ADVERTISEMENT

1996 ഡിസംബർ ഒന്നിന് കോട്ടയം മലയാള മനോരമ മ്യൂസിയത്തില്‍ കോളേജ് മാഗസിന്‍ എഡിറ്റർമാർക്കായി നടത്തിയ ക്യാംപസ് ടൈം എഡിറ്റേഴ്സ് മീറ്റ് ശിൽപശാലയില്‍ പങ്കെടുത്തവരെ തേടുന്നു. മാവേലിക്കര ബിഷപ് മൂർ കോളജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റോജിൻ പൈനുംമൂട് ആണ് 24 വര്‍ഷം പിന്നിടുമ്പോൾ അന്നത്തെ സൗഹൃദങ്ങളെ കണ്ടെത്താൻ ശ്രമം നടത്തുന്നത്. ശിൽപശാലയെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം പിറ്റേ ദിവസം പത്രത്തില്‍ വന്ന വാർത്തയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അന്വേഷണം. വിവിധ കോളജുകളില്‍നിന്നായി അറുപതോളം പേരാണ് ക്യാംപിന്റെ ഭാഗമായത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ എല്ലാവരെയും വളരെ വേഗം കണ്ടുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷ റോജിൻ പങ്കുവയ്ക്കുന്നു.

റോജിൻ പൈനുംമൂടിന്റെ കുറിപ്പ് വായിക്കാം;

ഈ ചിത്രങ്ങൾക്കും കുറിപ്പുകൾക്കും ഇന്ന് 24 വയസ് തികഞ്ഞു

അതെ, രണ്ടു വ്യാഴവട്ടക്കാലം മുൻപ് ഇതേ ദിനത്തിലെ പത്രത്താളുകളാണിതൊക്കെ........

1996 ഡിസംബര്‍ ഒന്നിന് മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മലയാള മനോരമ മ്യൂസിയത്തില്‍ കോളേജ് മാഗസിന്‍ എഡിറ്റർമാർക്കായി നടത്തിയ ‘ക്യാംപസ് ടൈം എഡിറ്റേഴ്സ് മീറ്റ്‌’ ശില്പശാലയില്‍ മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രം.

ഓർമകൾക്ക് എന്ത് സുഗന്ധം അല്ലേ, അതും വളരെ പഴയ ഓർമകൾക്ക്. ഡിസംബർ രണ്ടിലെ പത്രത്തിന്റെ രണ്ടാം പേജ് മുഴുവന്‍ ഇതിന്റെ വാർത്തകളും ചിത്രങ്ങളും, അന്ന് ഒരു പതിനെട്ടുകാരന് ഇതില്‍ പരം എന്ത് സന്തോഷം ഉണ്ടാകാൻ....

rojin-2

അന്നത്തെ മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ. എം. മാത്യു ഉദ്ഘാടനം ചെയ്ത ശില്പശാലയില്‍ അസോസിയേറ്റ് എഡിറ്റർ തോമസ്‌ ജേക്കബ്‌, ചീഫ് ന്യൂസ് എഡിറ്റർമാരായ ജോസ് പനച്ചിപ്പുറം, മാത്യൂസ്‌ വർഗീസ്, ന്യൂസ് എഡിറ്റർ ക്രിസ് തോമസ്‌, കാർട്ടൂണിസ്റ്റ് യേശുദാസന്‍, വനിത എഡിറ്റർ ഇൻ ചീഫ് മണർകാട് മാത്യു, ഫൊട്ടോഗ്രാഫര്‍ വിക്ടര്‍ ജോർജ്, ബാലരമ എഡിറ്റർ എന്‍. എം. മോഹനന്‍ എന്നിവര്‍ വിവിധ സെഷനുകൾക്ക്  നേതൃത്വം നൽകി. ഇക്കൂട്ടത്തിൽ മാത്തുക്കുട്ടിച്ചായൻ, വിക്ടർ ജോർജ്, എന്‍. എം. മോഹനന്‍ എന്നിവർ ഇപ്പോൾ നമുക്കൊപ്പം ഇല്ല. ഇവരുടെകൂടി അനുഗ്രഹീത സാന്നിധ്യത്തിൽ നടന്ന ഈ ശില്പശാല നൽകിയത് പുതിയ സൗഹൃദങ്ങളും അറിവുകളും.

അന്നത്തെ ശിൽപശാലയില്‍ പങ്കെടുത്തവരില്‍ പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ എബ്രഹാം വർഗീസ്‌ മാർത്തോമ സഭയിലെ വൈദികന്‍ ആയി എന്നറിഞ്ഞു. മറ്റുള്ളവരൊക്കെ എവിടെയാണെന്ന് അറിയാന്‍ ഒരു എളിയ ശ്രമം നടത്തുന്നു. അവരെ കണ്ടുപിടിക്കാനുള്ള ഈ ശ്രമത്തില്‍ സഹായിക്കുമല്ലോ. സോഷ്യൽ മീഡിയ യുഗത്തിൽ വളരെ പെട്ടെന്ന് ഇവരെ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും.

നെടുങ്കണ്ടം എം.ഇ.എസിലെ തോമസ്‌ ജോസഫ്‌, മാന്നാനം സെന്റ്‌ ജോസഫ്സിലെ ജോസഫ്‌ വി. റാഫേല്‍, തുരുത്തിക്കാട് ബി.എ.എമ്മിലെ അനീഷ്‌ എ.അസീസ്‌, അരുവിത്തുറ സെന്റ്‌ ജോർജിലെ നൗഫൽ, മേലുകാവ് ഹെൻറി ബേക്കറിലെ വി.പി. നാസര്‍, രാജകുമാരി എന്‍.എസ്.എസിലെ ജോണ്‍ ജേക്കബ്‌, ആലാ എസ്.എന്നിലെ കെ.ആര്‍. അനിൽ കുമാര്‍, അമലഗിരി ബി.കെ കോളജിലെ ശുഭമോള്‍ ജോസഫ്‌, മൂലമറ്റം സെന്റ്‌ ജോസഫ്സിലെ ഫെനിന്‍ വർഗീസ്, പാല സെന്റ്‌ തോമസിലെ അരുണ്‍ മാർട്ടിന്‍ ജോസഫ്‌, വൈക്കം സെന്റ്‌ സേവ്യേഴ്‌സിലെ ജിജോ വി. ജോണ്‍, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സിലെ ബി. വിനോദ്, ചങ്ങനാശ്ശേരി അസംപ്ഷനിലെ ജൂണി ജേക്കബ്‌, പത്തനംതിട്ട കാതോലിക്കേറ്റിലെ മാത്യു തുടങ്ങി അറുപതിലേറെ പേര്‍.

rojin-3

അന്നത്തെ അസോസിയയേറ്റ് എഡിറ്റർ ആയിരുന്ന തോമസ് ജേക്കബ് മനോരമയിൽ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ചു, ഇക്കഴിഞ്ഞ മാസം അശീതി കഴിഞ്ഞ അദ്ദേഹത്തിന്റെ  ‘കഥക്കൂട്ട്’ മനോരമ ആഴ്ചപ്പതിപ്പിൽ തുടരുന്നു. അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർ ജോസ് പനച്ചിപ്പുറം ഇപ്പോൾ അസോസിയയേറ്റ് എഡിറ്ററായി ഇന്നും മനോരമയിൽ കൂടാതെ ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻ ചാർജായായും  പ്രവർത്തിക്കുന്നു. മാത്യൂസ് വർഗീസ് എഡിറ്റോറിയൽ ഡയറക്ടറുമായി. അന്നത്തെ ന്യൂസ് എഡിറ്ററായ ക്രിസ് തോമസ് വിരമിച്ച ശേഷം ഇപ്പോൾ തിരുവല്ലയിൽ വിശ്രമ ജീവിതം നയിക്കുന്നു ഫേസ്ബുക്കിൽ സജീവമായ അദ്ദേഹത്തിന്റെ കുറിപ്പുകൾ ഹൃദ്യം. 

അന്നത്തെ ശില്പശാലയ്ക്ക് ചുക്കാന്‍ പിടിച്ച ഇന്നത്തെ തിരക്കഥാകൃത്ത്‌ സണ്ണി ജോസഫ്‌ ഇപ്പോൾ ആലപ്പുഴ മനോരമയിൽ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ, പ്രശസ്ത ചെറുകഥാകൃത്ത് ബി. മുരളി തിരുവനന്തപുരം മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ. ഒരുപക്ഷേ ഈ ഉദ്യമത്തില്‍ എന്നെ സഹായിക്കാന്‍ ഇവർക്കും കഴിഞ്ഞേക്കും. എന്നാലും നിങ്ങളിലാണ് എന്റെ പ്രതീക്ഷ. സഹകരിക്കുമല്ലോ സുഹൃത്തുക്കളെ....

സ്നേഹപൂർവം, 

റോജിൻ പൈനുംമൂട് 

ദുബായ് 

2 ഡിസംബർ 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com