sections
MORE

കോവിഡിൽ തളർന്ന് ഫാഷൻ ലോകം; തിരിച്ചുവരുമെന്ന് ഡിസൈനർമാർ

HIGHLIGHTS
  • ഡിസൈനർ ടീം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു
  • പ്രതിസന്ധികൾ മറികടക്കാനാകുമെന്നാണ് വിശ്വാസം
fashion-industry-hope-for-survival
പ്രതീകാത്മക ചിത്രം
SHARE

കോവിഡ് പ്രതിരോധത്തിനു നാട് ഒരുങ്ങുമ്പോൾ വർക് ഫ്രം ഹോം ഓപ്ഷൻ ഫലപപ്രദമായി ഉപയോഗിക്കുകയാണ് ഫാഷൻ ലോകം. ഓൺലൈൻ പ്രമോഷനും വ്യാപാരവും കൂട്ടുന്നതിനോടൊപ്പം സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഉപയോക്താക്കളുമായി സംസാരിക്കാനും ഇവർ സമയം കണ്ടെത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിപണിയിൽ ഇടിവുണ്ടെങ്കിലും അതെല്ലാം മറികടക്കാനാകും എന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. 

വേണം, ഫാഷൻ റീബിൽഡ്

ഡിസൈനർ ടീം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. വർക് ഫ്രം ഹോം എന്നതു ഈ വിഭാഗത്തിനു മാത്രമല്ലേ സാധിക്കുകയുള്ളു. ടെക്സ്റ്റൈയിൽ ഷോപ്പുകൾ എല്ലാം അടച്ചതും സംസ്ഥാനം ലോക്ക് ഡൗൺ ആയതും വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ ഭീതി മാറിയാൽ മാത്രമേ പുതിയ കലക്​ഷൻസിനെക്കുറിച്ചു പറയാനാകൂ. എന്നിരുന്നാലും ഉപയോക്താക്കളെ മാത്രമല്ല ക്രാഫ്റ്റ് ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫാഷൻ റീബിൽഡ് ആണ് കൊറോണക്കാലത്തെ വിപണി താഴ്ചയെ ഉയർത്താനുള്ള ഏക വഴി.

സാധാരണക്കാരിൽ നിന്നു തന്നെ ഫാഷൻ വിപണിയും തുടങ്ങുന്നു. ഇപ്പോഴത്തെ സാമൂഹിക സ്ഥിതി നോക്കിയാൽ സാമ്പത്തികമായും എല്ലാവരും ബുദ്ധിമുട്ടുന്നുണ്ടെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവു സാധ്യമാകണമെങ്കിൽ സാധാരണക്കാരിൽ നിന്നു തന്നെ തുടങ്ങണം. ഞങ്ങൾ പുതിയ കലക‌്ഷൻസ് ലോഞ്ച് ചെയ്യുമ്പോൾ ഉപയോക്താവിന്റെയൊപ്പം ഞങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഉൽപാദകരെയും പരിഗണിക്കാറുണ്ട്. കൈത്തറി വ്യവസായികളിൽ നിന്നു തന്നെ ഉൽപാദകരുടെ സംഘം തുടങ്ങും. എംബ്രോയ്ഡറി ജോലികൾ രാജ്യത്തെ പല ഭാഗങ്ങളിലുള്ളവരാണ് ഞങ്ങൾക്കു വേണ്ടി ചെയ്യുന്നത്. വസ്ത്ര വ്യവസായത്തിന്റെ തൂണുകളാണ് അവർ. ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവർക്കു കൂടി ബാധകമാണ്. അതുകൊണ്ടു വിപണി വിടാതെ അവരെ പിടിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ഉപയോക്താവിനു വാങ്ങാവുന്ന തരത്തിലുള്ള മികച്ച കലക‌്ഷനുകൾ ലോഞ്ച് ചെയ്യുന്നതും ആവശ്യം തന്നെ. രണ്ട് അറ്റങ്ങളിലുള്ളവരെയും കൂട്ടിമുട്ടിച്ചെങ്കിൽ മാത്രമേ ഫാഷൻ ലോകത്തിനു നിലനിൽക്കാനാകൂ. - ശാലിനി ജയിംസ്, മന്ത്ര

ഓൺലൈൻ വ്യാപാരം തന്നെ

രണ്ടാഴ്ച മുൻപു തന്നെ ഓൺലൈൻ ഷോപ്പിങ്ങിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് ബിസിനസ് മുന്നോട്ടു കൊണ്ടുപോയത്. പക്ഷേ, ആളുകൾക്കിടയിലെ ഭീതി കൂടുന്നതിനനുസരിച്ചു വ്യാപാരവും കുറയുന്നു. എന്നാലും ഉപയോക്താക്കൾ നല്ലതു പോലെ സഹകരിക്കുന്നുണ്ട്. ഓൺലൈൻ പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഡിസൈനർ ടീമുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നതു ശരിതന്നെ. എങ്കിലും അതു മറികടക്കാനാകാത്ത വിധം നമ്മൾ തളരില്ല എന്നു തന്നെയാണ് വിശ്വാസം. - ശ്രീജിത്ത് ജീവൻ, റൗക്ക

വിഡിയോ കോളിങ് ഉണ്ടല്ലോ

കോവിഡ് കാരണം കടകളെല്ലാം പൂട്ടിയതോടെ ഓൺലൈൻ വിപണിക്കു കൂടുതൽ പ്രാധാന്യം കൊടുക്കുകയാണിപ്പോൾ. ഡിസൈനർ ടീമുകളാണു വീടുകളിലിരുന്നു പ്രവർത്തിക്കുന്നത്. വിഡിയോ കോളിങ് വഴി ഉപയോക്താക്കൾക്കു അവരുമായി സംസാരിക്കാനും ഡിസൈൻ കാണാനുമൊക്കെ സാധിക്കും. വിവാഹ വസ്ത്രങ്ങളുടെ വിപണിക്കാണ് ഇപ്പോൾ കൂടുതൽ പ്രാമുഖ്യം. സമൂഹ മാധ്യമങ്ങൾ വഴി ബ്രാൻഡ് പ്രൊമോഷനും നടത്തുന്നുണ്ട്. ഓൺലൈൻ വ്യാപാരവും തുടരുന്നു. 

സ്റ്റോക്കിലുള്ള വസ്ത്രങ്ങളും പുതിയ കലക്‌ഷൻസും വെബ്സൈറ്റിൽ ലഭ്യമാണ്. കാഷ്യൽ വെയേഴ്സും ലഭ്യമാണ്. പുതിയ സാമൂഹിക സ്ഥിതി റീട്ടെയിൽ വ്യാപാരത്തെയും ഫാഷൻ ലോകത്തെയും ബാധിക്കുമെങ്കിലും തീർച്ചയായും അതു മറികടക്കാനാകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. - രേഷ്മ ബിനു, ലേബൽ എം

കോവിഡ് കഴിയട്ടെ

ഡിസൈനർ ഡീമുകൾ വീട്ടിലിരുന്നു ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ളതെല്ലാം ഏകദേശം അടച്ചപോലെതന്നെയാണ്. സാമ്പത്തികമായി ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ് ഫാഷൻ ലോകത്തെയും ബാധിക്കുക. സമ്മർ കലക്‌ഷൻസായിരുന്നു ഈ മാസം ലോഞ്ച് ചെയ്യാനിരുന്നത്. അതു മാറ്റിവച്ചു. കോവിഡിന്റെ ഭീതി മാറിയിട്ടു പുതിയ കലക്‌ഷൻസ് ലോഞ്ച് ചെയ്യാം എന്നാണു തീരുമാനം. - രേവതി ഉണ്ണിക്കൃഷ്ണൻ, ജുഗൽബന്ദി

വീട്ടിലിരുന്നും പണിയെടുക്കും

ഡിസൈനർ ടീമുകൾക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ എളുപ്പമാണ്. അവരാണ് ഇക്കാലത്തു കൂടുതലായും ജോലിയെടുക്കുന്നത്. കടകളെല്ലാം അടച്ചു. അതുകൊണ്ടു മറ്റു ജോലികൾ ചെയ്യുന്നവർ ഇപ്പോൾ വിശ്രമത്തിലാണ്. വിഡിയോ, ഓഡിയോ കോളിങ് വഴിയും വാട്സപ് ഗ്രൂപ്പുകളിൽ കൂടിയുമാണ് ഉപയോക്താക്കൾ ഡിസൈനർ ടീമിനോട് സംസാരിക്കുന്നത്. വിവാഹ വസ്ത്രങ്ങളാണു കൂടുതലെങ്കിലും വസ്ത്രങ്ങൾ നൽകേണ്ട തീയതികൾ കുറച്ചു കൂടി നീട്ടിക്കിട്ടിയിട്ടുണ്ട്. നേരത്തേ ലഭിച്ച അസൈൻമെന്റുകൾ വേഗത്തിൽ തീർക്കാവുന്ന തരത്തിൽ വീടുകളിലിരിക്കുന്നവർക്കു തന്നെ ചെയ്യാവുന്ന പോലെ നൽകിയിട്ടുമുണ്ട്.- ടിയ നീൽ കാരിക്കശ്ശേരി, ടി ആൻഡ് എം സിഗ്നേച്വർ

English Summary : Fashion world hope a revival

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA