ADVERTISEMENT

തുകൽ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായി ബോളിവുഡ് താരം സണ്ണി ലിയോൺ. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി (PETA– പീപ്പിള്‍ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) ചേർന്നാണ് സണ്ണി ലിയോൺ പുതിയ ക്യാംപെയ്ന് തുടക്കമിട്ടത്. സണ്ണിയുടെ പുറംതൊലി അടര്‍ത്തിയെടുക്കുന്ന രീതിയിൽ ചിത്രീകരിച്ച പരസ്യമാണ് ലാക്മേ ഫാഷൻ വീക്കിനോട് അനുബന്ധിച്ചുള്ള സസ്റ്റൈനബിൾ ഫാഷൻ ഡേയിൽ പുറത്തു വിട്ടത്. 

നിലവിൽ പെറ്റ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആണ് സണ്ണി ലിയോൺ. പെറ്റയുടെ പല ക്യാംപെയ്നിലും സണ്ണി സജീവമായി പങ്കെടുക്കുന്നുണ്ട്. ‘‘ഇങ്ങനെയാരു ക്യാംപെയ്ന്റെ ഭാഗമാകാമോ എന്നു ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. കാരണം ഇതെന്റെ ജീവതത്തിൽ പ്രാവർത്തികമാക്കിയ ഒരു കാര്യമാണ്. നമുക്ക് മൃഗങ്ങളെ വേദനിപ്പിക്കാതെ നിർമിച്ച വസ്തുക്കൾ ഉപയോഗിച്ച വസ്തുക്കൾ വാങ്ങാനുള്ള നിരവധി സാധ്യതകൾ ഉണ്ട്. ഇവിടെ നിന്നിറങ്ങി, ഒരു ബാഗോ അതുപോലെ എന്തെങ്കിലും സാധനമോ വാങ്ങും മുൻപ് രണ്ടു തവണ ചിന്തിക്കണം അതെങ്ങനെ നിങ്ങളുടെ കൈകളിൽ എത്തിയതാകുമെന്ന്’’ – പരസ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സണ്ണി ലിയോൺ പറഞ്ഞു.

തുകൽ വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഏതാനും വർഷങ്ങളായി പെറ്റ ബോധവത്കരണം നടത്തുന്നുണ്ട്. മൃഗങ്ങളുടെ തൊലി പൊളിച്ചെടുത്താണ് തുകൽ ഉണ്ടാക്കുന്നതെന്നും ഇത് ഉപേക്ഷിക്കണമെന്നുമായിരുന്നു ആഹ്വാനം. സണ്ണി ലിയോൺ ഈ ക്യാംപെയ്ന് നേരത്തെ തന്നെ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ പരസ്യം. സണ്ണി ലിയോണിന്റെ തൊലി വലിച്ചെടുക്കുന്നതും ചോര ഒലിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. ‘‘തുകൽ മൃഗങ്ങളിൽ നിന്ന് പൊളിച്ചെടുക്കുന്ന ഒരു ചർമമാണ്. ആ തുകൽ ബാഗ് അല്ലെങ്കിൽ ഷൂ ഏതിന്റെയോ ചർമമായിരുന്നു. വെഗൻ ധരിക്കൂ’’ എന്ന് ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്.

‘‘തുകൽ കൊണ്ടുള്ള ബാഗോ, ബെൽറ്റോ, ഷൂസോ കാണുമ്പോൾ അതിനു പിന്നിലുള്ള ക്രൂരത ഓർത്ത് എനിക്ക് വേദന തോന്നാറുണ്ട്. കാരണം ഇത് മൃഗങ്ങളെ വേദനിപ്പിച്ച് എടുത്തതാണ്. അടുത്ത തവണ തുകൽ കൊണ്ടല്ലാതെ നിർമിച്ച വസ്തുക്കൾ വാങ്ങാൻ നിങ്ങൾ ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആവശ്യത്തിന് വേദനയും വെറുപ്പുമുള്ള കാര്യങ്ങൾ ഈ ലോകത്തുണ്ട്. നമുക്ക് കുറച്ച് നല്ലതായിക്കൂടേ’’ - സണ്ണി ലിയോൺ വികാരഭരിതയായി. 

ഏതാനും വർഷങ്ങളായി സസ്യാഹാര രീതികളാണ് സണ്ണി ലിയോൺ പിന്തുടരുന്നത്. ഇതിന്റെ കാരണം പറഞ്ഞപ്പോൾ താരത്തിന്റെ കണ്ണുകൾ നിറഞ്ഞു. യൂലിൻ ഫെസ്റ്റിവെലിൽ നായകളെ ജീവനോടെ വേവിക്കുന്നതും വറുക്കുന്നതും ചിന്തിക്കാവുന്നതിലുമപ്പുറം ക്രൂരമായി കൊല്ലുന്നതും കണ്ടു. അതാണ് സസ്യാഹാരി ആകാനുള്ള തീരുമാനത്തിന് കാരണമായത്. അതുകണ്ട് നിൽക്കനായില്ല. അന്ന് ഒരുപാട് കരഞ്ഞെന്നും സണ്ണി പറഞ്ഞു.

പശുവിന്റെ കണ്ണിൽ മുളക് തേച്ച്, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതും മൃഗങ്ങൾ ക്രൂരത സഹിക്കാനാവാതെ കരയുന്നതുമായ വിഡിയോകൾ കണ്ടു. അങ്ങനെയാണ് അവയ്ക്കു വേണ്ടി പ്രവർത്തിക്കാൻ‍ തീരുമാനിച്ചത്. അതാണ് മൃഗങ്ങളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന പെറ്റയുമായി അടുക്കാനുള്ള സാഹചര്യമൊരുക്കിയതെന്നും താരം വ്യക്തമാക്കി. ‘‘വെഗൻ ജീവിതരീതിയാണ് ഞാനിപ്പോൾ പിന്തുടരുന്നത്. അത് ഇപ്പോൾ എന്റെ ജീവതത്തിന്റെ ഭാഗമാണ്. ഫാഷൻ ഡിസൈനറോടും സ്റ്റൈലിസ്റ്റിനോടും സംസാരിച്ച് എന്റെ വസ്ത്രത്തിലോ, ആക്സസറീസിലോ തുകൽ വസ്തുക്കൾ ഉൾപ്പെട്ടിട്ടില്ല എന്ന് ഞാൻ ഉറപ്പ് വരുത്തുന്നു’’– സണ്ണി വ്യക്തമാക്കി. 

തുകൽ വസ്തുക്കൾ ഉപേക്ഷിച്ച് മൃഗങ്ങളെയും ഭൂമിയേയും രക്ഷിക്കാന‍ുള്ള പ്രവർത്തനത്തിൽ ഭാഗമാണമെന്ന് ആരാധകരോട് അഭ്യർഥിച്ചാണ് സണ്ണി മടങ്ങിയത്.

English Summary : Sunny Leone unveiled her new ad for People for the Ethical Treatment of Animals (PETA) India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com