ADVERTISEMENT

മച്ചൂ, ഇതു കൊച്ചീലെ താടിക്കാരാ നല്ല കിണ്ണം കാച്ചിയ താടിക്കാർ... താടി വളർത്താൻ തുടങ്ങുമ്പോ തുടക്കത്തിൽ ഇത്തിരി ചൊറിച്ചിലുണ്ടാകും.

ഒരാഴ്ചകൊണ്ട് അതു മാറും. പിന്നെ ചൊറിച്ചിലു മുഴുവൻ നാട്ടുകാർക്കാ...‘‘എന്തൊരു താടിയാ ഇത്.. ഇവനൊക്കെ മെനയായിട്ടു നടന്നൂടെ’’ എന്നു ചോദിക്കുന്നവരിൽ നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ഉണ്ടാകും. ഈ ഡയലോഗിൽ ഇത്തിരി അസൂയേം ഇത്തിരി കുന്നായ്മേം ഉണ്ടെന്ന കാര്യത്തിൽ സംശയമുണ്ടോ?

എത്ര നിരുൽസാഹപ്പെടുത്തിയാലും അങ്ങനെയൊന്നും ഈ ചെത്ത് താടിക്കാരെ സമൂഹത്തിൽ നിന്നു ഷേവ്ചെയ്തു മാറ്റാമെന്നു കരുതേണ്ട.

നാട്ടുകാരുടെ ഒരു ധാരണയുണ്ടല്ലോ? താടിക്കാരൊക്കെ പെശകാണ്, അലമ്പാണ് എന്നൊക്കെ ..ന്നാ അറിഞ്ഞോ– ഒരലമ്പിലും ഈ താടിക്കാർ ഉണ്ടാവില്ല...ഒരു അടിപിടിക്കേസിലും ഈ താടിക്കാരെ കാണൂല്ല...പക്കാ ഡീസന്റ് ടീമാ മോനേ...

താടിക്കാർക്കു ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുണ്ടങ്കിൽ അതു മനസ്സിവച്ചാ മതി...കേരള ബിയേഡ് ക്ലബ് എന്നു കേട്ടിട്ടുണ്ടോ? താടിക്കാരുടെ അംഗീകൃത സംഘടനയാ. ഈ കൂട്ടായ്മയിൽ അങ്ങിനെ ഇങ്ങനെ കേറിക്കൂടാമെന്നു കരുതിയെങ്കിൽ തെറ്റി. അത്രഎളുപ്പമല്ല കൂട്ടുകാരാ..ഇത്തിരി പണിയാ അംഗത്വം കിട്ടാൻ.

താടിസ്നേഹം നിർബന്ധം...പക്ഷേ അതിലും കർശനമായ മറ്റു ചിലതുണ്ട് പുകവലിയും മദ്യപാനവുമൊന്നും ഏഴയലത്ത് ഉണ്ടാവരുത്. ഒരു പൊലീസ് കേസിലും ഉൾപ്പെടരുത്. സേവനമനോഭാവം വേണം...ഇങ്ങനാണേൽ കൂടിക്കോ– ചങ്കു പറിച്ചുതരും. ദദാണ്....

താടിക്കു തീ പിടിക്കുമ്പോൾ ബീഡി കൊളുത്തുന്നവരല്ല ഈ താടിക്കാർ. കഴിഞ്ഞ പ്രളയകാലത്തു ക്ലബ് അംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പലർക്കും അവശ്യസാധനങ്ങൾ ശേഖരിച്ച് എത്തിച്ചു. ബീച്ച് ശുചീകരണം മദ്യത്തിനും ലഹരിമരുന്നിനുമെതിരെ ബോധവൽക്കരണം എന്നിവയും നടത്താറുണ്ട്. കൂട്ടായ്മയിലെ ബൈജു ചമ്പക്കര സിനിമാ നടനാണ്. കെ.ആർ.സൂരജും തന്റെ താടി സിനിമയിൽ കാട്ടിയിട്ടുണ്ട്. സിബിനും ഡിബിറ്റും ടൈൽസ് പണിക്കാരാണ്. കൂട്ടത്തിലെ സ്റ്റൈലിസ്റ്റാണു മിർഷാദ് മറിയം. വിനുവും ഷെമിനും ഫാബ്രിക്കേഷൻ ജോലിയിലാണ്. രാഹുൽ എച്ച്എംടിയിലും കിരൺ ഐഒസിയിലുമാണു ജോലി ചെയ്യുന്നത്. സഫീർ ഒരു കടയിൽ ജോലിനോക്കുന്നു. അഖിൽ മൊബൈൽ സർവീസിങ്ങിലാണ്. പല മേഖലയിലുള്ള ഇവരെ ഒന്നിപ്പിക്കുന്നതു താടിയാണ്, താടിയോടുള്ള സ്നേഹമാണ്.

പണ്ടു പണ്ടേ താടി

kaladharan
ടി.കലാധരൻ

കൊച്ചിക്കു പ്രിയപ്പെട്ട താടിക്കാരനാണു ടി.കലാധരൻ. ന്യൂജെൻ താടിക്കാർ ഷൈൻ ചെയ്യുന്നതിനും മുൻപു താടിവച്ച കക്ഷി. ഓർത്തിക് എന്ന ചിത്രകലാസങ്കേതം ഒരുക്കിയ കൊച്ചിക്കാരൻ. ആടിയും പാടിയും താടിയുഴിഞ്ഞും സദസ്സിനു മുന്നിൽ ചിത്രരചന ആഘോഷമാക്കിയ ആൾ. മുഴുവൻ സമയ താടിക്കാരല്ല താനെന്നു കലാധരൻ പറയും. കാരണം കല്യാണം കഴിക്കാൻ താടി ചെറുതാക്കിയ കഥയുണ്ടു കലാധരന്. ഇപ്പോഴും വല്ലപ്പോഴുമൊക്കെ വിഷമത്തോടെയാണെങ്കിലും ആയുർവേദ ചികിൽസയുടെ സമയത്തു താടി ചെറുതാക്കും. താടി തരുന്ന കോൺഫിഡൻസ് അതൊന്നു വേറെയെന്നു കലാധരൻ പറയുമ്പോൾ മറിച്ചൊരു അഭിപ്രായം ന്യൂജെൻ താടീസിനുമില്ല.

മുത്തേ നീ പൊളിച്ച്...

sooraj
കെ.ആർ സൂരജ്

കൊച്ചിയിലെ താടിക്കാർക്കിടയിലെ സ്റ്റാറാണു സൂര്യയെന്നറിയപ്പെടുന്ന കെ.ആർ.സൂരജ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന ദേശീയ താടിമാമാങ്കത്തിൽ ഒന്നാം സ്ഥാനം നേടിയതു സൂരജാണ്. താടിയുടെ നീളം ആരോഗ്യം സ്റ്റൈൽ ഇങ്ങനെ പല മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണു ദേശീയ ചാംപ്യൻ പദവി സൂരജിന്റെ താടിയിലെത്തിയത്.

മെനക്കെടണം ബ്രോ

സംഭവം പൊളിയാണെങ്കിലും താടി വച്ചു നടക്കുകയെന്നാൽ നിസ്സാര കാര്യമല്ല. വെറുതെ നടക്കുന്നവർക്കു പറ്റിയ പണിയല്ല താടിവളർത്തൽ. ഇതൊരു കലയാണ്, ഉപാസനയാണ് എന്നു പറയുമ്പോൾ ചിരിക്കരുത്. താടി മെനയായിട്ടു കൊണ്ടു നടക്കണമെങ്കിൽ പണിയാ.. 

ദിവസവും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും താടിയെ പരിചരിക്കണം. നല്ല എണ്ണയിട്ടു ഷാംപു ചെയ്തു സെറ്റ് ചെയ്യണം. മാസത്തിൽ ഒരിക്കലെങ്കിലും സ്പാ ചെയ്യണം. ഏകദേശം 2000 രൂപയുടെ അടുത്ത് ഓരോ മാസവും താടിക്കായി ഇറക്കണം. എന്നാലെ താടി തഴച്ചുവളരൂ.

‘എന്റെ ചേട്ടാ നെഞ്ചിൽ കാറ്റുകിട്ടീട്ട് വർഷം അഞ്ചായി.’ അഞ്ചുവർഷമായി താടി വളർത്തുന്ന സൂരജ് ഇതു പറയുമ്പോൾ കളിയാക്കരുത്. 

ആഹാരം കഴിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം താടിയുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നിട്ടും ഇവരൊക്കെ ഇതു സഹിക്കുന്നതോ? 

ഒറ്റ ഉത്തരമേയുള്ളു. താടിപ്രേമം.

കരടിനെയ്യ് കിട്ട്വോ ?

താടിമുളയ്ക്കാത്ത പയ്യൻമാരുടെ സ്ഥിരം ചോദ്യമാണിത്. ഏതു താടിക്കാരനെ കണ്ടാലും ഈ ചോദ്യം ഉണ്ടാകും. ചേട്ടാ കരടി നെയ്യ് കിട്ടോ...തേച്ചാ താടി വരുമോ? ചോദ്യം ന്യായം. ആഗ്രഹമുണ്ടായിട്ടു കാര്യമില്ല. താടി വരേണ്ടേ... കുറുക്കുവഴിയൊന്നും താടിക്കാര്യത്തിലില്ല. ബിയേഡ് ഓയിലും കരടിനെയ്യാണെന്നു പറഞ്ഞു കിട്ടുന്നതും തേച്ചാലൊന്നും താടി വരില്ല. കാശുപോകുമെന്നു മാത്രം. ഒന്നുണ്ട്, താടിവന്നാൽ എങ്ങനെ ചെത്താക്കാം എന്നിവർ പറഞ്ഞുതരും.

പാവത്തുങ്ങളാ!

കലിപ്പ് ലുക്കാണെങ്കിലും ക്ഷമയുടെ അവതാരങ്ങളാണു തങ്ങളെന്നു ന്യൂ ജെൻ താടിക്കാർ ആണയിടുന്നു. താടി വളരാൻ ക്ഷമയോടെ കാത്തിരിക്കുന്നതുപോലെയാണു ജീവിതത്തിലും പെരുമാറുന്നത്. വാഹനമേതായാലും 35 –45 കിലോമീറ്റർ സ്പീഡ് മാത്രം. ബൈക്ക് ഓടിക്കുമ്പോൾ താടി ഷർട്ടിനുള്ളിലാക്കും. കല്യാണത്തിനും മറ്റും സദ്യയുണ്ണുമ്പോൾ സകലരുടെയും നോട്ടം താടിക്കാരിലായിരിക്കും. പഫ് പോലുള്ള സ്നാക്ക് കഴിക്കുക താടിക്കാരെ സംബന്ധിച്ചിടത്തോളം ഒന്നൊന്നര പണിയാണ്. ഇപ്പോഴത്തെ കാലാവസ്ഥയിൽ ദിവസവും നാലുതവണയെങ്കിലും താടി കഴുകണം. ഉറങ്ങുമ്പോൾ പോലും താടിയിലൊരു കണ്ണുവേണം മാഷേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com