ADVERTISEMENT

കടും ചായങ്ങളും അതിസുന്ദരങ്ങളായ അലങ്കാരങ്ങളുംകൊണ്ടു മാത്രമല്ല സമീറ സനീഷ് തന്റെ ‘കസ്റ്റമേഴ്സി’നു കുപ്പായങ്ങൾ തുന്നിയത്. ഓരോരുത്തരുടെയും ജീവിതത്തോടു ചേർന്നുനിൽക്കുകയും അവരുടെ മനസ്സിന്റെ വെളിച്ചവും നിഴലുമൊക്കെ പ്രതിഫലിപ്പിക്കുകയും ചെയ്തു അവ. ഏറ്റവും ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരമൊരുക്കിയ സമീറയുടെ ഫിലിമോഗ്രഫിയിൽ സൂപ്പർതാരങ്ങളുടെ ഹിറ്റ് സിനിമകളടക്കമുണ്ട്. ആ വസ്ത്രങ്ങളും ആക്സസറികളും മിക്കപ്പോഴും ട്രെൻഡിങ് ഫാഷനുമായി. പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന്, അവിടെ സ്വന്തം പാതയൊരുക്കിയ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് കരിയറിനെക്കുറിച്ച് മനസ്സ് തുറക്കുന്നു. 

∙ ഒരു തലമുറയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെത്തന്നെ പൊളിച്ചുപണിയുന്ന തരത്തിലുള്ള ചില ട്രെൻഡ് സെറ്റർ കോസ്റ്റ്യൂംസ് സമീറയുടെ ചിത്രങ്ങളിൽ ഉണ്ട്. ഉദാ: സാൾട്ട് ആൻഡ് പെപ്പറിലെ മൈഥിലിയുടെ സ്കർട്ട്, ചാർലിയിലെ പാർവതിയുടെ മൂക്കുത്തി അടക്കമുള്ള കോസ്റ്റ്യൂംസ്, ദുൽഖറിന്റെ ഷർട്ട്, ഹൗ ഓൾഡ് ആർ യു വിൽ‌ മഞ്ജു വാര്യരുടെ സാരി, പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെയും സ്പിരിറ്റിലെ മോഹൻലാലിന്റെയും കുർത്തകൾ അങ്ങനെ. വസ്ത്രാലങ്കാരത്തിൽ ആവർത്തനം വരാതെ ശ്രദ്ധിക്കുന്നതെങ്ങനെയാണ് ?

സിനിമകളിൽ വരുമ്പോൾ താരങ്ങൾ എന്നതിനേക്കാൾ പ്രാധാന്യം കഥാപാത്രങ്ങൾക്കാണല്ലോ. ഫാഷനും സ്റ്റൈലുമൊക്കെ അതിനു പിന്നിലാണ്. കഥാപാത്രങ്ങൾക്കനുസരിച്ചാണ് കോസ്റ്റ്യൂം സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. ചിലപ്പോൾ ഹൈ ഫാഷനൊന്നും ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല. മെറ്റീരിയലുൾപ്പടെയുള്ളവ സൂക്ഷ്മമായി തിരഞ്ഞെടുക്കുന്നതിലൂടെയാണ് കോസ്റ്റ്യൂം ഡിസൈനിങ്ങിൽ ആവർത്തന വിരസതയുണ്ടാവാതെ ശ്രദ്ധിക്കുന്നത്.

sameera-saneesh-works-1

∙  ഒരു വസ്ത്രത്തിന്റെയോ ആക്സസറിയുടെയോ നിറമോ പാറ്റേണോ ഷെയ്ഡോ നേരിട്ടു കാണുംപോലെയല്ലല്ലോ സ്ക്രീനിലെത്തുമ്പോൾ. അതു മുൻകൂട്ടിക്കാണാൻ സമീറയ്ക്ക് അസാമാന്യ പാടവമുണ്ടെന്ന് പലരും പറയാറുണ്ട്.

കരിയറിന്റെ ആദ്യകാലത്തൊന്നും അത്തരത്തിലുള്ള ഒരു ജഡ്ജ്മെന്റ് കിട്ടിയിരുന്നില്ല. അനുഭവ പരിചയമാണ് ഇക്കാര്യത്തിൽ ഏറെ സഹായകമാകുന്നതെന്നാണ് എന്റെ പക്ഷം. ഓരോ വർക്ക് കഴിയുമ്പോഴും ലഭിക്കുന്ന അനുഭവ പരിചയത്തിൽ നിന്നാണ് അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടാകുന്നത്. ഫ്രെയമിൽ വരുമ്പോൾ എങ്ങനെയിരിക്കും എന്ന ജഡ്ജ്മെന്റനുസരിച്ചാണ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത്. ചില മെറ്റീരിയൽ നേരിട്ടു കാണുമ്പോൾ നല്ല ഭംഗിയായിരിക്കും. പക്ഷേ ഫ്രെയിമിലെത്തുമ്പോൾ ഉദ്ദേശിച്ച ഇഫക്ട് കിട്ടിയെന്നു വരില്ല. ആ കാര്യം മനസ്സിൽ വച്ചാണ് പ്രധാനമായും ഫാബ്രിക്കുകളൊക്കെ തിരഞ്ഞെടുക്കുക.

∙ പ്രമുഖതാരങ്ങൾക്കെല്ലാം വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ടല്ലോ. ഓരോരുത്തരുടെയും സമീപനം ?

ചില ആർട്ടിസ്റ്റുകൾക്കു കോസ്റ്റ്യൂംസ് നൽകിയാൽ, നമ്മൾ വിചാരിക്കുന്നതിനപ്പുറം അവരത് നന്നായി അണിയാറുണ്ട്. മഞ്ജു വാരിയരുടെ കാര്യം പറയുകയാണെങ്കിൽ, പ്രത്യേകിച്ച് സാരിയൊക്കെ ഉടുത്തുള്ള കഥാപാത്രങ്ങളിൽ സാരി അത്ര വലിയ സംഭവമൊന്നുമല്ലെങ്കിൽപ്പോലും അവർ ഉടുത്തു വരുമ്പോൾ നല്ല ഭംഗിയുണ്ടാകും.

∙ കഥാപാത്രങ്ങൾക്ക് നിറപ്പകിട്ടുള്ള കുപ്പായം നൽകുക എന്നതിനപ്പുറം അവരുടെ ജീവിതാവസ്ഥകളെയും വ്യക്തിത്വത്തെയുമൊക്കെ പ്രതിഫലിപ്പിക്കുന്ന, ചിലപ്പോൾ ഒരു കാലത്തെത്തന്നെ പുനഃസൃഷ്ടിക്കുന്ന കലയാണ് വസ്ത്രാലങ്കാരം. അതെപ്പോഴൊക്കെയാണ് ഒരു കോസ്റ്റ്യൂം ഡിസൈനർക്കു വെല്ലുവിളിയുയർത്തുന്നത് ?

ചിലപ്പോഴൊക്കെ അതു വെല്ലുവിളിയാകും. ഇയ്യോബിന്റെ പുസ്തകം, കമ്മാര സംഭവം തുടങ്ങിയവയൊക്കെ ശരിക്കും ടഫ് വർക്ക്സ് ആയിരുന്നു. ഒരുപാട് ദിവസങ്ങളുടെ അധ്വാനം വേണ്ടിവരും അത്തരം സിനിമകൾക്ക്. മറ്റു ചിത്രങ്ങളുടെ വർക്കുകൾ 60 ദിവസംകൊണ്ടൊക്കെ തീരുകയാണെങ്കിൽ അതിന്റെ ഇരട്ടി സമയം വേണ്ടിവരും പീരിയോഡിക്കൽ സിനിമകളുടെ വസ്ത്രാലങ്കാരം പൂർത്തിയാക്കാൻ. കമ്മാര സംഭവമൊക്കെ പല പല ഷെഡ്യൂളുകളിലായി മൂന്നാലു മാസം കൊണ്ടാണ് ചെയ്തു തീർത്തത്.

sameera-saneesh-works-3

  ഏറ്റവും കുഴക്കിയ വർക്ക് ഏതാണ് ?

ഇയ്യോബിന്റെ പുസ്തകം, കമ്മാര സംഭവം എന്നീ രണ്ടു ചിത്രങ്ങളിലും കോസ്റ്റ്യൂമിനുവേണ്ട മെറ്റീരിയലുകൾ അന്വേഷിച്ച് കുറേയേറെ അലയേണ്ടി വന്നിട്ടുണ്ട്. ഒരുപാട് അഭിനന്ദനം ലഭിച്ചത് ചാർലിയിലെ വർക്കിനാണ്. ഇപ്പോഴും ആളുകൾ അതേപ്പറ്റി പറയാറുണ്ട്. പിന്നെ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ കോസ്റ്റ്യൂമിനും ഏറെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയാണെന്നു തോന്നുന്നു സമീറ ഏറ്റവും കൂടുതൽ ഒപ്പം വർക്ക് ചെയ്ത താരം. സ്റ്റൈലും ഫാഷനും അടക്കം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തോടൊപ്പമുള്ള അനുഭവം ?

മമ്മൂമ്മക്കയോടൊപ്പം ഡാഡി കൂൾ എന്ന ചിത്രത്തിലാണ് ആദ്യമായി വർക്ക് ചെയ്തത്. ആ സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ നമുക്ക് വളരെ കൂൾ ആയി, കംഫർട്ടബിൾ ആയി വർക്ക് ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് വർക്ക് ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.

sameera-saneesh-works-2

∙ സമീറ ഏറ്റവുമധികം വർക്കുകൾ ചെയ്തിട്ടുള്ളത് സംവിധായകരായ ആഷിഖ് അബുവിനും രഞ്ജിത്തിനുമൊപ്പമല്ലേ. അവരുമായുള്ള കെമിസ്ട്രിയെപ്പറ്റി ?

അവരുമായി വസ്ത്രാലങ്കാരത്തെപ്പറ്റി നേരിട്ടുപോയിരുന്നു ചർച്ച ചെയ്യണമെന്നു പോലുമില്ല. ഫോൺ ഡിസ്കഷൻ വഴിയാണെങ്കിൽ പോലും അവരുടെ മനസ്സിലുള്ള കോസ്റ്റ്യൂം എന്താണെന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നമുക്ക് നല്ല സ്പേസ് തരുന്ന സംവിധായകരാണ് അവർ. ലാൽ ജോസ് സാറിന്റെ കാര്യത്തിലും അങ്ങനെയാണ്. അദ്ദേഹത്തിന്റെയൊരു പടത്തിലും ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്. അതിന്റെ ഷൂട്ടിങ് മുഴുവനും ദുബായിലാണ്. പക്ഷേ കുഞ്ഞുള്ളതുകൊണ്ട് എനിക്ക് വിദേശത്തു പോയി വർക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സാഹചര്യം മനസ്സിലാക്കി സാർ പറഞ്ഞു, ഇപ്പോൾ കൊറോണയൊക്കെയല്ലേ, യാത്ര ചെയ്യണ്ട, നാട്ടിലിരുന്നു തന്നെ കോസ്റ്റ്യുമൊരുക്കിയാൽ മതിയെന്ന്.

∙  സമീറയുടെ സവിശേഷമായ വർക്കുകളാണ് ഇയ്യോബിന്റെ പുസ്തകവും കമ്മാരസംഭവവും. കമ്മാരസംഭവത്തിന് അവാർഡും കിട്ടി. ആ വർക്കുകളുടെ പിന്നിലെ അധ്വാനത്തെപ്പറ്റി ?

മറ്റു പടങ്ങളെ അപേക്ഷിച്ച് പീരിയോഡിക്കൽ സിനിമകളിൽ ഏറെ അധ്വാനം ആവശ്യമാണ്. മറ്റൊരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്നതുകൊണ്ടുതന്നെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ ബട്ടൺ പോലെയുള്ള ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധപുലർത്താറുണ്ട്. ഇപ്പോൾ ലഭ്യമാകുന്നതെല്ലാം പുതിയ പുതിയ കാര്യങ്ങളല്ലേ. അന്നത്തെ ആക്സസറീസ്, വാച്ചു പോലെയുള്ളവ പുനഃസൃഷ്ടിക്കേണ്ടി വരുന്നത് കുറച്ചു ശ്രമകരമാണ്.

∙  വളരെപ്പെട്ടെന്നു തയാറാക്കേണ്ടിവന്ന, എന്നാൽ സ്വീകരിക്കപ്പെട്ട ഏതെങ്കിലും വർക്ക് ഉണ്ടോ ?

ഹൗ ഓൾഡ് ആർ യു വിലെ മഞ്ജു വാരിയരുടെ സാരി. അത് വളരെ സാധാരണ കോട്ടൺ സാരികളാണ്. മഞ്ജുവാരിയരുടെ തിരിച്ചു വരവ് എന്നതായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതിനു വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോൾ എനിക്കിഷ്ടപ്പെട്ട കുറേ സാരികളും ഉപയോഗിച്ചിരുന്നു. പക്ഷേ ആ കോസ്റ്റ്യൂംസ്  ഇത്ര വലിയ ഹിറ്റ് ആകുമെന്നൊന്നും അന്ന് ഓർത്തിരുന്നില്ല. കാരണം ചില ചിത്രങ്ങൾ ചെയ്യുമ്പോൾ അതിലെ കോസ്റ്റ്യൂംസ് ഹിറ്റ് ആകുമെന്ന് നമ്മൾ പ്രതീക്ഷിക്കും. പക്ഷേ ചിലപ്പോൾ അതത്ര ശ്രദ്ധിക്കപ്പെടണമെന്നില്ല. പക്ഷേ തീരെ പ്രതീക്ഷിക്കാതെ ഹൗ ഓൾഡ് ആർ യു സാരികൾ ഹിറ്റ് ആയപ്പോൾ വളരെ സന്തോഷം തോന്നി. ആ ചിത്രത്തിനു ശേഷം പർച്ചേസിങ്ങിനൊക്കെ പോകുമ്പോൾ ഹൗ ഓൾഡ് ആർ യു സാരികൾ നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്നതൊക്കെ കാണുമ്പോൾ ഞാൻ തന്നെ അദ്ഭുതപ്പെട്ടു പോയിട്ടുണ്ട്.

sameera-saneesh-2

∙  സിനിമയിൽ താരങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം വിലപിടിപ്പുള്ളതാണെന്നാണ് പലരും കരുതുന്നത്. ശരിക്കും അങ്ങനെയാണോ? ട്രയൽ ചെയ്യുമ്പോൾ ശരിയായ ഫാബ്രിക് തന്നെയാണോ ഉപയോഗിക്കുന്നത് ? 

ഓരോ സിനിമയ്ക്കും ഒരു ബജറ്റുണ്ടല്ലോ. അതിലൊതുങ്ങുന്ന വിലയിലുള്ള കോസ്റ്റ്യൂമുകളാണ് ഉപയോഗിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിൽ കുറച്ചു പഴയകാലത്തെ മെറ്റീരിയൽ ആയിരുന്നു വേണ്ടിയിരുന്നത്. അത് കലക്ട് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടി. ട്രയൽ ചെയ്യുമ്പോൾ വർക്കൗട്ട് ആയില്ലെങ്കിൽ മെറ്റീരിയൽ വേസ്റ്റാകും. അതൊഴിവാക്കാൻ ട്രയലിന് ആ ഫാബ്രിക്കിനു പകരം മറ്റൊരു മെറ്റീരിയലായിരുന്നു ഉപയോഗിച്ചിരുന്നത്. അതുപക്ഷേ സംതൃപ്തി നൽകിയില്ലെന്നു മാത്രമല്ല കഥാപാത്രത്തിന് സ്യൂട്ട് ആയതുമില്ല. അങ്ങനെ ശരിയായ ഫാബ്രിക് കൊണ്ടുതന്നെ കോസ്റ്റ്യൂം ചെയ്തു നോക്കിയപ്പോൾ  അത് ശരിയാകുകയും ചെയ്തു.

∙ സമീറയുടെ വസ്ത്രങ്ങളിൽ ഏറ്റവും സുന്ദരനും സുന്ദരിയുമായത് ആരൊക്കെയാണ് ?

മമ്മൂട്ടി, മംമ്ത മോഹൻദാസ്

∙ വസ്ത്രങ്ങളിൽ, അവയുടെ മെറ്റീരിയലിൽ സമീറയുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ ?

കോട്ടൺ

∙ പുതിയ പ്രോജക്ടുകൾ ?

മാർട്ടിൻ പ്രക്കാട്ട് നിർമിക്കുന്ന അർച്ചന 31, അഹമ്മദ് കബീറിന്റെ മധുരം, ലാൽ ജോസ് സാറിന്റെ മ്യാവൂ എന്നിവയാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രോജക്ടുകൾ.

English Summary : Costume designer Sameera Saneesh interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com