ADVERTISEMENT

നായകനും വില്ലനുമാക്കാനാവുന്ന സുന്ദരൻ എന്ന് നവീൻ അറയ്ക്കലിനെ വിശേഷിപ്പിക്കാം. നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ചിലരുടെ മനസ്സിൽ നവീന്‍ ‘മിന്നൽ കേസരിയാണ്’. ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിന്റെ തരംഗത്തിനു പിന്നാലെ സംഘട്ടന രംഗങ്ങൾക്കു പ്രാധാന്യം കൊടുത്ത് ‘മിന്നൽ കേസരി’ സംപ്രേക്ഷണം ആരംഭിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. മസിലും സൗന്ദര്യവുമുള്ള നായകന്‍ ആ പ്രതീക്ഷകൾ വര്‍ധിപ്പിച്ചു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് 50 എപ്പിസോഡുകൾ മാത്രമായിരുന്നു മിന്നൽ കേസരിയുടെ ആയുസ്സ്. 

ഈ അപ്രതീക്ഷിത അവസാനത്തിൽ ഏറ്റവും കൂടുതൽ വലഞ്ഞു പോയത് പുത്തൻ പ്രതീക്ഷകളുമായി എത്തിയ സീരിയലിലെ നായകനും പുതുമുഖവുമായ നവീൻ അറയ്ക്കൽ ആയിരുന്നു. പിന്നീട് ‘നൊമ്പരത്തിപ്പൂവ്’ എന്ന സീരിയലിന്റെ ഭാഗമായെങ്കിലും അതും വിജയമായില്ല. അതോടെ നിർഭാഗ്യവാൻ എന്ന പേര് വീണു. നവീൻ അഭിനയിച്ചാൽ സീരിയൽ പൂർത്തിയാകില്ല എന്ന് പലരും വിശ്വസിച്ചു. 

അത്തരമൊരു അവസ്ഥയിൽ നിന്ന് മലയാള മിനിസ്ക്രീനിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളായി നവീൻ വളർന്നു. ശുഭാപ്തി വിശ്വാസത്തോടെ, പതിയെ ചുവടുകൾ വച്ചു നടത്തിയ മുന്നേറ്റം. അഭിനയലോകത്തു നിന്ന് തോറ്റു മടങ്ങാവുന്ന അനുഭവങ്ങളിൽ നിന്ന് മുൻനിര താരമായി നവീൻ മാറിയിരിക്കുന്നു. പിന്നിട്ട വഴികളെ കുറിച്ച് മനോരമ ഓൺലൈനോട് നവീൻ മനസ്സു തുറക്കുന്നു.

Income Tax-Jan.indd

നിർഭാഗ്യവാനായ കേസരി

‌മിന്നൽ കേസരിയും നൊമ്പരത്തിപ്പൂവുമെല്ലാം ഭാഗ്യമില്ലാത്തവൻ എന്ന പേര് എനിക്കു നൽകി. വിശ്വാസങ്ങൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന സീരിയൽ ഇൻഡസ്ട്രിയിൽ മുന്നോട്ടു പോകാനുള്ള വാതിലുകളെല്ലാം അടയാന്‍ ഇത് കാരണമായി. ഞാൻ അഭിനയിച്ച ഒരു പ്രൊജക്ട് പിന്നീട് മറ്റൊരാളെ വച്ച് അഭിനയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നല്ല പ്രൊജക്ടിന്റെ ഭാഗമായെങ്കിലും റിലീസ് ചെയ്തപ്പോൾ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ഇല്ലായിരുന്നു. ഇങ്ങനെ പല പ്രതിസന്ധികളും നേരിട്ടു. മീഡിയയുമായി ബന്ധപ്പെട്ട മേഖലയിൽ നിൽക്കണം എന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ടായിരുന്നു. ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിന് ഇറങ്ങിത്തിരിച്ചത്. ഇതിനിടയിൽ വിവാഹിതനാവുകയും ചെയ്തു.

വിശ്വസിച്ചു, പോരാടി

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്നായിരുന്നു എന്റെ വിശ്വാസം. ശക്തമായി തന്നെ മുന്നോട്ടു പോയി. അവസരങ്ങൾ ചോദിക്കാൻ എനിക്ക് മടിയില്ലായിരുന്നു. സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും അണിയറപ്രവർത്തകരോടും അവസരങ്ങൾ ചോദിച്ചു. ഒന്ന് നഷ്ടമായാൽ നല്ലതൊന്ന് കാത്തിരിക്കുന്നുണ്ടാവും എന്ന വിശ്വസിച്ചു വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. ചെറിയ വേഷങ്ങൾ ചെയ്തു. എല്ലാത്തിലും ആത്മാർഥതയോടെ പ്രവർത്തിച്ചു. തോറ്റു പിൻമാറാൻ ഒരുക്കമല്ലായിരുന്നു. ഓരോ അരിമണിയിലും അതു കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിരിക്കുമല്ലോ. അങ്ങനെ എനിക്കും ഏതെങ്കിലുമൊക്കെ കഥാപാത്രം കാത്തിരിക്കുന്നുണ്ടാവും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടേയിരുന്നു.

അള്ള് രാഘവനിലൂടെ വീണ്ടും

‘ബാലമണി’ എന്ന സീരിയലിലെ ‘അള്ള് രാഘവൻ’ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രകടനത്തിന് അവസരമുള്ള കഥാപാത്രമയിരുന്നു അത്. സീരിയലിൽ വീണ്ടും സജീവമാകാനും മികച്ച കഥാപാത്രങ്ങൾ തേടിവരാനും അത് കാരണമായി. എന്റെ രണ്ടാം വരവ് എന്നെല്ലാം അതിനെ വിശേഷിപ്പിക്കാം. എന്തായാലും പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. ഇതുവരെ നാല്പതോളം സീരിയലിന്റെ ഭാഗമായി. പ്രണയത്തിലെ വില്ലൻ വേഷമാണ് എന്റെ ഇഷ്ടകഥാപാത്രം.

ആരോഗ്യം വിട്ട് കളിയില്ല

25 വർഷത്തോളമായി ജിമ്മിൽ പോയി കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അന്നൊക്കെ മസിൽ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോൾ ആരോഗ്യം നിലനിർത്തുക എന്നതാണ് മുഖ്യം. എല്ലാ വിഭവങ്ങളും കഴിക്കും. ഷൂട്ട് ഇല്ലാത്തപ്പോൾ ജിമ്മിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. വർക്കൗട്ട് ചെയ്തില്ലെങ്കിൽ ആകെ ഡൗൺ ആയി പോകുന്നതു പോലെ തോന്നും. ദേഷ്യവും സങ്കടവും നൈരാശ്യവും എല്ലാം തീർക്കാനുള്ള സ്ഥലം കൂടിയാണ് ജിം എനിക്ക്.

ഒരു മണിക്കൂര്‍ മതി

ഒരു മണിക്കൂർ വർക്കൗട്ട് ചെയ്താൽ മതി, ഞാൻ എല്ലാവരോടും പറയുന്ന ഒരു കാര്യവും അതാണ്. ഇപ്പോൾ ഒട്ടുമിക്ക ആർടിസ്റ്റുകളും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ്. ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് ആരോഗ്യം എന്നത് എല്ലാവർക്കും മനസ്സിലായി. പിന്നെ എല്ലാം കഴിക്കുമെങ്കിലും വയറു നിറച്ച് കഴിക്കുക എന്ന ശീലമില്ല. എല്ലാം പകുതി അളവിൽ കഴിക്കുക എന്നതാണ് രീതി. എല്ലാം വയറു നിറച്ച് കഴിക്കുമ്പോഴാണ് ആവശ്യമില്ലാത്ത രോഗങ്ങൾ വരുന്നത്. 

Income Tax-Jan.indd

സിനി, പ്രണയം, വിവാഹം

ആദ്യം മോഡലിങ് മേഖലയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അക്കാലത്താണ് സിനിയെ പരിചയപ്പെടുന്നത്. എന്റെ ഒരു ഷോ കാണാൻ വേണ്ടി വന്നതായിരുന്നു പുള്ളിക്കാരി. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. പതിയെ പ്രണയത്തിലായി. പ്രേമം പൂത്തുലഞ്ഞ് നടക്കുന്ന രീതിയിലല്ല, വളരെ കാഷ്യലായിരുന്നു ഞങ്ങളുടെ പ്രണയം. പുള്ളിക്കാരിയാണ് പ്രപ്പോസ് ചെയ്തത്. പിന്നീട് ഞാൻ വീട്ടിൽ പോയി സംസാരിച്ചു. ഞങ്ങൾ രണ്ടു മതത്തിലുള്ളവരായിരുന്നു. എങ്കിലും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വിവാഹം നടന്നു. ഈ ജനുവരി 29ന് ആയിരുന്നു വിവാഹ വാർഷികം. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 14 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

സിനി അധ്യാപികയായാണ്. രണ്ട് മക്കളുണ്ട്. മകൾ നേഹ ഏഴാം ക്ലാസിലും മകൻ നിവേദ് ഒന്നാം ക്ലാസിലും പഠിക്കുന്നു. 

സ്വപ്നം സിനിമ

ഏതൊരു ആർടിസ്റ്റിന്റെയും എന്നതു പോലെ സിനിമ എന്റെയും സ്വപ്നമാണ്. നല്ലൊരു ടീമിന്റെ കൂടെ, നല്ലൊരു കഥാപാത്രങ്ങള്‍ ചെയ്യണമെന്നതാണ് ആഗ്രഹം. ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആളുകൾ ഓർത്തിരിക്കുന്ന നല്ലൊരു കഥാപാത്രമാണ് വേണ്ടത്. അതിനായി ശ്രമിക്കുന്നുണ്ട്. ഈ ആഗ്രഹവും സഫലമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

English Summary : Actor Naveen Araykkal interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com