കോട്ടയത്തെ ആകാശപ്പാതകൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ! ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

HIGHLIGHTS
  • ആകാശപ്പാതയുടെ നിർമാണം അനന്തമായി നീളുകയാണ്
christmas-model-photoshoot-at-kottayam-sky-path
SHARE

കോട്ടയം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് ശീമാട്ടി റൗണ്ടാന. കാൽനടയാത്രക്കാർക്ക് സുരക്ഷിതയാത്ര ലക്ഷ്യമാക്കി അവിടെ നിർമിക്കുന്ന ആകാശപ്പാതയുടെ നിർമാണം അനന്തമായി നീളുകയാണ്. ആകാശപ്പാത എന്നുവരുമെന്ന കാര്യത്തിൽ കോട്ടയംകാർക്ക് ഒരു ധാരണയുമില്ല! പണിപാളിക്കിടക്കുന്ന റൗണ്ടാന ട്രോളുകളിലെ സജീവ സാന്നിധ്യമാണ്. ഈ റൗണ്ടാന ഇപ്പോൾ ഒരു മോഡൽ ഫോട്ടോഷൂട്ടു കൊണ്ട് ശ്രദ്ധേയമാകുകയാണ്. രാത്രി റൗണ്ടാനയ്ക്ക് സമീപത്തുള്ള മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്നു വാങ്ങിക്കാൻ എത്തിയ ആന്റോ വർഗീസെന്ന കോട്ടയംകാരൻ ഫ്രീലാൻസ് ഫൊട്ടോഗ്രഫറുടെ കണ്ണിൽ ഇതൊരു മികച്ച ഫ്രെയിമായി ഉടക്കി. ഒരു മോഡൽ ഫോട്ടോ ഷൂട്ട് സെറ്റു ചെയ്താൽ സൂപ്പറായിരിക്കും എന്നൊരു തോന്നൽ‌. പിന്നെ ഒട്ടും വൈകിയില്ല രണ്ടു മാസത്തോളം നീണ്ട പ്ലാനിങ്, മോഡൽ കോസ്ററ്യൂം ലൈറ്റ്സ് എല്ലാം റെഡിയായി. ടീന എസ്. മാത്യൂസായിരുന്നു മോഡൽ. 

roundana-photoshoot-3

ക്രിസ്മസ്കാലമായതുകൊണ്ടു തന്നെ ചുവന്ന സാരിയും തൊപ്പിയും വച്ച് മോഡൽ റെഡി. പക്ഷേ പാതിരാത്രിയിലും നഗരത്തിൽ തിരക്കുകൾക്ക് ഒഴിവില്ല, വണ്ടികളുടെ ബഹളം ഇല്ലാത്തൊരു ഫ്രെയിം കിട്ടാൻ രണ്ടര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ വെളുപ്പിന് രണ്ടു മണിക്കാണ് ഷൂട്ട് നടത്തിയത്. വെളിച്ചം തീരെ കുറവായതുകൊണ്ട് രണ്ട് ഫ്ലാഷ് ലൈറ്റിൽ നീല ജെൽ ഉപയോഗിച്ചാണ് ആകാശപ്പാത ലൈറ്റ് അപ് ചെയ്തത്.  

roundana-photoshoot-2

ഗതാഗത നിയന്ത്രണത്തിനു മറ്റു നഗരങ്ങളിൽപോലും മതിയായ സംവിധാനം ഇല്ലാതിരുന്ന കാലത്താണ് കോട്ടയത്ത് ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ മറ്റു റോഡുകൾ സംഗമിക്കുന്നിടത്തായി ശീമാട്ടി റൗണ്ടാന പണിതത്. ഇതോടെ വാഹന ഗതാഗതം സുഖമമായി. നാലു വർഷം മുൻപാണ് ആകാശപ്പാത സ്ഥാപിക്കുന്നതിനായി ഇത് പൊളിച്ചു മാറ്റി കമ്പകൾ നാട്ടിയത്. എന്നാൽ അതിനപ്പുറം പണിയൊന്നും നടന്നില്ല. അതോടെ ട്രോളന്മാർ ഇതേറ്റെടുത്തു. എന്തായാലും ആന്റോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കോട്ടയംകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ എന്നാണ് കമന്റുകൾ.

roundana-photoshoot-4

പത്രസ്ഥാപനത്തിലെ ഫൊട്ടോഗ്രഫർ ജോലി രാജിവച്ച് വെഡ്ഡിങ് ഫൊട്ടോഗ്രഫിയിൽ ആന്റോ സജീവമായി തുടങ്ങിയ സമയത്താണ് കൊറോണ വില്ലനായി എത്തുന്നത്. വർക്കുകൾ കുറഞ്ഞതും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുമാണ് ഇത്തരമൊരു ഷൂട്ടിലേക്ക് എത്തിച്ചത്.

file-pic-manoramaonline
കോട്ടയം ശീമാട്ടി റൗണ്ടാനയിലെ ആകശപ്പാത ഫയൽ ചിത്രം ∙ മലയാള മനോരമ

കോട്ടയത്തെ ആദ്യകാല ആർട്ടിസ്റ്റുമാരിൽ ശ്രദ്ധേയനായ ആർട്ടിസ്റ്റ് വി.എ. വർക്കിയുടെ കൊച്ചുമകനാണ് ആന്റോ. പോർട്രേയ്റ്റ് ചിത്രങ്ങളിലൂടെയാണ് വർക്കി പ്രശസ്തനായത്. പാമ്പാടി ദയറായിൽ സ്ഥാപിച്ചിട്ടുള്ള പരുമല തിരുമേനിയുടെ പോർട്രേയ്റ്റ് വർക്കിയുടെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ്.

English Summary : Photoshoot at Kottaym sky path

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA