ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ലേഡി സൂപ്പർസ്റ്റാറാണ് സ്വാസിക. സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും ടെലിവിഷൻ പരമ്പരകളാണ് സ്വാസികയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. മെഗാ പരമ്പരകളിലെ പതിവ് അഭിനയശൈലികളിൽ നിന്നു വേറിട്ട വഴിയായിരുന്നു സ്വാസികയുടേത്. അതു പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ വിജയചിത്രങ്ങളിലൂടെ സിനിമയിലും സ്വാസിക ഗംഭീര തിരിച്ചു വരവ് നടത്തി. എന്നാൽ, പ്രേക്ഷകർക്കു ഇഷ്ടം തോന്നിപ്പിക്കുന്ന ആകർഷണീയത –'ലൈക്കബിലിറ്റി'– ഇല്ലെന്നു പറഞ്ഞു മാറ്റി നിറുത്തപ്പെട്ട ഒരു ഭൂതകാലമുണ്ട് സ്വാസികയ്ക്ക്. കുറവുകളായി ചൂണ്ടിക്കാണിക്കപ്പെട്ട മുഖക്കുരുവും പക്വതയുള്ള മുഖവും ഒക്കെയാണ് പിന്നീട് സ്വാസികയ്ക്ക് വഴിത്തിരിവായത്. ‘ഈ പ്രൊഫഷൻ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല’ എന്നു വിമർശിച്ചവർക്ക് മുന്നിൽ മികച്ചൊരു അഭിനേത്രിയും നർത്തകിയുമായി സ്വാസിക വളർന്നു. പിന്നിട്ട വഴികളെക്കുറിച്ച് മനോരമ ഓൺലൈനിലെ ‘സീ റിയൽ സ്റ്റാർ’ എന്ന പരിപാടിയിൽ സ്വാസിക സംസാരിക്കുന്നു. 

നൃത്തം നൽകിയ ഊർജ്ജം

അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞ സമയത്ത് ഞാൻ പിടിച്ചു നിന്നത് നൃത്തത്തിലൂടെയായിരുന്നു. ചില സ്കൂളുകളിൽ നൃത്താധ്യാപികയായി ജോലി ചെയ്തു. ഡിപ്രഷൻ തോന്നുമ്പോൾ പരമാവധി നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കും. ഏതെങ്കിലും പാട്ടു വച്ച് അതു കൊറിയോഗ്രഫി ചെയ്യാൻ ശ്രമിക്കും. പലപ്പോഴും ഒന്നിനും കഴിയാതെ ഇരുന്നു പോകും. പക്ഷേ, വീണ്ടും ശ്രമിക്കും. വിഷമകരമായ ആ ദിവസങ്ങളെ അങ്ങനെയാണ് ഞാൻ തരണം ചെയ്തത്. എല്ലാവരുടെ ജീവിതത്തിലും അത്തരം ചില ഘട്ടങ്ങളുണ്ടാകും. ആ സങ്കടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നാൽ മാത്രമെ ആ ദിവസങ്ങളെ അതിജീവിക്കാൻ കഴിയൂ.

swasika-vijay-1

മുഖക്കുരുവുള്ള നായികയെ ഇഷ്ടപ്പെടില്ലേ?

ഞാനൊരു തമിഴ് സിനിമയിൽ അഭിനയിച്ച സമയത്ത് ഒരു തമിഴ് ചാനലിൽ അഭിമുഖം നൽകിയിരുന്നു. വളരെ പ്രശസ്തയായ ഒരു ആർടിസ്റ്റ് ആയിരുന്നു ആ പരിപാടിയുടെ അവതാരക. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിട്ട് ഞങ്ങൾ തിരിച്ചു വന്നു. പക്ഷേ, ആ പരിപാടി ടെലിവിഷനിൽ വന്നപ്പോൾ സിനിമയിലെ എന്റെ കഥാപാത്രത്തെപ്പറ്റി അവരുടെ ചില നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആ സിനിമയുടെ പോരായ്മയായി അവർ ചൂണ്ടിക്കാട്ടിയത് എന്നെയായിരുന്നു. അതിനു കാരണമായി അവർ പറഞ്ഞതായിരുന്നു രസകരം. എനിക്ക് ഒരു ലൈക്കബിലിറ്റി ഇല്ല. മുഖം നിറച്ചു കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്കു വേണ്ട ‘ക്വാളിറ്റി’ ഇല്ലാത്തതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല എന്നൊക്കെയായിരുന്നു. അവർ വലിയൊരു ആർടിസ്റ്റ് ആയതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കുമോ എന്ന ചിന്ത എന്നെയും ബാധിച്ചു. സത്യത്തിൽ ഈ മുഖക്കുരു ഈ കാലം വരെ എന്നെ വിട്ടു പോയിട്ടില്ല. അതൊരു കളിയാക്കൽ അല്ലെങ്കിലും പരോക്ഷമായി പലരും ഇത്തരം കാര്യങ്ങൾ പറയാറുണ്ട്. ഒരു നായികയ്ക്കു വേണ്ട ക്ലിയർ സ്കിൻ അല്ല എനിക്കുള്ളത് എന്നതായിരുന്നു വലിയ പോരായ്മയായി പറഞ്ഞിരുന്നത്. 

സൗന്ദര്യമല്ല, അഭിനയമാണ് പ്രധാനം

ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് 'പ്രേമം' എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി. അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്. അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനം. 

swasika-1

കുടുംബം നൽകിയ പിന്തുണ

ചെറുപ്പം മുതൽ എന്നെ നൃത്തം പഠിപ്പിക്കാനും പരിപാടികൾക്കു കൊണ്ടുപോകാനും അമ്മയും ചിറ്റയും (അമ്മയുടെ അനിയത്തി) മുന്നിലുണ്ടായിരുന്നു. എത്ര പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് എന്നെ അവർ വേദിയിലെത്തിച്ചിരിക്കും. എനിക്ക് ഒന്നിനെക്കുറിച്ചും ടെൻഷനടിക്കണ്ട. അഭിനയത്തിലേക്കു കടന്നു വന്നപ്പോഴും അവർ പിന്തുണച്ചു. എവിടെപ്പോയാലും അവരും ഒപ്പമുണ്ടാകും. വലിയ കറുത്ത പൊട്ട് വച്ചുള്ള സീരിയലിലെ എന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. സത്യത്തിൽ അക്കാര്യത്തിൽ എന്റെ സ്റ്റൈൽ ഐക്കൺ എന്റെ ചിറ്റയാണ്. അവരുടെ പ്രോത്സാഹനം കൊണ്ടാണ് എനിക്കിപ്പോഴുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. അച്ഛൻ പ്രവാസിയാണ്. പക്ഷേ, എന്റെ ഏറ്റവും വലിയ വിമർശകൻ അച്ഛനാണ്. നാട്ടിലുള്ളപ്പോൾ എനിക്കൊപ്പം ലൊക്കേഷനിൽ അച്ഛൻ വരാറുണ്ട്. ഞങ്ങളിപ്പോൾ കൂട്ടുകുടുംബം ആയിട്ടാണ് താമസം. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ ചിറ്റയോ അമ്മമ്മയോ എനിക്കിഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാകും. അവരുടെ സ്നേഹത്തിലേക്കാണ് എപ്പോഴും എന്റെ മടങ്ങി വരവ്. 

swasika-vijay-photo-shoot-in-saree

English Summary : Actress Swasika Vijay Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com