ADVERTISEMENT

ലോക്ഡൗണ്‍ കാലത്ത് ഓൺലൈൻ കലോത്സവം നടത്തി ദ്വയ ട്രാൻസ്ജൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. ലോക്ഡൗണിനെത്തുടർന്ന് പരിപാടികളെല്ലാം ഉപേക്ഷിക്കപ്പെട്ട് വീട്ടില്‍ വെറുതെയിരിക്കുന്ന സാചര്യത്തിലാണ് ഇത്തരമൊരു ആശയം രൂപം കൊള്ളുന്നത്. അംഗങ്ങളിൽ ഭൂരിഭാഗവും കലാ മേഖലകളിൽ പ്രവര്‍ത്തിക്കുന്നതിനാൽ മികച്ച പങ്കാളിത്തവും ലഭിച്ചു.

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കലോത്സവത്തില്‍ കഥ–കവിതാ രചനകള്‍, ഫാൻസി ഡ്രസ്, മലയാള മങ്ക, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, ലളിത ഗാനം, നാടോടി നൃത്തം, ടിക്ടോക് തുടങ്ങിയ മത്സരങ്ങളുണ്ട്. മത്സരാർഥികൾ തങ്ങളുടെ പ്രകടനത്തിന്റെ വിഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കും. ഇതു വിധികർത്താക്കൾക്ക് അയയ്ച്ചു നൽകിയാണു മൂല്യനിർണയം നടത്തിയത്. 

കഥാ രചന സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ  ബിന്ദു കൃഷ്ണ, കവിതാ വിജയരാജ മല്ലിക, സെമി ക്ലാസിക്കൽ നൃത്തത്തിന് നടി കൃഷ്ണപ്രഭ, സിനിമാറ്റിക് ഡാൻസിന് നടി ഷംമ്ന കാസിം, ഫാൻസി ഡ്രസ്സിന് മേക്കപ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടി, ഫാഷൻ ഷോയ്ക്ക് മിസ് വേൾഡ് പാർവതി ഓമനക്കുട്ടൻ, ടിക്ടോക് മത്സരത്തിന് നടി മഞ്ജു പിള്ള എന്നിവര്‍ വിധികർത്താക്കളായി. എട്ടു ഇനങ്ങള്‍ ഇതുവരെ പൂർത്തിയായി.

നിരവധി സ്റ്റേജ് പ്രോഗ്രാമുകളുള്ള സീസൺ കാലമായിരുന്നു ഇത്. എന്നാൽ അപ്രതീക്ഷിതമായി ലോക്ഡൗണിൽ എല്ലാ പരിപാടികളും ഉപേക്ഷിക്കപ്പെട്ടു. സാമ്പത്തിക നഷ്ടത്തേക്കാൾ കലാപ്രകടനത്തിനുള്ള അവസരം ഇല്ലാതായതിന്റെ വേദനയായിരുന്നു ദ്വയയിലെ അംഗങ്ങൾക്ക്. ഈ അവസരത്തിലാണു സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർക്ക് ഇത്തരമൊരു ആശയം തോന്നുന്നത്. പിന്നീട് ശീതൾ ശ്യാം, സൂര്യ എന്നിവരുൾപ്പെടുന്ന എക്സിക്യൂട്ടിവ് അംഗങ്ങളുമായി സംസാരിച്ച് പരിപാടിയുടെ രൂപരേഖ തയാറാക്കി. അംഗങ്ങളെല്ലാം ആവേശത്തോടെ ഭാഗമായതോടെ ആരോഗ്യകരമായ മത്സരങ്ങൾക്ക് ഈ ഓൺലൈൻ കലാമേള സാക്ഷിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com