എന്താണ് വിൽപത്രം ? തയ്യാറക്കുന്നതെങ്ങനെ ? ; അറിയേണ്ടതെല്ലാം

all-things-about-will
Image Credit : Casper1774 Studio / Shutterstock.com
SHARE

വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. അതിന്റെ പകർപ്പ് നമ്മൾ ജീവിച്ചിരിക്കുമ്പോൾ മറ്റാർക്കും ലഭിക്കാൻ അവകാശമില്ല. വിൽപത്രത്തിന്റെ സവിശേഷതകൾ അറിയാം...

എങ്ങനെയായിരിക്കണം വിൽപത്രം

വിൽപത്രം എങ്ങനെ ആയിരിക്കണം എന്നതിന് ഇന്ത്യയിൽ കർശനമായ നിബന്ധനകളില്ല. ആസ്തി - ബാധ്യതകൾ എന്തെന്നും അവ ആർക്ക് ഏതു തരത്തിൽ നൽകാനാണ് തീരുമാനിച്ചതെന്നും കൃത്യമായി നിഷ്കർഷിക്കുന്ന ഒന്നായിരിക്കണം അത്.

എഴുതി തയാറാക്കിയതോ, കംപ്യൂട്ടർ പ്രിന്റോ ആകാം. അതിൽ നിങ്ങൾ ദിവസവും വർഷവും കാണിച്ച് പേരും മേൽവിലാസവും എഴുതി ഒപ്പ് വച്ചിരിക്കണം. നിങ്ങൾ പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങാതെയുമാണ് വിൽപത്രത്തിൽ ഒപ്പ് വയ്ക്കുന്നതെന്നു രണ്ടു പേർ സാക്ഷ്യപ്പെടുത്തണം. നിങ്ങളും സാക്ഷികളും ഒരേ സമയത്തു തന്നെ വേണം വിൽപത്രത്തിൽ ഒപ്പ് വയ്ക്കാൻ. അങ്ങനെയാണ് ചെയ്തതെന്ന് അതിൽ രേഖപ്പെടുത്തുകയും വേണം.

വിൽപത്രത്തിന് സ്റ്റാംപ് ഡ്യൂട്ടിയില്ല. വെള്ള കടലാസ്സിൽ എഴുതിയാൽ മതിയാവും .വിൽപത്രം എഴുതാൻ നിയമപരമായി വക്കീലിന്റെയോ ആധാരമെഴുത്തുകാരന്റെയോ ആവശ്യവുമില്ല. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതി കയറാനുള്ള സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ പരിചയമുള്ള അഭിഭാഷകരുടെ സഹായം തേടുന്നതാണ് ഉത്തമം.

നിയമപരമായി റജിസ്റ്റർ ചെയ്ത വിൽപത്രത്തിനും റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിനും തുല്യ സാധുതയാണ്. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അതിൽ ഒപ്പ് വച്ചത് നിങ്ങൾ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തർക്കങ്ങൾ വരികയും ചെയ്താൽ, റജിസ്റ്റർ ചെയ്ത പ്രമാണത്തിന് തെളിവു ഭാരം കുറവാണ്. മാത്രമല്ല ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യാത്ത വിൽപത്രം സ്വീകരിക്കുകയും ഇല്ല .

വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. റജിസ്റ്റർ ചെയ്താലും അതിന്റെ പകർപ്പ് നമ്മൾ ജീവിച്ചിരിക്കുമ്പോൾ, മറ്റാർക്കും ലഭിക്കാൻ (ബന്ധുക്കൾക്ക് ഉൾപ്പടെ) അവകാശമില്ല. കൂടുതൽ സ്വകാര്യത വേണമെങ്കിൽ വിൽപത്രം തയാറാക്കി സീൽ ചെയ്ത് ജില്ലാ റജിസ്‌ട്രാറുടെ അടുത്ത് ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. മരണശേഷം മാത്രമേ അതു തുറക്കുകയുള്ളൂ.

മരണശേഷം വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ ആ സമയത്ത് കോടതിയിലെത്തി, ആ വിൽപത്രം എഴുതിയത് നിങ്ങൾ തന്നെയാണെന്നും പൂർണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും സമ്മർദ്ദത്തിനു വഴങ്ങാതെയുമാണ് എന്ന് തെളിയിക്കേണ്ടി വരുന്നിടത്താണു സാക്ഷിയുടെ പ്രാധാന്യം. നിങ്ങളേക്കാൾ പ്രായം കുറഞ്ഞതും, നിങ്ങൾ താമസിക്കുന്ന പ്രദേശത്തു തന്നെ ജീവിക്കുന്നതും, കോടതിക്ക് വിശ്വാസ്യത തോന്നുന്നതുമായവരെ സാക്ഷികളാക്കുന്നതാണു നല്ലത്. വക്കീലന്മാർ, ഡോക്ടർമാർ, സമൂഹം ആദരിക്കുന്നവർ എന്നിവരെ സാക്ഷിയാക്കുന്നത് വിശ്വാസ്യത കൂട്ടും. മരണശേഷം ശരീരം എന്ത് ചെയ്യണം, അവയവങ്ങൾ ദാനം ചെയ്യണോ എന്നൊക്കെയുള്ള കാര്യങ്ങൾ വിൽപത്രത്തിൽ ഉൾപ്പെടുത്തിയാലും പ്രയോഗത്തിൽ വന്നു കൊള്ളണമെന്നില്ല .

ഒരാൾക്ക് എത്ര വിൽപത്രങ്ങൾ വേണമെങ്കിലും എഴുതാം. എന്നാൽ ഒരേ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം വ്യത്യസ്തമായിട്ടാണ് എഴുതുന്നതെങ്കിൽ ഏറ്റവും പുതിയ വിൽപത്രം മാത്രമേ നിലനിൽക്കൂ.

വിദേശത്ത് വച്ച് എഴുതാമോ?

വിദേശത്തു വച്ച് എഴുതിയ വിൽപത്രങ്ങൾക്ക് ഇന്ത്യയിൽ സാധുതയുണ്ട് എന്നു പറയാം. വിൽപത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി നമ്മുടെ നിർദേശങ്ങളിൽ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകുമ്പോഴാണ്. അങ്ങനെ ഒരു സാഹചര്യം വന്നാൽ വിദേശത്ത് എഴുതിയ വിൽപത്രം നാട്ടിലെ കോടതികളിൽ തെളിയിക്കാൻ ബുദ്ധിമുട്ട് വരും.

പൂർണമായ മാനസിക ആരോഗ്യം ഇല്ലാത്തവരും ഓർമ നഷ്ടപ്പെട്ടവരും, ജന്മനാ ബുദ്ധിപരമായ വെല്ലുവിളികൾ ഉളളവർക്കും അപകടം കൊണ്ടോ രോഗം കൊണ്ടോ പ്രായം കൊണ്ടോ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വിൽപത്രം എഴുതാൻ പരിമിതികളുണ്ട്. അവർ വിൽപത്രം എഴുതിയാലും കോടതി അംഗീകരിക്കണമെന്നില്ല.

ആര് നടപ്പാക്കും?

നമ്മൾ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ നിയമപരമായി അധികാരമുള്ള ആളാണ് വിൽ എക്സിക്യൂട്ടർ. വിൽ എഴുതുന്ന സമയത്ത് തന്നെ നമുക്ക് അതാരാണെന്ന് തീരുമാനിച്ച് എഴുതിവയ്ക്കാം. വിൽ നടപ്പാക്കുന്നതിന് അവർക്ക് വേണമെങ്കിൽ ഒരു തുക എഴുതി വയ്ക്കാവുന്നതേ ഉള്ളൂ.

നമ്മുടെ മരണത്തിന് മുൻപ് എക്സിക്യൂട്ടർ മരിച്ചു പോവുകയോ ഓർമയോ മാനസികാരോഗ്യമോ നഷ്ടപ്പെടുകയോ ചെയ്താൽ വിൽപത്രം മാറ്റി എഴുതണം. വിൽപത്രത്തിന് ഒരു എക്സിക്യൂട്ടർ വേണമെന്ന് നിർബന്ധമില്ല.

ഒരാൾ എഴുതിയ വിൽപത്രം അയാളുടെ മരണശേഷം അത് നിയമനടപടികൾക്ക് വിധേയമാക്കി നടപ്പിലാക്കാൻ തെളിയിച്ചു വയ്ക്കുന്ന പ്രക്രിയയാണ് പ്രൊബേറ്റ്. വിൽ എഴുതിയ ആളുടെ മരണശേഷം എക്സിക്യൂട്ടർക്കോ മറ്റേതെങ്കിലും ആൾക്കോ വിൽ പ്രൊബേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ ബന്ധപ്പെട്ട ജില്ലാ കോടതിയെ സമീപിക്കാം. കോടതി വിൽപത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വിൽപത്രത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ എക്സിക്യൂട്ടർക്കോ ഗുണഭോക്താവിനോ അവകാശം നൽകും. ഇങ്ങനെ ഒരിക്കൽ തെളിയിച്ച വിൽപത്രം വീണ്ടും തെളിയിക്കേണ്ടതില്ല. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് പണ്ട് പ്രൊബൈറ്റ് നിർബന്ധമായിരുന്നു. ഇപ്പോൾ അത് നിർബന്ധമല്ല .

നിങ്ങൾക്ക് താൽപര്യമുള്ള ഒരു വിൽപത്രത്തിൽ എന്തെങ്കിലും തട്ടിപ്പു നടന്നിട്ടുണ്ടെന്നു സംശയം തോന്നിയാൽ അത് കോടതി മുൻപാകെ ബോധിപ്പിച്ച് വിൽപത്രത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യാം.

വിലാസം: nallaprayam@mm.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA