sections
MORE

നിറവയറുമായി ഫാഷൻ ലോകം കീഴടക്കി കൽകി; സൈസ് സീറോ അല്ല, മദർ ഹീറോ ടാ !

kalki-koechlin-celebrating-her-baby-bump
SHARE

മാതൃത്വത്തേക്കാൾ മനോഹരമായ മറ്റൊരു അവസ്ഥയുണ്ടോ എന്നു സംശയമാണ്. പക്ഷേ, മാതൃത്വത്തെ ശരീരത്തിലേക്കാവാഹിക്കുമ്പോൾ ഉടലിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പലരും അൽപം വിഷമത്തോടെയാണ് നോക്കിക്കാണുന്നത്. ആറ്റുനോറ്റ് കൊണ്ടു നടന്ന സൈസ് സീറോ ശരീരത്തെ അലസമായി വിടാൻ പലർക്കും പേടിയാണു താനും. എന്നാൽ അമ്മയുടലിന്റെ ഭംഗി അതിർവരമ്പുകൾ തകർത്തൊഴുകാൻ കഴിവുള്ള വശ്യതയാണെന്നു വിളിച്ചു പറയുകയാണ് കൽകി കേക്‌ല തന്റെ ഗർഭകാല ചിത്രങ്ങളിലൂടെ.

ജനിച്ചത് ഇന്ത്യയിലാണെങ്കിലും കൽകി വളർന്നതും പഠിച്ചതും വിദേശത്താണ്. ചെറുപ്പം മുതൽ അഭിനയത്തിൽ താത്പര്യം കാട്ടിയ കൽകിയുടെ സിനിമാ ജീവിതം തുടങ്ങുന്നത് 2009 ലെ ഇന്ത്യൻ ചിത്രം ‘ദേവ് ഡി’യിലൂടെയാണ്. ഒരു വിദേശിയുടെ രൂപഭാവങ്ങളുള്ള കൽകിയെ ഇന്ത്യൻ സിനിമാ ആസ്വാദകർ ആദ്യമൊന്നും അംഗീകരിച്ചില്ല. പക്ഷേ, മെല്ലെ മെല്ലെ തന്റെ അഭിനയ മികവിലൂടെ കൽകി ജനപ്രീതി നേടി. ബോളിവുഡിലെ ന്യൂജൻ സിനിമകളിലും സംവിധായകൻ അനുരാഗ് കശ്യപിന്റെ ചിത്രങ്ങളും കൽകി സ്ഥിരം സാന്നിധ്യമായി. പിന്നീട് അനുരാഗിനെ തന്നെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം ഏറെ നാൾ നീണ്ടു നിന്നില്ല. 2015ൽ വിവാഹ മോചനം നേടിയ കൽകി വീണ്ടും അഭിനയത്തിൽ സജീവമായി. ഇതിനിടയിലാണ് മാതൃത്വത്തിന്റെ മധുരം നുകരാൻ കൽകി തീരുമാനിക്കുന്നത്.

img-4545787

2019ൽ ഇസ്രയേലി സംഗീതജ്ഞൻ ഗൈ ഹെർഷ്ബർഗുമായി ലിവ് ഇൻ റിലേഷൻഷിപ് തുടങ്ങിയ കൽകി വൈകാതെ ഗർഭിണിയായി. മാതൃത്വത്തെ ശരീരത്തിലേക്ക് ഉൾച്ചേർക്കുന്നതിനായി സിനിമാലോകത്തോട് താത്കാലികമായി വിട പറഞ്ഞെങ്കിലും ക്യാമറയ്ക്കു മുന്നിൽ കൽകി ഇന്നും സജീവമാണ്. നിറവയറുമായി ബിക്കിനിയണിഞ്ഞ് ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന കൽകിയെ കൗതുകത്തോടെയാണ് ഫാഷൻ ലോകം നോക്കിക്കണ്ടത്. തുടക്കത്തിൽ നേരംപോക്കെന്നപോലെ കൽക്കി പോസ്റ്റ് ചെയ്ത നിറവയറൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ഫാഷൻ ലോകത്തു ശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ ഡിസൈനർമാരും ഫൊട്ടോഗ്രഫർമാരും കൽകിയെ തേടിയെത്തി.

img-2456

2019 ലെ ഗ്രേഷ്യ മാഗസിന്റെ കവറിൽ ഉൾപ്പെടെ കൽകിയുടെ ‘വയറൻ’ ചിത്രങ്ങൾ നിറഞ്ഞു. തൊട്ടുപിന്നാലെ ‘ദ് പീക്കോക്’ മാഗസിൻ കൽകിയുടെ ബിക്കിനി വേഷത്തിലുള്ള ഒരു വൈറൽ ഫോട്ടോഷൂട്ട് നടത്തി. ബോളിവുഡിലെ പുത്തൻ റിലീസ് ചിത്രങ്ങളെയും ചൂടൻ ഫോട്ടോഷൂട്ടുകളെയും കടത്തിവെട്ടി ഗ്ലാമർ ഇൻഡസ്ട്രി കൽകി പിടിച്ചടക്കി. ഒരൽപം തടി കൂടിയാൽ ഏതു വസ്ത്രം ധരിക്കുമെന്നു നൂറുവട്ടം ആലോചിക്കുന്നവർക്കിടയിലേക്ക് നിറവയറും വീർത്ത ശരീരവുമായി ബിക്കിനിയുമണിഞ്ഞ് കൽകി നടന്നു കയറിയപ്പോൾ തകർന്നടിഞ്ഞത് ഫാഷൻ ലോകത്തെ മുൻവിധികളാണ്. 

‘ഇപ്പോഴും ഒരു ഗർഭിണിയാണെന്നു വിശ്വസിക്കാൻ എനിക്കു സാധിച്ചിട്ടില്ല. എന്റെ ചില ഇഷ്ടങ്ങളെ അനിഷ്ടങ്ങളാക്കാനും വെറുപ്പുകളെ ഇഷ്ടപ്പെടാനും ഈ അവസ്ഥ എന്നെ പഠിപ്പിച്ചു. പണ്ട് എല്ലാതരം സിനിമകളും ഞാൻ ആർത്തിയോടെ കണ്ടു തീർക്കറുണ്ടായിരുന്നു. പക്ഷേ, ഇന്നതു കഴിയില്ലല്ലോ. ഞാൻ കാണുന്ന സിനിമകൾ അകത്തിരക്കുന്ന ആൾക്കുകൂടി ഇഷ്ടപ്പെടേണ്ടേ? ചിത്രങ്ങളുടെ കാര്യമാണെങ്കിൽ നിങ്ങളുടെ ശരീരമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. അതു എങ്ങനെ വേണമെന്നു നിങ്ങൾക്കു തീരുമാനിക്കാം. ഏതു സൈസിലാണെങ്കിലും നിങ്ങൾ ഓക്കെയാണെങ്കിൽ അതാണ് നിങ്ങളുടെ മോസ്റ്റ് ബ്യൂട്ടിഫുൾ ഔട്ട്ഫിറ്റ്’– കൽകി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

English Summary : Kalki Koechlin celebrating her pregnancy period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA