sections
MORE

പിങ്കി തൊട്ടാൽ പൊന്നാകും!

pinki
SHARE

തൊടീക്കാതെ മാറ്റിനിർത്തി സമൂഹം ഇപ്പോഴും ക്രൂരത കാട്ടുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡർമാർ. എന്നാൽ പിങ്കി തൊട്ടാൽ മുഖം മിനുങ്ങും.പറയുന്നത് മലയാളത്തിലെ പ്രമുഖ നടിമാർ. മേക്കപ്പിനു വലിയ പ്രാധാന്യമുള്ള മാമാങ്കം എന്ന ചിത്രത്തിലെ നായികയെ സുന്ദരിയാക്കേണ്ടത് മേക്കപ് ആർട്ടിസ്‌റ്റ്‌ പിങ്കി വിശാൽ,തൃശൂരിലാണ് പിങ്കിയുടെ വീട്.

ഫീൽഡിൽ താരതമ്യേന തുടക്കമാണെങ്കിലും ഇപ്പോൾ പിങ്കിക്കു മുഖം കൊടുക്കുന്നവരുടെ നിര നീണ്ടതാണ്. മഞ്ജു വാരിയർ, അനുശ്രീ, മമ്ത മോഹൻദാസ്, മിയ , അനു സിതാര തുടങ്ങിയ നടിമാരിൽ തുടങ്ങി വരാനിരിക്കുന്ന മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലെ നായികയായ മിർനയിൽ വരെ അത് എത്തി നിൽക്കുന്നു. പുറമേ, വിദേശ രാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന താരങ്ങളും ഇപ്പോൾ പിങ്കിയെ തേടിയെത്തുന്നു.

നിറപ്പകിട്ടുള്ള അനുഭവങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെങ്കിലും അത്ര അകലെയല്ലാതെ ഇരുണ്ട ഭൂതകാലമുണ്ട് കൊടുങ്ങല്ലൂർ സ്വദേശിനി പിങ്കിക്ക്. സ്വന്തം കമ്യൂണിറ്റിയിൽപ്പെട്ടവർ ഒരു സമയത്ത് അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി രൂക്ഷമായി അനുഭവിച്ചിട്ടുണ്ട്.

‘‘ ബിരുദ പഠനം കഴിഞ്ഞപ്പോഴേക്കും എന്റെ വ്യക്തിത്വം പ്രശ്നമായി തുടങ്ങി. നാട്ടുകാർ അകറ്റി നിർത്താൻ തുടങ്ങി. കഠിനമായ മനസമ്മർദത്തിന്റെ നാളുകളായിരുന്നു അത്. വീട്ടുകാരുടെ പിന്തുണ കൊണ്ടു മാത്രമാണ് പിടിച്ചു നിന്നത്’’.

ബിരുദമെടുത്ത ശേഷം പ്രശസ്ത മേക്കപ് മാൻ പട്ടണം റഷീദിന്റെ സ്ഥാപനത്തിൽ ചേർന്നു മേക്കപ് അപ് പഠിച്ചു. ഈ സമയത്ത് ബ്രൈഡൽ മേക്കപ്പിലും മറ്റും സഹായിയായി പോയിത്തുടങ്ങി. ഇതിനിടയിൽ പരിചയപ്പെട്ട അവിനാശ് ചേടിയ എന്ന മേക്ക് അപ് ആർട്ടിസ്റ്റിനെ ഒരു ബ്രൈഡൽ മേക്കപ്പിനു സഹായിക്കാൻ തിരുവനന്തപുരത്ത് പോയതായിരുന്നു ആദ്യ ബ്രേക്ക്.

ഹോട്ടലിൽ എൻഗേജ്മെന്റിന് അണിഞ്ഞൊരുങ്ങുന്ന പെൺകുട്ടിയ ഒന്നു കാണാൻ ഫഹദ് ഫാസിൽ എത്തിയപ്പോഴാണ് നസ്റിയയാണ് താരം എന്നു മനസ്സിലായത്. സെലിബ്രിറ്റി മേക്കപ്പിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്.

പിന്നെ ‘ ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിൽ മഞ്ജു വാരിയർക്ക് മേക്ക് ചെയ്യാൻ സഹായിച്ചു. പിന്നെ ‘ദൈവമേ കൈതൊഴാം’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് അനുശ്രീയുടെ മേക്കപ്പിനായി വിളിച്ചു. അപൂർവമായൊരു സൗഹൃദത്തിനും അതു തുടക്കമായി. തുടർന്ന് മമത മോഹൻദാസ്, അനു സിതാര എന്നിവരൊക്കെ വിളിക്കാൻ തുടങ്ങി.

വെല്ലുവിളികൾ നിറഞ്ഞതാണ് ഈ മേഖല. ചെറിയ പാകപ്പിഴകൾപോലും അതിസൂക്ഷ്മമായി വിലയിരുത്തുന്നവരാണ് ഇപ്പോഴത്തെ പ്രേക്ഷകർ. മറ്റുള്ളവരുടെ മുഖംകൊണ്ടാണ് കളിക്കുന്നത്. കൈപ്പിഴകൾ അവരെയും ബാധിക്കാനിടയുണ്ട്.

സെലിബ്രിറ്റികളോട് തോൾ ചേർന്നു നിൽക്കുമ്പോൾ പങ്കിയുടെ മനസ്സിൽ തെളിയുന്നത് ഇപ്പോഴും സമൂഹത്തിന്റെ ഇരുളടഞ്ഞയിടങ്ങളിൽ കഴിയുന്ന ട്രാൻസ്ജെൻഡറുകളാണ്. 

അവരുടെ ശാക്തീകരണമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ത‍ൃശൂർ ജില്ലാ കുടുംബശ്രീ മിഷൻ മാനേജർ റെജി തോമസിന്റെ പിന്തുണയോടെ മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കുകയാണ്.

സ്വയം തൊഴിൽ കണ്ടെത്തി ട്രാൻസ്ജെൻഡറുകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾക്ക് ഉടനെ തുടക്കമിടും.

മാമാങ്കത്തെപ്പറ്റി പിങ്കി:

‘‘ 50 ൽ അധികം സിനിമകൾക്കും സ്റ്റേജ് ഷോകൾക്കും താരങ്ങളെ അണിയിച്ചൊരുക്കിയിട്ടുണ്ടെങ്കിലും ഇങ്ങനെ വെല്ലുവിളി നിറഞ്ഞ ജോലി ആദ്യമായിട്ടാണ് തേടിയെത്തുന്നത്. വ്യക്തമായ മാതൃകകൾ ഇല്ലെന്നുള്ളതാണ് പ്രശ്നം. നായിക സുന്ദരിയാവണം. എന്നാൽ കൃത്രിമമായി എന്തെങ്കിലു‌ം ചെയ്തു എന്നു തോന്നുകയുമരുത്. ചിത്രത്തിന്റെ എല്ലാ മേഖലകളിൽ ജോലി ചെയ്യുന്നവരും ഈ വെല്ലുവിളി നേരിടുന്നുണ്ട്. പോരായ്മകളുണ്ടെങ്കിൽ പ്രേക്ഷകർ ആദ്യം അതു തിരിച്ചറിയുന്നത് താരങ്ങളുടെ മുഖത്തു നിന്നായിരിക്കും എന്നു മാത്രം. ’’

മലയാളികൾ നെഞ്ചേറ്റുന്ന കുറേ മുഖങ്ങളെയാണ് പിങ്കി അണിയിച്ചൊരുക്കുന്നത്. കടുംവർണങ്ങൾ വാരിപ്പൂശുന്ന പഴയ കാലത്തിൽ നിന്ന് അത് മാറി . വച്ചുകെട്ടിയ അഴകളവുകളൊക്കെ ഇപ്പോൾ ഏച്ചുകെട്ടിയപോലെ മുഴച്ചു നിൽക്കും. ഇതേക്കുറിച്ചു നല്ല ധാരണയുള്ളതുകൊണ്ടാണ് താരങ്ങൾ കഷ്ടപ്പെട്ടു ശരീരം സൂക്ഷിക്കുന്നത്.

തന്റെ കയ്യിൽവന്നുപെട്ട കുറച്ചു മുഖങ്ങളുടെ പ്രത്യേകതയെക്കുറിച്ച് പിങ്കി.

 മഞ്ജു വാരിയർ

pinki-with-manju

മറ്റൊരു മേക്ക് അപ് ആർട്ടിസ്റ്റിന്റെ സഹായിയായിട്ടാണ് മഞ്ജു വാരിയർക്കു വേണ്ടി ജോലി ചെയ്തത്. അടുത്തു നിൽക്കുമ്പോഴേ നമുക്കൊരു പോസിറ്റീവ് എനർജിയുണ്ടാക്കുന്ന വ്യക്തിത്വമാണ് അവരുടേത്. സംസാരിച്ചിരിക്കുമ്പോൾ അവർ കുടുതൽ സുന്ദരിയായി തോന്നും. ചെറിയ ടച്ച് അപ് കൊണ്ടുതന്നെ മഞ്ജുചേച്ചിയെ അണിയിച്ചൊരുക്കാം.

 അനുശ്രീ

pinki-with-anusree

കൂടെ ജോലി ചെയ്തതിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളയാൾ. വ്യക്തിത്വം കൊണ്ടാണ് അനു ആളുകളെ ആകർഷിക്കുന്നത്. ഈ തൊഴിലിടത്തിലേക്ക് എനിക്കു വഴിതുറന്നു തന്നത് അനുവാണ്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചയാൾ എന്നു പറയാം. സദാ പ്രസന്നവതിയായ അനുവിന് ഹെയർസ്റ്റൈലുകളിൽ പരീക്ഷണം നടത്തി വ്യത്യസ്തയാക്കാം.

 അനു സിത്താര

pinki-with-anu-sithara

മുഖത്തിന്റെ ഒരു വശം ഫോക്കസ് ചെയ്തു കാണിക്കുന്ന സീനുകളിൽ അനുസിത്താര കൂടുതൽ സുന്ദരിയാണ്. മേക്ക് അപ്പ് അതിനനുസരിച്ചാവും.

 മമ്ത

തിളങ്ങുന്ന സ്കിൻ ആണ് മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA