ഞു വന്ന് ആദ്യമായി സിനിമയിലാണ് അഭിനയിച്ചത്. ഗിന്നസ് പക്രു ചേട്ടൻ ഡയറക്ട് ചെയത ‘കുട്ടീം കോലും’ എന്ന സിനിമയിൽ. നായകൻ പക്രു ചേട്ടനായിരുന്നു. ഞാനും സനുഷയുമായിരുന്നു നായികമാർ.

പൊറ്റക്കാടിന്റെ കുഞ്ഞ് മാണിക്യം

എസ്.കെ.പൊറ്റക്കാടിന്റെ ‘പ്രേമശിക്ഷ’ എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച മാണിക്യം എന്ന സിനിമയിൽ ‘കുഞ്ഞു മാണിക്യം’ എന്ന ടൈറ്റിൽ റോൾ ചെയ്തു. സലിം കുമാർ സംവിധാനം ചെയ്ത ‘കമ്പാർട്ടുമെന്റ്’ എന്ന സിനിമയിലും അഭിനയിച്ചു.

വീണ്ടും സീരിയൽ

പഠനശേഷം ആദ്യമായി അഭിനയിച്ചത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഭാഗ്യദേവത’ എന്ന സീരിയലിലായിരുന്നു. അതീന്ദ്രിയജ്ഞാനമുള്ള ഒരു പെൺകുട്ടിയുടെ കഥയായിരുന്നു. എനിക്ക് ഒരുപാട് പ്രശംസ ലഭിച്ച വേഷമായിരുന്നു അത്.

പിന്നീട് ‘മൂന്നു മണി’ എന്ന സീരിയലിൽ അഭിനയിച്ചു. എന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച മികച്ച വേഷമായിരുന്നു അത്. ആ കഥാപാത്രം നൽകിയ സന്തോഷവും സംതൃപ്തിയും വേറൊരു സീരിയലിനും നല്‍‍കാനായിട്ടില്ല. സീരിയൽ തീർന്നിട്ട‌ു രണ്ടു വർഷത്തോളമായെങ്കിലും അതിലെ കുട്ടിമണിയെ പ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. എവിടെ ചെന്നാലും കുട്ടി മണീ എന്നാണ് ആളുകൾ എന്നെ ഇപ്പോഴും വിളിക്കുന്നത്. 

ഇഷ്ട കഥാപാത്രമാണ് കുട്ടിമണി

താൻ ചെയ്ത ക്യാരക്ടറിന്റെ പേരിൽ അറിയപ്പെടുക എന്നത് ഒരു ആർട്ടിസ്റ്റിനു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. കുട്ടികളും മുതിർന്നവരും  കുട്ടിമണിയെ ഇന്നും ഇഷ്ടപ്പെടുന്നുണ്ട്. കുട്ടിമണിക്കു വേണ്ടി അമ്പലങ്ങളിലും മറ്റും വഴിപാടു കഴിപ്പിച്ചിട്ടുള്ള ഒരുപാട് ആളുകൾ ഉണ്ട്. അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട കഥാപാത്രവും കുട്ടിമണിയാണ്.''

laya-nivil

ലൊക്കേഷൻ ഓർമ

കുട്ടി മണിയെ പ്രിതനായികയായ മതികല പുഴയിൽ മുക്കിക്കൊല്ലുന്ന ഒരു രംഗമുണ്ട്.  ഒരു പകൽ നീണ്ട ഷൂട്ട് ആയിരുന്നു അത്. അത്യാവശ്യം പുഴവെള്ളം വയറു നിറയെ കുടിച്ചു. ഷൂട്ട് തീർന്നപ്പോൾ ആകെ തളർന്നു. എന്നാലും, ആ സീൻ സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷമായി 

‌കുട്ടിമണി അവർക്ക്

ഷൂട്ടിങ്ങിനിടെ ഓട്ടിസം ബാധിച്ച കുട്ടികളെ കാണാൻ പോയിരുന്നു. അവരൊക്കെ ‘മൂന്നു മണി’ എന്ന സീരിയൽ കാണുന്നുണ്ടായിരുന്നു.അവരുടെ സ്നേഹം കണ്ണ് നനയിച്ചു. കുട്ടിമണിയെ ഞാൻ ആ കുഞ്ഞുങ്ങൾക്ക് നൽകുന്നു.

കഥാപാത്രത്തിനായുള്ള തയാറെടുപ്പ്

സ്ക്രിപ്റ്റ് നന്നായി വായിക്കും. എഴുതുന്ന ആളിനോട് എല്ലാ സംശയവും ചോദിക്കും.എഴുത്തുകാരന്റെ മനസ്സിലാണല്ലോ കഥാപാത്രം. അത് പൂർണ്ണതയിൽ എത്തിക്കാൻ പരമാവധി ശ്രമിക്കും.

ഗുരു

കലാരംഗത്തെ ഗുരു ഞങ്ങളുടെ അമ്മ ലിസി ജോസാണ്. അമ്മയും അച്ഛനും നാടകത്തിൽ സജീവമായിരുന്നു. ഞങ്ങൾക്കു സ്വന്തമായി ട്രൂപ്പും ഉണ്ടായിരുന്നു. പിന്നീട് അമ്മ സിനിമ സീരിയൽ രംഗത്തേക്കു വന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോ ലൊക്കേഷനുകളിൽ ഞങ്ങൾക്ക് കൂട്ടു വരുന്നതും അമ്മയാണ്.

വിവാഹം

മൂന്നു മണി സീരിയൽ കഴിഞ്ഞതിനുശേഷമായിരുന്നു എന്റെ വിവാഹം. ഭർത്താവിന്റെ പേര് നിവിൽ ചാക്കോ എന്നാണ്. ദുബായിൽ എൻജിനീയറാണ്. കലയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഞങ്ങൾ രണ്ടും കണ്ണൂർ സ്വദേശികളാണ്. ഇപ്പോ എറണാകളത്താണു താമസം.

വിവാഹശേഷം ഒരു വർഷത്തോളം അഭിനയരംഗത്തു നിന്നു വിട്ടുനിന്നു. ഇപ്പോൾ 'തേനും വയമ്പും' എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എ.എം.നസീറാണ് ഡയറക്ടർ. ഞാനും എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും ആണ് നായികമാർ. മല്ലിക എന്ന ചെണ്ടക്കാരിയായാണു ഞാൻ അഭിനയിക്കുന്നത്. കാർത്തിക എന്നാണു ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിലും സീരിയലിലും വ്യത്യസ്തതയുള്ള വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com