ADVERTISEMENT

നീണ്ടു വിടർന്ന കാർകൂന്തലാണ് പെണ്ണിനഴകെന്ന് ഇക്കാലത്തും ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ മൊട്ടത്തലയിലും ഫാഷന് അസാധ്യ സാധ്യതകളുണ്ടെന്നു കാട്ടിത്തരികയാണ് നടിയും നർത്തകിയും മോഡലും വ്ലോഗറുമായ കൃഷ്ണപ്രഭ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് കൃഷ്ണപ്രഭ ബാൾഡ് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മൊട്ടത്തലയുമായി ചെയ്ത ഫാഷൻ ഫോട്ടോഷൂട്ട് അനുഭവങ്ങളെപ്പറ്റിയും ലോക്ഡൗൺ കാലത്ത് വിഡിയോ എഡിറ്റിങ് പഠിച്ച് സ്വന്തം വിഡിയോകൾ എഡിറ്റ് ചെയ്തതിനെപ്പറ്റിയും കൃഷ്ണപ്രഭ പറയുന്നു: 

‘മൊട്ടയടിച്ചു കഴിഞ്ഞ് കുറ്റിമുടി കിളിർത്തു തുടങ്ങിയ സമയത്തെടുത്ത ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ എന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫൊട്ടോഗ്രഫർ മഹാദേവൻ തമ്പിയും സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ നരസിംഹസ്വാമിയുമാണ് ഇത്തരത്തിലൊരു ഫാഷൻ ഫോട്ടോഷൂട്ട് ഇപ്പോൾ ചെയ്താൽ നന്നാവില്ലേ എന്നു ചോദിച്ചത്. അങ്ങനെയാണ് മാസങ്ങൾക്കു മുൻപ് ആ ഫാഷൻ ഫോട്ടോഷൂട്ട് നടന്നത്.

krishna-prabha-1

എഡിറ്റിങ് പഠിപ്പിച്ചത് ലോക്ഡൗൺ ടൈം

ഫോട്ടോഷൂട്ട് നടക്കുമ്പോൾ കുറേ വിഡിയോകളും എടുത്തിരുന്നു. ലോക്ഡൗൺ സമയത്ത് ഫ്രീ ടൈം കിട്ടിയപ്പോൾ ഞാൻ എഡിറ്റിങ് പഠിച്ചു. എന്റെ കൈയിലുള്ള കുറേ വിഡിയോകൾ വച്ച് ചില എഡിറ്റിങ് പരീക്ഷണങ്ങളൊക്കെ നടത്തി. അതിനുശേഷമാണ് അതിൽ കൊള്ളാമെന്ന് തോന്നിയ ചിലത് എന്റെ യുട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തത്. വ്ലോഗിനു വേണ്ടിയെടുത്ത വിഡിയോസ് ആയിരുന്നു പലതും. അന്നൊന്നും എഡിറ്റിങ് അറിയാത്തതുകൊണ്ട് മറ്റു പലരെയും ആശ്രയിക്കേണ്ടി വന്നു. അവരുടെ തിരക്കും മറ്റും കാരണം പല വിഡിയോകളും അപ്‍ലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ എഡിറ്റിങ് പഠിച്ചപ്പോൾ ഓരോ വിഡിയോയായി എന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഷൂട്ടിന്റെ മാത്രമല്ല, മുൻപ് ചെയ്ത യാത്രകളുടെയും അഡ്വഞ്ചർ ട്രിപ്പുകളുടെയുമൊക്കെ വിഡിയോ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

മൊട്ടത്തലയുമായി രണ്ട് ഫാഷൻ ഫോട്ടോഷൂട്ട്

തലമൊട്ടയടിച്ച ശേഷം പ്രധാനമായും രണ്ട് ഫോട്ടോഷൂട്ടുകളാണ് ചെയ്തത്. മഹാദേവൻ തമ്പിയൊരുക്കിയ തീംബേസ്ഡ് ഫോട്ടോഷൂട്ടും വനിതയുടെ ഒരു ഫോട്ടോഷൂട്ടും. മഹാദേവൻ തമ്പിയുടെ തീം ബേസ്ഡ് ഫോട്ടോഷൂട്ടിന് വിഷയം പ്രകൃതിയായിരുന്നു. വ്യത്യസ്തമായ മൂന്നു ഗെറ്റപ്പിലാണ് അത് ചെയ്തത്. എറണാകുളത്ത് ഹൈക്കോടതിക്കടുത്തുള്ള ഓൾഡ് റെയിൽവേ സ്റ്റേഷൻ, കുമ്പളങ്ങി ഗ്രാമം എന്നിവിടങ്ങളായിരുന്നു അതിന്റെ ലൊക്കേഷൻ. കഴിഞ്ഞ ഓണക്കാലത്തായിരുന്നു വനിതയുടെ ഫോട്ടോഷൂട്ട്. മൊട്ടത്തലയുമായി കസവു വസ്ത്രങ്ങളൊക്കെ ധരിച്ചു ചെയ്ത ആ ഫോട്ടോഷൂട്ടും സമ്മാനിച്ചത് വളരെ രസകരങ്ങളായ ഓർമകളാണ്.

krishna-prabha-2

പ്രകൃതിയോടു ചേർന്നു നിൽക്കുന്ന, എന്നാൽ പരമ്പരാഗത സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു മഹാദേവൻ തമ്പിയുടെ ഷൂട്ട്. ആദ്യത്തെ രണ്ട് കോസ്റ്റ്യൂം പ്രകൃതിയെയും യോഗയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തേത് നിറയെ ആഭരണങ്ങളൊക്കെയുള്ള ലുക്കിലാണ്. ശരീരത്തിൽ ഇലകൾ വരച്ച് മുടിയിൽ പല നിറങ്ങൾ ചെയ്തുള്ള രണ്ടാമത്തെ കോസ്റ്റ്യൂം യോഗാ ബേസ്ഡ് ആണ്. ക്രിസ്ത്യൻ വധുവിന്റേതായിരുന്നു മൂന്നാമത്തെ കോസ്റ്റ്യൂം. പരമ്പരാഗത ബ്രൈഡൽ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ ഷൂട്ട്  എന്നു പറയാം. മൊട്ടത്തലയുള്ള ഒരു മണവാട്ടിപ്പെണ്ണ്. അവളുടെയൊപ്പം ഫ്ലവർ ഗേൾസിനു പകരം ഗ്രാമത്തിലെ വികൃതിപ്പിള്ളേർ. ആ ഷൂട്ട് കുമ്പളങ്ങിയിൽ വച്ചായിരുന്നു. നരസിംഹസ്വാമിയാണ് ഈ ഷൂട്ടിനു വേണ്ടി ഹെയർസ്റ്റൈലിങ്ങും മേക്കപ്പും ചെയ്തത്. നാലാമത്തെ ഗെറ്റപ്പിനു വിഷയം കളരിയായിരുന്നു. മലയാളികളെ സംബന്ധിച്ച് പുതുമയുള്ളതാണ് തീം ബേസ്ഡ് ഫോട്ടോഷൂട്ട്. അതുകൊണ്ടുതന്നെ

അതു നന്നായി സ്വീകരിക്കപ്പെട്ടു. തീം പ്രകൃതി ആയതുകൊണ്ടു തന്നെ ആളുകൾക്കു താൽപര്യം തോന്നിയിട്ടുണ്ടാവാം.

മഹാദേവൻ തമ്പിയും നരസിംഹസ്വാമിയും

മഹാദേവൻ തമ്പി സെലിബ്രിറ്റി ഫൊട്ടോഗ്രാഫറാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന  കിങ്ഫിഷ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതും അദ്ദേഹമാണ്. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരാൾ. മുൻപ് ലെന ചേച്ചിക്കായി ട്രൈബൽ തീമിൽ അദ്ദേഹം ചെയ്ത ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരസിംഹസ്വാമി  സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ്. ഫഹദ് ഫാസിലിന്റെ പഴ്സനൽ മേക്കപ് ആർട്ടിസ്റ്റാണ്.

English Summary : Krishna prabha on Bald Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com