sections
MORE

ഉബൈദ് ഇബ്രാഹിം, ട്രോളന്‍മാരുടെ ഒരേയൊരു രാജാവ്!

HIGHLIGHTS
  • പ്രഫഷനൽ വിഡിയോ എഡിറ്ററാണ്
  • വിഡിയോ ട്രോളന്മാരുടെ ഒരു ഗ്രൂപ്പുണ്ട്
video-trollan-ubaid-ibrahim-interview
ഉബൈദ് ഇബ്രാഹിം
SHARE

ഉബൈദ് ഇബ്രാഹിം. സോഷ്യൽ ലോകത്തിന്, പ്രത്യേകിച്ച ട്രോളുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ പേര് സുപരിചിതമായിരിക്കും.  മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഉബൈദിന്റെ ട്രോൾ വിഡിയോകൾ യൂട്യൂബിന്റെ ട്രെന്റിങ്ങിൽ സ്ഥാനം പിടിക്കാറുണ്ട്. ട്രോളാൻ ഉബൈദ് തിരഞ്ഞെടുക്കുന്ന സിനിമാ രംഗങ്ങൾ കാണുമ്പോൾ അറിയാതെ ചോദിച്ചു പോകും ‘ഇവൻ ഇതൊക്കെ എങ്ങനെ തപ്പി എടുക്കുന്നു?’

ഇത്തരം ട്രോൾ വിഡിയോകളിലൂടെയാണ് പലരും പ്രശസ്തരാകുന്നതെന്നും സോഷ്യൽ ലോകത്തിന് അഭിപ്രായമുണ്ട്. ‘ട്രോളന്‍മാരുടെ ഒരേ ഒരു രാജാവ്’ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതേക്കുറിച്ച് ചോദിച്ചാൽ തന്നെ കളിയാക്കുന്നതാണ് എന്നു പറഞ്ഞ് ഉബൈദ് ഒഴിഞ്ഞു മാറും. രാജാവെന്നു വിശേഷിപ്പിക്കാനാണെങ്കിൽ ആരോമൽ, സുനിൽ കുരിശിങ്കൽ, ഫാരിസ് എന്നീ ട്രോളന്മാരാണ് ഉചിതർ എന്നാണ് ഉബൈദിന്റെ നിലപാട്. എന്തായാലും ട്രോൾ ലോകത്ത് സൂപ്പർ താരമാണ് ഈ മലപ്പുറം വളാഞ്ചേരി സ്വദേശി. 

പ്രഷനൽ എഡിറ്ററാണ്. വിവാഹവിഡിയോ എഡിറ്റ് ചെയ്യുന്നത് ജോലിയും ട്രോൾ വിഡിയോ ചെയ്യുന്നത് പാഷനും എന്നാണ് ഉബൈദ് പറയുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന ഉബൈദിന്റെ ട്രോളുകളെ മിനിറ്റുകൾ മാത്രം നീളുന്ന ഒരു ദൃശ്യവിസ്മയം എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. വേഗം, വ്യത്യസ്തമായ സിനിമാ രംഗങ്ങൾ ഉൾപ്പെടുത്തി, പൊട്ടിച്ചിരിപ്പിക്കുന്ന വിഡിയോ തയാറാക്കുന്നതിന്റെ രഹസ്യം ഉബൈദ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

വിഡിയോ ട്രോളുകൾ ചെയ്താണോ തുടക്കം

2016ൽ ഫോട്ടോസ് ഉപയോഗിച്ചുള്ള ട്രോളുകൾ ‘ട്രോൾ റിപ്പബ്ലിക്’ എന്ന ഗ്രൂപ്പിൽ പങ്കുവച്ചാണ് തുടങ്ങിയത്. എന്നാൽ  അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ആരോമലിന്റെയും സുനിൽ കുരിശിങ്കലിന്റെയും വിഡിയോ ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. അത് വളരെ ആകർഷകമായി തോന്നി. 2018ൽ ‘മാപ്പിളപ്പാട്ട് ദുരന്തങ്ങൾ’ എന്ന പേരിൽ അവതരിപ്പിച്ച ട്രോൾ ഹിറ്റായി. അതോടെ തുടർച്ചയായി ട്രോൾ വിഡിയോ ഉണ്ടാക്കി തുടങ്ങി.

ubaid-ibrahim-1

ഈ സിനിമാ രംഗങ്ങളൊക്കെ എങ്ങനെ കണ്ടെത്തുന്നു? ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള വിഡിയോകൾ വേഗം പ്രേക്ഷകരിലേക്ക് എത്തുന്നു. എങ്ങനെ?

ഒരു ട്രോളനെ സംബന്ധിച്ചിടത്തോളം ധാരാളം സിനിമകളും സ്കിറ്റുകളുമൊക്കെ കണ്ടേ തീരൂ. ഓരോ സിനിമ കാണുമ്പോഴും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് എന്തെങ്കിലുമുണ്ടോ എന്ന് ശ്രദ്ധിക്കും. പഴയ സിനിമകളൊക്കെ ഡൗൺലോഡ് ചെയ്ത് ഉപയോഗപ്പെടുന്ന ഭാഗങ്ങൾ കട്ട് ചെയ്ത് സൂക്ഷിക്കുന്നതാണ് എന്റെ രീതി. അങ്ങനെ കുറേ സിനിമകൾ ചെയ്തു വച്ചിട്ടുണ്ട്. പെട്ടെന്നു തിരിച്ചറിയാവുന്ന രീതിയിൽ പേരു നൽകിയാണ് സൂക്ഷിക്കുന്നത്. ജോലി എഡിറ്റിങ് ആയതുകൊണ്ടാണ് ഇത്ര വേഗത്തിൽ ചെയ്യാൻ സാധിക്കുന്നത്. എഡിറ്റിങ്ങിനു വേണ്ട സിസ്റ്റവും സോഫ്റ്റ്‌വെയറും കയ്യിലുണ്ട്. 

ട്രോൾ വിഡിയോ തയാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കും ?

ആവർത്തന വിരസത ഒഴിവാക്കണം. അതായത് ഒരേ കൗണ്ടറുകൾ വിഡിയോകളിൽ ആവർത്തിക്കരുത്. ദൃശ്യങ്ങൾ മാത്രമല്ല ശബ്ദവും മികച്ചതാവണം. എങ്കിലേ ആളുകൾ കാണൂ. ഇതെല്ലാം പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. മോശമായാൽ കമന്റുകളിലൂടെ മാത്രമല്ല, നേരിട്ട് വിളച്ച് പറയുന്ന ആളുകൾ വരെയുണ്ട്.

പല സന്ദർഭങ്ങൾക്ക് അനുയോജ്യമായി തോന്നിയ കഥാപാത്രം ?

എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമുവിനെയാണ്. അതിലെ കൗണ്ടറുകൾ നിരവധി സന്ദർഭങ്ങൾക്ക് അനുയോജ്യമായി അവതരിപ്പിക്കാം. വേറെയും അത്തരം കഥാപാത്രങ്ങളുണ്ട്. എന്നാൽ ഇപ്പോൾ കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൗണ്ടറുകൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് ഏതു വിഷയങ്ങളിലെ ട്രോളുകള്‍ക്കാണ് ?

രാഷ്ട്രീയം, മതം എന്നിവയിൽ തൊട്ടാൽ വിമർശനവും തെറികളും വരും. എങ്കിലും നല്ല അഭിപ്രായങ്ങളെ സ്വീകരിച്ച് മുന്നോട്ടു പോവുകയാണ് നയം.

ചിലരെ നശിപ്പിക്കുക എന്ന ലക്ഷ്യമുണ്ട്, നടിമാരെ മാത്രമേ ട്രോളൂ എന്നിങ്ങനെയുള്ള വിമർശനങ്ങൾ ട്രോളന്മാർക്കെതിരെ ഉയരാറുണ്ട്.  എന്ത് പറയുന്നു?

ആരെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രോളാറില്ല. അപൂർവമായി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് എന്നത് സത്യമാണ്. അവസാനമായി പ്രിയ വാര്യരുടെ കാര്യത്തിലായിരുന്നു ട്രോളന്മര്‍ ഇത്തരം വിമർശനം നേരിട്ടത്. അതൊരു ട്രെന്റ് മാത്രമാണ്. ചിരിപ്പിക്കാനുള്ളത് എന്തോ ഉണ്ടെന്ന് തോന്നുമ്പോൾ എല്ലാവരും ട്രോളുന്നു. അല്ലാതെ അവരോട് വിരോധമോ, നശിപ്പിക്കാനുള്ള ആ​ഗ്രഹമോ ആർക്കും ഇല്ല. മാത്രമല്ല, ട്രോളൊന്നും വന്നാൽ ആരും ഇല്ലാതാകില്ല. അതൊക്കെ തെറ്റിദ്ധാരണയാണ്. 

നടിമാരുടെ അഭിമുഖങ്ങളാണ് കൂടുതലും ട്രോളാൻ ഉപയോഗിക്കുന്ന വിമർശനവും തെറ്റാണ്. ട്രോളാൻ ആവശ്യമായത് ഉണ്ടോ എന്നാണ് നോക്കാറുള്ളത്. നടനോ നടിയോ എന്നില്ല. ആളുകൾക്ക് ചിരക്കാനുള്ള വക ആ വിഡിയോയിലുണ്ടോ എന്നാതാണ് നോക്കുന്നത്.

വേറൊരു പ്രശ്നം ടിക് ടോക്കിലെ ഏതെങ്കിലും പ്രമുഖ വ്യക്തിയെ ആരെയെങ്കിലും കളിയാക്കി ഡ്യൂറ്റ് ചെയ്താലോ, തമാശക്ക് കമന്റ് ഇട്ടാലോ, മോശം വാക്കുകൾ പറഞ്ഞാലോ ‘എന്നെ ട്രോളി’ എന്നാണ് അവർ പറയുക. അങ്ങനെ ‘ട്രോൾ’ എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അതൊന്നും ട്രോളല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. മറ്റു ചിലർ ഇത് കളിയാക്കലാണ് എന്നു പറഞ്ഞ് തരംതാഴ്ത്തും. അങ്ങനെ നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

ubaid-ibrahim-2

ട്രോളിയശേഷം ചെയ്തതു തെറ്റായിപ്പോയി എന്നു തോന്നിയ അനുഭവം?

മ്യൂസിക്കലി ആയിരുന്ന സമയത്ത് രാജേഷ് എന്ന ഒരാളെ ട്രോളിയിരുന്നു. വാട്സാപ്പിലൂടെയാണ് ആയാളുടെ വിഡിയോകൾ കിട്ടിയത്. ടിക് ടോക്കിലേക്ക് മാറിയശേഷം അയാളുടെ അക്കൗണ്ടും വിഡിയോസും കണ്ടു. അപ്പോൾ നല്ലൊരു മനുഷ്യനാണ്, ട്രോളണ്ടായിരുന്നു എന്നു തോന്നി. തുടർന്ന് ആ വിഡിയോ ഞാൻ നീക്കം ചെയ്തു.

മറ്റു ട്രോളൻമാരുമായി സൗഹൃദമുണ്ടോ?

ഞങ്ങൾ വിഡിയോ ട്രോളന്മാരുടെ ഒരു ഗ്രൂപ്പുണ്ട്. നാൽപതോളം പേർ അംഗങ്ങളാണ്. അതിൽ ചർച്ചകൾ ഉണ്ടാകാറുണ്ട്. ഏതെങ്കിലും വിഷയത്തിൽ ശ്രദ്ധ ആവശ്യമുണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാനും വിഡിയോ ചെയ്യാനും അവിടെ തീരുമാനിക്കും. 

യൂട്യൂബ് ട്രെന്റിങ്ങിൽ ട്രോൾ വിഡിയോകൾ‍ സ്ഥാനം പിടിക്കുന്നു. എന്തു തോന്നുന്നു?

ട്രെന്റിങ്ങിൽ വരുമ്പോൾ സ്വാഭാവികമായും സന്തോഷം തോന്നും. വളരെയധികം ശ്രദ്ധ നേടിയപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. എല്ലാവരും ഗ്രൂപ്പിൽ വിഡിയോ പോസ്റ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായതും യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങാൻ കാരണമായി. 

ട്രോളൻമാരുടെ ഒരേയൊരു രാജാവെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത് ?

രാജാവ് എന്നൊന്നും പറയുന്നത് ശരിയല്ല. കളിയാക്കാക്കി വിളിക്കുന്നതു പോലെയാണ് എനിക്ക് തോന്നുക. ഇനി രാജാവ് എന്നു വിശേഷിപ്പിക്കണമെങ്കിൽ ആരോമലും സുനിൽ കുരിശിങ്കലും ഫാരിസുമാണ് കൂടുതൽ അനുയോജ്യർ. അവരുടെ ട്രോളുകൾ എന്റേതിനേക്കാൾ മികച്ചതാണ്.

മടുപ്പ് തോന്നാറുണ്ടോ? 

വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്ന ആളുകളുണ്ട്. 5 മണിക്ക് വിഡിയോ കണ്ടില്ലെങ്കിൽ മെസേജ് അയച്ചു ചോദിക്കുന്നവരുണ്ട്.  എനിക്ക് വളരെ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യമാണ് ട്രോൾ ചെയ്യുന്നത്. ജോലിക്കിടയിലും സമയം കണ്ടെത്തി വിഡിയോ തയാറാക്കും. യാതൊരു ജോലിയും ഇല്ലാത്തവരാണ് ട്രോളന്മാർ എന്നു പറയും. എന്നാൽ നമ്മുടെ എല്ലാ ജോലിയും തീർത്താണ് വിഡിയോ തയാറാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA