ADVERTISEMENT

പതിനേഴുകാരൻ ഫൈസൽ ഷായുടെ മുറി ഒരു അധോലോകമാണ്. സൈക്കിളുകളും സൈക്കിൾ അനുബന്ധ സാമഗ്രികളും മാത്രം നിറഞ്ഞൊരു അധോലോകം. അവിടുത്തെ രാജാവായി ഫൈസി എന്ന ഫൈസലും. പള്ളിമുക്കിലെ രാഗമാലിക എന്ന വീടിന്റെ മുകൾ നിലയിലാണു ഫൈസിയുടെ അധോലോകം. ആ മുറിയുടെ കഥ ഫൈസിയോടു ചോദിച്ചാൽ അവനിങ്ങനെ പറയും: ഇതു ഞാൻ അത്ര പെട്ടെന്നൊന്നും കെട്ടിപ്പടുത്തതല്ല. വർഷങ്ങൾക്കൊണ്ടാണ് ഈ അധോലോകം ഇങ്ങനെയാക്കിയെടുത്തതെന്ന്. അതിന് അവനെ സഹായിച്ചതു സൈക്കിളിനോടുള്ള അടങ്ങാത്ത ഇഷ്ടവും. 

ഇഷ്ടം – സൈക്കിളിനോട്

ചെറുപ്പത്തിൽ കുട്ടികൾക്കു കളിക്കാനുള്ള സൈക്കിൾ വാങ്ങി നൽകേണ്ട സമയത്ത് ഫൈസലിന്റെ പപ്പ അവനു വാങ്ങി നൽകിയതു രണ്ടു ചക്രങ്ങളുള്ള കുറച്ചുകൂടി മുതിർന്നവർ ഉപയോഗിക്കുന്ന സൈക്കിളായിരുന്നു. അതോടിച്ചു തുടങ്ങിയ കാലത്തെ ഓർമപ്പെടുത്തുന്ന അടയാളം അവന്റെ തലയുടെ പിന്നിൽ ഇപ്പോഴുമുണ്ട്. സൈക്കിൾ ഓടിച്ചു തുടങ്ങിയ സമയത്ത് അതിൽ നിന്നു മറിഞ്ഞു വീഴുകയായിരുന്നു. തല പൊട്ടി, രക്തം കട്ടപിടിച്ചു. ആ മുറിവിന്റെ അടയാളം ഇന്നും അവന്റെ തലയുടെ പിന്നിലുണ്ട്. സൈക്കിൾ ഓടിക്കുന്നതിലെ പേടി മാറാനുള്ള കാരണങ്ങളിലൊന്നും ഇതാണെന്നു പറയും ഫൈസി. സൈക്കിളിനോടു പിന്നീടവനു കൂടുതൽ ഇഷ്ടം തോന്നുകയായിരുന്നു. 

ഹോബി – പഴയ സാധനങ്ങൾ സൂക്ഷിക്കൽ

സൈക്കിളിനോടുള്ള ഇഷ്ടത്തിന്റെയത്ര പഴക്കമുള്ള മറ്റൊരു ഇഷ്ടവും ഫൈസിക്കുണ്ട്! പഴയ സാധനങ്ങൾ എടുത്തു സൂക്ഷിച്ചു വയ്ക്കലാണത്. ഫൈസിയുടെ ഈ ആക്രിപെറുക്കലിനെ ആദ്യമൊക്കെ വീട്ടുകാർ ശകാരിച്ചിരുന്നു. ആദ്യമൊക്കെ കിട്ടുന്നതെന്തും തന്റെ മുറിയിലെത്തിച്ചു ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമായിരുന്നു അവന്. പിന്നീടാണു സൈക്കിൾ എന്ന വിഷയത്തെ ആസ്പദമാക്കി മുറി സെറ്റ് ചെയ്യാൻ ആരംഭിച്ചതെന്നു ഫൈസി പറയുന്നു. സൈക്കിൾ പാർട്സ്, കാറിന്റെയും സ്കൂട്ടറിന്റെയും പഴയ സീറ്റ്, ടയർ, സൈക്കിൾ ചെയിൻ എന്നു വേണ്ട, സൈക്കിളുമായി അൽപമെങ്കിലും ബന്ധമുള്ളതൊന്നും ഫൈസി വെറുതെ വിട്ടുകളയില്ല. 

പാഷൻ – സൈക്കിൾ സ്റ്റണ്ട്

സൈക്കിളോടിച്ചു നടക്കേണ്ട പ്രായം കഴിഞ്ഞെന്ന് ആരെങ്കിലും പറഞ്ഞാൽ ഫൈസി ഇങ്ങനെ തിരിച്ചു ചോദിച്ചും: ‘അതിനൊക്കെ പ്രായമുണ്ടോ?’ സൈക്കിൾ സ്റ്റണ്ടിങ്ങിനെപ്പറ്റി ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ നമ്മുടെ നാട്ടിൽ വേണ്ടത്ര സൗകര്യങ്ങളില്ല. എന്നാൽ ആ അസൗകര്യങ്ങളൊന്നും ഫൈസിയുടെ ആഗ്രഹത്തിനു മുൻപിൽ ഒരു പ്രശ്നമായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ അവൻ സൈക്കിൾ സ്റ്റണ്ടിങ്ങിനെപ്പറ്റി കൂടുതൽ തിരഞ്ഞു. യൂട്യൂബിൽ നിന്നുള്ള സൈക്കിൾ സ്റ്റണ്ട് വിഡിയോകൾ അവനു പഠനക്ലാസ്സായി. 

ഏകദേശം ഒന്നര വർഷം കൊണ്ട് സൈക്കിൾ സ്റ്റണ്ടിങ്ങിനെക്കുറിച്ചു ഫൈസി കൂടുതൽ പഠിച്ചു സുഹൃത്തുക്കളെ ഒപ്പം ചേർത്തു ടീം റാപ്ടേഴ്സ് എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി പരിശീലനം ആരംഭിച്ചു. കേരളത്തിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും ഉൾപ്പെടെ പതിനഞ്ചോളം സ്ഥലങ്ങളിലാണു ടീം റാപ്ടേഴ്സ് തങ്ങളുടെ സൈക്കിൾ സ്റ്റണ്ട് ഷോ നടത്തിയത്. ഇവിടെ നിന്നൊക്കെ ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി പണം ചാരിറ്റി പ്രവർത്തനങ്ങൾക്കാണു വിനിയോഗിക്കുന്നതെന്നു ഫൈസി പറയുന്നു. 

അവധിക്കാലത്തോട് അനുബന്ധിച്ചു ഫൈസിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിങ് ക്യാംപ് നടത്തുന്നുണ്ട്. കൊല്ലം സീ പാലസ് റോഡിലാണു പരിശീലനമെങ്കിലും വേണ്ടത്ര സൗകര്യങ്ങളില്ലെന്നു ഫൈസിയുടെ പരിഭവം. സ്കൂൾ വിദ്യാർഥികൾ മുതലുള്ളവർ ഫൈസിയുടെ അവധിക്കാല കോച്ചിങ് ക്യാംപിനെത്തിയിരുന്നു. വേണ്ടത്ര സുരക്ഷമാർഗങ്ങളെല്ലാം സ്വീകരിച്ചാണു ഫൈസിയുടെ സൈക്കിൾ സ്റ്റണ്ട്. കൂടുതൽ ഉയരത്തിൽ സൈക്കിൾ ജംപ് ചെയ്യുന്ന ഫൈസി ലിംക ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. 

സ്വപ്നം – പോളണ്ടിലേക്ക്

എക്സ്ട്രീം സ്പോർട്സിൽ കൂടുതൽ പഠനത്തിനായി പോളണ്ടിലേക്കുള്ള യാത്രയ്ക്കു തയാറെടുക്കുകയാണു ഫൈസൽ ഷാ. അവിടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് കോഴ്സ് ചെയ്യുന്നതിനൊപ്പം ആക്ഷൻ സ്പോർട്സിനെക്കുറിച്ചു കൂടുതൽ അറിയുകയും പിഎച്ച്ഡി ചെയ്യുകയുമാണു ലക്ഷ്യമെന്നു ഫൈസൽ പറയുന്നു. കൊല്ലം പള്ളിമുക്ക്  രാഗമാലികയിൽ ഷഹാബിന്റെയും നസിയയുടെയും മകനാണ് ഫൈസൽ ഷാ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com