ADVERTISEMENT

തന്റെ ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും കൊതുകുകൾക്കും ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നെന്ന് സീരിയൽ താരം ആദിത്യൻ ജയൻ. ഇപ്പോൾ ഓർക്കുമ്പോൾ രസകരമെന്നു തോന്നുന്ന ആ സംഭവങ്ങളെക്കുറിച്ച് ആദിത്യൻ.

അമ്പിളിയുമായുള്ള വിവാഹം നടന്ന ദിവസം... കല്യാണം കഴിഞ്ഞപ്പോൾ മുതൽ എല്ലാ ഭാഗത്തു നിന്നും സൈബർ ആക്രമണങ്ങൾ തുടങ്ങി. എന്തു ചെയ്യണം എന്തു പറയണം എന്ന് അറിയാൻ വയ്യാത്ത ഒരവസ്ഥയിലായി ഞങ്ങൾ. അന്നു തന്നെ അമ്പിളിക്ക് ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. പ്രോഗ്രാം ഉപേക്ഷിക്കാനും പറ്റില്ല. അങ്ങനെ ഞങ്ങൾ ഒന്നിച്ച് പ്രോഗ്രാമിനു പോയി. പാതിരാത്രിക്കാണ് തിരിച്ചെത്തിയത്. വീട്ടിലാണെങ്കിൽ നിറയെ ബന്ധുക്കൾ. ഭക്ഷണം കഴിച്ചിട്ട് ഞാൻ നേരേ മുറിയിലെത്തി. മുറിയിലാണെങ്കിൽ ഭയങ്കര കൊതുകശല്യം. അമ്പിളിയോട് സംസാരിക്കുന്നുണ്ടെങ്കിലും കൊതുകു കടി കാരണം ഒന്ന് സ്വസ്ഥമായിട്ട് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

ഒരു വശത്ത് സൈബർ ആക്രമണം മറുവശത്ത് കൊതുകിന്റെ ആക്രമണം...ഒരു രക്ഷയുമില്ല. അവസാനം ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചെഴുന്നേൽപ്പിച്ച്  കൊതുകുതിരി ഉണ്ടോ എന്നു ചോദിച്ചു. വീട്ടിലാണെങ്കിൽ കൊതുകുതിരിയും ഇല്ല. പിന്നെ എന്തു ചെയ്യാൻ.... കൊതുകിനെ തല്ലി തല്ലി നേരം വെളുപ്പിച്ചു.

TV actors Jayan Adityan, Ambili Devi tie the knot

പിന്നെ മറ്റൊരു സംഭവം 2013ൽ നടന്നതാണ്. പനി പിടിച്ചു കിടന്നിരുന്ന എന്നെ രാത്രി 12 മണിക്ക് അറസ്റ്റ് ചെയ്ത് കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. നാലര ആയപ്പോഴേക്ക് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ളതല്ലാതെ ജയിലിനെ കുറിച്ച് ഒന്നും അറിയില്ല. ഇങ്ങനെ ഒരവസ്ഥ ജീവിതത്തിൽ ഉണ്ടാവുമെന്ന് കരുതിയിട്ടുമില്ല.

ambili-devi

അങ്ങനെ ജയിലിലെത്തി ഒപ്പിട്ടിട്ട് എന്നെ സെല്ലിലേയ്ക്ക് വിട്ടു. സെല്ലിലാണെങ്കിൽ ഭയങ്കര കൊതുക്. കൊതുകു കടിയൊക്കെ സഹിച്ച് ഞാനാകെ പേടിച്ച് വിളറി ഇരിക്കുകയാണ്. അടുത്ത നിമിഷം എന്താവും സംഭവിക്കുന്നത് എന്ന ഭയമുണ്ട്. ഇനി മുൻപോട്ട് ഒരു ജീവിതം ഇല്ല. എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു എന്ന ചിന്തയിലാണ് ഇരിക്കുന്നത്. അപ്പോൾ മോഷണ കേസിൽ പ്രതിയായ ഒരു പയ്യൻ എന്റടുത്തു വന്നു പരിചയപ്പെട്ടു. അടുത്ത നിമിഷം മുതൽ അയാൾ എന്നോട് ചാൻസ് ചോദിക്കാൻ തുടങ്ങി. എന്റെ മാനസികാവസ്ഥയെ കുറിച്ചൊന്നും ഒരു ചിന്തയുമില്ലതെ അയാൾ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷങ്ങളെയും കഥകളെയും ഒക്കെ കുറിച്ച് നിർത്താതെ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. കേൾക്കുകയല്ലാതെ എന്തു ചെയ്യാൻ? ഒരു വശത്ത് കൊതുകുശല്യം മറുവശത്ത് അയാളുടെ ശല്യം.ഒപ്പം ഭയവും ടെൻഷനും ... ഹൊ! ആ ദിവസത്തെ കുറിച്ച് ഓർത്താൽ ഇപ്പോഴും ഞാൻ ടെൻഷനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com