sections
MORE

‘സർക്കാർ ജോലി കിട്ടിയാൽ വെറുതെയിരിക്കാം എന്ന് പറയുന്നവരോട്’

man-sharing-experience-while-teaching-in-government-school
SHARE

സർക്കാർ ജോലി കിട്ടീട്ട് വേണം ലീവ് എടുക്കാൻ എന്നു പറഞ്ഞവനെ കൈയിൽ കിട്ടിയാൽ തല്ലിക്കൊല്ലണം. അല്ലപിന്നെ. പണിയെടുത്തു നട്ടെല്ലു റബ്ബറായി മാറിയ കഴിഞ്ഞ കുറെ ദിവസത്തെ തിരിഞ്ഞു നോട്ടമാണ് ഈ എഴുത്തിൽ...

സർക്കാർ സ്‌കൂളിൽ അധ്യാപകനായി പ്രവേശിച്ചിട്ട് ഒരുമാസം തികയാൻ പോകുന്നു. തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ അതുവരെ സർക്കാർ സ്‌കൂളിനെ കുറിച്ചു കേട്ടതിൽ നിന്നു തികച്ചും വ്യത്യസ്തം.

ഒരു തീസിസിന്റെ അവസാന ഭാഗവുമായിട്ടാണ് സ്‌കൂളിലേക്കു പോകുന്നത്. സ്‌കൂളിലെത്തി രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ തീസിസ് സമർപ്പിക്കാം എന്നായിരുന്നു വിചാരം.

അങ്ങനെ ആദ്യദിവസം തന്നെ തീസിസിന്റെ ഒരു കോപ്പിയുമെടുത്ത് ഭദ്രമായി ബാഗിലിട്ട് സ്‌കൂളിൽ ചെന്നു. നേരത്തെ സ്കൂളിലൊക്കെ പഠിപ്പിച്ചു പരിചയമുള്ളതിനാൽ പുതുമയൊന്നും തോന്നിയില്ല. സ്റ്റാഫ് റൂമിൽ അപരിചിതമായ മുഖങ്ങൾ നിർവികാരതയോടെ നമ്മളെ നോക്കുമ്പോൾ ഇതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടിൽ ഞാനുമിരുന്നു.

കുഞ്ചിതണ്ണി സ്‌കൂളിൽ ഗസ്റ്റായി പഠിപ്പിക്കുമ്പോൾ ഇടക്കെപ്പോഴോ സ്ഥലം മാറി വന്ന അധ്യാപകനെ ഞങ്ങളുടെ കൂടെ അടുപ്പിക്കാതെ മാറ്റിനിർത്തിയ ആ പഴയ കാലമാണ് മനസ്സിലേക്ക് ഓടി വന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങളെല്ലാവരും ഒടുക്കത്തെ കമ്പനിയായതു പോലെ ഏലപ്പാറ സ്‌കൂളിലെ സ്റ്റാഫ്‌റൂമിലും കിടു കമ്പനികളെ തന്നെ കിട്ടി.

തമിഴും മലയാളവും മീഡിയങ്ങളായുള്ള സ്‌കൂളാണ്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിപക്ഷവും. സത്യം പറഞ്ഞാൽ വളരെ മുമ്പ് തന്നെ ഏലപ്പാറക്കാരായ സുഹൃത്തുക്കൾ ധാരളമുണ്ടായിരുന്നെങ്കിലും അവരുടെയെല്ലാം തമിഴ് അടിസ്ഥാനം കൃത്യമായി മനസ്സിലാക്കുന്നത് ആ സ്‌കൂളിൽ ചെല്ലുമ്പോഴാണ്. നല്ല പച്ചവെള്ളം പോലെ തമിഴും മലയാളവും കൈകാര്യം ചെയ്യുന്നവരെ കണ്ട് മലയാളമല്ലാതെ മറ്റൊരു ഭാഷയറിയാത്ത നമ്മളൊക്കെ കണ്ണുതള്ളിയിരുന്നിട്ടുണ്ട്.

അല്ലെങ്കിലും തമിഴിന്റെ ഒരു വശ്യതയും സൗന്ദര്യവും ഒന്നുവേറെ തന്നെയാണ്. സംസാരത്തിലാണെങ്കിലും സംഗീതത്തിലാണെങ്കിലും ഹോ... ചില തമിഴ് പാട്ടും കവിതകളുമൊക്കെ കേട്ടാൽ പിന്നെ ചുറ്റുമുള്ളതെല്ലാം മറക്കും.

ഭിക്ഷ തെണ്ടി നമ്മുടെ നാട്ടിലൊക്കെ പണ്ട് ചുറ്റിത്തിരിഞ്ഞു നടന്ന തമിഴന്മാരാണ് ‘പാണ്ടി’ എന്ന വാക്കിന്റെ അർഥം തന്നെ മാറ്റികളഞ്ഞത്. പാണ്ഡ്യ രാജാവിന്റെ പിന്മുറക്കാർ അങ്ങിനെ കേരളത്തിൽ വെറും ‘പാണ്ടി’കളായ ചരിത്രമൊക്കെ ഒരു ഗവേഷണ വിഷയം തന്നെയാണ്.

അങ്ങിനെ ആദ്യ ദിവസം തീസിസ് എടുത്ത് മുന്നിൽ വെച്ചപ്പോൾ ‘പത്താം ക്ലാസ്സിൽ കുട്ടികൾ ചുമ്മായിരിക്കുന്നു. അവിടം വരെ പോകാമോ’ എന്ന് ഒരു ടീച്ചർ ചോദിച്ചു. ആവേശം അതല്ലേ എല്ലാം എടുത്തു ചാടി പത്താം ക്ലാസിലെത്തി.

‘ഗുഡ് മോണിങ് സാർ’ തിരിച്ച് അഭിവാദ്യം ചെയ്ത് കുട്ടികളോട് ഇരിക്കാനാവശ്യപ്പെട്ടപ്പോൾ തന്നെ പിള്ളേര് അവരുടെ പണി തുടങ്ങി. പ്രത്യേകിച്ചു പഠിപ്പിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നതാണ് അവർ ബഹളങ്ങളിലേക്കു തിരിയാൻ കാരണം.

അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ, ‘എവിടെ മലയാളം പുസ്തകം...’

മനസ്സില്ലാമനസ്സോടെ ഒരു കുട്ടി പുസ്തകം എടുത്തു തന്നു. ചുമ്മാ മറിച്ചു നോക്കിയപ്പോൾ ദാ കിടക്കുന്നു നമ്മുടെ പ്രിയപ്പെട്ട കവിത. രാമായണം അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണസ്വാന്ത്വനം.

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം; വേഗേന നഷ്ടമാമായുസ്സുമോർക്ക നീ; വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം. ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ, കാലാഹീന പരിഗ്രസ്ഥമാം ലോകവു- മാലോലചേതസാ ഭോഗങ്ങൾ തേടുന്നു. പുത്രമിത്രാർത്ഥകളത്രാദിസംഗമ- മെത്രയുമൽപകാലസ്ഥിതമോർക്ക നീ"

ഈ കവിത നമുക്ക് പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. 

നാട്ടിലുള്ള സകല ചെറുപ്പക്കാരും അഭിമുഖീകരിക്കുന്ന സ്ഥിരം പ്രശ്നമായ ‘എന്താ ജോലി’ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമായി അറിയാതെ ഗവേഷണ കാര്യം പറയും. അപ്പോൾ പിന്നെ അവർക്കു വിഷയം അറിയണം. വിഷയം പറയുമ്പോൾ പിന്നെ വിശദീകരണം വേണം. ചോദ്യം മടുക്കുമ്പോൾ ഞാൻ രണ്ടു കവിതകൾ ചൊല്ലിക്കേൾപ്പിക്കും അതിലൊന്നാണ് ഈ ലക്ഷ്മണസ്വാന്ത്വനം. മാറ്റൊന്ന് മോഹനകൃഷ്‌ണൻ കാലടിയുടെ ‘പാലൈസ്’ എന്ന കവിതയാണ്. അതിങ്ങനെയാണ്...

‘സ്ലൈറ്റേ സ്ലൈറ്റേ

പെൻസിലേ പെൻസിലേ

നാളെ രാവിലെ നേരം വെളുക്കുമ്പോൾ

ഈ കണക്കൊന്നു ചെയ്തു വെച്ചാൽ

നിങ്ങൾക്ക് രണ്ടിനും ഞാനൊരു

പാലൈസ് വാങ്ങിത്തരാം

ഇനി കണക്കെങ്ങാൻ ചെയ്തു തെറ്റിച്ചാലോ

സ്ലൈറ്റേ നിന്നെ ഞാൻ തല്ലിപൊട്ടിക്കും

പെൻസിലേ നിന്നെ ഞാൻ കുത്തിപൊട്ടിക്കും...’

വരികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും ഈ കവിത പാടി ഇതും അതും തമ്മിലുള്ള ഭാഷാ വ്യത്യാസമാണ് ഗവേഷിക്കുന്നത് എന്നു പറയുമ്പോൾ ചിലർക്കൊക്കെ പിടികിട്ടും.

അങ്ങിനെ ലക്ഷ്മണ കഥകൾ പറഞ്ഞിരിക്കുമ്പോഴാണ് ബെല്ലടിക്കുന്നത്. വീണ്ടും സ്റ്റാഫ്‌റൂമിലേക്ക്. 

സ്റ്റാഫ്‌ റൂം ഒരു യുദ്ധക്കളം പോലെയാണ്. ഒരിടത്ത് സ്‌കോളർഷിപ്പ്, മറ്റൊരിടത്തു ഉച്ചഭക്ഷണ കണക്കുകൾ, എസ്.പി.സി, ടൈം ടേബിൾ ഉണ്ടാക്കൽ, ടീച്ചിങ് നോട്ട് തയാറാക്കൽ, ആറാം പ്രവൃത്തി ദിനം, അതിനിടയിൽ പിള്ളേരുടെ പ്രശ്നങ്ങൾ. നോക്കിയിരിക്കുമ്പോൾ ചിലവന്മാരെ കാണാതെ പോകും. പിന്നെ അവന്മാരെ തപ്പിയുള്ള ഓട്ടമാണ്. അങ്ങിനെ ആകെമൊത്തം ബഹളമയം. സത്യം പറഞ്ഞാൽ പഠിപ്പിക്കാൻ മാത്രം സമയമില്ല. ക്ലറിക്കൽ പണികളാണ് കൂടുതലും. നമ്മളെങ്ങാനും ചെയ്യാതിരുന്നാൽ കുട്ടിക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്ന ഭയന്നാണ് ഒരോ അധ്യാപകരും ഈ ഇരട്ടിപ്പണികൾ ചെയ്യാൻ തയാറാകുന്നത്.

ജൂനിയർ അധ്യാപകർക്കെ ഈ പ്രശനങ്ങൾ ഉള്ളൂ എന്ന് വായിക്കുന്ന ആരെങ്കിലും കരുതിയാൽ തെറ്റി. നമ്മളോട് ഒരു ക്ലാസ്സിൽ പോകാൻ പറഞ്ഞാൽ അവിടെ പോയി ചുമ്മാ നിന്നാൽ മതി. സീനിയർ അധ്യാപകർ തലയുംകുത്തി നിന്നാലും തീരാത്ത പണികളുണ്ട് ഓരോ ദിവസവും.

ഇതിനെല്ലാം ഇടക്ക് തീസിസിൽ തൊട്ടുപോലും നോക്കാൻ സമയം കിട്ടാറില്ല എന്നുള്ളതാണ് സത്യം. എന്നാലും അഞ്ചുവർഷം കഷ്ടപ്പെട്ടുണ്ടാക്കിയത്  അങ്ങിനെ വഴിയിൽ കളയാൻ പറ്റുമോ? ആഞ്ഞു പിടിച്ച് കിട്ടുന്ന ഇടവേളകളിൽ ബാക്കി കൂടി എഴുതി തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഇപ്പോൾ...

പാവങ്ങളാണ് പിള്ളേരെല്ലാം. ഒരു ദിവസം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ തോട്ടംതൊഴിലാളികള്‍ക്ക് പലപ്പോഴും മക്കളെ വേണ്ടവിധം ശ്രദ്ധിക്കാനാകാത്തതിന്റെ സകല പ്രശ്നങ്ങളും മിക്ക കുട്ടികളിലും കാണാം. ആ ഒരു കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ അവിടെയുള്ള അധ്യാപകർ സ്വമേധയാ ഏറ്റെടുത്തു ചെയ്യുന്നുമുണ്ട്. അതിനെല്ലാം ഇടയ്ക്കു കണ്ട സുന്ദരമായ ഒരു കാഴ്ച കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കുട്ടികളെ തിരഞ്ഞുപിടിച്ച് അവരുടെ പഠനചിലവുകൾ ഏറ്റെടുക്കാൻ ചില അധ്യാപകർ കാണിക്കുന്ന ആവേശമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA