ADVERTISEMENT

ലോക്ഡൗൺ കാലം. തോട്ടിൽ ചൂണ്ടയിട്ടിരിക്കുന്നതിന്റെ ഇടവേളയിലാണ് കുര്യന്റെ ചിന്തക്കൊളുത്തിൽ ഒരൈഡിയ കയറി കൊത്തിയത്– ഒരു ചുണ്ടൻ വള്ളമുണ്ടാക്കാം! അതിനും കുറച്ചുകാലം മുമ്പ്, തിരുവാർപ്പിൽ കൗതുകവസ്തുക്കളുണ്ടാക്കി വിൽക്കുന്ന ഒരു ചങ്ങാതിയിൽനിന്ന് കുര്യൻ ഒരു കുഞ്ഞു ചുണ്ടനെ വാങ്ങിയിരുന്നു; ഷോകേസിൽ വയ്ക്കാൻ. അന്നു തോന്നിയ കൗതുകം ഉള്ളിൽക്കിടന്നു വളർന്നതാണ് അപ്രതീക്ഷിതമായി ചാടിവീണത്. അപ്പൊത്തന്നെ ചൂണ്ട വലിച്ച് എഴുന്നേറ്റ കുര്യൻ പണി തുടങ്ങി. കൂട്ടുകാരൻ വള്ളമുണ്ടാക്കുന്നതു കണ്ടതിന്റെ ഓർമയും മനോധർമവും ചേർന്നപ്പോൾ കുര്യന്റെ കൈവെള്ളയിൽ ഒരു ചുണ്ടൻ റെഡി. വള്ളം പണി ഐഡിയ കേട്ട് ‘ഇതൊക്കെ നടക്കുമോ’ എന്നു സംശയിച്ച മക്കൾ വള്ളം കണ്ട് ഞെട്ടി. പിന്നെ അപ്പനു കൈ കൊടുത്തു. 

പിന്നൊരു ദിവസം ചുമ്മാ പറമ്പിലേക്കിറങ്ങിയതായിരുന്നു കുര്യൻ. അപ്പോഴാണു ശ്രദ്ധിച്ചത്, ഒടി‍ഞ്ഞുവീണിട്ട് ഏറെയായ ഒരു പൂവരശിന്റെ കമ്പിന് പരിചയമുള്ള എന്തോ ഒന്നിന്റെ ഛായ. ‘അതെന്നാ അങ്ങനൊരു സാധനം’ എന്ന് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് പരിയചത്തിന്റെ ബൾബ് മിന്നിയത് – ഒരാനക്കൊമ്പ്! അപ്പൊത്തന്നെ പോയി ഒരു വെട്ടുകത്തിയുമായി വന്ന് കുര്യൻ ആനക്കൊമ്പിന്റെ ‘ഛായ’യുള്ള ആ പൂവരശിങ്കൊമ്പും അതിനടുത്തു കിടന്ന വേറൊരു കമ്പും വെട്ടി വീട്ടിലെത്തിച്ചു. കമ്പുകളിലെ ആനക്കൊമ്പെങ്ങനെ ‘പുറത്തെത്തിക്കും’ എന്നു ചിന്തിച്ചപ്പോഴാണ് കുര്യന്റെയുള്ളിലെ കർഷകൻ ഐഡിയയുടെ അടുത്ത ബൾബ് മിന്നിച്ചത്. പണ്ട് തൂമ്പായ്ക്കു ‘കൈ’യിടാൻ വെട്ടുന്ന കമ്പും കമുകിന്റെ അലകുമൊക്കെ ചീകിമിനുക്കിയിരുന്നത് കുപ്പിച്ചില്ലിന്റെ ചീളു കൊണ്ടായിരുന്നു. ഏത് ഉളിയേയും തോൽപ്പിക്കുന്ന ഫിനിഷിങ്ങാണ് അതിന്റെ പ്രത്യേകത. പക്ഷേ കൈകാര്യം ചെയ്യാനുള്ള തഞ്ചമറിഞ്ഞില്ലെങ്കിൽ കളി മാറും. വിരലുകളും കൈയും കീറിപ്പോകും. കുര്യൻ പക്ഷേ ചില്ലുചീളിനെത്തന്നെ കൂട്ടുപിടിച്ചു. പണികഴിഞ്ഞപ്പോൾ ഉഗ്രൻ രണ്ടു കൊമ്പനാനക്കൊമ്പ് റെഡി!

vallam

ലോക്ഡൗണിലെ കമ്പം

കോട്ടയം ബസേലിയസ് കോളജിൽ അനധ്യാപക ജീവനക്കാരനായ തിരുവാ‍ർപ്പ് ചോതിരക്കുന്നേൽ ടി.കെ. കുര്യന് ലോക്ഡൗൺ കാലത്താണ് കൗതുകവസ്തുനിർമാണത്തിൽ താൽപര്യം തുടങ്ങിയത്. ആദ്യമുണ്ടാക്കിയ കെട്ടുവള്ളത്തിന്റെ മാതൃക നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ താൽപര്യം കൂടി. തിരുവാർപ്പിലും പരിസരത്തും ധാരാളമുള്ള പൂവരശിന്റെ കൊമ്പുകൾ കൊണ്ടാണ് ആനക്കൊമ്പും വിമാനവുമൊക്കെയുണ്ടാക്കിയത്. പൂവരശിന്റെ തടിയുടെ വലിയ കഷണങ്ങൾ മാത്രമേ ഫ‍ർണിച്ചറിനും മറ്റും ഉപയോഗിക്കാറുള്ളൂ. ബാക്കിവരുന്ന ചെറിയ ശിഖരങ്ങളും മറ്റും ശേഖരിച്ചാണ് കുര്യന്റെ നിർമാണം. പൂവരശും തേക്കുമാണ് ഇത്തരം നിർമാണത്തിനു പറ്റിയ തടികൾ. പിന്നീട് തടിയിൽ കുത്തൽ വീഴില്ല. 

പറമ്പിലും മറ്റുമുള്ള പാഴ് വസ്തുക്കളും മരക്കൊമ്പുകളും വേരുകളുമെല്ലാം കുര്യന്റെ കയ്യിൽ മനോഹരവസ്തുക്കളാകുന്നു. ഇത്തിക്കണ്ണിയുടെ കമ്പാണ് മറ്റൊരു അസംസ്കൃത വസ്തു. വെള്ളത്തിൽ കിടന്ന് പഴകിയ കമ്പിന് നല്ല ബലമായിരിക്കും. അതിൽ തേങ്ങയുടെ ഞെടുപ്പ് ഭംഗിയായി കോർത്തുവച്ച് പെയിന്റ് ചെയ്താണ് പൂക്കളുണ്ടാക്കിയത്. ചിരട്ടയും ചകിരിയും കയറും കൊണ്ടാണ് മണ്ണെണ്ണവിളക്കുണ്ടാക്കിയത്. മരക്കൊമ്പു വെട്ടി മിനുക്കിയെടുത്ത് വിമാനങ്ങളും പറവകളെയും ഉണ്ടാക്കിയിട്ടുണ്ട്. രണ്ടുമൂന്നു വള്ളങ്ങൾ സുഹൃത്തുക്കൾക്കു വിറ്റിട്ടുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ ഇനിയും വിൽപന നടത്തും.

കുര്യന്റെ കൗതുകവസ്തു നിർമാണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അതിനുപയോഗിക്കുന്ന ഉപകരണങ്ങളാണ്. വെട്ടുകത്തിയും ചില്ലു ചീളും മാത്രമാണ് കുര്യന്റെ ആയുധങ്ങൾ. ഉളിയോ മറ്റ് ആധുനിക ഉപകരണങ്ങളോ ഉപയോഗിക്കാറില്ല. വള്ളത്തിന്റെ ഉൾവശം കൊത്തിയെടുക്കാൻ മാത്രം ചെറിയ ഉളി ഉപയോഗിക്കാറുണ്ട്. പൊട്ടിയ ജനാലച്ചില്ലിന്റെ ചീളാണ് മിനുക്കാൻ ഉപയോഗിക്കുന്നത്. ഉപയോഗത്തിൽ സൂക്ഷ്മതയില്ലെങ്കിൽ മാരകമായി മുറിവേൽക്കാനും സാധ്യതയുണ്ട്.

പ്രകൃതിയാണ് ‘ആശാൻ’

പാടങ്ങളും തോടുകളും പുഴയും മീനും കിളികളുമൊക്കെയുള്ള തിരുവാർപ്പാണ് കുര്യന്റെ പ്രചോദനം. ചുറ്റുമുള്ള ഒരു വസ്തുവും പാഴല്ല എന്ന തിരിച്ചറിവിലാണ് അവയുപയോഗിച്ച് കൗതുകവസ്തുക്കളുണ്ടാക്കുന്നത്. കെട്ടുവള്ളവും മീനും കിളിയും പൂക്കളുമൊക്കെയായി അതേ ചുറ്റുപാടുകൾ തന്നെയാണ് കുര്യന്റെ സൃഷ്ടികളിലുമുള്ളത്.

വായന, കൃഷി

കുട്ടിക്കാലം തൊട്ട് കുര്യനൊപ്പമുള്ള രണ്ടിഷ്ടങ്ങളാണ് പുസ്തകങ്ങളും കൃഷിയും. കൃഷിക്കാരനായിരുന്ന അച്ഛൻ പി.എം. കുര്യൻ പരിചമുട്ടുകളി ആശാൻ കൂടിയായിരുന്നു. പരിചമുട്ടുകളി പാട്ടുകൾ എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. വായനയുടെ രസം മകനു പറഞ്ഞുകൊടുത്തതും ശീലിപ്പിച്ചതും അദ്ദേഹമായിരുന്നു. ഓർമ വച്ചകാലം മുതൽ കുര്യൻ പത്രം വായിക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ തിരുവാർപ്പ് പഞ്ചായത്ത് ലൈബ്രറിയിൽ അംഗമായി. അവിടെനിന്നു പുസ്തകങ്ങളെടുത്തു വായിച്ചു. കിളിരൂർ കാർത്യായനീ വിലാസം വായനശാലയിൽ ഒരു സുഹൃത്തിനു മെമ്പർഷിപ്പുണ്ടായിരുന്നു, അവിടെനിന്നും പുസ്തകങ്ങളെടുത്തിരുന്നു. ചെറുപ്പത്തിൽ പടം വരയ്ക്കാറുണ്ടായിരുന്നു. 

പഴയ വസ്തുക്കളുടെ ഒരു ശേഖരവും കുര്യനുണ്ട്. പിതാവിന്റെ കാലം മുതലുള്ള പഴയ പാത്രങ്ങളും ഉപകരണങ്ങളുമൊക്കെ പോളിഷ് ചെയ്ത് മിനുക്കി സൂക്ഷിച്ചിട്ടുണ്ട്. പഴയ പറ, ചങ്ങഴി, പെട്രോമാക്സ്, റാന്തൽ, കിണ്ടി, കോളാമ്പി, തകരത്തിന്റെ പറ, ഏറുകൊട്ട, കട്ടപ്പാര അടക്കമുള്ളവ ഇങ്ങനെ സൂക്ഷിച്ചിട്ടുണ്ട്. അവയിൽ മിക്കതിനും നൂറുവർഷത്തിലേറെ പഴക്കമുണ്ട്. 

Boat

അച്ഛനിൽനിന്നു കിട്ടിയ കൃഷി വിട്ടൊരു കളിയില്ല കുര്യന്. അഞ്ചേക്കറിൽ നെൽകൃഷിയുണ്ട്. കൂലി കൂടിയതും വളത്തിന്റെ സബ്സിഡി കളഞ്ഞതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും കൃഷി ചതിച്ചിട്ടില്ലെന്ന് കുര്യൻ പറയുന്നു. വരൾച്ചയോ മുഞ്ഞ പോലെയുള്ള കീടബാധകളോ ചിലപ്പോൾ ബുദ്ധിമുട്ടിക്കാറുണ്ട്.

വെറും ഹോബി എന്നതിനപ്പുറം കുര്യൻ താൽപര്യത്തോടെ കരുതുന്ന കൗതുകവസ്തു നിർമാണത്തിന് ഭാര്യ ഷൈല കുര്യനും മക്കളും പൂർണ പിന്തുണയാണ്. രണ്ടുപെൺമക്കളാണ് കുര്യന്. മൂത്തയാൾ അനുജ മറിയം കുര്യൻ എംഎസ്‌സി ഫിസിക്സ് കഴിഞ്ഞ് തിരുവല്ല മാർത്തോമ്മാ കോളജിൽ ഗെസ്റ്റ് ലക്ചററാണ്. രണ്ടാമത്തെയാൾ അലീന സൂസൻ കുര്യൻ ബസേലിയസ് കോളജിൽ ബികോം വിദ്യാർഥിനി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com