ADVERTISEMENT

ഷോപ്പിങ് മാളിൽ കയറി ട്രെൻഡിയായൊരു ടീഷർട്ട് കയ്യിലെടുക്കുമ്പോൾ അതിന്റെ ടാഗിൽ വിലയോടൊപ്പം Co2 എന്ന ലേബൽ കൂടി കണ്ടാലോ ? ആ വസ്ത്രം തയാറാക്കുന്നതുവഴി പാഴാക്കിയ വെള്ളത്തിന്റെയും പ്രകൃതിയിലേക്കു പുറന്തള്ളിയ കാർബൺഡൈ ഓക്സൈഡിന്റെയും അളവു കൂടി രേഖപ്പെടുത്തുന്ന ഉത്തരവാദിത്ത നിലപാടുകളാണ് അഗോള താപനത്തിന്റെ കാലത്തു വേണ്ടതെന്ന തിരിച്ചറിവിലാണ് ഫാഷൻ ബ്രാൻഡുകൾ. അടുത്തിടെ ഫുട്‌വെയർ ബ്രാൻഡായ ഓൾബേഡ്സ് ഈ രീതിയിലുള്ള ചുവടുവയ്പു നടത്തി. 

ഓൺലൈനായും ഓഫ്‌ലൈനായും വാങ്ങുന്ന എല്ലാ ഉത്പന്നങ്ങളിലും വിശദമായ സിഒ2 ലേബലാണ് ഉൾപ്പെടുത്തിയത്. ഉപഭോക്താവ് ഒരു ഷൂസ് വാങ്ങുമ്പോൾ അവരുടെ തീരുമാനത്തിൽ ഉൾപ്പെടുന്നത് പ്രകൃതിയോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നു വ്യക്തം.

അഡിഡാസും ഓൾബേഡ്സും സംയുക്തമായി പുറത്തിറങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കാർബൺ ട്രെയിനർ ‘ഫ്യൂച്ചർ ക്രാഫ്റ്റ്, ഫുട്‌പ്രിന്റ്’ ശ്രേണിയിലെ ഒരു ജോടി ഷൂസ് പുറന്തള്ളുന്നത് 2.4 കിലോഗ്രം കാർബൺ ഡൈ ഓക്സൈഡാണ്. ഇതേ സ്ഥാനത്തു സാധാരണ ട്രെയിനർ ഷൂസ് പുറന്തള്ളുന്നത് 12.5 കിലോഗ്രാം കാർബൺ ആണ്. ഇത്തരം പരിസ്ഥിതി ലേബലിങ് പ്രസക്തമാകണമെങ്കിൽ കൂടുതൽ ബ്രാൻഡുകൾ ഇതിനായി ശ്രമിക്കണമെന്ന സാഹചര്യവുമുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ പായ്ക്കിങ്ങിൽ പോഷകങ്ങളുടെയും ചേരുവകളുടെയും അളവു രേഖപ്പെടുത്തുന്ന മാതൃകയിൽ വസ്ത്രങ്ങളുടെ കാര്യത്തിൽ കാർബൺ ലേബൽ വേണമെന്ന വാദം നേരത്തെയുളളതാണ്. 

2009 ൽ യൂകെയിലെ കോൺടിനെന്റൽ ക്ലോതിങ് ഇതേ മാതൃകയിൽ ടീ ഷർട്ടിലും സ്വെറ്റ് ഷർട്ടിലും സാമഗ്രികൾ മുതൽ നിർമാണം വരെയുള്ള കാർബൺ പുറന്തള്ളലിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു. 

എന്നാൽ കൂടുതൽ പേർ രംഗത്തെത്താതിരുന്നതോടെ നിലച്ചുപോയ ഈ രീതി വീണ്ടും തിരികെയെത്തുകയാണ്. സുസ്ഥിര ഫാഷനെന്ന അവകാശവാദം മാത്രം പോരാ, Co2 ലേബൽ സംസാരിക്കട്ടെ എന്ന നിലപാടിലാണ് ഉപഭോക്താക്കളും. നാളെ പരിസ്ഥിതി ദിനമാചരിക്കുമ്പോൾ ഭൂമിയുടെ രക്ഷയ്ക്കായി ചെയ്യാവുന്നതു കൃത്യമായ ഫാഷൻ തിരഞ്ഞെടുപ്പുകൾ കൂടിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com