ADVERTISEMENT

ഒരൊറ്റ ചിത്രത്തിലൂടെ ആഗോളപ്രശസ്തി നേടിയ പാകിസ്ഥാനി ചായ്‍വാല അര്‍ഷദ് ഖാനെ ഫാഷന്‍ ലോകം മറന്നിരിക്കാന്‍ ഇടയില്ല. ഫൊട്ടോഗ്രാഫര്‍ ജവേരിയ അലി എടുത്ത ചിത്രമായിരുന്നു ചായവില്‍പ്പനക്കാരനായ അര്‍ഷദ് ഖാന്റെ ജീവിതം മാറ്റി മറിച്ചത്. സമാനമായ മെയ്ക്കോവറാണ് കൊച്ചി കലൂരിലെ ഒരു ബേക്കറിയിലെ ജീവനക്കാരനായ അസം സ്വദേശി ബിശാലിനെയും തേടിയെത്തിയത്. കാറ്റലിസ്റ്റ് സ്കോളഴ്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ട ബിശാലിന്റെ മെയ്ക്കോവര്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. ഒരു പ്രൊഫഷണല്‍ മോഡലിനെ വെല്ലുന്ന ലുക്കിലാണ് ബിശാല്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

ആ ചിത്രങ്ങള്‍ക്കു പിന്നില്‍

സെലബ്രിറ്റി മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ജസീന കടവിലിന്റെ കണ്ടെത്തലായിരുന്നു ബിശാല്‍. കാറ്റലിസ്റ്റ് സ്കോളേഴ്സ് ഹീറോസ് എന്ന സീരീസിലേക്ക് മോഡലുകളെ അന്വേഷിച്ച ജസീനയുടെ മുന്‍പിലേക്ക് ബിശാല്‍ യാദൃച്ഛികമായി എത്തിപ്പെടുകയായിരുന്നു. ആ കഥ ജസീന കടവില്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവച്ചു. 

make-over-4

"ഫെയ്സ്ബുക്കിൽ കാറ്റലിസ്റ്റ് സ്കോളേഴ്സ് എന്ന പേരിലൊരു പേജു തുടങ്ങിയിരുന്നു. അതില്‍ ഞാന്‍ ചെയ്യുന്ന മെയ്ക്കോവര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഒരു അതിഥിതൊഴിലാളിയെ മെയ്ക്കോവര്‍ ചെയ്യണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനുവേണ്ടി ഞാന്‍ പലരുമായും സംസാരിച്ചിരുന്നു. ഒന്നും നടന്നില്ല. രാജസ്ഥാനില്‍ നിന്നു വന്ന് ഇവിടെ ഹൈവേയില്‍ ചപ്പാത്തി ചട്ടിയും മറ്റും വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയോടും ഏകദേശം സംസാരിച്ചു വച്ചിരുന്നതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. അതോടെ, ആ രാജസ്ഥാന്‍ സംഘം കൊച്ചിയില്‍ നിന്നു വേറെ എങ്ങോട്ടോ പോയി. അങ്ങനെയാണ് ബിശാലിനെ കണ്ടെത്തുന്നത്. ഒന്നൊര വര്‍ഷമായി ബിശാല്‍ കലൂര്‍ ദേശാഭിമാനി ജംക്ഷനിലുള്ള സൂപ്പര്‍ ബേക്കറിയിലുണ്ട്. കോവിഡിന്റെ സമയത്താണ് ഞങ്ങള്‍ കൂട്ടാകുന്നത്. ഫോട്ടോഷൂട്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചു. ബേക്കറി ഉടമയ്ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. രാവിലെ ഏഴു മണി മുതല്‍ പത്തര വരെയുള്ള സമയമേ കിട്ടിയുള്ളൂ. കടയില്‍ തിരക്കുണ്ടായിരുന്നതിനാല്‍ അധികസമയം ചെലവഴിക്കാന്‍ ബിശാലിനു കഴിയുമായിരുന്നില്ല. അങ്ങനെ വളരെ കുറച്ചു സമയം കൊണ്ടാണ് മെയ്‍ക്കോവര്‍ നടത്തിയതും ചിത്രങ്ങള്‍ എടുത്തതും." 

make-over-2

'എല്ലാവര്‍ക്കുമുണ്ട് സൗന്ദര്യം, അതു കണ്ടെത്തണം'

"ബിശാലിന് ആദ്യം ഫോട്ടോഷൂട്ടിനെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നെ, ഒന്നു രണ്ടു ഫോട്ടോ എടുത്ത് അതു കാണിച്ചു കൊടുത്തപ്പോള്‍ പതുക്കെ ട്രാക്കിലായി. ഫോട്ടോ എടുത്തത് സിജിൻ നിലമ്പൂരാണ്. ഫോട്ടോ റിലീസ് ചെയ്തതിനുശേഷം പലരും എന്നെ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചു. നമ്മുടെ ഒരു വര്‍ക്ക് ആളുകള്‍ക്ക് ഇഷ്ടമാകുന്നതില്‍ വലിയ സന്തോഷം. "

make-over-3

"ഏതൊരു വ്യക്തിക്കും അവരുടേതായ സൗന്ദര്യമുണ്ട്. അതു കണ്ടെത്താനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. നമ്മളെത്തന്നെ സ്നേഹിക്കാന്‍ കഴിയണം. എങ്കിലേ നമുക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയൂ. അതു നമ്മുടെ രൂപത്തിലും ഭാവത്തിലും പ്രകടമാകും. കാറ്റലിസ്റ്റ് സ്കോളഴ്സ് എന്ന പേജ് തുടങ്ങിയതിനു പിന്നിലും ഇതേ ആശയമാണ് ഉണ്ടായിരുന്നത്. സാധാരണക്കാരായ വ്യക്തികളുടെ മെയ്ക്കോവറാണ് ഞങ്ങള്‍ ചെയ്യുന്നത്. എനിക്കൊപ്പം ഇതിനായി ഒരു ടീം തന്നെയുണ്ട്. ബേസില്‍, സിജിന്‍ നിലമ്പൂര്‍, അനഘ ബാബു എന്നിവരാണ് എന്റെ കൂടെയുളളത്. ഞങ്ങള്‍ നാലുപേരാണ് ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്," ജസീന കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com