sections
MORE

ഇവർക്കു പിറകെ ഒരു നൂലുമായി അയാള്‍ ഉണ്ടായിരുന്നു; മാഷർ ഹംസ

HIGHLIGHTS
  • കുട്ടിക്കാലം മുതലേ സിനിമ മനസ്സിലുണ്ട്
  • മാഷറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ് ട്രാൻസ്
costume-designer-mashar-hamsa-interview
SHARE

‘തമാശ’ സിനിമയുടെ ഷൂട്ട് പൊന്നാനിയിൽ നടക്കുന്ന സമയം. പ്രദേശവാസിയായ സുഹൃത്തിനൊപ്പം ഒരു ചെറുപ്പക്കാരന്‍ അവിടെയുള്ള വീടുകളിൽ എത്തി. ആവശ്യം ലളിതമാണ്. പഴയ വസ്ത്രങ്ങൾ തരണം. വെറുതെ വേണ്ട, പകരം പുതിയതു തരാം. ചെറുപ്പക്കാരന്റെ പേര് മാഷർ ഹംസ. കോസ്റ്റ്യൂം ഡിസൈനർ എന്ന ടൈറ്റിലിനു താഴെ ഈ പേര് പ്രത്യക്ഷപ്പെട്ടു തുടങ്ങയിട്ട് കുറച്ചു വർഷങ്ങളായി. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 8, 2013. ദുൽഖർ സൽമാന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രം റിലീസ് ചെയ്തത് അന്നാണ്.

മലപ്പുറത്തെ താനൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് സിനിമാ ലോകത്തേക്ക് സ്വപ്നങ്ങളുടെ നൂലുമായി കടന്നു വന്ന ആ ചെറുപ്പക്കാരന്റെ പേര് കൃത്യമായ ഇടവേളകളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ചന്ദ്രേട്ടൻ എവിടെയാ?, കലി, കമ്മട്ടിപ്പാടം, വരത്തൻ, പറവ, സുഡാനി ഫ്രം നൈജീരിയ, തമാശ, ഉണ്ട, എന്നിങ്ങനെ. മമ്മൂട്ടിയും ദുൽഖറും ഫഹദും വിനയ്ഫോർട്ടുമെല്ലാം സ്ക്രീനിൽ കയ്യടി നേടുമ്പോൾ ഇവർക്കെല്ലാം പിറകെ ഒരു നൂലുമായി മാഷർ ഉണ്ടായിരുന്നു.

mashar-hamsa-04
മാഷർ ഹംസ

കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമാണെങ്കിൽ കോസ്റ്റ്യൂമും ആക്സസറികളും അഭിനേതാവിനൊപ്പം ചേര്‍ന്നു കഥാപാത്രമായി മാറും. എന്നാൽ വസ്ത്രധാരണത്തിലെ അപാകതകൾ ചെറിയതാണെങ്കിലും പ്രേക്ഷകശ്രദ്ധ നേടും. ഇതാണ് കോസ്റ്റ്യൂമിന്റെ സവിശേഷത. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമാണ് മാഷറിനെ സിനിമയിലെത്തിച്ചത്. അതു ജോലിമാത്രമല്ല, ഒരു ആത്മനിർവൃതിയാണ്. പൂർണതയ്ക്കു വേണ്ടി പഴയ വസ്ത്രങ്ങള്‍ തേടി പോകാനും ഡീറ്റെയിലിങ്ങിൽ ശ്രദ്ധിക്കാനും മാഷറിനെ പ്രേരിപ്പിക്കുന്നതും അതുതന്നെ. കരിയറിലെ വലിയ പ്രൊജക്ടായ ട്രാൻസ് പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് മാഷർ ഹംസ. അദ്ദേഹം തന്റെ സിനിമാ വിശേഷങ്ങൾ മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

mashar-hamsa-5

‘തമാശ’യല്ല കോസ്റ്റ്യൂം

കഥാപാത്രത്തിന്റെ സ്വഭാവവും ശരീരപ്രകൃതിയുമെല്ലാം ചർച്ചകളിൽ നിന്നു നമുക്ക് മനസ്സിലാകും. ഞാൻ കണ്ട, എന്നെ പഠിപ്പിച്ച അധ്യാപകരുടെ വസ്ത്രധാരണം മനസ്സിലുണ്ട്. അതിൽ നിന്നുമാണ് ശ്രീനിവാസനെ ഒരുക്കുന്നത്. അധ്യാപകർ  ഉപയോഗിക്കുന്ന പാന്റ്സിന്റെയും ഷർട്ടിന്റെയും പ്രത്യേകതകള്‍, തുണി, തയ്ക്കുന്ന രീതി എന്നിവ മനസ്സിലാക്കും. സമൂഹത്തിൽ നിന്നു പിന്നിലേക്ക് വലിയുന്ന ഒരാളുടെ മാനസിക നിലയ്ക്ക് അനുസരിച്ചാണ് നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. തീരെ ആത്മവിശ്വാസമില്ലാത്ത, അപകർഷതാ ബോധമുള്ള ഒരാൾ ശ്രദ്ധ ആകർഷിക്കുന്ന നിറങ്ങൾ ധരിക്കില്ല. എല്ലാത്തിനും ഭയമാണ്. അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന്റെ വിരലിൽ ഒരു ആനവാൽ മോതിരം ആക്സസറിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

mashar-hamsa-6

ശ്രീനിവാസനേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു ചിന്നുവിന്റെ കോസ്റ്റ്യൂം. വളരെ ക്യൂട്ടായി ചിന്നുവിനെ പ്രേക്ഷർക്ക് തോന്നണം എന്നു സമീറിക്ക പറഞ്ഞിരുന്നു. തനിക്ക് തടി കൂടുതലാണ് എന്നു ചിന്തിക്കാത്ത, വളരെ ആത്മവിശ്വാസത്തോടു കൂടി എല്ലാം നേരിടുന്ന പെൺകുട്ടിയാണ് ചിന്നു. അതു വസ്ത്രധാരണത്തിൽ പ്രതിഫലിക്കണം. ആ ശരീരപ്രകൃതിയുള്ള നിരവധി ആളുകളെ നിരീക്ഷിച്ചശേഷമായിരുന്നു കോസ്റ്റ്യൂം ഒരുക്കിയത്.

mashar-hamsa-1

ഡീറ്റയ്‌ലിങ്

വീട്ടിൽ ഉപയോഗിക്കുന്ന സാരി പഴയതായിരിക്കും. അതിന്റെ കര പിന്നിയിരിക്കും നൂല് പുറത്തു വരുന്നുണ്ടാകും നിറം മാറിയിട്ടുണ്ടാകും ആഹാരത്തിന്റെ കറയുണ്ടാകും. പൊന്നാനിയിലുള്ള ബാബു എന്ന സുഹൃത്തിന്റെ കൂടെ പല വീടുകളിലും പോയാണ് പഴയ വസ്ത്രങ്ങൾ വാങ്ങിയത്. ശ്രീനവാസന്റെ അമ്മ ധരിക്കുന്ന ചില സാരികൾ അങ്ങനെയുള്ളതാണ്. വീട്ടിലെ രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ആ കഥാപാത്രത്തിനു പൂർണത നൽകാൻ അതു സഹായിക്കും. പഴയ വസ്ത്രം ഡ്രൈ ക്ലീൻ ചെയ്തതാണ്. ഇത് ഉപയോഗിക്കണം എന്ന് അഭിനേതാക്കളോടു മുൻപേ പറയും. എല്ലാവരും സഹകരച്ചിട്ടുണ്ട്. പലരും കൂടുതൽ കംഫർട്ടബിൾ ആയെന്നു പിന്നീട് പറഞ്ഞിട്ടുമുണ്ട്.

mashar-hamsa-13

ഉണ്ടയിലെ പൊലീസുകാര്‍

ഉണ്ടയിലെ ഓരോ പൊലീസുകാരനും ഓരോ സ്വഭാവമാണ്. അവരുടെ ആ കഥാപാത്രവുമായി എങ്ങനെ അവരുടെ വസ്ത്രത്തെ ബന്ധിപ്പിക്കാം എന്നായിരുന്നു ശ്രദ്ധിച്ചത്. കൂടുതല്‍ രംഗങ്ങളും പൊലീസ് കോസ്റ്റ്യൂമിൽ ആയിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ പോയാൽ കാണുക പലതരം കാക്കി ധരിച്ച പൊലീസുകാരെയാണ്. ഇതു വിവിധ കടകളില്‍ നിന്നു പലകാലത്ത് ഇവർ യൂണിഫോം വാങ്ങുന്നതു കൊണ്ടാണ്. സിനിമയിലും ഇതേ പാറ്റേണാണ് ഉപയോഗിച്ചിരിക്കുന്നത്. പല കടകളിൽ നിന്നു വാങ്ങിയ വില കുറഞ്ഞതും കൂടിയതുമായ തുണി കൊണ്ടാണ് യൂണിഫോം തയ്പ്പിച്ചത്. പഴക്കത്തിലും തയ്പ്പിച്ച രീതിയിലും വ്യത്യാസം വരുത്തിയിരുന്നു.

mashar-hamsa-4

ട്രാന്‍സ് ഒരു ചെറിയ മീനല്ല

എന്റെ കരിയറിൽ ചെയ്ത ഏറ്റവും വലിയ പ്രൊജക്ടാണ് ട്രാൻസ്. രണ്ടുവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാകുന്നത്. കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കുശേഷം സുഡാനി ഫ്രം നൈജീരിയ, പറവ തുടങ്ങി റിയലസ്റ്റിക് സിനിമകളാണ് ചെയ്തത്. ഇതിൽ നിന്നൊരു മാറ്റം കിട്ടിയത് വരത്തനിലൂടെയാണ്. വരത്തനുശേഷം ലഭിക്കുന്ന റിയലസ്റ്റിക് സ്വഭാവമില്ലാത്ത സിനിമയാണ് ട്രാൻസ്. ധാരാളം കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തിൽ. അതുകൊണ്ടു തന്നെ ചെയ്യാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായി. ഈ ചിത്രം എനിക്കു കിട്ടിയ ഭാഗ്യമാണ്. അമ്പിളി റിലീസിന് തയാറെടുക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും പ്രവർത്തിച്ചു. ആഷിഖ് അബുവിന്റെ ഒരു ചിത്രം ചെയ്യാനുണ്ട്. 

mashar-hamsa-2

വസ്ത്രം മാത്രമല്ല, സിനിമയും തയ്ക്കണം

കോസ്റ്റ്യൂം ഡിസൈൻ മാത്രമല്ല, സിനിമ തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സിനിമ തുടങ്ങി അതു തീരുന്നതു വരെ ഞാൻ സെറ്റിലുണ്ടാകും. എല്ലാ സിനിമകളും സുഹൃത്ത് വലയത്തിലുള്ളവരുടെ ആയതിനാൽ തിരക്കഥയുടെ ചർച്ചകൾ നടക്കുന്ന സമയത്തും എനിക്ക് ഭാഗമാകാൻ സാധിക്കും. ഒാരോ സംവിധായകരും സിനിമയെ എങ്ങനെ സമീപിക്കുന്നു എന്നെല്ലാം ഞാന്‍ മനസ്സിലാക്കുകയാണ്. ഒരു തിരക്കഥ എഴുതണം, ഒരു സിനിമ ചെയ്യണം എന്നെല്ലാം ആഗ്രഹമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA