ചുമരിലെ കലണ്ടറും മുറികളിലെ മനുഷ്യരും ഒഴികെ സലീമിന്റെ വീട്ടിലെ മറ്റെല്ലാത്തിനും ചുരുങ്ങിയത് 100 വർഷത്തെ പഴക്കം കാണും. അങ്ങനെയല്ലാത്തവയെ അകത്തേക്കു കയറ്റാറേ ഇല്ല. 1820 ലെ പാർക്കേഴ്സ് ഫൗണ്ടെയ്ൻ ലാംപ്, ഒരു നൂറ്റാണ്ടു മുൻപത്തെ പെട്രോമാക്സ് പ്രോജക്ടർ, മോട്ടറോളയുടെ ആദ്യ വോക്കി ടോക്കി, ശിലായുഗത്തിലെ കന്മഴു എന്നിങ്ങനെ ഇന്നലെകളുടെ ഒരു മിനി മ്യൂസിയമാണ് മഞ്ചേരി മുള്ളമ്പാറയിലെ അബ്ദുൽ സലീമിന്റെ വീട്. എക്സ്പയറി ഡേറ്റ് കഴിഞ്ഞതെന്തും വിഷമായിക്കരുതേണ്ട ഒരു മെഡിക്കൽ ഷോപ്പ് ഉടമ നൂറ്റാണ്ടുകൾക്കു മുൻപേ കാലാവധി തീർന്ന വസ്തുക്കളെ തിരഞ്ഞുപിടിച്ചു പെട്ടിയിലാക്കി വയ്ക്കുന്നതെന്തിനെന്നു ചോദിച്ചപ്പോൾ ‘ഒരു കമ്പം തോന്നി’ എന്നു മാത്രമായിരുന്നു ഉത്തരം. ഷോക്കേസിലെ ഒന്നാം റാക്കിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിനെയും രണ്ടാം റാക്കിൽനിന്ന് പത്തൊൻപതാം നൂറ്റാണ്ടിനെയും വസ്തുക്കളുടെ രൂപത്തിൽ എടുത്തുകാണിച്ചപ്പോൾ മറ്റൊന്നു കൂടി മനസ്സിലായി. മരുന്നിനു മാത്രമല്ല, ചരിത്രത്തിനും കുറിപ്പടി ആകാമെന്ന്. അതു കൃത്യമായി എടുത്തു തരാൻ അബ്ദുൽ സലീമിനെപ്പോലെ കുറച്ചു വിദഗ്ധരെയും നമുക്കു വേണമെന്ന്. പുരാവസ്തു, ചരിത്രം എന്നൊക്കെ കേട്ടാൽത്തന്നെ പൊടിയടിച്ചു തുമ്മുന്നവർക്കും പടവണ്ണ വീട്ടിലേക്ക് ധൈര്യമായി കടന്നുവരാം. ഇന്നിന്റെ പകൽവെയിലിനെക്കാൾ തെളിച്ചത്തോടെ മൺമറഞ്ഞ നൂറ്റാണ്ടുകൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.

സഞ്ചയികയും ഉപ്പുമരവിയും
പത്താം ക്ലാസിൽ സഞ്ചയിക പിരിഞ്ഞു കിട്ടിയ പണം ഉപയോഗിച്ച് കൂട്ടുകാർ പുത്തൻ ഉടുപ്പെടുത്തപ്പോൾ അബ്ദുൽ സലീം വാങ്ങിയത് പഴയൊരു ഉപ്പുമരവിയാണ്. മുൻകാലങ്ങളിൽ ഉപ്പിട്ടു വയ്ക്കാനുപയോഗിക്കുന്ന ആ മരപ്പാത്രത്തിന് അന്നു നൂറുരൂപയോളം കൊടുക്കേണ്ടിവന്നു. വരാനിരിക്കുന്ന വൻചെലവുകളുടെ ഒരു ട്രെയിലർ മാത്രമായിരുന്നു ഇത്. സ്റ്റാംപ്, തീപ്പെട്ടിക്കൂട്, നാണയം എന്നിങ്ങനെ പതിവുവഴികളിലൂടെ നീങ്ങിയ പുരാവസ്തു ശേഖരണം വൻതുക കൊടുത്തുവാങ്ങുന്ന വസ്തുക്കളിലേക്കു ദിശമാറിയതു വളരെപ്പെട്ടെന്നായിരുന്നു. ഇന്നിപ്പോൾ ലക്ഷങ്ങളല്ല, കോടികൾ വിലമതിക്കുന്ന ബിഗ് ബജറ്റ് ചിത്രമായി സലീമിന്റെ മ്യൂസിയം മാറിക്കഴിഞ്ഞു. വരുമാനത്തിന്റെ മുക്കാൽപ്പങ്കും ചെലവഴിക്കുന്നതും ഈ വഴിക്കുതന്നെ. സാധനങ്ങൾക്കല്ല, അതുവാങ്ങാനുള്ള യാത്രകൾക്കാണ് കൂടുതൽ തുക ചെലവാകുന്നതെന്നു സലീം പറയുന്നു. 1920 കളിലെ പാർക്കേഴ്സ് ഫൗണ്ടെയ്ൻ ലാംപ് സ്വന്തമാക്കിയത് ഒരു ലക്ഷത്തിനടുത്തു കൊടുത്താണ്. ഇന്ത്യയിൽത്തന്നെ ഇതു കൈവശമുള്ളവർ അപൂർവമാണത്രേ. പുരാവസ്തുശേഖരണത്തിനായി മാത്രം പത്തോളം സംസ്ഥാനങ്ങളിലൂടെ ഇതിനകം സഞ്ചരിച്ചുകഴിഞ്ഞു. ആഴ്ചകളോളം അതതു സ്ഥലങ്ങളിൽ താമസിച്ചാണ് അന്വേഷണം. ചിലപ്പോൾ ഒന്നും കിട്ടാതെ നിരാശയോടെ മടങ്ങേണ്ടി വരും. ചിലപ്പോൾ ലോട്ടറിയടിച്ചെന്നും വരും. പണ്ടു കാലത്തെ കാർഷിക ഉപകരണങ്ങൾ തപ്പി ഹരിയാന വരെ പോയെങ്കിലും ആകെ കിട്ടിയത് പണ്ട് കാളവണ്ടിയിൽ ഉപയോഗിച്ചിരുന്ന ചെറിയൊരു ഉപകരണം മാത്രം. അതേസമയം, തൊട്ടയലത്തുള്ള മംഗളൂരുവിൽ പോയപ്പോൾ കിട്ടിയത് ആറടി നീളവും മൂന്നടി വീതിയുമുള്ള ഒറ്റത്തടിയിൽത്തീർത്ത മഞ്ച (അരി സൂക്ഷിക്കുന്ന മരപ്പാത്രം)യാണ്. ആറാൾ പിടിച്ചാൽ അനങ്ങാത്ത മഞ്ച വീട്ടിലെത്തിക്കാൻ പണമേറെച്ചെലവായെങ്കിലും അടിച്ചത് ബംപറാണെന്നാണ് സലീമിന്റെ വാദം.

തറവാടിയാണല്ലേ!
ഒരാളെ പരിചയപ്പെട്ടു പേരും നാടും മനസ്സിലാക്കിയാലുടൻ അബ്ദുൽ സലീം ചോദിക്കും ‘പഴയ തറവാട്ടുകാരാണല്ലേ’. മിക്കവാറും പേർ ഇതിൽ വീഴും. കുടുംബചരിത്രവും തറവാട്ടുവീടിന്റെ ജ്യോഗ്രഫിയുമെല്ലാം ഖണ്ഡശയായി അവർ വിളമ്പുന്നതിനിടയിൽ അടുത്ത ചോദ്യമെത്തും ‘തട്ടിൻപുറത്ത് പുരാവസ്തുക്കൾ വല്ലതുമുണ്ടോ’ ഉണ്ടെന്നെങ്ങാനുമാണു മറുപടിയെങ്കിൽ ആ പേരും നമ്പറും അപ്പോൾത്തന്നെ ഡയറിയിൽ എഴുതിച്ചേർക്കുകയായി. പിന്നീട് നിരന്തരം വിളികളാണ്. ‘നല്ല വില തരാം, പൊന്നുപോലെ സൂക്ഷിക്കാം, മറ്റാർക്കും കൈമാറില്ല’ എന്നെല്ലാം തരംപോലെ ഉടമസ്ഥനോടു പറഞ്ഞ് ഒടുവിൽ ആ വസ്തു സ്വന്തം വീട്ടിലെത്തിച്ചിരിക്കും. ചിലരോട് ദിവസങ്ങൾ സംസാരിക്കേണ്ടി വരും, ചിലരോടു വർഷങ്ങൾതന്നെ വേണ്ടി വരും. രണ്ടായാലും സലീം തയാർ. പണ്ട് നിധി കിട്ടിയിട്ടുണ്ടെന്നു പറഞ്ഞാലും ‘ആ സ്വർണം നിങ്ങളെടുത്തോ, അതിട്ടുവച്ച പെട്ടിയൊന്നു തരാമോ’ എന്നായിരിക്കും സലീമിന്റെ ചോദ്യം. കാരണം പൊന്നിനല്ല വില, ചരിത്രത്തിനാണ് പൊന്നുംവില.

മഞ്ചേരിയും എഴുത്തച്ഛനും
തന്റെ പുരാവസ്തു ശേഖരത്തിൽത്തന്നെ സലീം പവിത്രമായി കാത്തുസൂക്ഷിക്കുന്ന ഒരു താളിയോലയുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്. അച്ചുകൂടങ്ങളുടെ ആർഭാടം വരും മുൻപ് താളിയോല ഗ്രന്ഥങ്ങളിലൂടെയായിരുന്നു രാമായണം കിളിപ്പാട്ട് ദേശദേശാന്തരങ്ങൾ സഞ്ചരിച്ചത്. തൃശൂർ സ്വദേശി ഗോപാല മേനോനിൽനിന്ന് സലീം സ്വന്തമാക്കിയ ഈ താളിയോല ഗ്രന്ഥത്തിന് ഏകദേശം 200 വർഷത്തിലധിക്കം പഴക്കം വരും. ഈ താളിയോല ഗ്രന്ഥം കിട്ടിയത് തൃശൂരിൽ നിന്നാണെങ്കിലും താൻ താമസിക്കുന്ന മഞ്ചേരിയുമായി എഴുത്തച്ഛൻ സാഹിത്യത്തിന് അഭേദ്യമായ ബന്ധമുണ്ടെന്ന് സലീം പറയുന്നു. എഴുത്തോലകളിൽനിന്ന് മോചിപ്പിച്ച് അച്ചടിച്ച പുസ്തകമായി എഴുത്തച്ഛന്റെ ഒരു കൃതി മാറുന്നത് മഞ്ചേരിയിൽവച്ചാണ്. മഹാഭാരതം കിളിപ്പാട്ടായിരുന്നു ആ പുസ്തകം. ഭാഷാപിതാവിനെ അച്ചടിയിലേക്ക് ഓർത്തെടുത്തതാകട്ടെ കാളഹസ്തിയപ്പ മുതലിയാരെന്ന തമിഴ്നാട്ടുകാരനും. 1862 ഒക്ടോബറിൽ മഞ്ചേരിയിലെ വിദ്യാവിലാസം പ്രസിൽ ‘ശ്രീമഹാഭാരതം പാട്ട്’ എന്ന പേരിൽ അച്ചടിച്ച പുസ്തകത്തിന് അന്ന് നാലര രൂപയായിരുന്നു വില. കേരളത്തിലെ ആദ്യ മലയാള പുസ്തകം അച്ചടിച്ചു കഴിഞ്ഞ് (1824) 38 വർഷങ്ങൾക്കു ശേഷമാണ് മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പുസ്തകം കേരളത്തിൽ പുറത്തിറങ്ങുന്നത്. അച്ചടിക്കാൻ വൈകി എന്നു മാത്രമല്ല, അന്ന് അച്ചടിച്ച പുസ്തകത്തിന്റെ ഒരു കോപ്പി പോലും ഇന്നു കേരളത്തിൽ ലഭ്യവുമല്ല. കൊൽക്കത്ത നാഷനൽ ലൈബ്രറിയുടെ ശേഖരത്തിലാണ് ലഭ്യമായ ഏക കോപ്പിയുള്ളത് എന്നാണ് അറിവ്. 1863ൽ രാമായണം കിളിപ്പാട്ടും മഞ്ചേരിയിലെ ഇതേ പ്രസിൽത്തന്നെയാണ് അച്ചടിച്ചിട്ടുള്ളത്. രാമായണവും വൈദ്യഗ്രന്ഥങ്ങളും തിരുവിതാംകൂർ ഭൂരേഖകളും ഉൾപ്പെടെ വലിയൊരു താളിയോല ശേഖരം തന്നെ സലീമിന്റെ വീട്ടിലുണ്ട്. അതിൽ ഉൾപ്പെട്ട ആട്ടക്കഥകളുടെ താളിയോല ഗ്രന്ഥം അത്യപൂർവമാണെന്നു വിദഗ്ധർ പറയുന്നു.

ചരിത്രം മോഷ്ടിക്കാമോ ?
അമൂല്യമായ ഒട്ടേറെ ചരിത്രവസ്തുക്കൾ ടെറസിലും മുറ്റത്തും അടുക്കളപ്പുറത്തും ഉണ്ടെങ്കിലും കള്ളന്മാരുടെ നോട്ടത്തിൽ സലീമിന്റെ വീട് ഇതുവരെ പെട്ടിട്ടില്ല. ഇനി അഥവാ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽത്തന്നെ ഒന്നും കിട്ടിക്കാണില്ലെന്ന് സലീം പറയുന്നു. ‘വിലപിടിപ്പുള്ളതു വല്ലതും കാണുമെന്നോർത്ത് ഭരണിക്കകത്തും ആമാടപ്പെട്ടിക്കകത്തും അവർ കയ്യിട്ടു നോക്കും. എന്നാൽ വിലപിടിപ്പുള്ളത് പതിനെട്ടാം നൂറ്റാണ്ടിലെ ആ ചീനഭരണി തന്നെയാണെന്ന് അവർക്കറിയില്ലല്ലോ’ ചരിത്രവസ്തുക്കൾ തേടിയുള്ള അബ്ദുൽ സലീമിന്റെ പാച്ചിലിനു സകല പിന്തുണയുമായി പിതാവ് അലി പടവണ്ണയും മാതാവ് സി.പി.മറിയുമ്മയും ഭാര്യ റഷീദയും മക്കൾ മുഹമ്മദ് ഷഹിൻ, ഷസാന, ആയിഷ സുൽത്താന, ജുവൈരിയ എന്നിവരും ഒപ്പമുണ്ട്.
അബ്ദുൽ സലീം ഫോൺ:9947220882
