sections
MORE

എന്റെ ഏറ്റവും വലിയ വിമർശകൻ ഭര്‍ത്താവ്: അനു സിതാര

HIGHLIGHTS
  • പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു അരങ്ങേറ്റം
  • സിനിമ ജീവിതത്തെ വിവാഹം ഏറെ സ്വാധീനിച്ചിട്ടുണ്ട്
actress-anu-sithara-on-life-movie-husband
SHARE

സ്കൂൾ, സർവകലാശാല കലോത്സവങ്ങളിലെ പ്രതിഭയായിരുന്ന വയനാട്ടുകാരി അനു സിതാര, ഇന്നു മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന യുവ നായികയാണ്. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. ദിലീപ് നായകനായി വ്യാസൻ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ നായികാവേഷവും അനു സിത്താരയ്ക്കാണ്. തന്റെ കലാജീവിതത്തിലെ വഴിത്തിരിവുകൾ അനു സിതാര പങ്കുവയ്ക്കുന്നു.

കലോൽസവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയിൽ എത്തിച്ചത്. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ  ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു അരങ്ങേറ്റം. കലോത്സവ വേദികളിൽ നിന്നുള്ള എന്റെ ഫോട്ടോ കണ്ട് അണിയറ പ്രവർത്തകർ അമ്മയുടെ സുഹൃത്തായ രഞ്ജിനി മേനോൻ വഴി ബന്ധപ്പെടുകയായിരുന്നു. ഈ സിനിമയാണ് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയ കഥയിലേക്ക് അവസരം ഒരുക്കിയത്. 

അവിടെ ചെറിയൊരു ട്വിസ്റ്റുണ്ട്. പൊട്ടാസ് ബോംബിൽ എന്റെ ജോടിയായി അഭിനയിച്ച രോഹിത്, അവസരം തേടി സത്യൻ അന്തിക്കാടിനെ കാണാൻ ചെന്നപ്പോൾ, അവന്റെ പ്രകടനം കാണിക്കാനായി കാണിച്ചു കൊടുത്തത് സിനിമയിൽ ഞാനും അവനും ഒന്നിച്ചുള്ള സീൻ ആയിരുന്നു. 

anu-sithara-2

അവർ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള പെൺകുട്ടിയെ തേടിക്കൊണ്ടിരിക്കയായിരുന്നു. അങ്ങനെ ചിത്രത്തിന്റെ ഭാഗമായി. അനാർക്കലി കഴിഞ്ഞ് തരുൺ ഗോപി സംവിധാനം ചെയ്ത തമിഴ് സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് വിഷ്ണു ഏട്ടനുമായുള്ള വിവാഹം. കോളജിൽ പഠിക്കുമ്പോഴേയുള്ള പ്രണയമായിരുന്നു. 

സിനിമ ജീവിതത്തെ വിവാഹം ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ കലാജീവിതത്തിൽ മാതാപിതാക്കളെ പോലെ തന്നെ മികച്ച പിന്തുണയാണ് ഭർത്താവ് വിഷ്ണു തരുന്നത്. ഹാപ്പി വെഡ്ഡിങ്ങിൽ അഭിനയിക്കുന്നത് വിവാഹത്തിനു ശേഷമാണ്. 

anu-sithara-1

കരിയർ ബ്രേക്ക് കിട്ടിയത് രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ നായികാ വേഷമാണ്. അതിനുശേഷമാണ് ജനം തിരിച്ചറിഞ്ഞു തുടങ്ങിയത്. നടൻ ജയസൂര്യയാണ് ചിത്രത്തിലേക്ക് എന്നെ ശുപാർശ ചെയ്തത്. 

ആദ്യം ഈ സിനിമയിലേക്ക് എന്നെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് എനിക്കു ഈ റോൾ ചെയ്യാനാകില്ലെന്നു കരുതി ഒഴിവാക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ നേരിട്ടു കണ്ടപ്പോൾ മാലിനിയുടെ വേഷം എനിക്കു ചേരുമെന്ന് ഉറപ്പിക്കുകയായിരുന്നെന്ന് ഷൂട്ടിങ് പൂർത്തിയായ ശേഷം സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞിരുന്നു.

anu-sithara-husband
അനു സിതാരയും ഭർത്താവ് വിഷ്ണു പ്രസാദും

വിവാഹ ശേഷം നടികൾ സിനിമയിൽ സജീവമാകുന്നതാണ് പുതിയകാലം. എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ ശരിയാണ്. അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്റെ ഏറ്റവും വലിയ വിമർശകൻ എന്റെ ഭർത്താവാണ്. അദ്ദേഹം കൂടെയുണ്ടാകുമ്പോൾ ഞാൻ സെറ്റിൽ ഏറെ കംഫർട്ടാണ്. 

തയാറാക്കിയത്: സി.ശിവപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA