രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. ഗർഭാവസ്ഥയില്‍ ജോലി, ഫാഷൻ, ആഘോഷങ്ങൾ എന്നിങ്ങനെ ഒന്നിലും വിട്ടുവീഴ്ചയിെല്ലന്ന് കരീന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉറപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതും.
നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ച് നിൽക്കുന്ന കരീനയുടെ ചിത്രമാണ് അടുത്തിടെ ശ്രദ്ധ നേടിയത്. ‘ഞങ്ങൾ രണ്ടു പേരും ഷൂട്ടിങ് സെറ്റിൽ’ എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. ഒരു പരസ്യ ചിത്രീകരണത്തിന് എത്തിയതായിരുന്നു താരം. കരീനയുടെ ഈ സ്റ്റൈലും ആരാധകർക്ക് ഇഷ്ടപ്പെട്ടു. പിങ്ക് നിറത്തിലൂടെ പെൺകുഞ്ഞ് ആണെന്ന സൂചനയാണ് കരീന നൽകിയതെന്നാണ് ചിലരുടെ നിരീക്ഷണം.
കരീനയുടെ മെറ്റേണിറ്റി ഫാഷൻ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് താരത്തിന്റെ രീതി. ആഘോഷ പരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തക്കാൻ എത്തുമ്പോഴും ഫാഷനിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അമ്മയാകുക എന്നത് ഒരു രോഗാവസ്ഥയല്ലെന്നും അതിനാൽ എപ്പോഴും വീട്ടിൽ തന്നെയിരിക്കാന്‍ പറ്റില്ലെന്നും നിലപാടറിയിച്ച് വിമർശനങ്ങളെ തുടക്കത്തിൽ തന്നെ കരീന നേരിട്ടു.
കുഞ്ഞിന് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ കരീന പറഞ്ഞിരുന്നു. ആദ്യ കുഞ്ഞിന് തൈമൂർ എന്ന് പേരിട്ടത് വിവാദമായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കിയില്ലെന്നും കരീന വ്യക്തമാക്കി.
രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാൻ ദമ്പതികൾ ആരാധകരെ അറിയിച്ചത്.
English Summary : Kareena Kapoor shows off her baby bump in new workout gear