കേരളീയ ചുമര്‍ചിത്രകല: ഉത്ഭവവും പരിണാമവും

HIGHLIGHTS
  • എ.ഡി എട്ടാം നൂറ്റാണ്ടോടെയാണ് കേരളീയ പാരമ്പര്യ ചുമര്‍ചിത്രകല ആരംഭിച്ചുവെന്ന് കരുതപ്പെടുന്നത്
  • ദേശ വ്യത്യാസങ്ങൾക്കനുസരിച്ച് ചിത്രങ്ങളിലെ രൂപങ്ങൾക്കും വ്യത്യാസങ്ങളുണ്ട്
origin-and-evolution-of-kerala-mural-painting
SHARE

മനുഷ്യ സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്‍റിംഗ്. ആദ്യ കാലങ്ങളില്‍ കണ്ടതും പരിചിതവുമായ അനുഭവ പരിസരങ്ങളെ മനുഷ്യര്‍ ഗുഹാ ഭിത്തികളിലും പാറക്കല്ലുകളിലും കോറിയിട്ടു. ജാതക കഥകള്‍ ആലേഖനം ചെയ്ത അജന്താ ഗുഹാചിത്രങ്ങളാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ചിത്രകലാ സംസ്ക്കാരമായി അടയാളപ്പെടുത്തുന്നത്. പിന്നീട് ബുദ്ധകഥകള്‍ ചിത്രീകരിക്കുകയും ബുദ്ധമതാനുയായികള്‍ ചുമര്‍ചിത്ര കലയെ മറ്റ് രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തു. ഗുഹാഭിത്തികളില്‍ നിന്നാരംഭിച്ച ചുമര്‍ചിത്രകലാ സംസ്ക്കാരം കാലാനുസൃതമായി ക്ഷേത്രഭിത്തികളിലേക്ക് വളര്‍ന്നു. കേരളത്തിന്‍റെ കലയെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളാനും പഠിക്കാനും വരുന്ന വിദേശികള്‍ക്ക് ചുമര്‍ചിത്രകല ഒരു അദ്ഭുതം തന്നെയാണ്.

mural-painting-9

എ.ഡി എട്ടാം നൂറ്റാണ്ടോടെയാണ് കേരളീയ പാരമ്പര്യ ചുമര്‍ചിത്രകല ആരംഭിച്ചുവെന്ന് കരുതപ്പെടുന്നത്. കേരളീയ ചുമര്‍ചിത്രങ്ങളുടെ ഉത്ഭവത്തെ കാലഗണനാ ക്രമത്തില്‍ തരംതിരിക്കാനുള്ള തെളിവുകള്‍ വേണ്ടത്ര ലഭിക്കാത്തതിനാല്‍ ഒമ്പതാം നൂറ്റാണ്ടില്‍ വരച്ച തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളില്‍ നിന്നാണ് നമ്മുടെ ചിത്രകലാ പാരമ്പര്യമെന്ന് കരുതാം. പതിനാലാം നൂറ്റാണ്ട് മുതലുള്ള ചുമർചിത്രങ്ങളാണ് കേരളത്തില്‍ കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യ ശൈലീ ചുമര്‍ചിത്രങ്ങളടങ്ങുന്ന നൂറ്റിയമ്പതില്‍പരം ക്ഷേത്രങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേരളത്തിന്‍റെ ഭൂപ്രകൃതിയുടെയും ദൃശ്യചാരുതയുടെയും സ്വാധീനം ആദ്യകാല ചിത്രങ്ങളില്‍ കാണാനാകും. കാലഘട്ടത്തിനനുസരിച്ച്‌ അന്നത്തെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷവും ഭക്തി പ്രസ്ഥാനങ്ങളും ചുമര്‍ചിത്രകലയെ സ്വാധീനിച്ചു. കേരളീയ പാരമ്പര്യത്തെ പ്രകീര്‍ത്തിക്കുന്ന ശൈവ-വൈഷ്ണവ സങ്കല്പവും ദേവിദേവന്മാരും പുരാണകഥകളുമാണ് കൂടുതലായും ചിത്രീകരിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ രവിവര്‍മ സ്കൂള്‍ വരുന്നതോടെയാണ് ചിത്രസങ്കല്‍പ്പനങ്ങളില്‍ മാറ്റമുണ്ടായത്.

mural-painting-5

ചുമർചിത്രകലയിലെ സൗന്ദര്യസങ്കല്പം

ശരീരം ക്യാന്‍വാസാക്കിയുള്ള മുഖത്തെഴുത്ത്, മെയ്യെഴുത്ത്‌, പച്ചകുത്ത് എന്നിവയാണ് ആദ്യകാല ചിത്രകലാ രൂപങ്ങള്‍. ആദിവാസി ഗോത്രങ്ങളില്‍ ആളുകളെ തിരിച്ചറിയാനായി പച്ചകുത്തിയിരുന്നു. പിന്നീട് കോലം വരയ്ക്കുക, ഓണക്കാലത്തെ പൂക്കള നിര്‍മ്മിതി എന്നീ നിലത്തെഴുത്ത് രൂപപ്പെട്ടു. ദേവതകളെയും മൂര്‍ത്തികളെയും പ്രതീകാത്മകമായി വര്‍ണ്ണപ്പൊടികള്‍ കൊണ്ട് വരയ്ക്കുന്ന അനുഷ്ഠാനമായ കളമെഴുത്ത് ശൈലിയുമുണ്ടായി. ഇവയുടെ തുടര്‍ച്ചയെന്നോണമാണ് ചുമരെഴുത്ത് ഉടലെടുക്കുന്നത്.

ദേശ വ്യത്യാസങ്ങൾക്കനുസരിച്ച് ചിത്രങ്ങളിലെ രൂപങ്ങൾക്കും വ്യത്യാസങ്ങളുണ്ട്. പത്മനാഭപുരം കൊട്ടാരം ഭിത്തിയിലുള്ള ചിത്രങ്ങളിലെ സ്ത്രീ രൂപങ്ങൾ നീണ്ട മുഖത്തോടും ദൃഢ ശരീരത്തോടുകൂടിയവയാണെങ്കിൽ മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുവർ ചിത്രങ്ങളിൽ വട്ടമുഖവും മാംസള ശരീരത്തോടും കൂടിയ സ്ത്രീകളെയാണ് ചിത്രീകരിച്ചിട്ടുള്ളത്. കലാകാരന്മാരുടെ സൗന്ദര്യസങ്കല്പം വ്യംഗ്യമായി ചുവർചിത്രങ്ങൾ പ്രതിഫലിച്ചിരുന്നു. പ്രാചീന കാലങ്ങളിൽ ദേവൻമാരെ സർവ്വാലങ്കാര ഭൂഷിതരായാണ് ചുവരുകളിൽ കാണുക. പുരുഷ രൂപങ്ങൾക്ക് സ്ത്രൈണ ഭാവവും സ്ത്രീ രൂപങ്ങൾക്ക് പുരുഷ അംശവും നൽകിക്കൊണ്ടുള്ള ചിത്രങ്ങളായിരുന്നു അക്കാലങ്ങളിൽ പ്രതിഫലിച്ചിരുന്നത്. 

mural-painting-6

മുനിമാർ, രാജാക്കന്മാർ, പരശുരാമൻ, വേട്ടക്കൊരുമകൻ തുടങ്ങി ചില രൂപങ്ങൾക്ക് മാത്രമാണ് മീശ നൽകിയിരുന്നത്. സാധാരണക്കാർക്ക് പുളിയിലക്കര മുണ്ടായിരുന്നു വേഷം.

കളമെഴുത്ത്, കൃഷ്ണനാട്ടം, തോൽപാവക്കൂത്ത്, തെയ്യം, കൂടിയാട്ടം, കഥകളി എന്നീ കലാരൂപങ്ങൾ ചുവർചിത്ര കലാകാരന്മാരെ ആകർഷിച്ചിരുന്നു. കഥകളി മുദ്രകൾ ചുമർ ചിത്രങ്ങളിലെ ദേവീദേവന്മാരുടെ അംഗ വിന്യാസക്രമവുമായും കഥകളി പുരുഷ വേഷത്തിലെ മേലുടുപ്പിന് 'കവചം' എന്ന പേരിലുള്ള ചുമർചിത്രകലയിലെ മേലുടുപ്പുമായും വളരെയധികം സാമ്യമുണ്ട്. ഏറ്റുമാനൂർ ശിവക്ഷേത്രം, മട്ടാഞ്ചേരി കൊട്ടാരം, കൃഷ്ണപുരം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം, ഇടുക്കി മറയൂർ എഴുത്താലൈ ഗുഹകൾ, വയനാട് എടയ്ക്കൽ ഗുഹ, നെയ്യാറ്റിൻകര പാണ്ഡവർപാറ, കാസർകോട് ഏറ്റുകടുക്ക എന്നിങ്ങനെ കേരളത്തിൽ നിരവധി ഇടങ്ങളിൽ പ്രാചീന ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

mural-painting-8

പ്രതലവും ചായങ്ങളും തയ്യാറാക്കല്‍

'തയ്യാറാക്കിയ ചുമർ' എന്നർത്ഥം വരുന്ന 'മ്യൂറസ്' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'മ്യൂറൽ' എന്ന വാക്കിന്‍റെ ഉത്ഭവം. വെറുതെ കിടക്കുന്ന കല്ലിലോ ചുവരിലോ ചിത്രം വരയ്ക്കുകയല്ല, മറിച്ച് ചുമർ ചിത്രങ്ങൾക്കായി പ്രതലം തയ്യാറാകണം. വെട്ടുകല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ കെട്ടിപ്പൊക്കിയ ചുവരിൽ പരുക്കൻ കുമ്മായം കനത്തിൽ തേച്ചതിനുശേഷം കുമ്മായത്തെളി അതിന്മേൽ പൂശി അതിനു മുകളിലാണ് ചിത്രങ്ങൾ വരയ്ക്കുക. പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ചുമർചിത്ര സമ്പ്രദായമാണിത്. ചുമർ ചിത്രങ്ങളിൽ വർണ്ണങ്ങൾ ഉപയോഗിക്കുന്നതിന് രണ്ട് വ്യത്യസ്ത രീതികൾ ഉണ്ട്. പ്രതലം നന്നായി ഉണങ്ങും മുൻപ് വർണ്ണങ്ങൾ ഭിത്തിയിൽ വരയ്ക്കുന്ന രീതിയാണ് 'ഫ്രെസ്കോ ശൈലി'. ഭിത്തി ഉണങ്ങുന്നതിനൊപ്പം വർണ്ണങ്ങളും ഒട്ടി നിൽക്കുമെന്ന പ്രത്യേകത ഇതിനുണ്ട്. അജന്ത ഗുഹ ചിത്രങ്ങൾ ഇത്തരം രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഭിത്തി നന്നായി ഉണങ്ങിയശേഷം ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്യുന്ന രീതിയാണ് 'ഡൈഫ്രെസ്കോ ശൈലി'.

mural-painting-4

സാധാരണ ഒരു ചിത്രം വരയ്ക്കുന്നതിന് 41 മുതൽ 60 ദിവസം വരെയാണ് സമയം. മഞ്ഞ ചായം കൊണ്ട് ബാഹ്യരേഖകൾ വരച്ച ശേഷമാണ് നിറങ്ങൾ നൽകുക. കേരളത്തിലെ ചുമർ ചിത്രങ്ങൾക്ക് കാവി ചുവപ്പ്, കാവി മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നീ പഞ്ചവർണ്ണങ്ങളാണ് ഉപയോഗിക്കുന്നത്. കര്‍ണാടകയില്‍ കണ്ടു വരുന്ന മിനിയേച്ചര്‍ ചുമര്‍ചിത്ര ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ക്ലാസ്സിക്ക് ചുമര്‍ചിത്രങ്ങള്‍. ചുമർ ചിത്രങ്ങൾക്ക് വേണ്ടിയുള്ള ചായങ്ങൾ അപ്പപ്പോൾ തയ്യാറാക്കുകയാണ് പതിവ്. പഴച്ചാറുകൾ, പച്ചിലച്ചാറുകൾ, മൺകട്ട, കല്ല് എന്നിവ അരച്ചും, മനയോല, ചായില്യം,  എരവിക്കറ,  തുരിശ്, എണ്ണക്കരി, നീലയമരിച്ചാറ്, ലാറ്ററേറ്റ്, കോപ്പര്‍ സള്‍ഫേറ്റ്, ലാപസ് ലസൂലി, ചുണ്ണാമ്പ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ചായങ്ങൾ തയ്യാറാക്കുന്നത്. ഇവയ്ക്കൊപ്പം ആറിൽ ഒന്ന് മുതൽ പത്തിലൊന്ന് വരെ വേപ്പിൻ പശയും ചേർത്ത് ചിത്രങ്ങൾ വയ്ക്കുന്നതാണ് രീതി. ചതച്ചെടുത്ത കൈതവേര്, ഉണക്കിയ പുല്ല്, കൂർപ്പിച്ച മുളയുടെ തണ്ട് എന്നിവയാണ് പ്രാചീനകാലത്തെ ബ്രഷുകൾ. ചിത്രം പൂർത്തിയായാൽ കറുത്ത വരകൾ വരച്ചു പടം പൂർത്തിയാക്കും.

mural-painting-1

സാത്വികം (പച്ച നിറം - മുനിമാർ), രാജസം (ചുവപ്പ് - രാജാക്കന്മാർ), താമസം (കറുപ്പ് - അസുരന്മാർ) എന്നീ ത്രിഗുണങ്ങളെ ആധാരമാക്കിയാണ് ദേവീദേവസങ്കല്പം വരയ്ക്കുക. തടിച്ച വര സാമീപ്യം, നേർത്ത വര ദൂരം, ഒഴുകുന്ന വര ഭ്രമണ പ്രതീതി എന്നിങ്ങനെ ചിത്രീകരിക്കുന്ന ഓരോന്നിനും അതിന്റെതായ ആഴമുണ്ട്. കൂടാതെ കാലം, സമയം, ഋതുഭേദങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളിൽ അന്തർലീനമായി സന്നിവേശിപ്പിക്കാൻ കലാകാരന് സാധിക്കും. മനസ്സിലെ രൂപത്തെ കാവ്യഭാഷയിലാക്കിയ ശേഷം നിരവധി ധ്യാനശ്ലോകങ്ങൾ ഉരുവിട്ടാണ് വരയ്ക്കാൻ തുടങ്ങുക. ദേവതകളുടെ ഭാവം, നിറം, കൈമുദ്രകൾ, ആയുധം, വാഹനം എന്നിങ്ങനെ ചിത്രപരമായ വിവരണങ്ങളോടെയാണ് ധ്യാനശ്ലോകങ്ങൾ. വർണ്ണ ലാവണ്യത്തിൽ അജന്ത ചുമർചിത്രങ്ങളാണ് മുൻപിലെങ്കിൽ രേഖാ ചാരുതയിൽ കേരളീയ ചുവർചിത്രങ്ങൾ മികവുറ്റതാണ്.

രവിവർമ സ്കൂൾ ഓഫ് ആർട്ട് 

പാശ്ചാത്യ ചിത്രകലാ ശൈലി ഇന്ത്യൻ ശൈലിയുമായി ബന്ധിപ്പിച്ച ലോക പ്രശസ്ത കലാകാരനാണ് രാജാരവിവർമ്മ. ആധുനിക ചിത്രകല ആരംഭിക്കുന്നതും അതുവരെ ഉന്നതരുടെ കലയായി മാത്രം നിലനിന്നിരുന്ന ചുമർചിത്രകല സാധാരണക്കാർക്കിടയിലേക്ക് എത്തിക്കുന്നതിനും അദ്ദേഹം കാരണമായി. ചരിത്രപരമായ ചിത്രകലാ ശൈലിക്ക് മാറ്റം വരുന്നത് രവിവർമ്മയുടെ ചിത്രങ്ങളോടെയാണ്. ഗോത്ര സംസ്കാരത്തിൽ നിന്ന് ചുമർചിത്രകലയിലേക്ക് മാറിയ കേരളീയ ചിത്രങ്ങളിൽ അതുവരെ കാണപ്പെട്ടിരുന്നത് ദേവതാ സങ്കല്പങ്ങളായിരുന്നു. കാലങ്ങളോളം നിലനിന്ന ആ പാരമ്പര്യ ഘടനയിൽ മാറ്റം ഉണ്ടായി. മഹാരാഷ്ട്രയിൽ കണ്ടുവന്നിരുന്ന 'സാരി' എന്ന വേഷം കേരളീയ ചിത്രങ്ങളിൽ (ദേവി ചിത്രങ്ങൾക്ക്) രവിവർമ്മ പരീക്ഷിച്ചത് അക്കാലത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായി. വർഷങ്ങൾക്ക് ശേഷമാണ് അവ അംഗീകരിക്കപ്പെടുന്നത്.

mural-painting-7

ആദ്യ ചുമർചിത്ര പഠനകേന്ദ്രം

1970ൽ ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ചുമർ ചിത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നാടിന്‍റെ സംസ്കാരിക പൈതൃകമായ അവയ്ക്ക് പുതുജീവൻ നൽകണമെന്ന കലാസ്നേഹികളുടെ ആഗ്രഹപ്രകാരമാണ് ഗുരുവായൂർ ദേവസ്വം ചുമർചിത്ര വിഭാഗമെന്ന ആശയം കൊണ്ടു വരുന്നത്. അങ്ങനെ 1989ൽ കേരളീയ ചുമർചിത്രകലയുടെ നവോത്ഥാനത്തിന് കാരണമായ ആദ്യ ചുമർചിത്ര പഠനകേന്ദ്രം ഗുരുവായൂരിൽ ആരംഭിച്ചു. കലാചാര്യനായ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ശിക്ഷണത്തിലാരംഭിച്ച ചുമർചിത്ര പഠനകേന്ദ്രം വഴിയാണ് കേരളീയ ചുമർചിത്ര ശൈലി പുറംലോകമറിഞ്ഞത്. ദേവീദേവന്മാരെ അത്യധികം ചമയങ്ങളില്ലാതെ വരയ്ക്കുന്ന സമ്പ്രദായമാണ് ചുമർചിത്രകലയിലെ ഗുരുവായൂർ ശൈലി. ആസ്ബറ്റോസ് ഷീറ്റുകളിൽ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളെഴുതാമെന്ന വ്യത്യസ്തമായ ശൈലിക്ക് തുടക്കം കുറിച്ചതും മമ്മിയൂർ കൃഷ്ണൻകുട്ടി നായരാണ്. 

mural-painting-2

ചുമര്‍ചിത്രങ്ങള്‍ക്കായൊരു പുഴയോര വീട്

മ്യൂറല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി പറവൂരിൽ പെരിയാറിന്‍റെ കൈവഴിയുടെ തീരത്താണ് എണ്‍പതിലധികം ചുമര്‍ചിത്രങ്ങളോടെ മനസ്സിനെ കുളിരണിയിക്കുന്ന ഈ ദൃശ്യ വിസ്മയം. കേരളത്തിന്‍റെ ചുമര്‍ചിത്രകലാ തനിമയെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി മാത്രമല്ല, കലയ്ക്ക് വേണ്ടി സ്വസ്ഥമായൊരിടം എന്നത് കൂടിയാണ് കാലടി ശ്രീശങ്കരാചാര്യ കോളജിലെ ചിത്രകലാ വിഭാഗം മേധാവി സാജു തുരുത്തില്‍ ആരംഭിച്ച ‘ആർട്ട് ആൻഡ് മൈൻഡ്’ റസിഡൻഷ്യൽ ആർട്ട് ഗാലറിയുടെ ലക്ഷ്യം. നിറങ്ങളെ പ്രണയിക്കുന്നവര്‍ക്കും ചിത്രകലയെ സ്നേഹിക്കുന്നവര്‍ക്കും കലാകാരന്മാര്‍ക്കും ഏത് നേരത്തും ഈ ഗാലറിയിലേക്ക് കടന്നു ചെല്ലാം എന്നതാണ് മറ്റുള്ള ഗാലറികളില്‍നിന്ന് ആര്‍ട്ട്‌ ആന്‍ഡ്‌ മൈന്‍ഡിനെ വ്യത്യസ്തമാക്കുന്നത്. കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും താമസിച്ചു ചിത്രങ്ങൾ വരയ്ക്കാനുമുളള സൗകര്യം അവിടെയുണ്ട്.

പൈതൃക-കണ്ടംപ്രറി ശൈലികൾ കോർത്തിണക്കിക്കൊണ്ടാണ് പുഴയോരത്തെ ഈ മൂന്നു നില വീട്. മുഗൾ സാമ്രാജ്യത്തിന്‍റെ ചരിത്രം, 2.5അടി നീളവും 35 അടി വീതിയിലുമുള്ള നാല് ദീര്‍ഘചതുര കാന്‍വാസുകളിലായി സമ്പൂർണ രാമായണ കഥാപരമ്പര ചിത്രങ്ങള്‍ എന്നിവയും ഗ്യാലറിയിലെ പ്രത്യേകതകളാണ്. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കു മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കുന്ന രീതിയില്‍ നവീന വൈദ്യുത ക്രമീകരണങ്ങള്‍ ഗാലറിയില്‍ സജ്ജീകരിച്ചിട്ടുള്ളത് ആസ്വാദകര്‍ക്ക് കാഴ്ച്ചയ്ക്കിമ്പമേകുന്നു.

mural-painting-4

ക്ഷയിച്ചു കൊണ്ടിരിക്കുന്ന ചുവര്‍ചിത്രങ്ങളെ പഴയ പ്രൗഢിയോടെ തിരിച്ചെത്തിക്കുന്ന കലാരീതി (Restoration) ഇന്ന് പ്രചാരത്തിലുണ്ട്. പഴയ ചുമര്‍ചിത്രങ്ങള്‍ പൊളിച്ചു വരയ്ക്കാതെ തന്നെ അവയെ പുനസൃഷ്ടിക്കാന്‍ സാധ്യമാകുന്നതാണ് റസ്റ്ററേഷന്‍ രീതി. എസ്. കെ പൊറ്റക്കാടിന്‍റെ ‘തെരുവിന്‍റെ കഥ’, ഒ. വി വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’, കുമാരനാശാന്‍റെ കവിതകള്‍ എന്നിങ്ങനെ കഥകളും കവിതകളും ചുമര്‍ചിത്രങ്ങളായി അവിഷ്ക്കരിക്കപ്പെടുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും (Cultural Exchange) കേരള സംസ്ക്കാരത്തെയും പാരമ്പര്യത്തെയും നിലനിര്‍ത്തുന്നതിലും ചുമര്‍ചിത്ര കലയുടെ സ്വാധീനം ഏറെയാണ്‌.

English Summary : Origin and evolution of mural painting in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA