ADVERTISEMENT

കരിമഠം ബ്രാൻഡ്! മിഥുനം സിനിമയിലെ ‘ദാക്ഷായണി ബിസ്കറ്റ്’ പോലെ വല്ലതുമാണോ എന്നോർക്കില്ലേ  ഈ പേരിന് പിന്നിൽ? പക്ഷേ, ആത്മബന്ധത്തിന്റെ അതിനേക്കാളും വലിയ കഥയുണ്ടെന്ന് പറയും തിരുവനന്തപുരത്തെ കരിമഠം കോളനി നിവാസികൾ.  വസ്ത്ര ഡിസൈൻ രംഗത്ത് ‘കരിമഠം ബ്രാൻഡ്’ എന്ന് ചേലിൽ തന്നെ തുന്നിച്ചേർക്കാനുള്ള ഒരുക്കത്തിലാണു കരിമഠത്തെ പെൺകൂട്ടായ്മ. 

തുന്നൽതുടക്കം

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉർവി ഫൗണ്ടേഷൻ ചെയർമാൻ ഹസൻ നസീഫും  ഭാര്യ ഹന്ന ഫാത്തിമയും 6 മാസങ്ങൾക്കു മുൻപാണ് കരിമഠം കോളനിയിലെത്തുന്നത്. കോളനിയിലെ സ്ത്രീകൾക്ക് സ്വയം വരുമാനം കണ്ടെത്താനാകുന്ന  പദ്ധതി കൊണ്ടുവരണമെന്നായിരുന്നു ലക്ഷ്യം.  കരിമഠത്തെ സ്ത്രീകളുമായി നിരന്തരം ചർച്ചകൾ.. സർവേകൾ. ഒടുവിൽ ഡിസൈൻ രംഗത്ത് കൈ വയ്ക്കാമെന്നു തീരുമാനച്ചു.

തുന്നിത്തെളിയാമെന്ന് ഉറപ്പിച്ചതോടെ പിന്നെല്ലാം പെട്ടെന്നായിരുന്നു. 50 സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. തയ്യൽ പഠിക്കാൻ മെഷീനുകളെത്തി, പഠിപ്പിക്കാൻ അധ്യാപകരും. 4 മാസം കൊണ്ട് ആദ്യത്തെ ഗ്രീൻ സിഗ്നൽ തെളിഞ്ഞു.  2 മാസത്തെ ഡിസൈൻ പരിശീലനവും കഴി‍ഞ്ഞതോടെ വസ്ത്രങ്ങൾ വിപണിയിലെത്തിക്കാമെന്ന് ആത്മവിശ്വാസമായി. 

കുർത്തകളാണ് ഇപ്പോൾ തയാറാക്കുന്നത്. കരിമഠം ബ്രാൻഡ് എന്ന ഓൺലൈൻ സൈറ്റിലൂടെയാണ്  വിൽപന. വൈകാതെ കടകളിലുമെത്തും. 

 വേറെന്ത് പേരിടാൻ!

എന്ത് പേരിടുമെന്നാലോചിച്ചപ്പോൾ, ‘കരിമഠം ബ്രാൻഡ്’ അല്ലാതെ മറ്റൊരു ഓപ്ഷനുമുണ്ടായിരുന്നില്ല. ആ തീരുമാനത്തിന് പിന്നിൽ ഒരു നോവുണ്ട്. അതിനെക്കാളും വലിയ നിശ്ചയദാർഢ്യവും. ‘‘കോളനിയെന്നു കേൾക്കുമ്പോളുള്ള പുച്ഛം സഹിച്ചാണ് ഇവിടെ ജീവിച്ചു വളർന്നത്. ഞങ്ങളെ ആളുകൾ കാണുന്നതും ആ മുൻവിധിയോടെയാണ്. മക്കളുടെ കാലത്തെങ്കിലും അങ്ങനെയാവരുത്. കരിമഠമെന്ന് കേട്ടാൽ കരിമഠം ബ്രാൻഡിന്റെ നാടല്ലേയെന്ന്  പറയിപ്പിക്കണം.’’ പ്രൊഡക്ഷൻ യൂണിറ്റിന്റെ ചാർജുള്ള ഷംല കരിമഠം പറയുന്നു. 

  സ്വപ്നത്തുന്നൽ

ഉർവി ഫൗണ്ടേഷന്റെ ‘സെവിങ് ഹോപ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ആ യൂണിറ്റ് ആരംഭിച്ചത്. പേരുപോലെ തന്നെ കരിമഠത്തിന്റെ അടുത്ത തലമുറയുടെ പ്രതീക്ഷയാണ് ഈ ചുവടുവയ്പ്. ലാഭം കിട്ടുന്ന മുഴുവൻ തുകയും ഉപയോഗിക്കുക കരിമഠത്തെ കുട്ടികളുടെ പഠനത്തിനായാണ്. പാതി വഴിയിൽ മക്കളുടെ പഠനം മുടങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് ഒരു അവസാനമുണ്ടാകണമെന്നാണ് കരിമഠത്തെ അമ്മമാർ തുന്നിച്ചേർക്കുന്ന ഏറ്റവും വലിയ സ്വപ്നവും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com