കാഴ്ചയിൽ മതിപ്പ് തോന്നാൻ എന്തു ചെയ്യണം ?

grooming-tips-for-men
പ്രതീകാത്മക ചിത്രം
SHARE

മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്. അതിനു വേണ്ടിയുള്ള ശ്രമങ്ങളും സാധാരണമാണ്. സ്റ്റൈലിഷ് വസ്ത്രങ്ങളും വിലകൂടിയ ആക്സസറീസും ധരിച്ചാണ് പലരും ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുക. എന്നാൽ ശ്രദ്ധ നേടണമെങ്കിൽ ആദ്യം സ്റ്റൈലിഷ് ആകേണ്ടത് വസ്ത്രധാരണമല്ല. നമ്മൂടെ ശരീരമാണ്. അതിൽ ഗ്രൂമിങ്ങിനു വളരെ പ്രാധാന്യമുണ്ട്.

ചര്‍മം, മുടി, കൈകാലുകൾ, പല്ല് എന്നിങ്ങനെ ശരീരത്തിലെ ഓരോ ഭാഗവും നമ്മുടെ വ്യക്തിത്വത്തെയും ജീവിതരീതിയേയും പ്രതിഫലിപ്പിക്കുന്നു. സ്റ്റൈൽ എന്നതിലുപരി വൃത്തിക്കാണ് പലപ്പോഴും പ്രാധാന്യം ലഭിക്കുക. കാഴ്ചയിൽ മതിപ്പു തോന്നാൻ ചില സിംപിൾ ഗ്രൂമിങ് ടിപ്സ്.

ചർമം

ചർമം ശ്രദ്ധിക്കണം, പരിചരിക്കണം എന്നൊക്കെ ചിന്തിക്കുന്ന പുരുഷന്മാർ കുറവാണ്. ചർമ സംരക്ഷണം ഒരു സ്ത്രീ സംബന്ധിയായ കാര്യമാണെന്നു ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാൽ അങ്ങനെയല്ല. പുരുഷ ചർമത്തിനും പരിചരണം ആവശ്യമാണ്. മറ്റുള്ളവരുടെ മുൻപിൽ ആത്മവിശ്വാസത്തോടു കൂടി നില്‍ക്കാനും ശ്രദ്ധിക്കപ്പെടാനും ഇത് സഹായിക്കുന്നു.

മുഖം നന്നായി കഴുകി ചെളിയും പൊടിയും നീക്കം ചെയ്യുക. ചർമത്തിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ കൃത്യമായ ഇടവേളകളിൽ നൽകണം. പുറത്തു പോകുമ്പോൾ സൺസ്കീന്‍ ലോഷനും രാത്രികളിൽ മോയിസ്ച്വറൈസറും ഉപയോഗിക്കുക. ചുണ്ടുകൾ വലിഞ്ഞു പൊട്ടാതിരിക്കാനും നിറം നഷ്ടപ്പെടാതിരിക്കാനും ലിപ് ബാം പുരട്ടുക. ആവശ്യത്തിനു വെള്ളം കുടിച്ചാൽ ചർമത്തിൽ ഈർപ്പം നിലനിൽക്കും.

മീശയും താടിയും

മീശയിലും താടിയിലും എന്തുചെയ്താലും അത് വൃത്തിയായി ചെയ്യുക. അതിനുവേണ്ടി സമയം കണ്ടെത്തണം. മുഖത്തിന് അനുയോജ്യമായ രീതിയിൽ വേണം താടിയും മീശയും വെയ്ക്കേണ്ടത്. താടിയും മീശയും കൃത്യമായി ട്രിം ചെയ്ത് വൃത്തിയായി സൂക്ഷിക്കുക. മൂക്കിൽ നിന്ന് വളർന്നിറങ്ങുന്ന രോമങ്ങളും ചെവിയുടെ തുമ്പിൽ വളരുന്ന രോമങ്ങളും ട്രിം ചെയ്യണം.

തലമുടി

മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മുടി നന്നായി വളർത്തുന്നവർ കെട്ടു പിണയാതെയും പൊട്ടിപ്പോകാതെയും സൂക്ഷിക്കണം. ഇതിനായി നല്ല പരിചരണം നൽകണം. മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കുക. സ്വന്തമായുള്ള പരീക്ഷണങ്ങൾ മുടിയുടെ കാര്യത്തിൽ ഒഴിവാക്കണം.

കൈകളും കാലുകളും

നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയാണ് കൈകളുടെയും കാലുകളുടെയും കാര്യത്തിൽ ആദ്യം ചെയ്യേണ്ടത്. നഖത്തിന്റെ തുമ്പിൽ ചെളി അടിഞ്ഞു കൂടുന്നത് നമ്മെ കുറിച്ച് മോശം കാഴ്ചപ്പാട് മറ്റുള്ളവരിൽ ഉണ്ടാക്കും. നഖം കടിക്കലും ഇതു തന്നെയാണ് ചെയ്യുന്നത്. നെയിൽ കട്ടർ ഉപയോഗിച്ച് നഖം വെട്ടുക. കൈകളിൽ പാടുകളും വരകളും ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കാം.

വായും പല്ലും

പതിവായി പല്ലു തേക്കുക. പല്ലിനിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ കാണുന്നത് അവമതിപ്പ് ഉണ്ടാക്കും. പല്ലിൽ കറകൾ വന്നാൽ ദന്തഡോക്ടറെ കണ്ട് പരിഹാരം തേടുക. വായ് നാറ്റം ഉള്ളവർ ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകണം.

വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നവോന്മേഷം നൽകും.  ആരോഗ്യമുള്ള ശരീരം മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കും. ശാരീകക്ഷമതയുണ്ടെങ്കിൽ കയ്യടി നേടാനും ശ്രദ്ധ നേടാനുമുള്ള അവസരങ്ങൾ ലഭിക്കും. വ്യായാമത്തിലും ഭക്ഷണരീതിയിലും ശരീരത്തിന് അനുയോജ്യവും ആരോഗ്യകരവുമായ ശൈലി രൂപപ്പെടുത്തണം.

English Summary : grooming Tips for men

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA