ADVERTISEMENT

മലയാളി ആർട്ടിസ്റ്റ് വിനായക് ജയശ്രീയുടെ കലാസൃഷ്ടി ലേലത്തിൽ നേടിയത് 50 ലക്ഷം ഡോളർ. (ഏകദേശം 36 കോടി രൂപ.) ഈ തുകയാകട്ടെ ഉപകാരപ്പെടുക പാവപ്പെട്ട രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മൂലം വലയുന്ന രോഗികൾക്ക് ഇതു വലിയ ആശ്വാസമാകും. 

ബെംഗളൂരുവിലെ നൂറ ഹെൽത്ത് എന്ന എൻജിഒയുടെ ക്രിയേറ്റീവ് ലീഡ് ആണു തിരുവനന്തപുരം സ്വദേശിയായ വിനായക്. സർക്കാരുമായി സഹകരിച്ച് ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളാണ് ആരോഗ്യരംഗത്തു നൂറ ചെയ്തു വരുന്നത്. രോഗികളുടെ ബന്ധുക്കൾക്കു രോഗീശുശ്രൂഷ പഠിപ്പിച്ചു കൊടുക്കാൻ നഴ്സുമാരെ പരിശീലിപ്പിക്കുകയാണു നൂറയുടെ പ്രധാന ലക്ഷ്യം. ആശുപത്രി വിടുന്ന രോഗികൾക്കുള്ള ശുശ്രൂഷ പിന്നീട് ഈ ബന്ധുക്കൾക്കു തന്നെ ചെയ്യാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ആശുപത്രികൾ കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിച്ചു വരുന്നു. ദക്ഷിണേഷ്യയിൽ 165 ആശുപത്രികളിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.

വിനായക് ജയശ്രീയുടെ ‘സേവ് തൗസൻഡ്സ് ഓഫ് ലൈഫ്’ എന്ന ജിഫ് ആർട് വർക്ക് ഓൺലൈനായാണു  (എൻഎഫ്ടി) ലേലത്തിനു വച്ചത്. ഈ തുക പൂർണമായും സാധാരണക്കാരുടെ ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുമെന്നു നൂറ പറയുന്നു. 

കൊറോണയ്ക്കെതിരെ ബോധവൽകരണം

വുഹാനിൽ നിന്നു കഴിഞ്ഞ വർഷം ജനുവരി അവസാനം ഇന്ത്യയിലെത്തിയ വിദ്യാർഥികളിൽ കോവിഡ്–19 സ്ഥിരീകരിച്ചപ്പോൾ മുതൽ കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വിനായക് സചിത്ര മുന്നറിയിപ്പുകൾ തയാറാക്കി പലർക്കും കൈമാറിയിരുന്നു. ഇതു കണ്ടു നൂറ ഹെൽത്തും കൊറോണയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നുകയായിരുന്നു. നിരന്തരം കൈകൾ സോപ്പിട്ടു കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കുക തുടങ്ങിയ പ്രാരംഭ നിർദേശങ്ങൾ സചിത്ര കാർഡുകളാക്കി, മലയാളം അടിക്കുറിപ്പോടെ കേരളത്തിന്റെ പലഭാഗങ്ങളിലുമെത്തിച്ചു. ഒട്ടേറെപ്പേർ ഇതു പകർപ്പെടുത്തു ബോധവൽക്കരണത്തിനായി ഉപയോഗിച്ചു. തുടർന്ന് ഇത്തരം സന്ദേശങ്ങൾ വിവിധ ഭാഷയിലാക്കി മധ്യപ്രദേശ്, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ബംഗ്ലാദേശിലേക്കും അയച്ചു. 

ഇപ്പോൾ കൊറോണയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിനു പുറമെ ഇതേക്കുറിച്ചു പരക്കുന്ന അസത്യങ്ങൾക്കും അർധസത്യങ്ങൾക്കുമെതിരെയുള്ള ബോധവൽക്കരണം കൂടി ഉൾപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ജനങ്ങൾ വാക്സിനേഷനു മടി കാണിക്കുന്നുണ്ട്. ഇക്കാര്യത്തിലും ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നൂറ ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com