ADVERTISEMENT

ഡെനിം ധരിച്ച്, പരുക്കൻ ലുക്കിലുള്ള ഇന്ദ്രൻസിന്റെ ചിത്രങ്ങൾ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഇത്ര നെഗറ്റീവ് ഷെയ്ഡിൽ പ്രിയതാരത്തെ ആദ്യമായാണ് ആരാധകർ കാണുന്നത്. പുതിയ സിനിമയുടെ ഭാഗമാണ് ഈ ലുക്ക് എന്നു കരുതിയവര്‍ നിരവധിയാണ്. എന്നാൽ ദ് ബൊഹീവിയൻഗ്രൂമിനു വേണ്ടി ചെയ്ത വിസ്ക്– ഫാഷൻ ടേപ് ആണിത്. ഫോട്ടോകളിലൂടെയും മിനിറ്റുകൾ മാത്രമുള്ള വിഡിയോയിലൂടെയും കഥ പറയുകയാണ് വിസ്ക് ചെയ്യുന്നത്. കവിതയും വസ്ത്രങ്ങളും നിറങ്ങളുമാണ് ഈ കഥ പറച്ചിലിന്റെ ഭാഗമാണ്.

Wisk-0

ഫാഷൻ മോംഗർ അച്ചുവാണ് വിസ്കിന്റെ കൺസപ്റ്റ് തയാറാക്കിയതും സംവിധാനം നിർവഹിച്ചിരിക്കുന്നതും. നാലു കഥാപാത്രങ്ങളാണ് ഇതിൽ ഉള്ളത്. ഇന്ദ്രൻസിനൊപ്പം ബിഗ് ബോസ് ഫെയിം രേഷ്മ, അശ്വിനി, സാഖി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 11 ഫോട്ടോകളാണ് വിസ്ക്കിൽ ഉള്ളത്. ഇത് വിഡിയോ ആയും ചിത്രീകരിച്ചിരിക്കുന്നു.

Wisk-2

അതിശക്തനായ ജീവിച്ച ഒരാൾ തന്റെ അവശേഷിക്കുന്ന കാലം ഒരു പഴയ ഷിപ്പിൽ ജീവിക്കാൻ തീരുമാനിക്കുന്നു. ലളിതമായ ഒരു ജീവിതം നയിക്കാനുള്ള സാഹചര്യങ്ങളാണ് അവിടെയുള്ളത്. രണ്ടു പെൺകുട്ടികൾ അയാൾക്ക് ഒപ്പമുണ്ട്. ഈ പെൺകുട്ടികൾക്കിടയിൽ ഈഗോ നിലനിൽക്കുന്നുണ്ട്. 

Wisk-3

ഈ സാഹചര്യത്തിലാണ് അവർക്കിടയിലേക്ക് മറ്റൊരാൾ കടന്നു വരുന്നത്. പെൺകുട്ടികളിൽ ഒരാളുമായുള്ള ബന്ധമാണ് വളരെ സ്റ്റൈലിഷ് ആയ, ഒരു ചോക്ലേറ്റ് ബോയ് കഥാപാത്രത്തെ അവിടേക്ക് എത്തിക്കുന്നത്. എന്നാൽ ആ പരുക്കൻ സാഹചര്യങ്ങളിൽ അങ്ങനെ ഒരാളെ സ്വീകരിക്കാൻ ഇന്ദ്രന്‍സിന്റെ കഥാപാത്രം തയാറാവുന്നില്ല. 

Wisk-4

പെൺകുട്ടി അവിടെയുള്ള ജീവിത രീതി അവനെ പറഞ്ഞു മനസ്സിലാക്കുന്നു. അതെല്ലാം ഉൾകൊണ്ട് അയാൾ മാനസികമായും ശാരീരികമായും അവര്‍ക്ക് അനുയോജ്യമായ രീതിയിൽ മാറുന്നു. മാറ്റങ്ങളുമായി എത്തുന്ന ചെറുപ്പക്കാരന് അവർക്കിടയില്‍ സ്ഥാനം ലഭിക്കുന്നു. അവൻ അവരിൽ ഒരാളായി മാറുന്നു.

Wisk-5

ഇത് ഒരു കലാരൂപമാണെന്നും കാണുന്നവർക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമാണ് വിസ്ക്കിൽ ഉള്ളതെന്നും അച്ചു പറയുന്നു. ‘‘എല്ലാം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളാണ്. ആ പെൺകുട്ടികൾ ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രത്തിന്റെ ആരാണെന്ന് കാണുന്നവർക്ക് തീരുമാനിക്കാം. പെൺകുട്ടികൾ തമ്മിലുള്ള ഈഗോ അവരുടെ നോട്ടങ്ങളിലും ഭാവങ്ങളിലും പ്രകടമാണ്. പുറത്തുനിന്ന് വരുന്ന ചെറുപ്പക്കാരൻ അവരുമായി എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വേഷത്തില്‍ നിന്നു വ്യക്തമാകും. ഡെനീം ധരിച്ച് അയാള്‍ മുടി ട്രിം ചെയ്യുന്ന ഫോട്ടോയിലൂടെയാണ് അയാളുടെ മാറ്റം കാണിക്കുന്നത്. അതിലൂടെ അയാൾ അവരില്‍ ഒരാളായി മാറുകയാണ്. ഒരു ചെറുപുഞ്ചിരിയോടെയാണ് ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രം പിന്നീട് അവനെ സ്വീകരിക്കുന്നത്. ഒരുപക്ഷേ അവൻ അയാളുടെ പിൻഗാമി ആയി മാറാം’’– അച്ചു വ്യക്തമാക്കി. 

Wisk-6

ഒരോ കഥാപാത്രങ്ങളെയും കൂടുതൽ മനസ്സിലാക്കാൻ ആവശ്യമായ ഡീറ്റൈലിങ് വേഷത്തിലും രൂപത്തിലും നൽകിയിട്ടുണ്ട്. കഥാപാത്രത്തിനു വേണ്ടി രേഷ്മ തന്റെ നീളൻ മുടി വെട്ടുകയായിരുന്നു. അശ്വനി ഷോർട് ഹെയർ ട്രിം ചെയ്തു. സാഖിയും കഥാപാത്രത്തിനു വേണ്ടി മാസങ്ങളായി വളർത്തയിരുന്ന മുടി കളഞ്ഞു. നാജോസ് ആണ് സിനിമറ്റോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ടിജോ ജോൺ ഫൊട്ടോഗ്രഫി ചെയ്തിരിക്കുന്നു. നിധിൻ അനിൽ ആണ് വരികൾ എഴുതിയത്. പാര്‍വതി എസ് ആണ് ഫാഷൻ ഡിസൈനർ.

Wisk-7

വർഷങ്ങളായി പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന അച്ചുവിന് കലപരമായി കൂടുതൽ സ്വാതന്ത്ര്യവും മികവുമുള്ള വർക്കുകൾ ചെയ്യാനുള്ള ആഗ്രഹമാണ് ദ് ബൊഹീമിയൻഗ്രൂവിന് തുടക്കമിടാന്‍ കാരണം.‘‘പരസ്യമേഖലയിൽ ഒരു നിശ്ചിത ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പരിമിധികൾ ധാരാളമാണവിടെ. അതിൽനിന്നുള്ള മോചനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എനിക്ക് പ്രവർത്തിക്കാനും പരീക്ഷണം നടത്താനമുള്ള പൂർണ സ്വാതന്ത്ര്യം. കലാകാരന്റെ സംതൃപ്തി അനുഭവിക്കാനുള്ള മാർഗം’’ – അച്ചു പറഞ്ഞു. 

Wisk-8

വിസ്ക് ബൊഹീമിയൻ ഗ്രൂവിന്റെ മൂന്നാമത്തെ വർക് ആണ്. ആദ്യത്തേതിൽ ടൊവീനോ ആയിരുന്നു. ‘ദ് സ്വേ’ എന്ന പേരിലുള്ള രണ്ടാമത്തെ വർക്കിൽ സാനിയ ഇയ്യപ്പനെ നര്‍ത്തകിയായി അവതരിപ്പിച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിസ്ക്കും തരംഗമാവുകയാണ്.

English Summary : Wisk Fashion Tape featuring Indrans in a new style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com