sections
MORE

ഓരോ ‘പരകായപ്രവേശത്തിനും’ പിന്നിൽ അവരുണ്ട്!

best-hollywood-make-up-artists
SHARE

മേക്കപ് കൂടുതലാണോ ചേട്ടാ?’– ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ അറിയാത്ത ‘1983’ലെ മിസിസ് സുശീല രമേശന് പോലും മേക്കപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. ആണിനെ പെണ്ണാക്കാനും കാക്കയെ കൊക്കാക്കാനും സാധിക്കുന്നവരാണ് മേക്കപ് ആർട്ടിസ്റ്റുകൾ. നാടകത്തിലും സിനിമയിലും തുടങ്ങി വിവാഹങ്ങളിലും മറ്റു പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളിലും മേക്കപ് ആർട്ടിസ്റ്റുകൾ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവരായി മാറിക്കഴിഞ്ഞു. പക്ഷേ, ദേശീയ പുരസ്കാര ജേതാവായ മേക്കപ് ആർടിസ്റ്റ് പട്ടണം റഷീദിനെ മാറ്റിനിർത്തിയാൽ എത്ര മേക്കപ് ആർടിസ്റ്റുകളെ നമുക്കറിയാം ? കരവിരുതിൽ കവിത രചിക്കുന്ന ചല രാജ്യാന്തര മേക്കപ് ആർടിസ്റ്റുകളിലൂടെ...

ജോൺ കാഗ്‌ലിയോൻ ജൂനിയർ

01

ചുണ്ടിൽ നീട്ടി വലിച്ചുള്ളൊരു ചിരിയും ‘വൈ സോ സീരയസ്’ എന്ന ചോദ്യവുമായി ഹോളിവുഡ് സിനിമകളിൽ അന്നുവരെ നിലനിന്നിരുന്ന ക്ലീഷേ വില്ലൻ കഥാപാത്രങ്ങളെ കീഴ്മേൽ മറിച്ച വില്ലനായിരുന്നു ‘ഡാർക് നൈറ്റ്’ എന്ന സിനിമയിലെ ജോക്കർ. സിനിമ ഇറങ്ങി വർഷങ്ങൾക്കിപ്പുറവും യുവാക്കളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ ഭരിക്കുന്ന ജോക്കറിനെ ആ രൂപത്തിലേക്കെത്തിച്ചത് വിഖ്യാത ഹോളിവുഡ് മേക്കപ് ആർടിസ്റ്റ് ജോണി കാഗ്‌ലിയോൻ ജൂനിയറാണ്. 1970 മുതൽ മേക്കപ് ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ജോൺ, തന്റെ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചതു മുഴുവൻ നാടകങ്ങളും സ്റ്റാൻഡ് അപ് കോമഡി ആർടിസ്റ്റുകളെയും കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് സിനിമയിലേക്കു ചുവടുമാറി. മികച്ച മേക്കപ് ആർടി‌സ്റ്റിനുള്ള അക്കാദമി അവാർഡ്സിനു രണ്ടു തവണ നാമനിർദേശം ചെയ്യപ്പെട്ട ജോണിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത് ഹീത് ലെഡ്ജർ എന്ന അനശ്വര കലാകാരനെ ജോക്കർ എന്ന മാസ്മരിക വില്ലനിലേക്കു പരകായപ്രവേശം നടത്താൻ സഹായിച്ച കരവിരുതായിരുന്നു. 2014ൽ പുറത്തിറങ്ങിയ ‘വിന്റർ ടെയ്ൽ’ ആയിരുന്നു ജോൺ അവസാനമായി പ്രവർത്തിച്ച ചിത്രം.

ഗ്രഗ് കന്നം

004

ലോകത്തെ പ്രണയിക്കാൻ പഠിപ്പിച്ച ജയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന സിനിമയിലെ ജാക്കും റോസും അന്നത്തെ തലമുറയുടെ സൗന്ദര്യ സങ്കൽപങ്ങളുടെ പ്രതിരൂപങ്ങളായപ്പോൾ അവർക്കു നിറം ചാർത്തിയത് ഗ്രിഗ് കന്നം എന്ന ഇതിഹാസ മേക്കപ് ആർട്ടിസ്റ്റായിരുന്നു. 10 തവണ അക്കാദമി അവാർഡ്സിനു ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ഗ്രഗ് 4 തവണ അവാർഡുമായാണ് വീട്ടിലേക്കു മടങ്ങിയത്. ‘എ ബ്യൂട്ടിഫുൾ മൈൻഡ്, ദ് മാസ്ക്, ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ തുടങ്ങി ഹോളിവുഡിലെ എണ്ണം പറഞ്ഞ സിനിമകളിലെല്ലാം സ്പെഷൽ മേക്കപ് ആര്‍ടിസ്റ്റ് ആയി ഗ്രഗ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ സാങ്കേതിക വിദ്യയുടെ പുതിയ ആകാശം തുറന്ന ഷാറൂഖ് ഖാൻ ചിത്രം ഫാൻ, കപൂർ ആൻഡ് സൺസ് എന്നീ സിനിമകളിലൂടെ ബോളിവുഡിലും ഗ്രഗ് തന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മൈക്കേൽ ബൂർക്

03

പുരുഷൻമാർ അടക്കിവാണിരുന്ന മേക്കപ് ആർടിസ്റ്റ് ലോകത്തിലേക്ക് മൈക്കേൽ ബൂർക് എന്ന ഐറിഷ് വംശജ കടന്നുവന്നത് വളരെ യാദൃച്ഛികമായായിരുന്നു. പ്രഫഷനൽ മേക്കപ്പിനെക്കുറിച്ച് യാതൊരുവിധ മുൻധാരണകളും ഇല്ലാതെ സിനിമാ ലോകത്തേക്കു കടന്നു വന്ന മൈക്കേൽ, സ്വതന്ത്ര മേക്കപ് ആർടിസ്റ്റായി ആദ്യ സിനിമ ചെയ്യുന്നത് തന്റെ 20–ാം വയസ്സിലാണ്. തന്റെ ആദ്യ ചിത്രമായ ‘ക്വസ്റ്റ് ഓഫ് ഫയറിനു’ തന്നെ അക്കാദമി അവാർഡ് സ്വന്തമാക്കിയ മൈക്കേൽ ഹോളിവുഡിൽ തന്റെ വരവ് രാജകീയമായിത്തന്നെ ആഘോഷിച്ചു. അതോടെ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ മേക്കപ് ആർട്ടിസ്റ്റായി മാറിയ മൈക്കേൽ ദ് സെൽ, ഡ്രാക്കുള, മോൺസ്റ്റർ ഹൗസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മേക്കപ് ലോകത്തെ പ്രിയങ്കരിയായി മാറി.

റിച്ചാർഡ് ടെയ്‌ലർ‌

04

ലോകമെമ്പാടും ആരാധകരുള്ള ‘ലോർഡ് ഓഫ് റിങ്സ്’ സീരീസുകളിലെ കഥാപാത്രങ്ങൾക്ക് ഇത്രയും പ്രചാരം ലഭിക്കാനുള്ള പ്രധാന കാരണം അവരെ അവതരിപ്പിച്ചിരുന്ന രീതിയാണ്. ഓരോ കഥാപാത്രത്തിനും പ്രത്യേകം പ്രത്യേകം രൂപഭംഗി ഒരുക്കി, കാണികൾ എന്നെന്നും ഓർത്തിരിക്കുന്ന രീതിയിൽ അവരെ സ്ക്രീനിലെത്തിക്കാൻ ആഗ്രഹിച്ച സംവിധായകൻ പീറ്റർ ജാക്സന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകിയത് റിച്ചാർഡ് ടെയ്‌ലർ എന്ന എന്ന മേക്കപ് ആർട്ടിസ്റ്റായിരുന്നു. കിങ് കോങ്, പവർ റേ‍‍ഞ്ച്ഴ്സ്, സ്പെക്ട്രൽ തുടങ്ങി നിരവധി സൂപ്പർ ഹീറോ സിനിമകൾക്കായി തന്റെ മേക്കപ് ബോക്സ് തുറന്ന റിച്ചാർഡ്, സൂപ്പർ ഹീറോ മേക്കപ് മാൻ എന്നാണ് ഹോളിവുഡിൽ അറിയപ്പെട്ടിരുന്നത്.

സ്റ്റാൻ വിൻസ്റ്റൻ

05

വേഷപ്പകർച്ചകൾകൊണ്ടു ആരാധകരെ ഞെട്ടിക്കുന്നതിൽ ഹരം കണ്ടെത്തുന്ന താരമാണ് ജോണി ഡപ്. ഓരോ സിനിമയിലും ഇത് അദ്ദേഹമാണെന്നു തിരിച്ചറിയാൻ ജോണിയുടെ കട്ട ആരാധകർക്കുപോലും കഴിയാറില്ല എന്നതാണു വാസ്തവം. ഇങ്ങനെ വേഷങ്ങളിൽ നിന്നു വേഷങ്ങളിലേക്കു പകർന്നാടുന്ന ജോണിയെ ഇത്തരം രൂപങ്ങളിലേക്കു മാറ്റിയെടുക്കുന്നതിനു തുടക്കം കുറിച്ചത് സ്റ്റാൻ വിൻസറ്റൻ എന്ന ഹോളിവുഡ് മേക്കപ് ആർട്ടിസ്റ്റ്. ടെലിവിഷനിൽ മേക്കപ് ആർട്ടിസ്റ്റായി തുടങ്ങിയ സ്റ്റാൻ പതിയെ ഹോളിവുഡിലേക്ക് ചുവടുമാറ്റി. 1990ൽ പുറത്തിറങ്ങിയ ‘എഡ്വർഡ് സിസർഹാൻഡ്സ്’ എന്ന ചിത്രത്തിൽ ജോണി ഡപ്പിനെ സ്റ്റാൻ മാറ്റിയെടുത്ത വിധം കണ്ട് സിനിമാലോകം മൂക്കത്തു വിരലുവച്ചു. ടെർമിനേറ്റർ, റോങ് ടേൺ, ജുറാസിക് പാർക്ക് തുടങ്ങി നിരവധി വാണിജ്യ സിനിമകളുടെ ഭാഗമായ സ്റ്റാൻ, 2008ൽ സിനിമാലോകത്തോടും ജീവിതത്തോടും വിടപറഞ്ഞു.

English Summary : Best Make up artists in Hollywood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA